2011, നവംബർ 17, വ്യാഴാഴ്‌ച

"പൈതൃകം പടിയിറങ്ങുമ്പോള്‍"


"പൈതൃകം പടിയിറങ്ങുമ്പോള്‍"
"ഹസ്ബീ റബ്ബീ ജെല്ലള്ളാ
മാഫീ ഖല്‍ബീ ഹൈറ്ള്ളാ
നൂറ്മുഹമ്മദ്‌ സ്വല്ലള്ളാ
ഹക്ക് ലായിലാഹാ ഇല്ലള്ളാ"
ആ അരച്ചുവരില്‍ കാലും നീട്ടി അതിനുമുകളില്‍ കയറിയിരുന്ന് കാലുകള്‍
ഒരു പ്രത്യേക താളത്തില്‍ ഇളക്കി ഉമ്മുമ്മ നീട്ടിപാടുകയാണ്
ഇടയ്ക്കിടയ്ക്ക് അകത്തേക്ക്നോക്കി
"മോനേ ....പൊടി'മോനേ ഇവിടെ വാ;

എടീ ...നഫീസത്തേ....നീ ഖുര്‍ആന്‍'ഓതിയോ"
"എപ്പോഴേ ഓതി "
നഫീസത്ത്‌ എന്റെ ഇത്തായാണ് സന്ധ്യയാകുമ്പോള്‍ ഉമ്മുമ്മ തുടങ്ങും
ഓരോ രീതിയിലുള്ള ദിക്കിരും,സ്വലാത്തും,മാലപ്പാട്ടും.ഈ ഉമ്മുമ്മാക്ക് എന്തോളം പാട്ടുകള്‍ അറിയാം
കേട്ടാലും..... കേട്ടാലും.......മതിയാകാത്ത പാട്ടുകള്‍
പാടിയാലും..... പാടിയാലും.......തീരാത്ത പാട്ടുകള്‍
എന്റെ ഇത്തായുടെ പേരുള്ള ഒരു മാലപ്പാട്ടുണ്ട്
നഫീസത്ത്‌'മാല!
     "ബിസ്മിയും ഹംദും സ്വലാത്തും നല്‍സലാമും മുന്നേ
       ബിള്ളി നഫീസത്ത്‌'മാല ഞാന്‍ തുടങ്ങിടുന്നേ....."
ഇതങ്ങനെ തുടരുന്നതിനിടയില്‍ ഉമ്മുമ്മവിളിക്കും 
"നഫീസത്തേ....."
ഉമ്മയായിരിക്കും മറുപടി കൊടുക്കുക
"അവള്‍ ഉറങ്ങുകയാണ് ഉമ്മാ.."
ഉമ്മുമ്മാക്ക് വിശ്വാസം വരില്ല ...അവള്‍ ഉറങ്ങുകയാണോ എന്ന് പരീക്ഷിക്കാന്‍
ആ പാട്ടിനിടയില്‍ അതേ താളത്തില്‍ ഇത്തായെ'ക്കുറിച്ച് പാടും
        "നഫീസത്ത്‌'മാല
         കള്ളന്‍'കൊണ്ടുപോയി
         ഖേദിക്കല്ലേ'മോളേ
         അല്ല തരും മാല"
ഇത് കേള്‍ക്കേണ്ട താമസം പകുതി ഉറക്കം'ആണെങ്കിലും ഇത്ത എഴുന്നേറ്റ് വന്ന്
ഉമ്മുമ്മയോട് ചിണുങ്ങും പിന്നെ കരയാനും തുടങ്ങും
"ഉമ്മാ ...ഉമ്മാ....ഈ ഉമ്മുമ്മ പാടുന്നത്കേട്ടോ"
ഉടനെ ഉമ്മുമ്മ പാട്ട് മാറ്റും
        "അള്ള-തിരു പേരും സ്തുദിയും സ്വലവാത്തും
        അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ചെയ്ത വേദാംബര്‍"
ഇത്തായെ ദേഷ്യം'പിടിപ്പിക്കുക ഉമ്മുമ്മാക്ക് ഹരമാണ് 

    ഇത്തയുടെ കയ്യില്‍'ആണെങ്കില്‍ പൊട്ടിയ കുപ്പിവളകള്‍ എന്തോരം വര്‍ണ്ണങ്ങളില്‍ 
ആണെന്നോ പിന്നെ മയില്‍പ്പീലികള്‍,കുന്നിക്കുരു,മഞ്ഞാടിക്കുരു,സ്റ്റാമ്പ് .....ഇതെല്ലാം ഞാന്‍ 
കട്ടെടുക്കും എനിക്ക് നല്ല നുള്ളുംകിട്ടും  ഞാന്‍ കഞ്ഞുകൊണ്ട് ഉമ്മുമ്മയുടെ അടുത്തേക്ക് ഓടും 
ഉമ്മുമ്മ വീണ്ടും പാടിത്തുടങ്ങും 
"നഫീസത്ത്‌'മാല 
കള്ളന്കൊണ്ട് പോയി......"
ഞാനും ഏറ്റുപാടും ഇത്താ അടിക്കാനായി ഓടിവരും 
ഞാന്‍ ഉമ്മുമ്മയുടെ മടിയില്‍ കയറിയിരിക്കും 
ഉമ്മുമ്മയുടെ വിവാഹം ഒന്‍പതാമത്തെ വയസ്സിലാണ് നടന്നതെന്ന് 
ഇത്തായോട് പറയും 
"നിന്റെ പ്രായത്തില്‍ എന്റെ വിവാഹം കഴിഞ്ഞിരുന്നു;
നീ കിടന്നു നെഗളിക്കണ്ട ..നെഗളിച്ചാല്‍ നിന്നെപ്പിടിച്ച് കെട്ടിക്കും "
"ഓ..ചിലപ്പോഴേയുള്ളൂ "
എന്നുപറഞ്ഞ് ഉമ്മുമ്മയെ കൊഞ്ഞനം കാണിക്കും 
ഉമ്മുമ്മയുടെ വിവാഹത്തിന് ഭയങ്കര ഇടിയും മഴയും ആയിരുന്നു പോലും പേടിച്ച്
അവരുടെ ഉമ്മക്കൊപ്പമാണ് അന്നുരാത്രി കിടന്നുറങ്ങിയത് പതിന്നാലാമത്തെ വയസ്സിലാണ് 
എന്റെ ഉമ്മയെ പ്രസവിക്കുന്നത് ....

      മാടന്‍ രാത്രി പന്തവും'കത്തിച്ച് ചങ്ങലയും'കിലുക്കി രാത്രി നടന്നുപോകുന്നത്‌ 
കണ്ടിട്ടുണ്ടത്രേ;യക്ഷി മുടിയും പിരുത്തിട്ട് രാത്രി ഇറങ്ങിനടക്കും വഴിയില്‍ കാണുന്ന ആന്നുങ്ങളോട് 
ചുണ്ണാമ്പു ചോദിക്കും ചുണ്ണാമ്പു കത്തിയുടെതലയില്‍ തേച്ചേകൊടുക്കാന്‍ പാടുള്ളൂ 
കയ്യില്‍ നേരിട്ട് കൊടുക്കുകയാണെങ്കില്‍ അവരെ പിടിച്ചുകൊണ്ടുപോയി 
നെഞ്ച്'പിളര്‍ന്ന് ചോരകുടിക്കും; പിന്നെ ഈനാമ്പേച്ചി ..അത് രാത്രി നടക്കുന്നവരുടെ 
പുറകെ കരഞ്ഞുകൊണ്ട്‌വരും തിരിഞ്ഞുനോക്കിയാല്‍ അവരെ പേടിപ്പിക്കും 
അവരുടെ ദേഹത്ത് കൂടും എഴാംപക്കം അവര്‍ നുരയും പതയുംതുപ്പി ചാവും
ധൈര്യശാലികള്‍ തിരിഞ്ഞുനോക്കില്ല അപ്പോള്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടും 
അവനെ കാലുകൊണ്ട്‌ ഒറ്റയടികൊടുക്കും പന്തുരുളുന്ന'മാതിരി ഉരുണ്ടുരുണ്ട്‌ പമ്പകടക്കും;
കുട്ടിച്ചാത്തന്‍ ..എരുമ പ്രസവിക്കുന്ന വീട്ടില്‍ അന്നുരാത്രി വന്ന് പാല് കട്ടുകുടിക്കും 
അന്നേരം അവനെപ്പിടിച്ചുകെട്ടിയാല്‍ ചോദിക്കുന്ന വരം നല്കുമത്രേ
പിന്നെ നമുക്ക് എന്ത് മായാജാലം വേണമെങ്കിലും കാണിക്കാം.
എത്രയെത്ര പാട്ടുകള്‍ .....എത്രയെത്ര ...കഥകള്‍ .....

        അന്ന് ഒരു മിഥുന'മാസം നല്ല കാറ്റും മഴയും ഉമ്മുമ്മ പതിവുപോലെ അരച്ചുവരിനു'മുകളില്‍ 
കാലും'നീട്ടിയിരിക്കുന്നു  ഞാന്‍ അവരുടെ മടിയില്‍ 
"ഒരു കഥ പറഞ്ഞുതാ ഉമ്മുമ്മാ"
"ഇന്ന് നല്ല മഴ നാളെ പറഞ്ഞുതരാം"
"എന്ത് കഥ"
കബറില്‍ ചോദ്യംചോദിക്കാന്‍ വരുന്ന മുന്കര്‍,നക്കീര്‍ എന്ന മലക്കുകളുടെ കഥ 
കാറ്റത്ത്‌ മഴത്തുള്ളികള്‍ സ്പ്രേ'ചെയ്യുന്നതുപോലെ എന്റെ മുഖത്തും ,പുറത്തുംപതിച്ചു
"എനിക്ക് തണുക്കുന്നു ഉമ്മുമ്മാ'
അവര്‍ അവരുടെ തലയില്‍ കിടന്ന നീണ്ട വെള്ള മസ്ലി (തട്ടം) വലിച്ച് അതിന്റെ തലകൊണ്ട് 
എന്നെ നന്നായി പൊതിഞ്ഞുതന്നു എന്നിട്ട് പറഞ്ഞു 
"ഇതുപോലെ ഒരു വിധികെട്ട മിഥുനത്തിലാണ് നിന്റെ ഉപ്പുപ്പ  മരണപ്പെടുന്നത് ;
രാത്രിമഴയത്തു നമ്മുടെ ചിലക്കൂര്‍ വള്ളകടവിലെ പാലം കടന്നുവരുമ്പോള്‍ 
പാമ്പ്'കടിയേറ്റ്"
ഞാന്‍ ഉമ്മുമ്മയുടെ  മുഖത്തുനോക്കി അവരുടെ കണ്ണ് നിറഞ്ഞിരുന്നു 
മസ്ലിയുടെ ഒരു തലയെടുത്ത് കണ്ണുകള്‍ തുടച്ചു എന്നിട്ട് ദൂരേക്ക് മിഴിനട്ട്
     "കടലിന്മേല്‍ ചാഞ്ഞകരിന്തെങ്ങിന്മ്മേല്‍ 
     കടന്നലുമുണ്ട് കടന്ന്ല്കൂടുണ്ട് 
    വെള്ളം'കുടിപ്പാനായ് ചെന്നന്കാക്ക 
    വെള്ളം'കുടിച്ചില്ല പെണ്ണിനെ'കണ്ടു 

    മുത്ത്‌ മുഖം'കണ്ടു മുദ്രയുകണ്ട് 
    മുത്തണം'എന്ന് മനസ്സില്‍കണ്ടു 
    കെട്ട്മുടി'കണ്ടു കെട്ടിടം കണ്ടു 
    കെട്ടണം എന്ന് മോഹവുമുണ്ട് "
അവര്‍ നീട്ടിനീട്ടി പാടിക്കൊണ്ടേയിരുന്നു ..........................
ഞാന്‍ ആ മടിയില്‍കിടന്ന് ഉറങ്ങിപ്പോയി .
അന്നുരാത്രി മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു ഒപ്പം നല്ല കാറ്റും മഴയും 
       നിലവിളിശബ്ദം കേട്ടാണ് ഞാന്‍ ഉറക്കമുണരുന്നത് നേരം വെളുത്തു 
ഉമ്മ കരയുന്നു മാമ കരയുന്നു ഇത്ത നിലവിളിക്കുന്നു നാട്ടുകാര്‍ ഓരോരുത്തരായി 
കടന്നുവരുന്നു കഥയറിയാതെ ഞാനും നിലവിളിച്ചു 
ഞാന്‍ ഓടി ഉമ്മുമ്മയുടെ മുറിയില്‍ ചെന്ന് നോക്കുമ്പോള്‍ 
വെള്ളത്തുണി പുതപ്പിച്ച്‌ ഒരാളെ കിടത്തിയിരിക്കുന്നു 
"ആരാ ഇത്താ  ആ കിടക്കുന്നത്"
"നമ്മുടെ ഉമ്മുമ്മ അല്ലാഹുവിന്റെ പക്കലായിപ്പോയി"
ഇത് പറഞ്ഞതും ഇത്ത കുറച്ചുകൂടി ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി 
ഞാന്‍ നിച്ചലനായി കുറേനേരം ചുറ്റും വീക്ഷിച്ചുനിന്നു എന്റെ കൂട്ടുകാര്‍ 
അവിടമാകെ ഓടിക്കളിക്കുന്നു ഞാന് അവരുടെപിന്നാലെകൂടി 
ഉമ്മുമ്മയുടെ കാലിന്റെ ഭാഗത്തും തലയുടെഭാഗത്തും അരി'അളക്കുന്ന നാഴിയില്‍ 
മണ്ണ് നിറച്ച് അതില്‍ കുത്തിവെച്ചിരിക്കുന്ന ചന്തനതിരികളില്‍ രണ്ടെണ്ണം എന്റെ ഒരു കൂട്ടുകാരന്‍ 
കൈക്കലാക്കി മറ്റുള്ളവര്‍ എടുക്കുന്നതിനു മുമ്പ് ഞാനും അതില്‍നിന്നും രണ്ടെണ്ണം'എടുത്ത്
അവരോടൊപ്പം വീടിനും'മുറികള്‍ക്കും'കസേരകള്‍ക്കും,ഉമ്മുമ്മകിടക്കുന്ന കട്ടിലിനും വലംവെക്കാന്‍ തുടങ്ങി 
        പള്ളിയില്‍ നിന്നും സന്തൂക്ക് കൊണ്ടുവന്നു അതില്‍ പൊതിഞ്ഞുകെട്ടിയ മയ്യിത്ത്‌ കയറ്റി 
        "ലായിലാഹ ഇല്ലള്ളാ......
       ലായിലാഹ ഇല്ലള്ളാ......."
എന്ന് ഒരേ താളത്തില്‍ ഏറ്റു'പറഞ്ഞ് ആളുകള്‍ അതിനെ അനുഗമിച്ചു 
അന്ന് വൈകുന്നേരത്തോട്കൂടി കാറ്റും,കോളും,മഴയും പൂര്‍വ്വാധികം ശക്തിയോടെ ആരംഭിച്ചു 
രാത്രി വീട്ടില്‍ ആളുകള്‍ കലപിലാ ശബ്ദംഉണ്ടാക്കുന്നു 
ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ദൂരെ ഇരുട്ടിലേക്ക് .............;ഉമ്മുമ്മയെ കട്ടിലില്‍ കയറ്റിക്കൊണ്ടു-
പോയിട്ട് തിരിച്ചു കൊണ്ട് വന്നില്ലല്ലോ; മലക്കുകളുടെ കഥ'പറഞ്ഞുതരുമെന്ന് ഉമ്മുമ്മ 
പറഞ്ഞതാണെല്ലോ ........;മഴത്തുള്ളികളുടെ കിലുക്കത്തില്‍ ഞാന്‍ ദൂരെനിന്നും 
ഉമ്മുമ്മ കടന്ന്‌'വരുന്നതും നോക്കി അരച്ചുമരില്‍ പിടിച്ച്..........
ഒരു കറുത്ത കുടയുപിടിച്ച് അന്നുരാത്രി ഉമ്മുമ്മ വന്നു!!!
മലക്കുകളുടെ പേടിപ്പിക്കുന്ന കഥകളും എന്നോട് പറഞ്ഞ്;
കുട അവിടെ ഉപേക്ഷിച്ച് പള്ളിപ്പറമ്പ് ലക്ഷ്യമാക്കി പെരുമഴയത്ത് നനഞ്ഞ്‌....നനഞ്ഞ്‌....
ഉമ്മുംമ്മ'യാത്രയായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...