Sunday, December 13, 2015

മുറിച്ചു മാറ്റപ്പെടുന്ന മനസ്സും തിരിച്ചറിവില്ലാത്ത മത ചിന്തകളും

മുറിച്ചു മാറ്റപ്പെടുന്ന മനസ്സും
തിരിച്ചറിവില്ലാത്ത മത ചിന്തകളും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ദൈവങ്ങളാണ് മനുഷ്യനെക്കാളും,
ഭൂരിപക്ഷം ഭരണം നടത്തുമ്പോൾ
ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നത്
ജനാധിപത്യത്തിന്റെ പോരായ്മയാണ്,
ഈ പോരായ്മകളെ ഇല്ലായ്മചെയ്യാൻ
ഉണ്ടാക്കിയ നിയമമൊക്കെ
ഭൂരിപക്ഷത്തിന്റെ താല്പര്യത്തിന്
മാറ്റപ്പെടുന്നു.
ഇതിനെതിരെ ഒറ്റപ്പെട്ടും,
കൂട്ടായും നടത്തുന്ന പ്രതിഷേദങ്ങൾ
ആരും കേൾക്കാതെപോകുന്നു
അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് അവഗണിക്കുന്നു.

ന്യുനപക്ഷം ചെയ്യുന്ന തെറ്റുകൾക്ക്
പെട്ടന്ന് ശിക്ഷ നടപ്പാക്കുക മറ്റുള്ളവർ
നടത്തിയാൽ കേസ്സ്പോലും എടുക്കാതിരിക്കുക
പതിനഞ്ചോളം കൊല്ലം ഒരാളെ ജയിലിൽ ഇടുക
ഇടയ്ക്കു നിരപരാതിയെന്ന്പറഞ്ഞ് തുറന്നുവിടുക
വീണ്ടും കൂട്ടിലടക്കുക

നീതിപീഠം പഴങ്കതയും, സ്വപ്നവും, കൈനോട്ടവും
തെളിവായി സ്വീകരിക്കുന്ന രാജ്യത്ത്
തുമ്മിയാൽ ഇന്ത്യയുടെ ശത്രുരാജ്യത്ത് പൊയ്ക്കൊള്ളു
എന്ന് പറയുന്ന, ജനപ്രതിനിധികൾ
വിദ്യാഭ്യാസമുള്ള ന്യൂനപക്ഷ വിദ്യാർഥികളെ
തിരഞ്ഞുപിടിച്ച് തീവ്രവാദികളാക്കുന്ന
നിയമപാലകർ, മതംനോക്കി രാജ്യത്തിന്റെ
ഒരു വിഭാഗം മനുഷ്യരെ കള്ളക്കടത്തുകാരും, തീവ്രവാദികളും
രാജ്യസ്നേഹമില്ലാത്തവരുമാക്കി
അവരുടെ സമ്പത്തിനും, ജീവനും ഒരു
വിലയുമില്ലാതാവുന്ന ഒരു കാലഘട്ടത്തിൽ
നമ്മുടെ രാജ്യം കൂപ്പുകുത്തുന്നകാഴ്ച
പരമ ദയനീയമാണ്

മാധ്യമത്തിന്റെ ഭാവം, രൂപം, ഉള്ളടക്കം
എന്നിവകളില്‍ സമീപകാലത്ത് വന്ന മാറ്റങ്ങള്‍
കേട്ടുകേൾവിപോലും ഇല്ലാത്തകഥകൾ
പറഞ്ഞും പഠിപ്പിച്ചും കുട്ടികളുടെ മനസ്സിൽ പോലും
ശത്രുത ഉണ്ടാക്കുന്ന പത്രധർമ്മം
ലോകത്തിൽ എവിടെയെങ്കിലും
ആരെങ്കിലും അക്രമം നടത്തിയാൽ
ഒരു മതത്തിന്റെ പേരിൽ കെട്ടിവെയ്ക്കുക
അതും പറഞ്ഞ് അധിക്ഷേപിക്കുക
പശു, എലി, മാൻ, മയിൽ, പാമ്പ്
അതിൽതുടങ്ങി പാവം കാലന്റെ വാഹനത്തിനും
വിലക്കേർപ്പെടുത്തുന്ന ഇവയിലെല്ലാം
മതം പറയുന്ന, മനുഷ്യശരീരങ്ങൾ തിന്നുന്ന
അഘോരികൾ വാഴുന്ന, അവരെ ദൈവമായി കാണുന്ന,
ഒരു സമൂഹം പശുമാംസം തിന്നു എന്നാരോപിച്ച്
ഒരു മനുഷ്യനെ കൊല്ലുക!!!

ഭയമാണ് ഇന്ത്യയിൽ ജീവിക്കാനെന്ന് പറയുന്ന
സെലിബ്രെറ്റികൾ, പിന്നെ സാധാരണക്കാരുടെ
കാര്യം പറയണോ ......
എല്ലാ പാർട്ടികളുടെയും നയം മനുഷ്യരെ ജാതിപറഞ്ഞു
ഭിന്നിപ്പിക്കുക ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തുക

നല്ലൊരു സംസ്ക്കാരം ഇവിടെ ഇല്ലാതാകുന്ന കാഴ്ച
കണ്മുന്നിൽ കാണുമ്പോൾ മുറിയുകയാണ് .....
ചോരപൊടിയുകയാണ് .......
ഇത് എന്റെ നാട്
ഇവിടെ ഞാനും എന്റെ പൈതൃകവും ഉറങ്ങുന്നു
ഇവിടെ ആരാണ് കുടിയേറിപ്പാർത്തത്‌
ജവാന്റെ ശവപ്പെട്ടിക്കും കൈക്കൂലിപറ്റിയ
നാണമില്ലാത്ത നിനക്കും അമ്മയെന്ന് പറഞ്ഞ്
വൃദ്ധരായപശുക്കളെ മാംസമാക്കി വിലകുറച്ച് കൈക്കലാക്കി
അന്യനാടുകളിൽ കയറ്റിയയച്ചു
കോടികൾ സമ്പാദിക്കുന്ന നിനക്കാണോ
രാജ്യസ്നേഹം, മാതൃസ്നേഹം ........

അന്യന്റെ ആരാധനാലയത്തിൽ ദൈവം ജനിച്ചു എന്ന്
കള്ളക്കഥയുണ്ടാക്കി ഭംഗിയുള്ളതും, വിലയുള്ളതും
തട്ടിയെടുക്കുന്ന കൊള്ളക്കാരാ.........നിനക്ക്
ചരിത്രം മാപ്പ് തരില്ല .......
തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും പറഞ്ഞ്
മനുഷ്യരെ തമ്മിൽ അകറ്റി അന്യമതക്കാർക്കും,
ദേശക്കാർക്കും, ഒരുതുണ്ടം പുകയിലക്കും, ഒരു കവിൾ
മദ്യത്തിനും രാജ്യത്തെ ഒറ്റികൊടുത്ത നപുംസുകങ്ങൾ
ഞങ്ങളുടെ രാജ്യസ്നേഹത്തെ ചോദ്യംചെയ്യാൻ
തുടങ്ങുന്നു .....

പൊറുക്കില്ല ചരിത്രം, ഇനിയും ചില അമ്മമാരുടെ
ഗർഭപാത്രത്തിൽ കുഞ്ഞാലിമരയ്ക്കാരും, പഴശ്ശിരാജയും,
മാര്‍ത്താണ്ഡവര്‍മ്മയും, ആലിമുസല്യാരും പിറവിയെടുക്കും
അവർ പോരാടുക ആർത്തിമൂത്ത നിനക്കെതിരെയായിരിക്കും
മാന്ത്രികാ ആഭിചാരം തുടരുക ..........
നിന്റെ ആവനാഴിയിലെ എല്ലാ അമ്പുകളും തീരുമ്പോൾ
അടുത്തത് സത്യത്തിന്റെ ഊഴമാണ് അതിന്
ഒരു മതത്തിന്റെയും കൊടിയുടേയും നിറം ഉണ്ടായിരിക്കില്ല
മനുഷ്യരുടെ ......ഭാഷയായിരിക്കും അവർ സംസാരിക്കുക.Tuesday, December 1, 2015

പതം പറഞ്ഞ് ....
പദം പറഞ്ഞു
പിന്നെ മതം പറഞ്ഞ്
മനുഷ്യൻ ഇല്ലാണ്ടായ കാലം .

Saturday, November 7, 2015

"നേയാർത്ഥം"

"നേയാർത്ഥം"

പ്രകാശമേ ......നീ തെളിച്ച
വഴിയിൽ ഞാൻ ഏറ്റവും
പിന്നിലാണ് ...
നിന്റെ കടക്കണ്ണിലെ-നീല
വൈദ്ധൂര്യക്കല്ലിലാണ് -എന്റെ
പ്രണയം ഉറങ്ങുന്നത്
പ്രപഞ്ച രഹസ്യങ്ങളുടെ-
തടവറയിൽ ഞാൻ -എന്നെ
തിരയുകയാണ്


ഈ ഹൃദയത്തിൽ ലഹരിയ്ക്ക്
സ്ഥാനമില്ല
ചോരയുറഞ്ഞ്‌ നീല... കടും-
നീല നിറത്തിൽ കടലുപോലെ
അഗാഥമായ.....പ്രണയം.

പതിന്നാലാണ്ടുകൾ കായ്ക്കാതെ
പൂക്കാതെ ഒടുവിൽ എന്നോട്
സ്നേഹമറിയിച്ച് ഒരു മാമ്പഴം
തന്ന് അടുത്ത വേനലിന് -കാത്ത്
നില്ക്കാതെ തൊടിയിൽ
ദു:ഖം പടർത്തി അരങ്ങൊഴിഞ്ഞ
മഹാ വൃക്ഷമേ ....പ്രണയത്തിൽ
പങ്ക് നിനക്കും

മഞ്ഞുറയുന്ന യാമത്തിൽ
എന്നോട് കിന്നാരം പറയുന്ന
എല്ലാ രഹസ്യങ്ങളുടെയും
ഉടയവനെ
എന്നെ ഞാൻ തിരയുന്നത്
നിന്നിലാണ് ......

മുകളിൽ മറതീർത്ത് ഇരുട്ട് ....
.....വലത് കവിൾ
മണ്ണോട് ചേർത്ത് കമിന്ന് -
കിടന്ന് ഞാൻ തേങ്ങുകയാണ്
ഉള്ളിൽ എടുത്ത ശ്വാസം-പുറത്തേയ്ക്ക്
പോകാതെ നെഞ്ചിൽ...... കൈ അത്
ചലിയ്ക്കാതെ എന്നെവിട്ട് ആരോ
വരിഞ്ഞുകെട്ടി .......


കൂട്ടുകാരാ നിനക്ക്‌ വിട
തുടരരുത് എന്നെ ......

ഞാൻ ഒറ്റയ്ക്കാണ് ...
മണ്ണിന്റെ മണം ....എന്നെ
ലഹരി പിടിപ്പിക്കുന്നു
ഞാനും ...നീയും ...മണ്ണാണ്
വെറും മണ്ണ് ......
നിത്യാനിത്യം ....ഇനിയാണ്

ന്യായദർശനം ....കാത്ത്
പൂഴിയിൽ ഉറങ്ങുകയാണ് -ഞാൻ
ഉന്മാദം .......ധ്യാനം .......
ഈ തടാകത്തിൽ കൊടിയ തണുപ്പാണ്
പരിസ്യന്ദം തടയപ്പെട്ട് ......
കിനാവുകൾ പൂക്കുന്ന
അസ്തമന സൂര്യന്റെ കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശത്തിലും
അകലെ ഒലിവ്'മരച്ചില്ലയിലെ
നീല പ്രകാശമേ ......
ഈ പ്രണയം ....നിനക്ക്
അവകാശപ്പെട്ടതാണ്

എടുക്കുക ........മതിയാകുവോളം
ഇതിൽ മറ്റാർക്കും അവകാശമില്ല....


ഒസ്യത്ത് : ഒരു രാവിൻറെ, പിന്നെ....
പകലിന്റെ ....നീളമാണ്
എന്റെ യാത്ര ....കൊടുത്തതും,
വാങ്ങിയതും,കടം.

Friday, October 23, 2015

"ചില്ല് "

"ചില്ല് "

നാം നടന്ന വഴികളിൽ - പിൻ
വിളി കേൾക്കില്ല, വീണ്ടും തളിർക്കില്ല
മലരുകൾ
നീ നടന്ന വഴികളിൽ തിരയുന്നു - ഞാനെൻ
ബാല്യവും, കൗമാരവും
പെയ്തൊഴിഞ്ഞ തൊടികളിൽ
മാനം കണ്ട മയിൽപീലികൾ - പെറ്റ
ചാപിള്ളകൾ - തുമ്പയായ്
അശോകമായ് പുനർജനിക്കുന്നില്ല - സഖേ
എങ്കിലും നീ കോറിയ നഖചിത്രങ്ങൾ
പേറുന്ന - കൊണ്ടാകാം നീറുന്നു
മണ്ണും,മനസ്സും

മുന്നിൽ ഇരുട്ടും, ആഴിയും
പിന്നിൽ ഞാനില്ല തുടരുന്ന യാത്രയിൽ
വെള്ളിമേഘങ്ങൾ വിളിക്കുന്ന പാതയി-
ലൊരു പഞ്ഞിപോല് ഞാനും
സന്ധ്യയിൽ ചോരതുപ്പി -
യിരുട്ടിനെ പ്രാപിച്ച പ്രണയവും.

Sunday, October 4, 2015

ഒരു ജാതി ..........,

ഒരു ജാതി ..........,

കാമത്തിന് ജാതിയില്ല,
തീണ്ടലുമില്ല
പിന്നെ കണ്ണും ഇല്ല
അതോണ്ടല്ലേ
അവൾക്ക് വയറ്റിലുണ്ടായത്

കുട്ടിയ്ക്ക് ജാതിയുണ്ട്
അമ്മേന്റെ ജാതി
അച്ഛനോ ........അച്ഛന് ...അച്ഛന് ...
ജാതിയില്ല,
തീണ്ടലുമില്ല
പിന്നെ കണ്ണും ഇല്ല

Friday, October 2, 2015

ഇന്ന് വയോജനദിനം

ഇന്ന് വയോജനദിനം
മദ്രസയിൽ ഓതി പഠിച്ചതൊക്കെ
ഉപ്പ മറന്നു എന്നെ പഠിക്കാത്തതിനു
ശകാരിച്ച ഉപ്പ
ഇന്ന് ഉപ്പയെ ഞാൻ നേർവഴിക്ക് നടക്കാൻ
ഉപദേശിക്കുന്നു
ജുമാനമസ്ക്കാരം കഴിഞ്ഞ്
വീട്ടിൽ വിളിച്ചപ്പോൾ
ഉമ്മ പറയ്യാണ്‌
"ഉപ്പ നമസ്ക്കരിക്കാനും മറന്നു മോനെ..,
ഇനി അതൊക്കെ ഇനി എങ്ങനാണ്
ഉപ്പയെ ഒന്ന് പഠിപ്പിക്കുക!
എന്റെ മോൻ മുഹമ്മദിന്റെ പരാതി
"വല്യുപ്പ നാരങ്ങാ മിട്ടായി വാങ്ങി കൊടുക്കാത്തതിന്
വഴക്ക് പറയാറുണ്ടത്രേ"
എന്റെ റബ്ബിൽ ആലമീനെ
നിന്റെ ദുനിയാവ്
നിന്റെ ഹിക്കുമത്ത്
ഈ ബുദ്ധിയുറയ്ക്കാത്ത മക്കളെ
കാത്തോളണെ.

"കടി"

"കടി"
കവിതകൾ ചെത്തിമിനുക്കാനുള്ള
പേന കൂർപ്പിക്കുമ്പോൾ
ഒത്തുവരുന്നില്ല
വാക്കും, വരകളും

മിത്തുകൾ തേടി പുതപ്പിനുള്ളിൽ
തപ്പിനോക്കുന്നു
ഇരുട്ടിനെ പുതച്ച്
കർമ്മങ്ങൾ ശൂന്യതയിൽ

കാമം കരഞ്ഞു തീർക്കുന്ന
വരികളിൽ
തൂങ്ങുന്ന കവികൾ
ശുക്ല'പ്പശ ചേർത്ത്
തുപ്പുന്നു മോന്തയിൽ

കിടപ്പറയിലെ മുറുമുറുപ്പുകൾ
കവിതയാക്കുന്നു
തരുണികൾ
കിടന്നുകിട്ടിയ കുഞ്ഞിനെ
തെരുവിലാക്കുന്നു ലീലകൾ

അറിവ് അമ്മയാണ്
അകിലവും
അലിവ് പറയുന്നു - പിന്നെ
എഴുതുന്നു, കണ്ണുനീരിൽ
കുതിരുന്നു
കവിതകൾ-അല്ല
വെറും കടി.

Sunday, September 27, 2015

"ഇദ്ദ"

"ഇദ്ദ"

ഭർത്താവ് മരിച്ചിട്ട്
ഇന്നേയ്ക്ക് നാല്പതാംനാൾ
അതെന്താ നമ്മുടെ മത
നിയമം അനുസരിച്ച്
*ഇദ്ദ കാലാവധി നൂറ്റി മുപ്പതു
നാളുകളാണെല്ലോ
എന്നിട്ട് ഇവർക്ക് അതുവരെ
തികയ്ക്കാൻ പാടില്ലായിരുന്നോ

അതെ, അവർക്ക് സുഖമില്ല
അതുമല്ല അവരെ നോക്കാൻ
വീട്ടിൽ മറ്റാരുമില്ല അവരുടെ
ആവശ്യത്തിനു അവരുതന്നെ
പോകണ്ടേ

മയ്യത്ത് പള്ളിക്കാട്ടിലെയ്ക്ക്
എടുത്താൽ പിന്നെ മൂന്ന് ,ഏഴ് തീർന്നു
ബിരിയാണി തിന്ന് കുറ്റം പറഞ്ഞ്
ബന്ധുക്കളും, കൊടുത്ത കാശ് കുറഞ്ഞുപോയ
പരാതി പറഞ്ഞ് ഉസ്താദുമാരും പടിയിറങ്ങിയാൽ
ഇദ്ദയിരിക്കുന്നവരെ ആരാ നോക്കുക
പ്രത്യേകിച്ച് കുട്ടികളൊന്നും
ഇല്ലാത്തോരെ......


സന്ധ്യയ്ക്ക് ബഹളം കേട്ട്
മുറ്റത്തിറങ്ങുമ്പോൾ
കൂടിനില്ക്കുന്ന ആളുകൾ
പറയുന്നത് കേട്ടു
കെട്ടിയോൻ കട്ടിലൊഴിയുന്നതും കാത്തിരുന്നു
ഒരുമ്പെട്ടോൾ .....
നാട് മുടിയ്ക്കാൻ,
സമുദായത്തെ മാനംകെടുത്താൻ
അതുമല്ല അന്യ സമുദായക്കാരനൊപ്പം


പാവം.... കഴിഞ്ഞ കുറെനാൾ
പച്ചവെള്ളം മാത്രമാണ്
അവർ കഴിച്ചിരുന്നെന്നു
അവരുടെ വയറിന് മാത്രമേ
അറിയുമായിരുന്നുള്ളൂ
വിശപ്പിന് മതം അറിയുമായിരുന്നില്ല
മാനത്തിന് സ്വന്തം സമുദായത്തെയും

*ഇദ്ദ ഭര്‍ത്താവിന്റെ മരണം കാരണം നിര്‍ബന്ധമാകുന്ന കാത്തിരിപ്പ് (ദീക്ഷാ)

Friday, September 25, 2015

മതവും, ദൈവവും,പിന്നെ നിയമവും

മതവും, ദൈവവും,പിന്നെ നിയമവും

മതങ്ങളിലാണ് ദൈവമുള്ളത്
മത ഗ്രന്ഥങ്ങളിലാണ് നിയമമുള്ളത്
നിയമവും, ദൈവവും എവിടെയുണ്ടോ
അവിടെയാണ് സ്പർദകൾ വളരുന്നത്‌
മത'സ്പർദ!
ദൈവം പ്രകാശമാണ് എന്ന തിരിച്ചറിവ്
ആര് നേടുന്നോ അവനും ദൈവവും
ഒന്നാകും
പിന്നെ അവന്റെ നോട്ടം കരുണയാകും
ഗ്രന്ഥം: പാരായണം ചെയ്യാനുള്ളതല്ല
പഠിക്കാനുള്ളതാണ്
ജീവിക്കാനുള്ള മാർഗ്ഗരേഖ...,
മരിച്ചവന്റെ ചുറ്റും, ശിലയുടെ മുന്നിലും
ഗ്രന്ഥ പാരായണം പൊറുക്കാവുന്നതല്ല
ലോകത്തിൽ മതങ്ങളില്ല
നിയമങ്ങളാണുള്ളത്
മതിലുകൾ വേട്ടമൃഗങ്ങളെ
മെരുക്കാനുള്ള ഇടങ്ങൾ മാത്രം
നിയമങ്ങൾ: ആരുണ്ടാക്കിയോ
അവനാണ് തെറ്റുകൾ സൃഷ്ടിച്ചത്
അതുവരെ എല്ലാം ശെരിയായിരുന്നു
ഗുരു: അറിവാണോ? എങ്കിൽ
അറിവില്ലായ്മ അതും ഗുരുവല്ലെ!
പുതിയത് ഉണ്ടാകാതെ പഴയത്
ഉണ്ടാകുമോ
മതങ്ങൾ മിതത്വം പാലിക്കുക
മനുഷ്യർ ജീവിയ്ക്കട്ടെ
അറിവുകൾ.....അറിവുകൾ മാത്രം
അറിയാത്തതാണ്‌ അറിവ്.

Thursday, September 17, 2015

വീണപൂവ്

വീണപൂവ്
മിഴിപൂട്ടി ഞാനിന്നുറക്കമല്ലേ -സഖീ
മൊഴിയൊന്നുമില്ലാതെ പോകയല്ലേ
ഇനിയുമീ വഴിയിൽ എൻ നിഴലില്ല
കനവിലും,നിനവിലും, കവിതയില്ല

കമലേ നീ ചൊരിയുന്ന അശ്രുപുശ്പങ്ങളെ
കവിളത്ത് ചേർത്ത് ഞാൻ പോകയല്ലേ
കരയെല്ലേ കരളേ നീ എന്നൊന്ന്- ചൊല്ലുവാൻ
കഴിയാതെ ഞാനിന്നുറക്കമല്ലേ

ഇനിയില്ല ദൂരമീ വഴിയോര പാതയിൽ
തനിയേ നടക്കുവാൻ നേരമായി -നിൻ
 മുഖമൊന്നു ചേർത്തെന്റെ മുഖമാകെ മൂടുക
പാഥേയം അതുമതി പാരിടത്തിൽ

കടൽപോലെ പ്രാണന്റെ തിര കുത്തിയൊഴുകുന്ന-നിൻ
ചുടുശ്വാസ മലരൊന്ന് ചേർത്തിടട്ടെ
ഒടുവിലെൻ കാഴ്ചയും,കനവും ഉപേക്ഷിച്ച്
ചുടലയിൽ ചേർന്ന് ലയിച്ചിടട്ടെ.

Sunday, September 13, 2015

"പുലയാട്ടം"

"പുലയാട്ടം"

കറ്റവിളഞ്ഞ് നടുവൊടിഞ്ഞ് -മുഖം
പറെറ ചേറിനാൽ പുള്ളിതൊട്ട്
പൊൻകതിർ കാറ്റിൻെറ-തോളിലേറി
പറമേളം മുടിയഴിച്ചാട്ടമാടി

കണ്മഷി നീട്ടി വരച്ചു പെണ്ണ് -ചെറു
അമ്പിളി വട്ടത്തിൽ പൊട്ട്തൊട്ട്
നീളൻ കരമുണ്ട് മേനിതൊട്ട്
നാണം കവിളത്ത് പീലിനട്ട്

പാടത്ത് കൊയ്ത്തിന്റെ കേളികൊട്ട്
മേടത്തിൽ പെണ്ണിന്റെ താലികെട്ട്
കാൽനഖം വൃത്തത്തിൽ കോലമിട്ടു
കണ്മുന തെക്കോട്ട്‌ റോന്തുമിട്ടു

കൈതപ്പൂ കാതോല താളമിട്ടു
കൈക്കൂട പൂകെട്ടി മാലയിട്ടു
കൈവെള്ള മരുതാണി ചായമിട്ടു
കൈവള മേളക്കൊഴുപ്പുമിട്ടു

ആശകൾ മൂശയിൽ വെന്തുവന്നു
ആഹാരമില്ലാത്ത രാവ് തന്നു
ആനന്ദ നാളുകൾ ആര് തന്നു
ആരോ കവർന്നിട്ട് നോവ്‌ തന്നു

കണ്മഷി മാറത്ത് കോലമിട്ടു
കാലം പെരുമഴ ചാലുമിട്ടു
പാടം പതിരുകൾ ചേർത്ത് വെച്ച്
പാടാം പഴങ്കഥ കോർത്ത്‌ വെച്ച് .

Wednesday, September 9, 2015

"ഹൂറാനികളുടെ മുത്തുകൾ"

"ഹൂറാനികളുടെ മുത്തുകൾ"


പിറവിക്കുമുന്നെ കത്തിമുനയിൽ-വേരറ്റു
പോകുന്ന പനിനീർ പുഷ്പങ്ങൾ
അഴുക്കുചാലിൽ കമിഴ്ന്ന് കിടന്ന്
തേങ്ങുന്നത് വിധിയെ ഓർത്തായിരിക്കും


ശപിക്കുന്നത്‌ തനിക്കുവേണ്ടി-
ചുരത്താതെപോയ മാറിടത്തെയായിരിക്കും

പിടയ്ക്കുന്നത്‌ ഒരിറ്റ്‌ സ്നേഹത്തിന് -
വേണ്ടിയായിരിക്കും

കൊതിക്കുന്നത് ഉമ്മയുടെ
താരാട്ടിനായിരിക്കും

തുടിക്കുന്നത് ഉപ്പയുടെ-
വാത്സല്യത്തിനായിരിക്കും

ചിനുങ്ങുന്നത് കിട്ടാതെപോയ
മഞ്ഞക്കുപ്പായത്തെ ഓർത്തായിരിക്കും

പിറവിക്കുമുന്നെ കത്തിമുനയിൽ-വേരറ്റു
പോകുന്ന പനിനീർ പുഷ്പങ്ങൾ-ചിരിക്കുന്നത്
ജന്നത്തിലെ ഹൂർലീങ്ങളുടെ വയറ്റിൽ-
പുനർജ്ജനിക്കുന്നതോർത്തായിരിക്കും.

Tuesday, September 8, 2015

ഇത്ഖ്:


ഇത്ഖ്:

പക്ഷി കരയുന്നു
ഒരു പക്ഷി കരയുന്നു
കരയിൽ കാലം പിടയുന്നു
കവിളിൽ നീരുകൾ, നീരിൻ ചാലുകൾ
കഥ, കദനം:

വിട ലോകമേ......വിട-പറയുവാൻ
കടമാണ് ജീവിതം, പിന്നെ-
ആരോട് വിട പറയണം
കടം വാങ്ങിയ ജന്മത്തിനും,
ചേക്കേറിയ കൂടിനും

തിര കവരുന്നു കര
കാല് വഴി ...ഒടുക്കം , ഇതാണ് -
തുടക്കവും
മാറിയൊഴുകുന്ന നദിയിൽ- ജീവിത
ചരടുകൾ കോർക്കുന്നു കാലം

ചീവിടിൻ തേങ്ങലിൽ -കർണ്ണം
തകരുന്നു, കവികൾ മൗനം:
തിരിഞ്ഞു നോക്കുന്നു കാലം
വിലാപം, വിധി

വികൃതിയാണ് -ഞാനും എന്റെ
വികൃതമായ തികട്ടലും
കരയുകയാണ് ദൈവവും-പിന്നെ
ഞാനും, അനാഥനാണ് -ഞാനും
പിന്നെ ദൈവവും

വളരുന്നു നിഴലുകൾ-മുന്നിൽ
ഞാനും, നമ്മളും:
ഇത് കഥയാണ് ,വെറും കഥ:
പിന്നെ-പതം പറച്ചിലും.

Friday, September 4, 2015

"നെഞ്ചുരുക്കം"


"നെഞ്ചുരുക്കം"

'ഐലൻ' ഉറങ്ങുക നീ ...
ഒരായിരം മാലാഖമാർ
കൈയ്യിൽ കരുതിയ
കളിപ്പാട്ടവുമായി
കാത്തിരിക്കുന്നു നിന്നെ...

അതിരുകളില്ലാത്ത,
കമ്പിവേലികളില്ലാത്ത
കമനീയ ഗൃഹത്തിൽ
മർഹബ പാടുന്നു
ഖമറും, നുജൂമും

മകനേ .....,മാപ്പ്
കണ്ണുനീര് കൊണ്ട് ഞാൻ
നിൻ പാദം കഴുകുന്നു
പാപിയാണ്
ഞാനും പിന്നെ
ഞാൻ പാർക്കുന്ന ലോകവും

ഒരു കനി തിന്ന പാപത്തിന്
ദൈവം മനുഷ്യനായ്
പിറന്ന് കുരിശു വരിച്ചെങ്കിൽ
നിനക്ക് അഭയം തരാത്ത
ഈ ലോകത്തിന്റെ
പാപഭാരം
ആര് ചുമക്കും!!!
ആര് കുരിശു വരിക്കും

മാപ്പ് .....മാപ്പ്.....
ഞങ്ങളും ഒരു യാത്രയുടെ
ഒരുക്കത്തിലാണ് .....
മരണമെന്ന യാത്രയുടെ.
ഇൻഷാ-അല്ലാഹ് :

(ഖമറും, നുജൂമും= ചന്ദ്രനും,നക്ഷത്രങ്ങളും)

Monday, August 24, 2015

"ദൈവത്തെ അന്വേഷിക്കരുത്"

"ദൈവത്തെ അന്വേഷിക്കരുത്"
ശീതീകരിച്ച മുറികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

മാർബിൾ പാകിയ തറകളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

മദ്യം മണക്കുന്ന വഴികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

എഴുതപ്പെട്ട വേദങ്ങളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

കല്ലിലും, മണ്ണിലും മരത്തിലും നീ
ദൈവത്തെ അന്വേഷിക്കരുത്

ദൈവ ദൂതന്മാരുടെ വഴികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

പള്ളികളിലും,അമ്പലങ്ങളിലും നീ
ദൈവത്തെ അന്വേഷിക്കരുത്

മതങ്ങളുടെ എഴയലത്തും നീ
ദൈവത്തെ അന്വേഷിക്കരുത്
അച്ഛന്റെ ഹൃദയത്തിലാണ്
ദൈവമുള്ളത്‌

അമ്മയുടെ വാത്സല്യത്തിലാണ്
ദൈവമുള്ളത്‌

അനാഥരുടെ പ്രാർത്ഥനകളിലാണ്
ദൈവമുള്ളത്‌

വൃദ്ധസദനത്തിന്റെ ചുവരുകളിലാണ്
ദൈവമുള്ളത്‌

കുട്ടികളുടെ ചിരികളിലാണ്
ദൈവമുള്ളത്‌

വിശക്കുന്നവന്റെ കണ്ണുനീരിലാണ്
ദൈവമുള്ളത്‌

ആശുപത്രികളുടെ വരാന്തകളിലാണ്
ദൈവമുള്ളത്‌.

നൗഷാദ് പൂച്ചക്കണ്ണൻ

Monday, August 17, 2015

ഖബറുകളിലുള്ളത്

"ഖബറുകളിലുള്ളത് "
ഖബറുകളിലുള്ളത്
മാതാവിൻറെ പേറ്റ്നോവാണ്
പിതാവിന്റെ വാത്സല്യമാണ്

ഖബറുകളിലുള്ളത്
ഉറ്റവരുടെ പാഥേയമാണ്
മിത്രങ്ങളുടെ കണ്ണുനീരാണ്

ഖബറുകളിലുള്ളത്
മക്കളുടെ വിലാപമാണ്‌
പ്രിയയുടെ അന്ത്യ'ചുംബനമാണ്

ഖബറുകളിലുള്ളത്
കടമെടുത്ത അസ്തികളാണ്
കടലെടുത്ത കിനാവുകളാണ്

ഖബറുകളിലുള്ളത്
മടങ്ങിവരാത്ത സത്യമാണ്
മറന്ന്പോയ കുപ്പായമാണ്.

Wednesday, July 15, 2015

എന്റെ പ്രണയം ഒരു യാത്രയാണ്
ഒഴുകി ...ഒഴുകി .......നിന്നിലേയ്ക്ക് എത്താനുള്ള
ഒരു യാത്ര .................ഈ യാത്ര പലപ്പോഴും
ലക്ഷ്യസ്ഥാനത്ത് എത്താറില്ല
വഴിയിൽ വേർപിരിയുന്ന നദികളുടെ കൈവഴികളിൽ
അലിഞ്ഞലിഞ്ഞ് .................ഉടലുകൾ
നഷ്ടമായ ആത്മാക്കളുടെ യാത്ര !!!

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...