Wednesday, October 24, 2012

ഒരു ഹജ്ജിന്റെ ഓര്‍മ്മയ്ക്ക്‌ ഉംറയുടെയും


ഒരു ഹജ്ജിന്റെ ഓര്‍മ്മയ്ക്ക്‌ ഉംറയുടെയും


ഇബ്രാഹീം നബിയോട് (അ:) (അബ്രഹാം) അല്ലാഹു പറഞ്ഞു
"എന്റെ ഖലീലേ (കൂട്ടുകാരാ,പ്രിയപ്പെട്ടവനേ) ഈ മക്കാമരുഭൂമിയില്‍ നിന്റെ മകന്‍ ഇസ്മായീലിനെയും കൂട്ടി ലോക ജനതക്കായി
ഒരു ആരാധനാലയം പണിയുക"
ഇബ്രാഹീം നബിയും (അ:) മകന്‍ ഇസ്മായീല്‍ നബിയും (അ:) ചേര്‍ന്ന്
അങ്ങനെ കഹ്ബ നിര്‍മിച്ചു


അടുത്തപടി അല്ലാഹു ഇബ്രാഹീമിനോട് (അ:) പറഞ്ഞു
"ഖലീലെ നീ ആ കാണുന്ന മലയുടെ മുകളില്‍ കയറിനിന്ന് ആളുകളെ വിളിക്കുക തീര്‍ഥാടനത്തിന് നിങ്ങളുടെ
വാഹനങ്ങളിലേറിയും,കാല്‍നടയായും ഇവിടേയ്ക്ക് പുറപ്പെട്ട് വരാന്‍"
ഇതുകേട്ട് ഇബ്രാഹീം
"കാരുണ്യവാനായ സൃഷ്ടാവേ ഈ മരുഭൂമിയില്‍ ഈ മലയുടെ പുറത്തു നിന്നും ഞാന്‍ വിളിച്ചാല്‍
ആരാണ് കേള്‍ക്കുക ഇവിടെ ചുറ്റുവട്ടത്ത് ആരുമില്ലല്ലോ?!!!"
"നീ വിളിക്കുക ഇവിടെ ആളുകളെ എത്തിക്കുക എന്റെ ജോലിയാണ്"
അങ്ങനെ ദൈവകല്‍പ്പനപോലെ അബ്രഹാം വിളിച്ചുപറഞ്ഞു .......
"ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്
ലബ്ബയ്ക്കലാ ശരീക്കലക്ക ലബ്ബയ്ക്ക്
ഇന്നാല്‍ ഹംദ വ-നിഹ്മത്ത
ലാ ശരീക്കലക്ക്"
"പ്രപഞ്ചനാഥാ........കരുണാനിധിയേ.....നിന്റെ വിളികേട്ട് ഞങ്ങള്‍ ഇതാ.......
തീര്‍ഥാടനത്തിന് പുറപ്പെട്ട് വരുന്നു ഞങ്ങളുടെ പാഥേയം നീ തന്ന അനുഗ്രഹമാണ്
നിച്ചയമായും സര്‍വ്വ സ്തുതിയും നിനക്കാണ്"
ഇങ്ങനെ വിളിച്ചു പറയുമ്പോള്‍ എന്റെ മനസ്സും ശരീരവും ഭാരമില്ലാത്ത ഒരു അബാബീല്‍ (ചെറു കുരുവി) കിളിയുടെ
അവസ്ഥയാണ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിര്‍വൃതി ഒരു മുസ്ലിമിന് ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹം
ഏതെന്നു ചോദിച്ചാല്‍ അത് ഒരിക്കലെങ്കിലും ആ മഹനീയ ഭൂമിയില്‍ പോയി ഹജ്ജ്‌ ചെയ്യുക എന്നതായിരിക്കും
ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിലാണ് ഞാന്‍
മക്കയിലെത്തി ആദ്യമായി ആ മഹനീയ മന്ദിരത്തെ കണ്‍പാര്‍ത്തതും എന്റെ ശബ്ദം തെല്ല് ഉച്ചത്തിലായി
"ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്
ലബ്ബയ്ക്കലാ ശരീക്കലക്ക ലബ്ബയ്ക്ക്.........
അവിടെ ഞാന്‍ ഒരു ഉടുമുണ്ടും, തോളിലൂടി ചുറ്റിയിട്ട മേല്‍മുണ്ടും
മാത്രമായി ഈ ലോകത്തില്‍ ഒന്നും തന്നെ എന്നെ അധിശയിപ്പിക്കുന്നില്ല, ആര്‍ത്തി പിടിപ്പിക്കുന്നുമില്ല
ഞാന്‍ ഇപ്പോള്‍ അവിടത്തെ തിരുസന്നിധിയില്‍ .....
ഇബ്രാഹീം നബി(അ:) മുതല്‍ മുഹമ്മദ്‌ നബി (സ:) വരെ പ്രതിക്ഷിണംവെച്ച തൊട്ടുരുമ്മിയ
ഈ കഹുബയുടെ കില്ലപിടിച്ച് പൊട്ടിക്കരഞ്ഞ് എന്റെ പാപഭാരം ഇറക്കിവെച്ച് ഞാന്‍ ഹറമിനെ-
തവാഫ് (പ്രതിക്ഷിണം) ചെയ്യുമ്പോള്‍ ഹജറില്‍അസ്വദിന്റെ അല്‍പ്പം വലത്തോട്ട് മാറി
മക്കാമിന്‍ ഇബ്രാഹീം (ഇബ്രാഹീം നബിയുടെ പാദം പതിഞ്ഞ സ്ഥലം) ഞാന്‍ ഓടിച്ചെന്ന് പിടിക്കുമ്പോള്‍
ഒരു അറബി ആകാശത്തേക്ക് തന്റെ വലതുകൈയുടെ ചൂണ്ടുവിരല്‍ ആകാശത്തിലേക്ക് ചൂണ്ടി
"അല്ലാഹു അക്ബര്‍ (ദൈവമാണ് വലിയവന്‍ )"
എന്ന് പറഞ്ഞ് എന്നെ താക്കീത് ചെയ്യുന്നു തുടര്‍ന്ന് അദ്ദേഹം പറഞ്ഞു
"ആരാധന ദൈവത്തിന് മാത്രമേ പാടുള്ളൂ "
അതെ ...ഇവിടെ മനുഷ്യന്‍ മനുഷ്യനെ ആരാധിക്കുന്നില്ല ...........മറ്റൊന്നിനേയും.
ഒന്നിലും അവന്‍ ദൈവ ചൈതന്യത്തെക്കാണുന്നില്ല പക്ഷേ................
അവനെ ഒരു പ്രകാശ വലയത്തിലാക്കി ജഗനിയന്താവ് അവന്റെ പ്രകാശത്തിലൂടെ
നേര്‍വഴിക്ക് കൈപിടിച്ച് നടത്തുന്നു ....ആ കൈകളില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍
ഏഴ് പ്രാവശ്യം കഹുബയെ വലംവെച്ച് അടുത്തപടി "സഫ-മര്‍വ്വ" (രണ്ട് മലകള്‍ അതിന്റെ പേരാണ്)യിലേക്കുള്ള
നടത്തമാണ് ഇടയ്ക്കു ചെറുതായി ഓട്ടവും ഇസ്മായിലിനേയും (അ:) ഹാജറയെയും (റ) (ഹാജര്‍ )
മരുഭൂമിയില്‍ ഉപേക്ഷിച്ച് ഇബ്രാഹീം തിരിഞ്ഞു നടക്കുമ്പോള്‍ ഹാജറ ചോദിച്ചു
"അങ്ങ് പോകുകയാണോ?"
"അതെ, ഹാജറ"
"ഈ കുഞ്ഞിനേയും കൊണ്ട് ഈ മണല്‍ക്കാട്ടില്‍ ഒറ്റയ്ക്ക് ....ഞാന്‍ എങ്ങനെ ജീവിക്കും
ഈ ചുട്ടുപൊള്ളുന്ന ചൂടില്‍ ഞങ്ങള്‍ എങ്ങനെ വിശപ്പും ദാഹവും മാറ്റും"
"ഹാജറാ ഇത് ദൈവത്തിന്റെ നിച്ചയമാണ് .....നോക്കിക്കൊള്ളും അവന്‍ നിങ്ങളെ"
തിരിഞ്ഞുനോക്കാതെ ദൈവകല്പ്പന പ്രകാരം ഇബ്രാഹീം മുന്നോട്ടു നടന്നു.........


കുട്ടി വിശന്നു കരയുമ്പോള്‍ ഈ "സഫ-മര്‍വ്വ" മലകളില്‍ കയറിയാണ് ഹാജറ (റ:)
വല്ല മനുഷ്യരുമുണ്ടോ? അടുത്തെങ്ങാനും കുടിക്കാന്‍ അല്‍പ്പം വെള്ളം കിട്ടുമോ? എന്ന് അന്വേക്ഷിച്ചത്
അങ്ങനെ അന്വേഷിച്ച് ആ പാറമാലകളില്‍ വലിഞ്ഞ് കയറിയതും എന്റെ മനസ്സിലേക്ക് ഓടിയെത്തി
ആ മലകളിലെ കല്ലുകള്‍ എല്ലാം ഇപ്പോള്‍ മിനുക്കി പോളീഷ് ചെയ്തു വെച്ചിരിക്കുകയാണ് ഇപ്പോള്‍
ഇന്ന് ആ മലകളിലേക്കുള്ള കയറ്റവും ശീതീകരിച്ച മുറിയില്‍ ക്കൂടിയാണ് സഫയും മര്വയും കഴിഞ്ഞാല്‍
അടുത്തപടി മതിയാകുവോളം സംസം വെള്ളം കുടിക്കുക ...
ഇസ്മായിലിന്റെ (അ:) പാദം ഉണര്‍ത്തിയ സംസം അതിന്റെ പങ്കും പറ്റി തല മുണ്ഡനം ചെയ്തു ഉംറ എന്ന
ചടങ്ങ് നിര്‍വ്വഹിച്ചു


മുഹര്‍റം എട്ടിന് മീനായിലെത്തി ഒരു രാവ് അവിടെ രാപ്പാര്‍ത്ത് അടുത്തദിവസം സൂര്യോദയത്തോടെ
അറഫയിലേക്ക് പുറപ്പെട്ടു പ്രവാചക ശിരോമണി മുഹമ്മദ്‌ നബി (സ:) സഹാബാക്കളെ അഭിസംബോധനചെയ്തു
സംസാരിച്ച ആ ഓര്‍മ്മ പുതുക്കി എല്ലാ ഹാജിമാരും അവിടെ ഒരുമിച്ചുകൂടി പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവുമായി
(അറഫയില്‍ എല്ലാ കൊല്ലവും ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ അതിനെ നമ്മള്‍ മനുഷ്യര്‍ എങ്ങനെ നോക്കിക്കാണുന്നു
ശാസ്ത്രം, , ബിസ്നെസ്സ് ...,
മാനവരാശിയുടെ നന്മക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന തുടങ്ങിയെല്ലാം മക്കാ ഇമാമിന്റെ പ്രസംഗത്തില്‍ ഉണ്ടാകും)
അന്ന് സൂര്യന്‍ അസ്തമിക്കുന്നതോടെ മുസ്തലിഫയിലേക്ക് പുറപ്പെടുന്നു
അവിടെ അന്നുരാത്രി മുഴുവന്‍ പ്രാര്‍ഥനയില്‍ മുഴുകി പുലരുമ്പോള്‍ അവിടെനിന്നും 70 ചെറിയ കല്ലുകള്‍
ശേഖരിച്ച് മീനയിലേക്ക് പുറപ്പെടുന്നു അവിടെ ജമ്രയിലുള്ള വലിയ ചെകുത്താന്റെ പ്രതീകത്തില്‍
ഏഴ് കല്ലുകള്‍ എടുത്തു ഓരോന്നുവീതം അല്ലാഹു അക്ബര്‍ (ദൈവം ഉന്നതനും മഹാനുമാണ്) എന്ന് പറഞ്ഞ്
എറിയുന്നു .....തന്റെ മകന്‍ ഇസ്മായിലിനെ (അ:)ദൈവത്തിന്റെ നിച്ചയപ്രകാരം ബലികൊടുക്കാന്‍
ഇബ്രാഹീം (അ:) കൊണ്ടുവരുമ്പോള്‍ ചെകുത്താന്‍ പ്രത്യക്ഷപ്പെട്ട്
"എന്താ ഇബ്രാഹീമേ ...താന്‍ കാണിക്കുന്നത് കിട്ടാതെ കിട്ടിയ മകനെ വെറും ഒരു സ്വപ്നം കണ്ട കാരണത്താല്‍
ബലികൊടുക്കുകയോ?"
എന്ന് ചോദിക്കുമ്പോള്‍ ചെകുത്താനെ ഇബ്രാഹീം
ഏഴ് ഏറുകള്‍ കൊടുക്കുന്നതിന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഓരോ ഹാജിമാരും
ആ ചെകുത്താന്റെ പ്രതിരൂപത്തില്‍ ഏഴ് ഏറുകള്‍ കൊടുക്കുന്നു


അവിടത്തെ കാറ്റിനും
ഇബ്രാഹിമീന്റെയും (അ:) മകന്‍ ഇസ്മായിലിന്റെയും (അ:) കഥകളെ പറയാനുള്ളൂ
ആ ചടങ്ങ് കഴിഞ്ഞ് വരുന്ന ഓരോ ഹാജിമാരും ഓരോ ആടിനെ വീതം ബലിനല്കുന്നു
ഇസ്മായില്‍ നബിയെ (അ:) ഇബ്രാഹീം നബിക്ക് (അ:) തിരിച്ചു അല്ലാഹു നല്‍കിയ സ്മരണയില്‍ .

ഹാജിമാര്‍ അവിടെ തങ്ങളുടെ ശിരസ്സ്‌ മുണ്ഡനം ചെയ്തു കുളിച്ച് അതുവരെ താന്‍ അണിഞ്ഞ
വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടുത്ത വസ്ത്രം ധരിച്ച് മക്കയിലേക്ക് പുറപ്പെടുന്നു ഏഴുപ്രാവശ്യം കഹുബയെ
തവാഫ്'ചെയ്തു സഫയുടെയും മര്വയുടെയും ഇടയില്‍ ഏഴുപ്രാവശ്യം നടന്ന്‍
ദാഹം തീരുവോളം സംസം വെള്ളം കുടിച്ച് വീണ്ടും മീനയിലേക്ക് പുറപ്പെടുന്നു
അന്നുരാത്രി അവിടെ രാപ്പാര്‍ത്ത് അടുത്ത ദിവസം ഉച്ചക്ക് ചെകുത്താന്റെ മൂന്നു പ്രതിരൂപങ്ങളില്‍
ഏഴുപ്രാവശ്യം വീതം കല്ലെറിയുന്നു ......അതിനു അടുത്ത ദിവസവും അതേ ചടങ്ങ് ആവര്‍ത്തിക്കുന്നു
അതുകഴിഞ്ഞ് അത്യാവശ്യമുള്ളവര്‍ക്ക് തിരിച്ച് പോകാം അല്ലാത്തവര്‍ക്ക് ഒരുദിവസംകൂടി തങ്ങി
അടുത്തദിവസം അതേ ചടങ്ങ് ആവര്‍ത്തിക്കണം അതിനുശേഷം മക്കയില്‍ പോയി
വിടവാങ്ങല്‍ തവാഫ് ചെയ്തു തിരിച്ചുപോകാം (മദീനയില്‍ പ്രവാചകന്റെ കബറിടം കാണാന്‍ പോകുന്നവര്‍ക്ക്
പോകാം അത് ഹജ്ജിന്റെ ചടങ്ങില്‍ പെടുന്നില്ല)
അങ്ങനെ വിടവാങ്ങല്‍ തവാഫ് ചെയ്യുമ്പോള്‍ എന്റെ ശരീരം ഭാരമില്ലാത്ത ഒരു പഞ്ഞിക്കെട്ട്പോലെ
മനസ്സ് ഒരായിരം പുണ്യങ്ങള്‍ കവര്‍ന്നെടുത്തത് പോലെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രയില്‍
എന്റെ മനസ്സ് കഹുബക്ക് ചുറ്റും പ്രതിക്ഷിണം വെച്ചുകൊണ്ടിരുന്നു
ഇന്നും ഓരോ ഹജ്ജുകാലവും ആ ഭക്തിയുടെ ഉറവിടമായ മക്കയിലും,മദീനയിലും,മീനയിലും,
അറഫയിലും, മുസ്തലിഫയിലും, പ്രതിക്ഷിണം വെച്ച് മടങ്ങും.


"എന്റെ എല്ലാ കൂട്ടുകാര്‍ക്കും സര്‍വ്വമാനവരാശിക്കും എന്റെയും കുടുംബത്തിന്റെയും ബക്രീദ് ആശംസകള്‍ "
നോട്ട്: ഈ ലേഖനത്തില്‍ വന്നിട്ടുള്ള എല്ലാ തെറ്റുകളും കുറ്റങ്ങളും അല്ലാഹു പൊറുത്ത് തരട്ടെ
വല്ല തെറ്റും കണ്ടാല്‍ പ്രിയ വായനക്കാര്‍ തിരുത്തിത്തരും എന്ന് ഞാന്‍ വിശ്വസിക്കട്ടെ.

No comments:

Post a Comment

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...