
അറിവുകള്‍ കന്നിയങ്കം കുറിക്കുന്ന കുസൃതിയുടെ നേരങ്ങളില്‍
അമ്മയുടെ മാമൂട്ടുന്ന കഥകളില്‍ 'മണികിലുക്കം' പേടിയായിരുന്നു!
മുറ്റത്തും തൊടിയിലും ഓടിക്കളിക്കുമ്പോള്‍ 'മണികിലുക്കം' അയല്‍വീട്ടിലെ
തുടല് പൊട്ടിച്ച് ഓടിവരുന്ന പട്ടിയുടെ രൂപത്തിലായിരുന്നു!
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ തേടി രാവിലെ വിദ്യാലയത്തിന്റെ പടികള്‍ കയറുമ്പോള്‍
'മണികിലുക്കം' അമ്മയെ പിരിഞ്ഞതിന്റെ ആഥി'യായിരുന്നു!
ഇടവേളകളില്‍ സ്കൂളിന്റെ ഇടനാഴിയില്‍ കേട്ട 'മണികിലുക്കം'
വിശപ്പ്‌മാറ്റാനുള്ള സമയമായിരുന്നു!
വൈകുന്നേരങ്ങളില്‍ സ്കൂളില്‍ നീളത്തില്‍ മുഴങ്ങിയിരുന്ന 'മണികിലുക്കം'
വീട്ടിലെത്താന്‍ നേരമായതിന്റെ ആഹ്ലാദമായിരുന്നു!
സ്കൂളിന് പുറത്ത് സൈക്കിളില്‍ നിന്നും ഉതിര്‍ന്ന 'മണികിലുക്കം' ഐസ്മിട്ടായി
തിന്നാനുള്ള കൊതിയായിരുന്നു!
പാടവരമ്പില്‍ കൊട്ടോടെ, കുരവയോടെ വാളുമായി ഓടിയടുക്കുന്ന വെളിച്ചപ്പാടിന്റെ
അരയിലും, കാലിലും തുള്ളിച്ചാടുന്ന 'മണികിലുക്കം' ഭക്തിയും, ഭയവുമായിരുന്നു!
തെളിഞ്ഞ ആറ്റ് വെള്ളത്തില്‍ മുഖത്തെ നനുത്ത സ്വര്‍ണ്ണരോമങ്ങളില്‍
തീപ്പെട്ടിക്കോല്കൊണ്ട് കറുപ്പ് പിടിപ്പിക്കുമ്പോള്‍ പിന്നില്‍ ചിരിയോടൊപ്പം
കൂട്ടുകാരിയുടെ കൈയ്യിലെ കുപ്പിവളകള്‍ പകര്‍ന്ന 'മണികിലുക്കം'
കുളിര്‍മഴതുള്ളികളായിരുന്നു!
കോളേജ്കാമ്പസ്സില്‍ വാകമര തണലില്‍ കൂട്ടുകാരോടൊത്തു വെടിപറഞ്ഞിരിക്കുമ്പോള്‍
അകലെനിന്നുപോലും ഞാന്‍ തിരിച്ചറിഞ്ഞ പാദസ്വരത്തിന്റെ 'മണികിലുക്കം'
കരളില്‍ പ്രണയ വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നതായിരുന്നു!
വിവാഹരാത്രിയില്‍ മണിയറയില്‍ പ്രിയമുള്ളവളെ കാത്തിരിക്കുമ്പോള്‍
പിന്നില്‍ കേട്ട 'മണികിലുക്കം' ആഭരണങ്ങളുടെ രൂപത്തിലുള്ള
സ്ത്രീധനമായിരുന്നു!
ഉറക്കം എഴുന്നേറ്റാല്‍ രാവിലെ ചായക്ക് കൂട്ടായി വീട്ടുമുറ്റത്ത് കണ്ണുകള്‍ തേടുന്ന
'മണികിലുക്കം' പത്രത്തിന്റെ രൂപത്തിലായിരുന്നു!
നിദ്രകള്‍ വിട്ടകന്നു അസ്ഥികള്‍ ദ്രവിക്കാന്‍ തുടങ്ങി ശയ്യയില്‍ കഴിച്ചുതീര്‍ത്ത
കാലത്തിന്‍റെ കണക്ക് തിരഞ്ഞ് കണ്ടുപിടിക്കാന്‍ വെറുതെ ഒരു പാഴ്ശ്രമത്തിന് തുനിയുമ്പോള്‍
ഞാന്‍ ആശിച്ചതും, ചെവിയോര്‍ത്തതും ........
മരണത്തിന്‍റെ 'മണികിലുക്കമായിരുന്നു!!!.
മണി കിലുക്കം ഏതൊക്കെ രൂപത്തില്‍ ആണ് .. ഇതുവരെ ചിന്തിക്കാത്ത വിധത്തില്‍ .. ഉള്ള ഭാവന...
മറുപടിഇല്ലാതാക്കൂആശംസകള് നൗഷാദ്.