2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

"പാഴ്നഗരം"


"പാഴ്നഗരം"




അന്ന് ഒരു കര്‍ക്കിടകത്തിലെ വാവ്
തന്റെ പിതാവിന്റെ ആഗ്രഹമായിരുന്നു
മരിച്ചാല്‍ തന്റെ ചിതാഭസ്മം ധനുഷ്ക്കോടിയില്‍ കൊണ്ടുപോയി നിമജ്ജനം ചെയ്യണം എന്നത്
ആ ആത്മാവിന്റെ ആഗ്രഹ സഫലീകരണ ഉദ്ദേശവുമായി ഞാന്‍ യാത്രയിലാണ്
നാടും നഗരവും കടന്ന് വണ്ടിയില്‍ യാത്ര തുടരുമ്പോഴും എന്റെ കണ്ണുകള്‍
കണ്ട് പഴകാത്ത തമിഴ്‌നാട്ടിന്റെ സൌന്ദര്യം ആവോളം ഒപ്പിയെടുത്തു
യാത്രയുടെ ഉദ്ദേശം എന്തുതന്നെയായാലും കണ്ണുകള്‍ എന്റെ ശരീരം വിട്ട് ചിറകുകള്‍ നേടി

രാമേശ്വരത്ത് നിന്നും ധനുഷ്ക്കോടിക്ക് ഇരുപതു കിലോമീറ്റര്‍ ദൂരമുണ്ട്
വഴിയില്‍ എവിടെ നോക്കിയാലും റോഡിനിരുവശവും പുല്ലുപോലും മുളക്കാത്ത വന്ധ്യമായ മണല്‍പ്പരപ്പ്
ഒരു മനുഷ്യ ജീവിയെയും ഏകദേശം പതിനഞ്ചോളം കിലോമീറ്റര്‍ ദൂരം മഷിയിട്ട് നോക്കിയിട്ടും കാണാന്‍ കഴിഞ്ഞില്ല
ഞങ്ങളുടെ മുന്നിലും പിന്നിലുമായി ഒരുപാട് വാഹനങ്ങള്‍ കടന്നു പോകുന്നതൊഴിച്ച്
വണ്ടിയുടെ ഗ്ലാസ്‌ തെല്ല് താഴ്ത്തിയാല്‍ കണ്ണുകളില്‍ നിമിക്ഷമാത്ര മണല്‍ വന്നു മൂടും
പക്ഷികളോ ഒരു പഴുതാരയോ ഒന്നുംതന്നെ യാത്രയില്‍ ദര്‍ശിക്കുകയുണ്ടായില്ല,
കാറ്റിന്റെ താളത്തിനനുസരിച്ച് നീങ്ങിമറയുന്ന മണല്‍ക്കുന്നുകള്‍ .

ധനുഷ്ക്കോടിയോട് അടുക്കുംന്തോറും ഏതോ പ്രേതനഗരത്തില്‍ അകപ്പെട്ട പ്രതീതി
അന്തമായ മണല്‍ത്തിട്ടയില്‍ അങ്ങിങ്ങ് മണല്‍ മൂടിക്കിടക്കുന്ന
ബോട്ടുകള്‍ ,തകര്‍ന്നടിഞ്ഞ ആശുപത്രി,പോസ്റ്റോഫീസ്, ക്രിസ്ത്യന്‍പള്ളി,വീടുകള്‍
താന്‍ സ്വപ്നം കാണുകയാണോ? ഇങ്ങനെയൊരു നഗരം!!!
പാഴടിഞ്ഞ പഴയകാല പ്രൌഡിയുടെ തിരുശേഷിപ്പുകള്‍
ധനുഷ്ക്കോടിയില്‍ സമുദ്ര സംഗമ സ്ഥാനത്തെത്തി
ഞാന്‍ നോക്കുമ്പോള്‍ ഇവിടെ ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ട്
പരമ ശാന്തമായ ബംഗാള്‍ സമുദ്രത്തിന്റെ നീലിമയാര്‍ന്ന തരളിത മേനിയില്‍
താണ്ഡവമാടി പ്രഹരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം
പൂഴിമണലില്‍ ഭൂതത്താന്‍ കൊട്ടാരം കെട്ടി തിരകള്‍ക്കായി കാത്തിരിക്കുന്ന കുട്ടികള്‍
മന്ത്രങ്ങള്‍ ഉച്ചരിക്കുന്ന കര്‍മ്മിക്കു മുഖാമുഖം നോക്കിയിരുന്ന് എള്ളും,പൂവുംദര്‍ഭ അണിഞ്ഞ കൈകളാല്‍
ഉരുട്ടിവെച്ച പിണ്ഡത്തിന്റെ മുകളിലേക്ക് അര്‍പ്പിക്കുമ്പോള്‍ ഓരോ മനസ്സും,ആത്മാക്കളും
സായൂജ്യം നേടിയിരുന്നോ ഉണ്ടായിരിക്കാം മണ്‍കുടത്തില്‍ നിറച്ച ചിതാഭസ്മവും വാഴയിലയില്‍ പിണ്ഡവും എടുത്ത്
അഗ്നിതീര്‍ത്ഥത്തിലേയ്ക്ക് ഇറങ്ങി ചിതാഭസ്മം നിമജ്ജനം ചെയ്തു
മൂന്നുപ്രാവശ്യം മുങ്ങി നിവരുമ്പോള്‍ മനസ്സ് ഒന്ന് ശാന്തമായി
തിരക്കില്‍ നിന്നും അല്‍പ്പം മാറി നിന്ന് ഞാന്‍ പാന്‍റ്സിന്റെ പോക്കറ്റില്‍ നിന്നും
ഒരു ഗോള്‍ഡ്‌ ഫ്ലാക്ക്‌ സിഗരറ്റ് എടുത്ത് തീ പിടിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ്
പരിസരം ശ്രദ്ധിക്കുന്നത് അനന്തമായ മണല്‍പ്പരപ്പില്‍ ഭാഗീകമായി തകര്‍ന്നടിഞ്ഞ ഒരു കൃസ്ത്യന്‍ദേവാലയം
അതിന്റെ ചുവരില്‍ ചാരി കാലുംനീട്ടി ഒരു വൃദ്ധന്‍ ഇരിക്കുന്നു ഞാന്‍ നടന്നു അദ്ദേഹത്തിന് അടുത്തേക്ക്ചെന്നു
ഉദ്ദേശം ഒരു എഴുപതിനോനടുത്ത പ്രായം വരും താടിയും,മുടിയും, മീശയുമെല്ലാം നരച്ചു ഒരു പഞ്ഞിക്കെട്ടുപോലെ
ജഡ'പിടിച്ചിരിക്കുന്നു എന്നെ കണ്ടതും അദ്ദേഹം എന്റെ നേരെ കൈനീട്ടി
ഞാന്‍ പോക്കറ്റില്‍ നിന്നും പരതി ചില നാനയതുട്ടും ചെറിയനോട്ടുകളും കൊടുത്തു
അത് വാങ്ങി തന്റെ മടിയില്‍ തിരുകി അയാള്‍ വീണ്ടും എന്റെ നേരെ കൈനീട്ടി
"മോനെ ഒരു സിഗരറ്റ് തരാമോ?"
ഞാന്‍ അയാളെ രൂക്ഷമായി നോക്കി ഉള്ളില്‍ ചിന്തിച്ചു ഭിക്ഷക്കാര്‍ക്കും സിഗരറ്റ് കൊടുക്കണം
മനസ്സില്ലാ മനസ്സോടെ ഒരെണ്ണം അയാള്‍ക്ക്‌ കൊടുത്തു
അത് വാങ്ങി ചുണ്ടില്‍ വെച്ചിട്ട് അയാളുടെ മടിയില്‍ നിന്നും തീപ്പെട്ടിയെടുത്തു സിഗരറ്റിനു തീ പിടിപ്പിച്ചു
അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ആലോചിക്കുന്നത് ഈ വിജനമായസ്ഥലത്ത് ഇയാള്‍ എങ്ങനെ എത്തി!!
അടുത്ത പ്രദേശങ്ങളിലൊന്നും ഒരു കുടില് പോലുമില്ല ആരെങ്കിലും കൊണ്ട് വന്നതാകുമോ
ഇതുപോലുള്ള സ്ഥലങ്ങളില്‍ ഭിക്ഷക്കാര്‍ ഉണ്ടാകും എന്നാലും അവരെ ആള്‍ക്കൂട്ടത്തിലല്ലേ കാണുക
എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ......ഉത്തരം തേടുകയായിരുന്നു
അനന്തതയില്‍ കണ്ണുംനട്ട് സിഗരറ്റില്‍ നിന്നും ഉയരുന്ന പുകയെനോക്കി അയാള്‍ ഇരിക്കുന്നു
"താങ്കള്‍ എവിടെയാണ് താമസിക്കുന്നത് "
എന്റെ ചോദ്യം കേട്ടിട്ടും അയാള്‍ മുഖത്ത് നോക്കാതെ സിഗരറ്റില്‍ നിന്നും ഉയരുന്ന പുകയെ നോക്കി ഉത്തരം പറഞ്ഞു
"ഇവിടെ; അല്ലാതെവിടെ? എന്റെ നാടിനെയും നാട്ടുകാരെയും വിട്ട് ഞാന്‍ എവിടെപ്പോകാന്‍"
ഞാന്‍ ചുറ്റുപാടും വീക്ഷിച്ചു അത്ഭുതത്തോടെ ചോദിച്ചു
"നാട്ടുകാരോ! അവരോക്കെയെവിടെ?"
"അതെ അവരൊക്കെ ഇവിടെയാണ്‌ ഉറങ്ങുന്നത്"
"അതിനു ഇവിടെ വീടുകള്‍ ഇല്ലല്ലോ"
"താങ്കള്‍ ഒന്നും കാണുന്നില്ലേ? ഈ മണ്ണില്‍ പാഴടിഞ്ഞു കിടക്കുന്ന വീടുകളും,മണ്ണില്‍ താഴ്ന്നു കിടക്കുന്ന വള്ളങ്ങളും,
ഞാനിരുന്നു പ്രാര്‍ഥിക്കുന്ന ഈ പള്ളിയും അവിടവിടെ വീണുകിടക്കുന്ന ആപ്പീസ് കെട്ടിടങ്ങളും ....."
"അതെ, കാണുന്നു പക്ഷെ ...."
ഞാന്‍ അയാളെ സൂക്ഷിച്ച് നോക്കി ഈ മണല്‍ക്കാട്ടിലും മനുഷ്യര്‍ വസിക്കുന്നോ?,ഇയാള്‍ക്ക് ഭ്രാന്തായിരിക്കുമോ?
"അതെ മാനവാ എനിക്ക് ഭ്രാന്താണ്"!!!
ഞാന്‍ മനസ്സില്‍ പറഞ്ഞത് ഇയാള എങ്ങനെ കേട്ടു ഞാന്‍ അയാളുടെ മുഖത്ത്തന്നെ നോക്കിനിന്നു


അയാള്‍ തുടര്‍ന്നു
"നിനക്ക് ഈ നഗരത്തെക്കുറിച്ച് അറിയണ്ടേ എന്നാല്‍ കേട്ടോളൂ
കുറച്ചു കാലങ്ങള്‍ക്കു മുമ്പ് അതായത് 1964-ല്‍ ഡിസംബര്‍ 22-23 തീയ്യതികളില്‍
മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍
ഇവിടത്തെ രണ്ടായിരത്തിനടുത്ത മനുഷ്യ ജീവനാണ് എന്നെന്നേക്കുമായി ഇല്ലാതായത്
ഒപ്പം ഒരുകാലത്ത് നിങ്ങള്‍ കടന്നുവന്ന പാമ്പന്‍ റെയില്‍വേ ബ്രിഡ്‌ജിനും
കടുത്ത നാശനഷ്ടങ്ങള്‍ പറ്റി ധനുഷ്ക്കോടി 653-നാം നമ്പര്‍ പാസഞ്ചര്‍ ഒന്നാകെ
കടലിലേക്ക് ചുഴറ്റിയെറിയപ്പെട്ടു കടല്‍ അടിച്ചുകയറ്റിയ പൂഴി നഗരത്തെ മൂടി
ഇന്ന് ഇതൊരു നഷ്ടനഗരമാണ് വിശന്നു വലഞ്ഞ കടല്‍ തന്റെ പട്ടിണി മാറ്റാന്‍
കവര്‍ന്നെടുത്ത നഗരം!; നൈമിഷികതയെക്കുറിച്ച് ഈ തീരത്തെത്തുന്നവര്‍ ഒരു നിമിക്ഷമെങ്കിലും
ചിന്തിക്കാതിരിക്കില്ല ഇവിടെ നിന്നും വെറും 29 കിലോമീറ്റര്‍ അകലെയാണ് ശ്രീലങ്കന്‍ തീരമായ 'തലൈമന്നാര്‍ '
അന്നൊക്കെ ഞങ്ങള്‍ മല്‍സ്യം പിടിക്കാന്‍ തലൈമന്നാര്‍ പോകുമായിരുന്നു അന്നൊന്നും
മുക്കുവന് അതിര്‍ത്തികള്‍ ഇല്ലായിരുന്നു ഇന്ന് കാലം മാറി"
അയാള്‍ നീട്ടി ഒരു നെടുവീര്‍പ്പിട്ടു
"എന്നിട്ട് നിങ്ങള്‍ എത്രപേര്‍ അന്ന് രക്ഷപ്പെട്ടു"
"അന്ന് ഈ പള്ളി അങ്കണത്തില്‍ എന്റെ വിവാഹമായിരുന്നു!
ഈ നാട്ടിലെ ഒരുപാട് ജനങ്ങള്‍ കൂടിയിരുന്നു അന്ന് മണവാട്ടിയുടെ വിരലില്‍ ഞാന്‍
വിവാഹമോതിരം അണിഞ്ഞ് മന്ദ്രകോടി കൊടുത്തു ചടങ്ങുകള്‍ അവസാനിക്കുമ്പോള്‍
കാറ്റിനും പൂഴിക്കും ഒപ്പം ആര്‍ത്തിരമ്പിവന്ന തിരകള്‍ ഞങ്ങളെ ഒന്നാകെ വിഴുങ്ങി
ഈ പള്ളിയുടെ കരിങ്കല്‍ തൂണുകള്‍ മറിഞ്ഞുവീണ് ഞാനും അവളും കൂടെ കുറെ ആളുകളും
ഇതിനുള്ളില്‍ പെട്ടു!; ആരും അവശേഷിച്ചിരുന്നില്ല ഞാനും!!!"
പെട്ടന്ന് എങ്ങുനിന്നോ കാറ്റ് വീശിയടിച്ചു അവിടമാകെ പൊടിക്കാറ്റിനാല്‍
ഒന്നും ദൃശ്യമായിരുന്നില്ല!!!
ഞാന്‍ എന്തൊക്കെയോ വീണ്ടും ചോദിച്ചു മറുപടി കിട്ടാതെ വന്നപ്പോള്‍
എന്റെ മേലാകെ ഒരു തരിപ്പ് പടര്‍ന്നു
എന്റെ ഡ്രൈവര്‍ എന്നെ തിരഞ്ഞ് എന്റെ അടുത്തെത്തി
"പോകാം സര്‍ ഇനി ഇവിടെ നില്‍ക്കാന്‍ പാടില്ല ഇവിടെ ഓരോ ചെറിയ കാറ്റിനെയും പേടിക്കണം
"ഞാന്‍ കുറച്ചുകൂടി കേള്‍ക്കട്ടേ അതിനു ശേഷം പോകാം"
"എന്ത് കേള്‍ക്കാന്‍"
ഈ അപ്പൂപ്പന്റെ കഥ'
"ഏത് അപ്പൂപ്പന്‍"
ഞാന്‍ തിരിഞ്ഞുനോക്കി അപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല വെറും ഇരുട്ട് മാത്രം!
"സര്‍ ഇതുപോലൊരു കാറ്റിലാണ് ഈ നഗരം ഈ നിലയിലായത്"
"അപ്പോള്‍ ഈ കഥ താങ്കള്‍ക്കു അറിയാമായിരുന്നോ"
"പിന്നില്ലാതെ ധനുഷ്ക്കോടിയെക്കുറിച്ച് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്"
"പക്ഷെ എനിക്ക് അറിയില്ലായിരുന്നു ഇപ്പോള്‍ അറിയാം!"
മടക്കത്തില്‍ രാമേശ്വരം എക്സ്പ്രസ്സ്‌ പാമ്പന്‍പാലം കടക്കുമ്പോള്‍ രാത്രി കണ്ണുകളില്‍
മഷി എഴുതിയിരുന്നു! ആ കണ്‍മഷി വീണു കടലിലെ വെള്ളം കറുത്തിരുന്നു!
എന്റെ മനസ്സിനൊപ്പം.......
ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങ് ദൂരെ തകര്‍ന്ന ദേവാലയത്തിലെ
ചുവരുകളില്‍ ഒരായിരം മെഴുകുതിരികള്‍ കത്തുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...