Saturday, April 14, 2018

വഴികൾ

വാതിലുകൾ തുറന്നു കിടക്കുമ്പോഴും
നാം ഒളിഞ്ഞു നോക്കുന്നു!


നന്മയുടെ പർവതങ്ങൾ, സഹാനുഭൂതിയുടെ
സമതലങ്ങൾ, ഉത്ഭവത്തിന്റെ കാനനങ്ങളും
ഒരു വിളിപ്പാടകലെ

കാഴ്ചകൾക്ക് മുഞ്ഞ ബാധിച്ചാൽ
ദൂരമേറുന്നു നാം അകലുന്നു

വാക്കുകൾ അവസാനിക്കുന്നിടത്തു നിന്നും നീ
തുടങ്ങണം അവിടെയാണ് നാമുള്ളതു
വഴി ഒന്നുതന്നെയാണ് ലക്ഷ്യമാണ്
ദൂരമളക്കുന്നതു

കാഠിന്യം നിന്റെ മനസ്സിലാണ്
വഴികൾ തെളിഞ്ഞുതന്നെയിരിക്കുന്നു

വാതിലുകൾ തുറന്നുതന്നെ കിടക്കുന്നു
എന്നിട്ടും നാം.

Monday, March 26, 2018

"കാഴ്ച്ചകള്‍ക്കുമപ്പുറം"

"കാഴ്ച്ചകള്‍ക്കുമപ്പുറം"
സൂര്യന്‍ അസ്തമിക്കുന്ന
മഞ്ഞ വെളിച്ചത്തിനടുത്താണ്
സ്വര്‍ഗ്ഗം, ഒരായിരം മാലാഖമാര്‍ 
ദൈവസന്നിധിയില്‍
ഖവാലി പാടി പ്രപഞ്ച രഹസ്യത്തിലെ
ഉരുക്കഴിക്കുന്ന സംഗമസ്ഥാനം...!

രാപ്പറവ കൂടുക്കൂട്ടാന്‍ ഇണയെത്തിരയുന്നതും
കവിഭാവനയ്ക്ക് നിറം പകരാന്‍ മനസ്സ്
ഊര്‍ന്നിറങ്ങുന്നതും ദൂരെ ആകാശ ശൈലത്തിലെ
മഞ്ഞവെളിച്ചത്തിനുള്ളിലാണ്...!
റൂഹുകള്‍ പെരുന്നാളുകൂടാന്‍
ബറാഅത്ത്'രാവില്‍ ഒത്തുകൂടുന്നതും
പിറവിക്കുമുന്നെ പൊക്കിള്‍ക്കൊടി
അറുത്ത്‌മാറ്റിയ കുഞ്ഞുങ്ങള്‍
പാവക്കുട്ടിയെ തേടുന്നതും
ആ മഞ്ഞവെളിച്ചത്തിനുള്ളിലാണ്...!
വിരിയാതെപോയ പ്രണയപുഷ്പങ്ങളെ
തഴുകിത്തലോടി തൈലം പൂശുന്ന
മാലാഖമാരും
കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളെ
തഴുകിത്തലോടുന്ന ഗസ്സല്‍ ഗായകരും
അമൃത്കടയുന്നത്
ആ മഞ്ഞ വെളിച്ചതിനുള്ളിലാണ് ...!
നീ എന്നെ തിരയുന്നതും
കാറ്റെടുത്ത നിന്റെ തട്ടം ഞാന്‍
തിരയുന്നതും .........
കണ്ണുനീരില്‍ കുതിര്‍ന്നുപോയ
സുറുമ കറുത്ത ഗുല്‍മോഹര്‍ വിരിയുന്ന
പൂന്തോട്ടമാകുന്നതും .......ആ മഞ്ഞവെളിച്ചത്തിനുള്ളിലാണ് ....!

Saturday, February 3, 2018

വെളിപാടുകൾ
ചങ്ങാതീ ....ഇവിടം ശൂന്യമാണ് 
നീ തിരയുന്നതെല്ലാം ഇവിടെയ്ക്ക്
നീ തന്നെ കൊണ്ട് വരേണ്ടതാണ്....!
കാര്‍മേഘങ്ങള്‍ക്കും അപ്പുറം 
നീ തിരയുന്നതല്ലാതെ 
കാല്‍ച്ചുവട്ടില്‍ ആരും നോക്കുന്നില്ലല്ലോ,
ജന്നത്തില്‍ ഒരു ഹൂറാനിയുമില്ല....!
നിന്റെ വാരിയെല്ലില്‍ അവളുണ്ട് 
അവളെ നീതന്നെ സൃക്ഷ്ടിക്കണം, 
നരകത്തില്‍ വിറകും തീയും 
നീ തന്നെ നല്‍കണം....!
ഞാനില്ലാതെ അനേകം രാവുകള്‍ ദിനങ്ങള്‍ 
കഴിഞ്ഞുപോയതും, വരാനുള്ളതും 
ഇതിനിടയിലുള്ള "വര്‍ത്തമാനത്തില്‍"
നീ കാണാതെപോയ മനസ്സാണ് "കവി"
ഓരോ കവിയും കാലമാണ് 
നിന്റെ മുന്നിലുള്ളത് 
കവി പകര്‍ന്ന കവിതയല്ല 
നിന്റെ വര്‍ത്തമാനമാണ്!
കാലം: നീയും ഞാനും മാത്രമല്ല 
നമ്മള്‍ എന്ന് തിരുത്തിവായിക്കാന്‍ 
കഴിഞ്ഞാല്‍ അവിടെ അവസാനിക്കും 
നിന്റെ അന്വേഷണം ....!

Tuesday, January 16, 2018

നിന്നോട് മാത്രംഈ മെഴുകുതിരി
ഉരുകിത്തീരുന്നപോലെ
ഞാനും ഉരുകിത്തീരുകയാണ്
നീ അറിയാതെപോയ 
പ്രണയമാകാം കടലിലെ നുരപോലെ
തീരത്തേയ്ക്ക് പതിയ്ക്കുന്നത്
രാവുകള്‍ നീളുന്ന വഴിയില്‍
നിലാ മഴയെല്ലാം പെയ്തു തീര്‍ന്നാലും
ഇരുട്ടിന്റെ മറപറ്റി തേങ്ങുന്ന
ചില ആത്മാക്കള്‍
നെഞ്ചുരുക്കുന്നു
ഹുബ്ബീ ......ഹുബ്ബീ .......
പറഞ്ഞുതീരാത്ത പ്രണയമേ .....
സുജൂദില്‍ ......നിന്നോട്
സ്വകാര്യം പറയാത്ത
എന്ത് പ്രണയമാണ്
ഭൂമിയില്‍ ഇനിയും അവശേഷിക്കുക...!

Saturday, January 6, 2018

ഞാൻ അറിയാത്തതും നീ പറയാത്തതും (നൊസ്സു)


ഞാൻ ഉരുകിയുരുകി ഒരു ലവണമായ്
നിന്നിൽ ലയിച്ചു ഇല്ലാതായിരിക്കുന്നു, 
നീ നീയുമല്ല
ഞാൻ ഞാനുമല്ല
നമ്മൾ എന്നൊരു കണികയിലാണ്
ജലമുള്ളതു!
നശ്വരമായ പ്രണയജലം
ജീവാത്മാവുപോലെ
ജീവനും ആത്മാവും
വേർതിരിക്കുക .....
അത് നിനക്ക് സാധ്യമാകും
എനിയ്ക്കോ .....!
പ്രകാശവർഷങ്ങൾക്കും അപ്പുറം
ഊർന്നിറങ്ങുന്ന ഒരു മധുരശബ്ദം
"യാ അയ്യുഹൽ ഇൻസാൻ"
മനുഷ്യൻ എന്നൊരു സുന്ദര പദം
എന്റെ അന്വേഷണം
അവസാനിക്കുന്നത്
നീയെന്ന പരമ്പൊരുളിലാണ്
മുത്തും പവിഴവും നിറഞ്ഞ
ആഴക്കടലിലാണ്
മനുഷ്യനെന്ന മഹാസമുദ്രത്തിലാണ്
അവിടെയാണ് ഏഴു സ്വർഗ്ഗവും
നിന്റെ സിംഹാസനവും.....ഞാൻ കാണാത്ത
അനേകം പ്രണയപുഷ്പങ്ങളും

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...