പുറത്ത് കോരിച്ചൊരിയുന്ന ‘മഴ’ ഇവിടെ അപൂര്‍വം കാഴ്ചയാണ്
തണുപ്പ് വകവെയ്ക്കാതെ
ഞാന്‍ ഇന്നും പതിവുപോലെ മോണിറ്ററില്‍ പച്ചവെളിച്ചം തെളിയുന്നതും കാത്തിരുന്നു
എന്താ, അവള്‍ വൈകുന്നു ....! ഇന്നലെ നാട്ടിലും നല്ല മഴയുണ്ടായിരുന്നു
ഇന്നലെ പെയ്തമഴയില്‍ അവളുടെ മാവില്‍ പൂവിട്ട പൂക്കളെല്ലാം കൊഴിഞ്ഞ് പോയിരിരിക്കുമോ?
ഇന്നലെ അവളുടെ ആവലാതി അതിനെ കുറിച്ചായിരുന്നു
"നല്ല കാര്‍മേഘമുണ്ട് മഴ വരാന്‍ സാധ്യതയുമുണ്ട്
" മഴപെയ്യട്ടടോ മഴയുടെ സംഗീതം കേട്ട് ഉറങ്ങുന്നത് സുഖമല്ലേ"
"ഇവിടെ മാവുകള്‍ പൂവിട്ടു മഴ പെയ്താല്‍ അവയൊക്കെ കൊഴിഞ്ഞുപോകും' എന്നാലും
മഴ പെയ്തോട്ടെ , ഇവിടെ അടുത്തൊന്നും കിണറ്റില്‍ തുള്ളി വെള്ളമില്ല
ആളുകള്‍ക്ക് കുടിക്കാന്‍ വെള്ളം കിട്ടുമെല്ലൊ"
"ഹായ്"
ഇതാരാ ...? ഇന്ന് പുതിയൊരാള്‍ 'സുലേഖ'
"ഹായ്....., പരിചയമില്ലാല്ലൊ"
"ഇങ്ങനെയൊക്കെതന്നെയല്ലേ മാഷെ പരിചയപ്പെടുക!"
"അതെയോ?, പുതിയ ആള്‍ ആയതുകൊണ്ട് ചോദിച്ചതാണ്"
ഇങ്ങനെ ഓരോ മാരണങ്ങള്‍ കമ്പ്യൂട്ടര്‍ തുറന്നാല്‍ ചാടി വീഴും
"ഞാന്‍ നിങ്ങളുടെ ബ്ലോഗുകള്‍ വായിക്കാറുണ്ട്, അവസാനമായി എഴുതിയ 'ഓത്തുപള്ളിയില്‍ അന്ന് നമ്മള്‍ ........' വായിച്ചിരുന്നു,
വളരെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന കഥയായിരുന്നു"
"യാര് ....താങ്ക്സ്' നിങ്ങളെ ഇതിനുമുമ്പ് കണ്ടിട്ടില്ല അതോണ്ട് ചോദിച്ചതാണ് സോറി'ട്ടോ"
"ഞാന്‍ നിങ്ങളെ അറിയും, നിങ്ങളുടെ എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടുണ്ട്
ഈ സൈറ്റില്‍ മാത്രമല്ല നിങ്ങള്‍ എഴുതുന്ന എല്ലാ സൈറ്റിലും"
"താങ്ക്സ് ഡിയര്‍ ഇങ്ങനെ ഒരു പേര് ഞാന്‍ ഓര്‍ക്കുന്നില്ല അതോണ്ട് ഞാന്‍ ചോദിച്ചതാണ്
പിണക്കമില്ലാല്ലൊ"
"ഏയ് ....അങ്ങനൊന്നുമില്ല വെളിച്ചപ്പാടിനെ എല്ലാപേരും അറിയും
വെളിച്ചപ്പാട് എല്ലാപേരെയും അറിയണമെന്നില്ല"
"ഹ...ഹ....ഇയാള് കൊള്ളാല്ലോ"
"ഹായ് ...ഞാന്‍ വന്നൂട്ടോ ..."
ഞാന്‍ കാത്തിരിക്കുകയായിരുന്നു, സുഖമല്ലേ .. മഴപെയ്തു ....മാവിലെ പൂക്കളെല്ലാം
കൊഴിഞ്ഞുപോയോ ...അതോ?"
"കുറച്ചൊക്കെ കൊഴിഞ്ഞു എന്നാലും നന്നായി പെയ്യട്ടെ നാട്ടുകാര്‍ കുടിക്കാന്‍ വെള്ളത്തിനായി
നെട്ടോട്ടമാണ്"
"ശെരിയാണ് ഇന്നലെ ഭാര്യയും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്"
"ഞങ്ങളുടെ വീട്ടില്‍ കുറച്ച് പുതിയ അതിഥികള്‍ വന്നൂട്ടോ"
"ആരാത് .......ഇയാളെ കെട്ടിക്കൊണ്ടുപോകാനോ ...മറ്റോ.....!”
"ഏയ് ....ഇല്ലില്ല ....കുറേ ...കോഴികുഞ്ഞുങ്ങള്‍"
"അത് കൊള്ളാല്ലോ ...അത് എവിടുന്ന് കിട്ടി"
"വീട്ടില്‍ അടവെച്ച് വിരിയിച്ച് എടുത്തതാണ്, പക്ഷേ .....ഇപ്പോള്‍ മഴക്കാലം തുടങ്ങി തണുപ്പ് പിടിച്ചാല്‍ ഇവറ്റകള്‍ ചത്തുപോകുമോ ആവോ?”
“ഇല്ലടോ, കോഴികള്‍ക്ക് തൂവലും മറ്റും പടച്ചോന്‍ കൊടുത്തിരിക്കുന്നത്
തണുപ്പില്‍ നിന്നും രക്ഷനേടാനും മറ്റുമല്ലേ”
“അതെയോ ഞാന്‍ അത് ഓര്‍ത്തില്ല”
“പിന്നല്ലാണ്ട്”
“ഇക്കൊല്ലം വിഷുവിനു കൊന്നപ്പൂക്കളൊന്നും കിട്ടില്ലെന്നാണ് തോന്നുന്നത്”
“അതെന്താ ഇപ്പോള്‍ അങ്ങനെ തോന്നാന്‍”
“കണിക്കൊന്നകളെല്ലാം നേരത്തേ പൂവിട്ടു വിഷുവിന് ഒറ്റപ്പൂക്കളും ഉണ്ടാകില്ല”
“അല്ലേ ഈ മുസ്ലീങ്ങളും നിങ്ങളുടെ നാട്ടില്‍ കണിവെക്കുമോ?!!”
“അതല്ല മണ്ടൂസെ, എന്റെ അയല്‍ വീടുകളിലുള്ളവര്‍ ഇവിടെന്നാ പൂക്കള്‍
പൊട്ടിച്ചു കൊണ്ടുപോകുന്നത്, അങ്ങനെയെങ്കിലും മറ്റുള്ളവര്‍ക്ക് ഉപകാരമാകട്ടെ”
“അല്ലേലും ഈ പൂക്കള്‍ക്ക് ജാതീം മതവും ഇല്ലല്ലോ മനുഷ്യരുടെ ബെടക്കുപിടിച്ച
മനസ്സിലാണ് ജാതീം മതവും; ഞാന്‍ വെറുതെ ചോദിച്ചതാണ് ‘നേഹെ’
“ഹെന്റെ റബ്ബേ ....!!!”
“എന്താ ..”നേഹ” എന്താ പറ്റിയേ...”
“അടുപ്പത്ത് അരിയിട്ടുട്ട് ഞാന്‍ ഇങ്ങോട്ട് വന്നത്, അത് വെന്ത് കുഴഞ്ഞ്കാണുമെല്ലോ
റബ്ബേ....”
“അതിന് വീട്ടില്‍ മറ്റാരുമില്ലേ”
“അവരൊക്കെ ഹജ്ജിന്‍റെ ക്ലാസ്സിന് പോയിരിക്കയാണ്”
“ഇയാള്‍ ഹജ്ജിനൊന്നും പോകുന്നില്ലേ”
“പോകണം ഇന്ഷാഅല്ലാഹ്; ഞാന്‍ ഇപ്പോള്‍ വരാമേ ....”
ഇതിനിടയില്‍ ഓണ്‍ ലൈനില്‍ ഉണ്ടായിരുന്ന ‘സുലേഖ’
അവളുടെ മെസ്സേജ് ഞാന്‍ ശ്രദ്ധിക്കുന്നത്
“എന്താ.....തിരക്കിലാണോ?;
എങ്കില്‍ ഞാന്‍ പോവുകയാണ്;
എന്നെ ഇയാള്‍ അറിയും പറഞ്ഞാല്‍ ........’
ഞാന്‍ തന്റെ കഥയിലെ നായിക!!!, ‘ഷാനിബ’
Sulekha has disconnected and can’t receive instant messages
എന്റെ റബ്ബേ ....,ഞാന്‍ എന്താ ഈ കാണുന്നേ ......!
ഞാന്‍ അവളുടെ പ്രൊഫൈല്‍ ചെക്ക്‌ചെയ്തു അത് ഡിലീറ്റ് ചെയ്തിരിക്കുന്നു!!!
എന്റെ നെഞ്ചില്‍ ഒരു വെള്ളിടി, തലയില്‍ ഒരു പെരുപ്പ്
ആ സൈറ്റ് മുഴുവന്‍ ഞാന്‍ അരിച്ചുപിറക്കി എവിടെ അവള്‍?
ഒരു മിന്നായംപോലെ....
നേഹ കൊന്നപ്പൂക്കളുടെ, മാമ്പൂവിന്റെ കഥപറയാന്‍ വീണ്ടും വന്നു
ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു ...
അപ്പോഴേക്കും തലയില്‍ മക്കന’യിട്ട അനേകം കുട്ടികള്‍ മദ്രസയില്‍ പോകുന്ന ആരവം
ദൂരെ ......അങ്ങ് ദൂരെ ......എന്റെ കാതുകളില്‍ ...അവരുടെ കൂട്ടത്തില്‍
ഞാനും അവളും .....മുന്നില്‍ ചൂരലുമായി ഉസ്താദും.... മഴ തിമിര്‍ത്തു പെയ്യുന്നു
തലയില്‍ നിന്നും അവളുടെ ‘മക്കന’ ഒരു കുസൃതിക്കാറ്റ് സ്വന്തമാക്കി ഒരു പട്ടം കണക്കേ.....ഉയര്‍ന്നുപൊങ്ങി
ഞാന്‍ അതിന്റെ പിന്നാലെ
തിരിഞ്ഞുനോക്കുമ്പോള്‍
നേഹ
“എന്താ മാഷേ തിരക്കിലാണോ?”.
“ഏയ്......”