Wednesday, September 11, 2013

യക്ഷിയും പാലപ്പൂക്കളും


അങ്ങ് അനന്തവിഹായസ്സില്‍ നിന്നും
പാലമരങ്ങള്‍പൂക്കുന്ന നിലാവുള്ള രാത്രികളില്‍ അവള്‍ ഇറങ്ങി നടക്കും
അവളുടെ മുടികളില്‍ നിലാവ് വെള്ളിക്കസവുകള്‍ തുന്നിച്ചേര്‍ക്കും
കണ്ണുകളില്‍ രണ്ട് സമുദ്രങ്ങള്‍ ആ സമുദ്രക്കരയില്‍ വെള്ളാരം കല്ലുകള്‍കൊണ്ട്
ഏഴ് നിലകളുള്ള മണിമാളിക!!!
പാലപ്പൂക്കളുടെ ഗന്ധം എപ്പോഴാണ് ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്
ആദ്യമൊക്കെ പാലകളും പാലപ്പൂക്കളും കേള്‍ക്കുമ്പോള്‍ത്തന്നെ ഭയമായിരുന്നു
പിന്നെ മൂക്കിനുതാഴെയുള്ള നനുത്ത സ്വര്‍ണ്ണരോമങ്ങളില്‍ അനുജത്തിയുടെ
ഹൈബ്രോപെന്‍സില്‍ ആരും കാണാതെ എടുത്ത് നിലക്കണ്ണാടിയുടെ മുന്നില്‍പോയി
കറുപ്പ് പിടിപ്പിക്കുമ്പോള്‍ മനസ്സ് ആരെയോ തെടുന്നുണ്ടായിരുന്നു
ഒരു പെണ്‍കുട്ടികളും എന്നെ അത്രയൊന്നും ശ്രദ്ധിക്കുന്നില്ല എനിക്ക് സൌന്ദര്യം
കുറഞ്ഞിട്ടാകും! മുഖത്ത് ഭംഗി കൂട്ടാന്‍അനുജത്തി ചെയ്യുന്നമാതിരി കസ്തൂരി മഞ്ഞള്‍
അരച്ച് തേച്ചാലോ! മഞ്ഞളെടുത്തു അലക്ക് കല്ലിന്‍റെ അടുത്ത് ചെന്ന് പണി തുടങ്ങിയതും
ഉമ്മ വടിയുമായി എന്റെ പുറകേ കൂടി
"ഇവന് എന്തിന്റെ സുഖക്കേടാണ് മഞ്ഞള്‍ പെണ്‍കുട്ടികളല്ലേ മുഖത്ത് തേയ്ക്കുക"
"നാത്തൂനേ അവനും ഒന്ന് സുന്ദരനാകട്ടെ ...അല്ലേലും ഇതൊക്കെ പെണ്‍പിള്ളേര്‍ക്ക് മാത്രമുള്ളതാണെന്ന്
ആരാ പറഞ്ഞത്"
എന്നെ തല്ലില്‍നിന്നും രക്ഷിക്കാന്‍മാമി ഇടയ്ക്കു കയറും
"നീ അവന്റെ സൈഡ്'പിടിച്ചോ നാളെ അവന്‍നിന്റെ മകളുടെ ജാക്കറ്റും പാവാടയും അണിഞ്ഞ്നടക്കും"
"അല്ലേ .... ഇത് നല്ല കൂത്ത്‌കുട്ടികളോട് എന്തൊക്കെയാണ് നാത്തൂന്‍ പറയുന്നത്"
"അതെ, കുട്ടി ഇവന്‍കാളപോലെ വളര്‍ന്നു. ഇനി ഇവന്‍ ഇതുപോലെ കാണിച്ചാല്‍
ആ മാവിന്റെ ചുവട്ടില്‍ കെട്ടിയിട്ട് ഉറുമ്പിന്‍ കൂട് കുടയും"
തല്ല് പേടിച്ച് കസ്തൂരി മഞ്ഞളും ഹൈബ്രോപെന്‍സിലും എന്നെ നോക്കി നെടുവീര്‍പ്പിട്ടു
ഒറ്റ പെണ്‍കുട്ടികളും എന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടരായില്ല
അല്ലേലും അവര്‍ക്ക് സൌന്ദര്യമല്ല കാര്യമെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്‌
"അലിഫ്‌ലൈല്‍" ഈ പുസ്തകം കയ്യില്‍കിട്ടി വായിച്ച് തുടങ്ങിയതാണ് ജീവിതത്തിന്
വഴിത്തിരിവായത് !!!
രാത്രി കാലങ്ങളില്‍ സുന്ദരികളായ ജിന്നുകളെ പ്രതീക്ഷിച്ച് ഉറങ്ങാതെ കണ്ണുകള്‍ അടക്കാതെ ഞാന്‍കാത്തിരുന്നു!
എത്രയെത്ര രാവുകള്‍ ആ മായികലോകത്ത് .........
കൂട്ടുകാരന്‍പ്രസേനനാണ് പറഞ്ഞത്
"ജിന്നുകള്‍ അറബിനാടുകളിള്‍ മാത്രമേ കാണുകയുള്ളൂ, നമ്മുടെ നാടുകളിള്‍ യക്ഷികളാണ് ഉണ്ടാവുക"
പിന്നെ......പ്പിന്നെ ......പാലപ്പൂകളെയും യക്ഷികളെയും പ്രതീക്ഷിച്ചായി എന്റെ രാത്രികള്‍
പലതും ആലോചിച്ച്‌ രാത്രിയില്‍ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കട്ടിലില്‍ ഞാന്‍ ഞെളിപിരികൊണ്ടു
ചിന്തകള്‍ അയല്‍വീടുകളിലുള്ള പെണ്‍കുട്ടികളുടെ കണക്കെടുപ്പില്‍ പിന്നെ തൊടികളില്‍ , വഴികളില്‍ ,
പിന്നെ വഴിയിലുള്ള പാലമരത്തിന്റെ ചുവട്ടില്‍ ചെന്ന് നിന്നു!!!
"യക്ഷീ നീ എന്റെ ചോര മുഴുവന്‍ കുടിച്ചുകൊള്ളൂ പകരം പാലപ്പൂക്കളുടെ മണമുള്ള
നിന്റെ ശരീരം എനിക്ക് തരൂ "
എന്റെ ചുമലില്‍ രണ്ടു ചിറകുകള്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു ശബ്ദം പുറത്തുവന്നില്ല
ഞാന്‍ ആകാശത്തിലേക്ക് ഉയരുകയാണ്! വീടിന്റെ മേല്പ്പുര തകര്‍ന്നു!
ഞാന്‍ ചുറ്റും നോക്കി എങ്ങും നിലാവ്, നിശബ്ദത നിലാവിന്റെ പട്ടുടയാടയണിഞ്ഞ
തൊടിയും, പറമ്പും, നാട്ടു വഴികളും. ഒരു വിമാനത്തിലിരുന്ന് കാണുന്ന കാഴ്ച പോലെ
വേഗത്തില്‍.....വേഗത്തില്‍.....ഞാന്‍ എന്റെ ചിറകുകള്‍ വീശി പാലപ്പൂക്കളുടെ ഗന്ധം പണ്ട്
വെറുപ്പോടെ കണ്ടിരുന്ന ഞാന്‍, ഇപ്പോള്‍ അറിയുന്നു ലോകത്തില്‍ ഏറ്റവും നല്ല സുഗന്ധം ആ പൂക്കള്‍ക്കാണെന്ന്!
എന്റെ കണ്ണുകള്‍ ആരെയോ തിരഞ്ഞു
അതാ അവിടെ ഞാന്‍എന്നും സ്കൂളില്‍ പോകുമ്പോള്‍ കാണുന്ന പാലമരം
പണ്ട് ദൈവപുത്രന്റെ തിരുപ്പിറവിയുടെ വാര്‍ത്ത അറിയിക്കാന്‍ ആകാശത്ത് ഒരു നക്ഷത്രം
വഴി അറിയിച്ചത്പോലെ പാലമരത്തിന്റെ ചുവട്ടില്‍ ഒരു നക്ഷത്രം!
ഞാന്‍ആ മരത്തിനെ ലക്‌ഷ്യംവെച്ച് മുന്നോട്ട് ...പറന്നു.
നെഞ്ചില്‍ നിന്ന് ഒരു എരിച്ചില്‍, ..... എന്റെ ചിറകുകളെവിടെ?
പാലമരം എവിടെ? !
നക്ഷത്രമെവിടെ?! ......അനന്തമായ ഇരുട്ട് ......
സ്കൂളില്‍പോകുമ്പോള്‍ ഞാന്‍ പാലമരത്തിന്റെ ചുവട്ടില്‍ കുറച്ചുനേരം നിന്നു
ഇന്നലെ രാത്രിയില്‍ പരിമളം പരത്തിയ പൂക്കള്‍ നിലത്താകെ മെത്ത'വിരിച്ചു ഇനിയും നിലത്ത് വീഴാന്‍
പാകമായതും രാത്രിയില്‍ സുഗന്ധം പരത്താന്‍ പാകമാകുന്നതുമായ പൂക്കള്‍
"നീ ...അവിടെ എന്തെടുക്കയാണ് ......സ്കൂളില്‍ ബെല്ലടിക്കാറായി"
"പ്രസേനന്‍ നടന്നോ ഞാന്‍പുറകേ വരാം"
"ഡാ ....വേണ്ട...ഇവിടെ യക്ഷി'യുണ്ടാകും!"
"പകലും യക്ഷിയുണ്ടാകുമോ?'
"ചിലപ്പോള്‍ ഉണ്ടാകും ....നട്ടുച്ചയ്ക്ക് എന്റെ അപ്പൂപ്പന്‍ കണ്ടിട്ടുണ്ട്"
"പോടാ .....രാത്രി മാത്രമേ യക്ഷികള്‍ വരാറുള്ളൂ "
"നിനക്ക് വട്ടാണ്, നീ വന്നേ .... നമുക്ക് പോകാം"
അവന്‍ എന്റെ കയ്യില്‍ പിടിച്ച് വലിച്ചു
"അയ്യോ ..."
"എന്താ ...എന്ത് പറ്റി"
"എന്റെ കാല്മുറിഞ്ഞു"
"എവിടേ ...നോക്കട്ടെ "
ഞാന്‍ കാല് തട്ടിയ ഭാഗം അവനു കാണിച്ചുകൊടുത്തു
"ചോര വരുന്നുണ്ടല്ലോ"
കാല്‍വിരല്‍ പൊത്തിപ്പിടിച്ച് ഞാന്‍ നീലത്ത് കുത്തിയിരുന്നു
അവിടമാകെ തിരഞ്ഞ് കുറേ പച്ചിലകള്‍ നുള്ളിയെടുത്ത് അത് പിഴിഞ്ഞ്
എന്റെ മുറിവില്‍ അവന്‍ ഇറ്റിച്ചു
വേദനകൊണ്ട് ഞാന്‍ നീലത്തുനിന്നും ഉയന്നു ചാടി.....
"ഇപ്പൊ വേദനമാറും നീ നടന്നോ"
അവന്‍ എന്റെ കയ്യില്‍ പിടിച്ച് മുന്നോട്ട് ......
എന്റെ മനസ്സ് അപ്പോഴും ആ പാലമരത്തിന് ചുറ്റും വട്ടമിട്ടു .......
അന്ന് സ്കൂള്‍ വിട്ട് വന്നപ്പോല്‍ എന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് 'ഉമ്മ'
"ഇങ്ങ് വന്നേ മോന്‍"
"എന്താ"
"മോന്റെ മുഖം വാടിയിരിക്കുന്നല്ലോ വല്ല പനിയോ മറ്റോ "
"ഓ ...ഒന്നുമില്ല"
ഉമ്മ അടുത്ത് വന്നു എന്റെ നെറ്റിയിലും കഴുത്തിലും കൈവെച്ച് നോക്കി"
"ഇല്ല ,ഒന്നുമില്ല" പനിയെടുത്തുപൊള്ളുന്നു ..ഉപ്പ വരട്ടെ ആശുപത്രിയില്‍ കൊണ്ടുപോകാം"
"എനിക്ക് ഒന്നുമില്ല..... നിങ്ങള്‍ചുമ്മാതിരുന്നേ"
"നീ ഇന്ന് കുളിക്കണ്ട ....നാട് നാടല്ലാതെ കിടക്കുന്നു ഈ വേനല്‍ക്കാലത്ത് നാട് മുച്ചൂടും ജ്വരമാണ്"
നേരം സന്ധ്യയോടെ എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു
'ഉപ്പ' വീട്ടില്‍വന്നപ്പോള്‍ ഉമ്മ എന്റെ അസുഖവിവരം അറിയിച്ചു
"ഇപ്പോള്‍ സന്ധ്യനേരത്ത് ഞാന്‍ അവനെ എവിടെ കൊണ്ടു പോകാന്‍
കുറവില്ലെങ്കില്‍ നാളെയാകട്ടെ"
"നല്ല ഉപ്പ പുന്നാരമോനോട് ഇത്രയേയുള്ളൂ സ്നേഹം'
'അവന്‍ എവിടെ ...ഞാനൊന്ന് നോക്കട്ടെ "
ഉപ്പ എന്റടുത്തു വന്നു
"എന്താ മോനെ ....എന്ത് പറ്റി "
കൈകൊണ്ടു എന്റെ ദേഹത്ത് ചൂട് നോക്കി
"സത്യമാണെല്ലോ ...മോന്‍ എഴുന്നേറ്റ് റെഡിയാകൂ നമുക്ക് ആശുപത്രിയില്‍ പോകാം"
"വേണ്ടുപ്പാ, നമുക്ക് നാളെ പോകാം എനിക്ക് ഉറക്കം വരുന്നു"
'മോന്‍ വല്ലതും കഴിച്ചു കിടന്നോ ..."
"എനിക്ക് ഒന്നും വേണ്ടാ"
ഉമ്മ കയ്യില്‍ചൂടുള്ള ചുക്കുകാപ്പിയുമായി വന്നു
"അല്ലാ......മോനും ഉപ്പയും ആശുപത്രിയില്‍ പോകുന്നില്ലേ"
" നീ ആ കാപ്പി അവനു കൊടുത്തെ ....കുറവ് ഇല്ലെങ്കില്‍ നാളെ പോകാം"
"അതൊക്കെ നിങ്ങളുടെ ഇഷ്ടം ....നാളെ ഇതും പറഞ്ഞു എന്റെ തോളത്ത് കയറരുത് '
എന്റെ കണ്ണുകളില്‍ നിദ്ര .....,ഒപ്പം പാലപ്പൂക്കളുടെ ഗന്ധം !!!
"കള്ളന്‍ ഇന്ന് നേരത്തെ ഉറങ്ങിയോ "
"ഉം...."
"എന്താ...... എന്ത് പറ്റി "
"പനി"
"നീ ...വരുന്നില്ലേ"
"എവിടെ"
" ആ പാലമരത്തിന്റെ ചുവട്ടില്‍"
"എനിക്ക് പനിയല്ലേ, വല്ലാതെ തണുക്കുന്നു"
"നീ ഇല്ലാതെ ഒരു രസവുമില്ല"
"ഞാന്‍......നാളെ വരാം '
"പാലപ്പൂക്കല്‍ കൊണ്ട് നിനക്കായി മാല കോര്‍ത്തിട്ടുണ്ട് ,ചന്ദ്രനെയും, നക്ഷത്രങ്ങളെയും
കൊണ്ടുവന്ന് വിളക്കൊരുക്കിയിട്ടുണ്ട്!!! "
"പനിയായിട്ട് ഇറങ്ങി നടന്നാല്‍ ഉപ്പ വഴക്ക് പറയും"
"ഇല്ല കുട്ടീ ......ആരും കാണില്ല പുറത്തേക്ക് നോക്കിയെ ..."
ഞാന്‍ കണ്ണുകള്‍ തുറന്നു
പല...പല ...വര്‍ണ്ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ പാല്പോലുള്ള നിലാവത്ത് പറന്നു കളിക്കുന്നു !
എവിടെ നോക്കിയാലും പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ !!
ഞാന്‍കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു
എന്തായിത് ഞാന്‍ സ്വപ്നം കാണുകയാണോ?
എന്നോട് ഇത്രനേരം സംസാരിച്ച സ്ത്രീ ശബ്ദം !!!!!
ഞാന്‍ ചുറ്റും നോക്കി എന്റെ ചുമലില്‍ ഇന്നലെ കണ്ടപോലെ ഇരുവശവും ഓരോ ചിറകുകള്‍ !
തുറന്നു കിടക്കുന്ന വാതിലിനു നേരെ ആരോ എന്നെ ആനയിക്കുന്നു !
പിന്നെ മുകളിലേക്ക് ആരോ എന്നെ വലിച്ചു ഉയര്‍ത്തുന്നു !
എന്റെ ചിറകുകള്‍ രണ്ടും ഒരു പക്ഷിയെപ്പോലെ ഞാന്‍ ആകാശത്ത് പറക്കുകയാണ് !
അനേകായിരം ചിത്രശലഭങ്ങള്‍ എന്റെ ചുറ്റും,. വല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍കൊണ്ട്
തൊടിയും, പാടവും, മരങ്ങളും അലങ്കരിച്ചിരിക്കുന്നു!
ഒരു മായികാലോകം
ഞാന്‍ എന്റെ ശരീരത്തില്‍ നുള്ളിനോക്കി ....വേദനിക്കുന്നു!
അതെ......ഇത് സ്വപ്നമല്ല ......യാഥാര്‍ത്ഥ്യം .........പരമമായ സത്യം.
അതാ .....കണ്മുന്നില്‍ ആ പാലമരം പാലപ്പൂക്കളുടെ മധുരമായ
ആരെയും മയക്കുന്ന ഗന്ധം പാലമരച്ചുവട്ടില്‍ ആയിരമായിരം നക്ഷത്രവിളക്കുകള്‍ ഹോ ......ഏതാണീ ലോകം ഇത് ദേവലോകമോ
അതോ ....!!!
പാലപ്പൂക്കള്‍ വിരിച്ച ശയ്യയില്‍ ഒരു അപ്സരകന്യക!!!
അവളെ വര്‍ണ്ണിക്കാന്‍ എന്റെ കണ്ണിനും മനസ്സിനും ആകില്ല
ഭൂലോകത്തിലുള്ള സകല സൌന്ദര്യവും ഇവള്‍ സ്വന്തമാക്കിയിട്ടുണ്ട്
ഏതോ അപൂര്‍വ്വശക്തിയുടെ പ്രേരണപോലെ തെല്ലും ഭയമില്ലാതെ
ഞാന്‍ അവളോട്‌ ചോദിച്ചു
“ആരാ ....ആരാണ് നീ ......
“ഞാനോ .....നീ എന്നെ അറിയില്ലേ...?”
അവളുടെ ശബ്ദത്തിന് തേനിനെക്കാള്‍ മധുരമുണ്ടായിരുന്നു
“ ഞാന്‍ ...നിന്നെ ........അറിയില്ലല്ലോ”
“നീ ഇത്രനാളും ആരെയാണ് ഈ പാലമരത്തിന്റെ ചുവട്ടില്‍
അന്വേഷിച്ചത്......അത് ......ഞാനാണ്”
“നീ ....നീ ...യക്ഷിയാണോ?”
“ആളുകള്‍ എന്നെ അങ്ങനെയും വിളിക്കും”
“നീ എന്റെ ചോരകുടിക്കാനാണോ വന്നത്”
“ഞങ്ങള്‍ മനുഷ്യരുടെ ചോരകുടിക്കും എന്ന് നിങ്ങള്‍ മനുഷ്യര്‍ വെറുതെ
കള്ളം പറയുന്നതല്ലേ, കഥകള്‍ രചിക്കുന്നതല്ലേ”
“അപ്പോള്‍ ...നീ....എന്നെ കൊല്ലില്ല അല്ലെ?”
“നമുക്ക് കഥകള്‍ പറയാന്‍ നേരമില്ല, അങ്ങ് കിഴക്ക് വെള്ളവീശുന്നത് വരെ
ഈ രാത്രി നമുക്കുള്ളതാണ്, എല്ലാ പ്രപഞ്ച ശക്തികളും ഒത്തൊരുമിച്ചു കൂടുന്ന ഒരു അപൂര്‍വ്വ രാത്രി, “ദേവരാത്രി” ഈ രാത്രിയില്‍ ഞാന്‍ നിനക്കുള്ളതാണ്, നീ എനിക്കും ഇവിടെ അഗാധമായ പ്രണയം മാത്രം”!
“എനിക്ക് പേടിയാകുന്നു”
“നീ ഇനി പേടിക്കില്ല .....എല്ലാ പേടികളും നിന്നില്‍ നിന്നും ഞാന്‍ എടുത്തു മാറ്റുകയാണ്”
പെട്ടന്ന് അവളുടെ കൈകള്‍കൊണ്ട് മൃദുവായി എന്നെ അവളുടെ നെഞ്ചോട് ചേര്‍ത്ത് അവളിലേക്ക് അടുപ്പിച്ചു
വല്ലാത്ത നിര്‍വൃതി, മധുരം ......ഹോ .....അവളുടെ മാറിലേക്ക് എന്റെ നെഞ്ച് അമരുമ്പോള്‍ ഏതോ സ്വര്‍ഗ്ഗത്തില്‍ ഞാന്‍ തള്ളപ്പെടുകയായിരുന്നു!!!
അനുഭൂതികളുടെ അപാരമായ ഒരു ലോകം കണ്മുന്നില്‍ തുറക്കുകയായിരുന്നു
അല്ല......ഞാന്‍ അനുഭവിക്കുകയായിരുന്നു .....
ഏതോ മായിക പ്രവാഹത്തില്‍ എന്റെ അസ്ഥികള്‍ക്ക് ചൂടുപിടിച്ചു കുളിരരുവിയുടെ സംഗീതംപോലെ എന്റെ ശരീരത്തില്‍ അവള്‍ ഒഴുകി നടക്കുകയാണ് അവളുടെ അടിവയറ്റിലെ ഇളംചൂടില്‍ എന്റെ പനി
വിയര്‍പ്പായി പാലപ്പൂക്കളില്‍ പതിച്ചു!
എങ്ങും സുഗന്ധം ....അത് പാലപ്പൂകളുടെത് ആയിരുന്നില്ല ...
ആകാശത്തിലെ മാലാഖമാര്‍ ഞങ്ങളുടെ മേല്‍ കസ്തൂരിതൈലം തളിച്ചതാകാം ..
ആയിരം വെള്ളിടികള്‍ എന്റെ ഹൃദയത്തിലേല്‍പ്പിച്ച് കന്മദത്തിന്റെ ഉറവ
ഏതോ ...വനാന്തരത്തില്‍ നിന്നും ഒഴുകി ...ഒഴുകി ....പരാഗരേണുക്കള്‍ക്കൊപ്പം
അലിഞ്ഞുചേര്‍ന്നു ...........!!! അങ്ങനെ യാമങ്ങള്‍ കടന്നുപോയി.....
“എഴുന്നേല്‍ക്കൂ.....എനിക്ക് മടങ്ങാന്‍ നേരമായി”
“ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പ്‌, ഒരു ബ്രഹ്മചാരിയെക്കാത്ത്, അത് ....ഇന്ന് ..ഇവിടെ ...പൂര്‍ണ്ണമാകുന്നു ...സന്തോഷത്തോടെ ഞാന്‍ മടങ്ങുന്നു”
ഞാന്‍ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കിയിരുന്നു
“നീ എങ്ങോട്ട് പോകുന്നു?”
“പോകണം പ്രിയനേ ......ഇനി വീണ്ടു ഒരു നൂറുവര്‍ഷം”
അവള്‍ നെടുവീര്‍പ്പിട്ടു
അതുവരെ അനുഭവിച്ച സുഖത്തിന്റെ ലഹരികള്‍ എന്റെ ശരീരത്തില്‍ നിന്നും
മെല്ലെ... മെല്ലെ.... വിടപറയുന്നു
“ഇനിയും രക്തദാഹികളായ യക്ഷികളുടെ കഥകള്‍ രചിച്ച് നിങ്ങള്‍ മനുഷ്യര്‍
ഞങ്ങള്‍ക്ക് പുതിയ ഭാവവും, രൂപവും നല്‍കുക"
എന്റെ കണ്ണുകളിലും, ചുണ്ടിലും ഓരോ മൃദുവായ ചും:ബനം നല്‍കി
അവള്‍ മരച്ചുവട്ടില്‍നിന്നും എഴുന്നേറ്റു
ഞാന്‍ ഓടി അവളുടെ കൈകളില്‍ കടന്നുപിടിച്ചു
“എന്റെ പ്രാണനെ ......നീ പോകയാണോ?”
“അതെ പ്രിയനേ ....എനിക്ക് പോകണം പോകാതെ തരമില്ല”
ഇനി ഒരിക്കലും നീ വരില്ലേ ..?”
“വരും ഇന്നേക്ക് നൂറു കൊല്ലം തികയുന്ന നാള്‍ ..പക്ഷെ അന്ന് നീ ഉണ്ടാകില്ല
ഉണ്ടായാലും ഈ നിമിക്ഷം മുതല്‍ നീ ബ്രഹ്മചാരിയല്ല ....അതിനാല്‍ ഒരു പുരുഷായുസ്സിനു കിട്ടാവുന്നതില്‍ ഏറ്റവും വലിയ ഭാഗ്യവാനാണ് നീ
ഒരുകോടി പുരുഷനില്‍ ഒരാള്‍ക്ക്‌ കിട്ടുന്ന ഈ അസുലഭ നിമിക്ഷം!,
മരണമില്ലാത്ത, സ്വര്‍ഗ്ഗവും, നരകവും,കണക്കുകളും ഇല്ലാത്ത ഞങ്ങളുടെത് മാത്രമായ ഒരു ലോകത്ത് അവിടെ കാത്തിരിപ്പുകള്‍ മാത്രം .....നൂറു വര്‍ഷത്തെ കാത്തിരിപ്പ്‌ .......”

എങ്ങുനിന്നോ നരികള്‍ ഓരിയിട്ടു, നക്ഷത്രവിളക്കുകളും നിലാവും രംഗം വിട്ടു! ഇളം തെന്നലായി ഒരു കാറ്റ് അത് ഓരോ നിമിക്ഷവും കൂടിക്കൂടി വന്നു
ഞാന്‍ അവളുടെ മുഖത്ത് കണ്ണെടുക്കാതെ എല്ലാം നഷ്ടപ്പെട്ടവനായി നോക്കിനിന്നു
ഒരു ഘോരശബ്ദം എങ്ങുനിന്നോ ആര്‍ത്തുലച്ച്കൊണ്ട് മഴപെയ്യാന്‍ തുടങ്ങി
ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു അവളുടെ പിന്നാലെ ......ഓടി .....
“എന്താ ...എന്താ....മോനെ .....നീ ബഹളമുണ്ടാക്കുന്നത് !“
ഞാന്‍ ഭയന്ന് പരിസരമാകെ നോക്കി !!!
ഉപ്പ എന്റെ നെറ്റിയില്‍ കൈവെച്ചുനോക്കി
“നല്ല പനി അതാണ്‌ മോന്‍ പേടിച്ച് ബഹളമുണ്ടാക്കിയത്,
പുറത്തു നല്ല മഴ ....മോന്‍ കിടന്നോ ലൈറ്റ് കെടുത്തണോ”?
“വേണ്ടുപ്പാ”
എല്ലാം സ്വപ്നമായിരുന്നോ?
ആശുപത്രിയില്‍പോകാന്‍ ഞാന്‍ തയ്യാറായി പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍
കാല്‍ തട്ടി ഞാന്‍ കിടന്ന തലയണ മറിഞ്ഞുവീണു
അതിനടിയില്‍ കുറെ .....പാലപ്പൂക്കള്‍ ഉണ്ടായിരുന്നു.
(നൗഷാദ്‌ പൂച്ചക്കണ്ണന്‍)

2 comments:

  1. വരും ഇന്നേക്ക് നൂറു കൊല്ലം തികയുന്ന നാള്‍ ..പക്ഷെ അന്ന് നീ ഉണ്ടാകില്ല
    ഉണ്ടായാലും ഈ നിമിക്ഷം മുതല്‍ നീ ബ്രഹ്മചാരിയല്ല ....അതിനാല്‍ ഒരു പുരുഷായുസ്സിനു കിട്ടാവുന്നതില്‍ ഏറ്റവും വലിയ ഭാഗ്യവാനാണ് നീ

    ReplyDelete

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...