Monday, March 26, 2012

"താമ്രപത്രം"

"താമ്രപത്രം"


പ്രിയ മിത്രമേ ...
ഞാന്‍ അങ്ങോട്ട്‌ പോരുകയാണ്
മഞ്ഞ്പൊഴിയുന്ന ഈ താഴ്വാരത്തില്‍ കുയിലുകള്‍ പാട്ട് മറന്നു
മയിലുകള്‍ ആട്ടവും.
ക്ഷീണിച്ച അസ്ഥികള്‍ എന്നെ ഇപ്പോള്‍ ഭയപ്പെടുത്തുന്നു
കള്ളിമുള്ളുകള്‍ നിറഞ്ഞ മരുഭൂയാത്രയില്‍ ഞാന്‍ എന്നെത്തേടി
അവിടെ കാലങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങാതെ ഇപ്പോഴുമുണ്ട് നോഹയുടെ പെട്ടകത്തില്‍ കയറിക്കൂടിയ എല്ലാ ജീവജാലങ്ങളും അതിന്‍റെ ക്ലോണിംഗുകളും പൊടിമണലില്‍ ആഴ്ന്ന്കിടക്കുന്നു. അവ തേടി ചരിത്രകാരന്മാര്‍ ഇറങ്ങിപ്പുറപ്പെട്ടില്ല
കാരണം അവരുടെ അറിവുകള്‍ അന്വേഷിക്കുന്നത് മരണമില്ലാത്ത ജെരാനരവീണ ഒരു മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുവാനുള്ള പ്രതിവിധിതേടിയാണ്
മഞ്ഞിന്‍റെ കണികകള്‍ എന്‍റെ കണ്ണുകളെ മറയ്ക്കുന്നു നയനി വെളുത്തപാടകള്‍കൊണ്ട് മൂടി ഖഡുഗധാര എന്‍റെ തലക്കുമുകളില്‍ തൂങ്ങിയാടുന്നു വിജനമായ ഈ പാതയില്‍ ഇനി ഞാന്‍ തേടുന്നത് ആരെയാണ് നഭസ്സ് കറുത്തിരുണ്ട്‌ ഒരു മഴയ്ക്ക് കോപ്പുകൂട്ടുന്നു പോകട്ടെ ഞാന്‍ നിന്‍റെ തോളില്‍ കൈയിട്ട് നമുക്ക് പുസ്തകത്താളുകള്‍ വലിച്ച്കീറി അതുകൊണ്ട് തോണികള്‍ ഉണ്ടാക്കി ചെറു ജലാശയത്തില്‍ വള്ളംകളിമത്സരം നടത്താം ആല്‍മരത്തിന്റെ മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്ന അരഞ്ഞാണത്തില്‍ തൂങ്ങിയാടാം കുന്നിക്കുരുവും മഞ്ചാടിയും കൊണ്ട് നമ്മുടെ പേരുകള്‍ എഴുതാം പെണ്‍കുട്ടികളുടെ ഉച്ചഭക്ഷണം മോഷ്ടിക്കാം ...
എന്താ ഞാന്‍ ഇങ്ങനെ...
എല്ലാം നഷ്ടമായി ഇനി തിരിച്ചുപോകാന്‍ എന്‍റെ ഓര്‍മ്മകള്‍ എന്നെ അനുവദിക്കുന്നില്ല കാരണം ചൂടാണെടോ...ചൂട് മഞ്ഞുതുള്ളികള്‍ക്കും
മനസ്സുരുക്കുന്ന ചൂട് പാര്‍ട്ടികള്‍ ഇടവും, വലവും ചെണ്ടകൊട്ടിയാടുന്നു ദൈവം മതങ്ങള്‍ തീര്‍ത്തു അതിനുമുകളില്‍ തന്‍റെ സിംഹാസനം ഉറപ്പിച്ചു രക്തസാക്ഷികളെ തീര്‍ക്കുന്നു ആദ്യമാദ്യം മരിക്കുന്നവന് വിലകൂടിയ സ്വര്‍ഗ്ഗം ഇവിടെ മരണത്തിനാണ് വില! ജീവിതത്തിന്‌ ഒരു വിലയുമില്ല!!!
ഞാനും എന്‍റെ ദേഹം ഉപേക്ഷിക്കുന്നതിന് മുന്‍പ് നിന്‍റെ ശരീരത്തില്‍ ഘടിപ്പിച്ച സ്വര്‍ഗ്ഗത്തില്‍ രണ്ടെണ്ണം എനിക്കും സമ്മാനിക്കുക ഈ വൃദ്ധന് സ്വപ്നം കാണാന്‍ അതെങ്കിലും നീ ആരുടെയെങ്കിലും കൈയ്യില്‍ കൊടുത്തയക്കുക നമ്മുടെ നാട്ടിന് എന്തുപറ്റി, കുട്ടികള്‍ക്ക് എന്തുപറ്റി,നിയമത്തിന് എന്തുപറ്റി ആര്‍ക്കു വേണ്ടിയാടോ ഈ നാടകം നീയും,ഞാനും എത്ര ശ്രമിച്ചു എന്ത് ആശിച്ചു ആരും നന്നായില്ല നമ്മള്‍ രാഷ്രീയ കുറ്റവാളികളായി യവ്വനം തടവറകളില്‍ അടക്കപ്പെട്ടു.
തെരുവിന്‍റെ ഇരുണ്ട ഗുഹകളില്‍ ആണ് ഇന്ന് എന്‍റെ വാസം ഇവിടെ മാംസത്തിനാണ് വില അച്ഛന്‍ മകളെ വില്‍ക്കുന്നു അതിന് പെറ്റവയര്‍ കൂട്ട്; സഹോദരങ്ങള്‍ അന്യോന്യം കൊല്ലുന്നു അതിനു മതങ്ങളും ദൈവവും കാവല്‍നില്‍ക്കുന്നു.
ഞാന്‍ ചോദിക്കാന്‍ മറന്നു
നീ മതത്തിന്‍റെ രക്തസാക്ഷിയല്ലേ...
അവിടെ രാത്രി വൈകുവോളം അടക്കാതെ തുറന്നിരിക്കുന്ന മദ്യഷാപ്പുകളുണ്ടോ? താളത്തിനൊപ്പിച്ച് അരയിളക്കുന്ന തരുണീമണികളുണ്ടോ? ഗുണ്ടകളും, മതങ്ങളും,പാര്ട്ടിക്കാരുമുണ്ടോ? എന്‍റെ ചിന്തകളെ ഞാന്‍ ഇവിടെ കത്തിക്കുകയാണ് അതിന്‍റെ ചാരത്തില്‍ ഈ കുറിപ്പിന്‍റെ ശീര്‍ഷകം ഞാന്‍ അടക്കം ചെയ്യുന്നു ഈ തണുത്തുറഞ്ഞ മഞ്ഞിന്‍റെ ഗുഹകളില്‍ എന്‍റെ മുഖം ഒളിപ്പിക്കുന്നു അതില്‍ മരിച്ച്മണ്ണടിഞ്ഞ നിന്‍റെ ഓര്‍മ്മകളും എന്‍റെ ശേഷിപ്പുകളും ബാക്കിവെക്കുന്നു.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...