Thursday, February 14, 2013

"ചൈത്യം"

ചൈത്യം

ഒരു ഹോളി ആഘോഷം കഴിഞ്ഞ് സൂര്യന്‍ കടലിന്റെ മടിത്തട്ടില്‍ വിശ്രമിക്കാന്‍ തുടങ്ങുമ്പോള്‍ ആകാശത്ത് അങ്ങിങ്ങ് തട്ടിതൂകിയിട്ട സിന്തൂരത്തില്‍ നിന്നും അല്‍പ്പം കാറ്റ് അവളുടെ മുഖത്ത് സ്പര്‍ശിച്ച് കടന്നതാകാം, അല്ലെങ്കില്‍ കടല്‍ത്തിരകള്‍ കൂടുതല്‍ സുന്ദരിയാക്കാന്‍ ചായം കലര്‍ന്ന കടല്‍വെള്ളം ഇവളുടെ മുഖത്ത് പകര്‍ന്നതാകാം, അതോ സൂര്യദേവന്‍ പ്രയാണം അവസാനിപ്പിച്ച് കടലില്‍ താഴുന്നതിന് മുമ്പ് ഇവളോട് കിന്നാരം പറഞ്ഞതാകാം... താഴുന്ന തങ്ക കിരീടത്തില്‍ കണ്ണുകള്‍ പാകി അവള്‍ തെളിയുന്ന പ്രകാശത്തെ വിസ്മരിച്ച് അങ്ങനെ ഇരുന്നു
"ദേവി പോകയല്ലേ ...."
"പോകണം"
എന്റെ കൈയ്യില്‍ പിടിച്ച് അവള്‍ എഴുന്നേറ്റു മണല്‍ വിരിച്ച കടല്‍തീരം കടന്ന് മോട്ടോര്‍സൈക്കിളിന്റെ പുറകില്‍ അവള്‍ എന്റെ ചുമലില്‍ പതിയെ ഒരു കൈകൊണ്ട് ചേര്‍ത്ത് പിടിച്ച് അങ്ങനെ യാത്ര തുടരുമ്പോള്‍ .....

പതിഞ്ഞ ശബ്ദത്തിന് മധുരമാണെന്ന് അവളാണ് പറഞ്ഞത്, പകല്‍ കിനാക്കള്‍ക്ക് ഒരു നഷ്ട വസന്തത്തിന്റെ നിറമാണെന്ന് അവളുടെ കണ്ടുപിടിത്തമായിരുന്നു, പ്രണയം മധുരമാണ് എന്നാല്‍ അതില്‍ അന്തര്‍ലീനമായ നോവ്‌ പരമമായ സുഖമാണ് എന്ന് അവള്‍ പറയാതെ പകരുകയായിരുന്നു .....,,
കണ്ടും, പകര്‍ന്നും, പറഞ്ഞും എന്റെ ഉള്ളില്‍ അവള്‍ നിറച്ചത് എന്ത് വികാരമായിരുന്നു!!!
ഒടുവില്‍ അവളുടെ വിവാഹത്തിനു ക്ഷണിക്കാന്‍ വന്നപ്പോള്‍ അവളുടെ കയ്യില്‍ ഒരുപിടി മഞ്ഞ റോസാപുഷ്പങ്ങള്‍ കരുതിയിരുന്നു!
ലോകത്തില്‍ വിലമതിക്കാന്‍ കഴിയാത്തത് സുഹൃത്ത്‌ ബന്ധമാണെന്ന് ആ പൂക്കള്‍ക്കിടയില്‍ തിരുകിയ കുറിപ്പില്‍ അവള്‍ ആലേഖനം ചെയ്തിരുന്നു.
പുതിയ അറിവുകള്‍ തേടി ഞാനും .....പ്രണയത്തിലെ നോവിനെ കാമിച്ചു, ഒറ്റപ്പെടലില്‍ സുഖം കണ്ടെത്തി, ശബ്ദങ്ങളില്‍ അസഹ്യത പ്രകടിപ്പിച്ചു, ഇരുട്ടിനെ പുണര്‍ന്നു, വെളിച്ചത്തെ ഭയന്നു ........
ഒരിയ്ക്കല്‍ വഴിയില്‍ അവളെ വീണ്ടും കണ്ടുമുട്ടി തോളില്‍ കിടന്ന കുട്ടിയെ തട്ടിയുണര്‍ത്തി എന്നെ ചൂണ്ടി കുട്ടിയോട് പറഞ്ഞു
"നോക്ക് മോനെ ....നോക്കെടാ ...കുട്ടാ....'മാമന്‍' ; മോന് ഈ മാമനെ അറിയുമോ?"
അങ്ങനെ ഞാന്‍ ആദ്യമായി ഒരു മാമനായി!

ബന്ധങ്ങളും, കടപ്പാടുകളും, പ്രണയവും അതിനെക്കാളെല്ലാം ഒരുപടി മുകളിലാണ് സൗഹൃദം എന്ന് ഞാന്‍ അനുഭവിക്കുകയായിരുന്നു...
സ്ത്രീകളെക്കുറിച്ച്, അവരുടെ അറിവിനെക്കുറിച്ച്, കഴിവിനെക്കുറിച്ച് കവിതകള്‍, കഥകള്‍, ലേഖനങ്ങള്‍ എന്റെ എഴുത്തിനെ സമൂഹം നെഞ്ചിലേറ്റി
അങ്ങനെ....അങ്ങനെ.....അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ എനിക്ക് എന്നോടുതന്നെ ബഹുമാനം തോന്നി
കേന്ദ്രസാഹിത്യഅക്കാഡമി അവാര്‍ഡ്‌ അക്കൊല്ലം എനിക്ക് തന്നെ ലഭിച്ചു എന്നെ അനുമോദിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ അവളുമുണ്ടായിരുന്നു ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു ദൂരെ മാറി അവള്‍ നിന്നു ചടങ്ങുകള്‍ അവസാനിപ്പിച്ച് ഞാന്‍ ഓടി അവളുടെ അടുത്ത് ചെന്നു
ഒരു ചുവന്ന റോസാപുഷ്പം എന്റെ നേര്‍ക്ക്‌ നീട്ടി ഞാന്‍ അത് വാങ്ങി കുശലം ചോദിക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ എന്നെ ഇറുകെ കെട്ടിപ്പുണര്‍ന്നു എന്റെ ഇരുകവിളുകളിലും ചും:ബനം ചൊരിഞ്ഞു ശ്വാസംകിട്ടാതെ ഞാന്‍ വിയര്‍ത്തു ക്യാമറകള്‍ തെരുതെരെ കണ്ണുകള്‍ ചിമ്മി
ഒന്നും മനസ്സിലാകാതെ അന്ധാളിച്ച്നില്‍ക്കുന്ന എന്നോട് പത്രക്കാരും ടി.വി റിപ്പോര്‍ട്ടര്‍മാരും അനേകം ചോദ്യങ്ങള്‍ ഒന്നിനും മറുപടി പറയാതെ മുന്നില്‍ തുറന്നുപിടിച്ച ഡോറായിരുന്നു ലക്‌ഷ്യം ഉള്ളില്‍ കടന്നിരുന്നു
"ഡിം.."
വാതിലടഞ്ഞു കാര്‍ മുന്നോട്ട് ......

അടുത്ത പ്രഭാതത്തില്‍ ഭാര്യ ചായക്കൊപ്പം തന്ന പത്രം തുറന്നു നോക്കുമ്പോള്‍ ഞാന്‍ ഞെട്ടി!!!
എന്നെ പുണര്‍ന്നു ചും:ബിക്കുന്ന ദേവി എന്റെ കൈയ്യില്‍ അവള്‍ തന്ന ചുവന്ന റോസാപുഷ്പം ഭാര്യ കണ്ണുരുട്ടി ഞാന്‍ അവളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അത്രേയുള്ളോ... ഭാര്യ ചിരിച്ചു, ഞാനും.
വാര്‍ത്തകേള്‍ക്കാന്‍ ടി.വി തുറന്നു ഗതകാല പ്രണയം അയവിറക്കുന്ന ദേവിയുമായുള്ള അഭിമുഖം അതില്‍ എനിക്ക് കാമുകന്റെ വേഷമായിരുന്നു

പത്രങ്ങളും, ചാനലുകളും വാര്‍ത്തകള്‍ കൊട്ടിഘോഷിച്ചു, നിറഞ്ഞ ചിരിയും സന്തോഷവും കളിയാടിയ ഞങ്ങളുടെ വീടിന്റെ ഏതോ മൂലയില്‍ ഭാര്യ ഉള്‍വലിഞ്ഞു ...
മുനയൊടിഞ്ഞ എന്റെ പേനയില്‍ സ്ഖലനം നിലച്ചു
ചിലന്തികള്‍ വീടിന്റെ അകത്തളങ്ങളില്‍ വല നെയ്തു സൗഹൃദം കൈകാലുകള്‍ നിലത്തടിച്ച് തേങ്ങിക്കരഞ്ഞു

2 comments:

 1. This comment has been removed by the author.

  ReplyDelete
  Replies
  1. കടല്‍ക്കരയില്‍ കണ്ടപ്പോള്‍ തരേണ്ടത്‌ ചുകന്ന റോസാപ്പൂ ആയിരുന്നു..
   പിന്നീട് കുടുംബ കലഹം ഉണ്ടാക്കാന്‍ മാത്രമായി ആ ചുവന്ന പൂവും കെട്ടിപിടുത്തവും... ഈ പെന്പില്ലെര്‍ എന്താ ഇങ്ങനെ..?
   പാവം ഭാര്യ..
   നല്ല ചെറുകഥ . അഭിനന്ദനങ്ങള്‍

   Delete

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...