2013, ജനുവരി 2, ബുധനാഴ്‌ച

പകലറിയാതെ

പകലറിയാതെ


ഗൂഡല്ലൂര്‍ നിന്നും വണ്ടി കയറ്റം കയറുമ്പോള്‍
വലത്തോട്ട് നീലഗിരി നേരെ ഊട്ടി ചൂണ്ടുപലക വഴിയറിയിച്ചു
ഞാന്‍ അവളുടെ മുഖത്തുനോക്കി ആഗ്യരൂപത്തില്‍ ചൂണ്ടുപലകയിലേക്ക് മിഴികള്‍ പായിച്ച്
അവളുടെ ശ്രദ്ധക്ഷണിച്ചു
എന്റെ ചുമലിലേക്ക് ചാഞ്ഞ് അവള്‍ സ്റ്റിയറിങ്ങില്‍ ഇരുന്ന എന്റെ കയ്യില്‍ പതിയെ തലോടി.....
"എങ്ങോട്ട് പോകണം എന്നത് നിനക്ക് തീരുമാനിക്കാം"
"യൂക്കാലിപ്സ് മരങ്ങളുടെ താഴ്വരയായ നീലഗിരി? അതോ തണുപ്പിനെ പുതച്ച് കണ്ണുകളില്‍ മയക്കം നടിക്കുന്ന തടാകങ്ങളുടെ, നീലക്കുറിഞ്ഞിയുടെ, പൂക്കളുടെ നഗരമായ ഊട്ടി?"
എന്റെ കയ്യില്‍നിന്നും അവളുടെ കൈകള്‍ സ്വതന്ത്രമാക്കി എന്റെ മുഖത്തില്‍ ചേര്‍ത്ത് പിടിച്ച്
തെരുതെരെ ചുംബനം ചൊരിഞ്ഞ് തല എന്റെ ചുമലില്‍ ചേര്‍ത്ത് എന്റെ കാതില്‍ മെല്ലെ പറഞ്ഞു
"എല്ലാം നിന്റെ ഇഷ്ടം എനിക്ക് മാത്രമായി ഒന്നുമില്ല ഈ വണ്ടിയെ എവിടെയും നിര്‍ത്താതെ
മലനിരകള്‍ കടന്ന്, അരുവികള്‍ കടന്ന്, പുഴകള്‍ കടന്ന് ഇങ്ങനെ പോകട്ടെ ഒരേ ഒരു നിര്‍ബന്ധമേയുള്ളൂ ഒപ്പം നീയും ഉണ്ടായിരിക്കണം"
"ജീവിതം ഒന്നേയുള്ളൂ ബന്ധങ്ങളെയും, മനോവേദനകളെയും കൂട്ടുപിടിച്ച് കരഞ്ഞും, കരയിച്ചും
തീര്‍ക്കാനുള്ളതല്ല"
"ഞാനും അതൊന്നും ഇപ്പോള്‍ ഓര്‍ക്കുന്നില്ല ഈ യാത്രയില്‍ ലോകം അങ്ങ് അവസാനിച്ചിരുന്നെങ്കില്‍
എന്ന് ഞാന്‍ ആശിക്കുകയാണ്"
വണ്ടി ശ്വാസം വലിച്ച്....വലിച്ച് .....ഓരോ ഹെയര്‍പിന്‍ വളവുകളും കടന്ന് മുന്നോട്ട് പോകുമ്പോഴും, തുറന്നിട്ട ഗ്ലാസ്സില്‍ക്കൂടി കടന്നുവരുന്ന മന്ദമാരുതന്‍ അവളുടെ കുറുനിരകളില്‍ ഊഞ്ഞാല് കെട്ടി. അത് പാറിപ്പറന്ന് അവിടമാകെ സണ്‍സില്‍ക്കിന്റെ പരിമളം പരത്തി എന്റെ മുഖത്ത് ഒരു പ്രത്യേക താളത്തില്‍ സ്പര്‍ശനം ഏല്‍പ്പിച്ചു
ചെറുതായി ചരിഞ്ഞ് ഞാന്‍ എന്റെ ചുമലില്‍ ആശ്രയംകണ്ടിരുന്ന അവളുടെ മുഖത്തെ ഒരു കൈകൊണ്ടു അടുപ്പിച്ച് നെറ്റിയില്‍ ചുംബനങ്ങള്‍ നല്‍കാന്‍ മറന്നില്ല
വല്ലാത്തൊരു നിര്‍വൃതി, ആനന്ദം തണുപ്പിനെ പുണര്‍ന്ന് കാറ്റിന്റെ സംഗീതത്തിനൊത്ത് തന്റെ മേനി
മുഴുവന്‍ ചലിപ്പിച്ച് കാറ്റാടി മരങ്ങളും യൂക്കാലിപ്സ് മരങ്ങളും ഞങ്ങളുടെ വരവിനെ സ്വാഗതം ചെയ്തു
വണ്ടി കടന്നുവന്ന മലനിരകള്‍ക്കു താഴെ കട്ടപിടിച്ച കോടമഞ്ഞ് താഴേക്കു കണ്ണുകള്‍ പായിച്ച അവള്‍
"ഹോ ....എന്തോരം കാര്‍മേഘങ്ങള്‍ നമുക്കുതാഴെ; ഇത്രയും ഉയരങ്ങള്‍ താണ്ടിയാണ് നമ്മുടെ വണ്ടി
കടന്നുവന്നത് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല"
"അതെ, താഴെനോക്കിയാല്‍ ഭീതിയാകും ഇനി ഒരിക്കലും ആ താഴ്ചയിലേക്ക് തിരിച്ചുപോകാന്‍ എന്റെ
മനസ്സ് അനുവദിക്കുന്നില്ല; ഈ ഉയര്‍ന്ന കുന്നുകള്‍ ഒന്നൊന്നായി കീഴടക്കി സമതലത്തില്‍ എത്തണം
മഞ്ഞും, മേഘങ്ങളും, തണുപ്പും പുതച്ച് പരസ്പരം നെഞ്ചിലെ ചൂടേറ്റ് ശൂന്യതയില്‍ അലിഞ്ഞ് ചേരണം"
അവള്‍ വണ്ടി നിര്‍ത്താന്‍ എന്നോട് ആവശ്യപ്പെട്ടു ഒഴിഞ്ഞ പാതയോരത്ത്
വണ്ടി നിര്‍ത്തി അവളുടെ കണ്ണുകള്‍ തണുപ്പിലും നന്നായി പ്രകാശിച്ചിരുന്നു. ഈ കണ്ണുകള്‍ ആയിരുന്നില്ലേ എന്നെ ഇവളിലേക്ക് അടുപ്പിച്ചത് എന്റെ നോട്ടത്തെ അവള്‍
വാക്കുകള്‍കൊണ്ട് ഭേദിച്ചു
"എന്താ ഇങ്ങനെ നോക്കുന്നത്"
"നിന്റെ കണ്ണുകളുടെ തിളക്കം, അതില്‍ രണ്ടു സമുദ്രങ്ങള്‍ ഈ സമുദ്രത്തില്‍ നിന്നും ഒരുപാട് തണുത്ത
ജലം കോരിയെടുത്ത് എനിക്ക് ദാഹം തീരുവോളം കുടിക്കണം"
"ഉം...., കള്ളന്‍, എന്നെ വീഴ്ത്തിയ പഞ്ചാരപുരട്ടിയ സാഹിത്യം'
"അതിന് നീയും മോശമായിരുന്നില്ല എന്റെ കണ്ണുകളെ കുറിച്ച് ഒരിക്കല്‍ എഴുതിയില്ലേ ......അതിനും
ഒരുപാട് മുമ്പേ..........ഈ സ്നേഹം തുളുമ്പുന്ന നിന്റെ ഹൃദയം സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു"
"എന്റെ ചെറിയ ...ചെറിയ വട്ട് രചനകള്‍ സോഷ്യല്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍
അതിനൊക്കെ നീ നല്‍കിയിരുന്ന പ്രോത്സാഹനങ്ങള്‍ അങ്ങനെ ....അങ്ങനെ നിന്നെ ഞാനും
ശ്രദ്ധിച്ചിരുന്നു"
നമ്മുടെ കൂട്ടുകാരില്‍ ആര്‍ക്കും തിച്ചറിയാന്‍ കഴിയാതിരുന്ന നിന്റെ വരാല്‍മീന്‍പോലെ തെന്നി..
തെന്നിയുള്ള ഒഴിഞ്ഞ്മാറ്റം എന്നെ പലപ്പോഴും നിരാശയില്‍ കൊണ്ടെത്തിച്ചിരുന്നു"
"പ്രണയം ഒരു അനുഭൂതിയാണ് ഇണയെ തന്നിലേക്ക് അടുപ്പിക്കാനുള്ള സൂത്രപ്പണി അതിനിടയില്‍
കൂട്ടുകാരുടെ കടന്നുകയറ്റം അസഹ്യമായിരുന്നു എന്നും ഞാന്‍ ഏകാന്തതയാണ് ഇഷ്ടപ്പെട്ടത്
അവിടെ എന്നെപ്പോലെ ഏകാന്തതയുടെ കൂട്ടിരിപ്പ്കാരനായ ഒരു സുഹൃത്ത്‌ അതാണ്‌ ഞാന്‍ നിന്നില്‍ കണ്ടത്"
"അവിടെനിന്നും പ്രണയത്തിലേക്കുള്ള പരകായ പ്രവേശം നിന്റെ ധൈര്യവും, സ്നേഹവും എന്നെ അത്ഭുതപ്പെടുതുകയായിരുന്നു"
സൂര്യന്‍ അങ്ങ് താഴെ സമതലവും കടന്ന് മഞ്ഞുപാളികള്‍ക്കിടയില്‍ പായ്‌വിരിച്ചു നിര്‍ത്തിയിട്ട വണ്ടിയില്‍ പാര്‍ക്ക്‌ലൈറ്റ്‌ മഞ്ഞവെളിച്ചം തൂകി മുന്നോട്ടു ഞരങ്ങിയും പിന്നോട്ട് പാഞ്ഞും
കടന്നുപോകുന്ന വണ്ടികളില്‍നിന്നും ഇടയ്ക്കിടെ ഡ്രൈവര്‍മാരുടെ പാട്ടും
യാത്രക്കാരുടെ കലമ്പിച്ച ശബ്ദങ്ങളും ഞങ്ങളുടെ പ്രണയ സാഗരത്തിന്റെ തിരകള്‍ മുറിക്കാന്‍ കഴിയാത്ത നിരാശയില്‍ ചിഹ്നം വിളിച്ച് കടന്നുപോകുന്നു
"ഇരുട്ട് കട്ടപിടിക്കുന്നു എന്തിനാണ് നമ്മള്‍ ഈ വിജനതയില്‍ ............വണ്ടി മുന്നോട്ടു പോകരുതോ?"
അവളെ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തണച്ച് ചോദിച്ചു
"വേണ്ട, ഈ രാത്രി മലനിരകളില്‍ മഞ്ഞിന്റെ കൂടാരത്തില്‍ പുലരുവോളം ഉറങ്ങാതെ നിന്നെനോക്കി
നിന്റെ കരവലയതിന്റെ സുരക്ഷയില്‍ പേടിയില്ലാതെ ..............ഇങ്ങനെ......"
"പ്രണയം ഭ്രാന്താണോ?"
"അതെ....!"
"എത്രത്തോളം"
"ഈ കുന്നുകളോളം"
"അപ്പോള്‍ .....നമ്മള്‍ ...."
"അതെ.....ഭ്രാന്തനും.....ഭ്രാന്തിയും.... ഹ....ഹ...ഹ... നമുക്ക് രാത്രിയെ ഭയമില്ല, ഇരുട്ടിനെ ഭയമില്ല
തണുപ്പിനെ പേടിയില്ല ലോകത്തിലെ എല്ലാ പ്രതിബന്ധനങ്ങളും നമുക്ക് ഒന്നുമല്ല, നമ്മള്‍
സ്വതന്ത്രരാണ്"
നിര്‍വചിക്കാന്‍കഴിയാത്ത അനുഭൂതി അവളുടെ കണ്ണുകളില്‍ ഞാന്‍ ദര്‍ശിച്ചു
പ്രണയത്തിന്റെ മൊഴിമുത്തുകള്‍ ഇത്രത്തോളം ഹൃദിസ്ഥമാക്കിയ അനുരാഗത്തിന്റെ ദേവതയോ ....
ആരാണ് ഇവള്‍ !!!
ഞാന്‍ ഉത്തരം തെടുകയല്ല അനുഭവിക്കുകയായിരുന്നു.


"ആരോ ഒരുക്കിയ അഗ്നികുന്ധങ്ങളില്‍ സാക്ഷിയായി അനേകരെ നിരത്തി നിര്‍ത്തി
എഴുതിവെച്ച പുസ്തകത്താളുകളിലെ മന്ത്രങ്ങള്‍ ചരടില്‍ കോര്‍ത്ത്‌ മരണം വരെ നിന്നെ ...അവനെ ..
സഹിച്ച്കൊള്ളാം എന്ന് കനത്ത പുസ്തകത്തില്‍ കയ്യൊപ്പിട്ട് അടഞ്ഞ മുറികളില്‍ കാമം
കരഞ്ഞ്തീര്‍ത്തു കണ്ണീരുകുടിച്ച് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമ്പര നിലനിര്‍ത്താന്‍ രാത്രിയും, പകലും
നെട്ടോട്ടമോടി വിയര്‍ത്ത്, കരിപിടിച്ച് അവസാനിപ്പിക്കാന്‍ മനസ്സില്ലാത്ത ഞാനും.....നീയും,
ചന്ദ്രികേ...."
"ഉം,"
"നമുക്ക് ലക്ഷ്യങ്ങളില്ല നേരം, ഇരുട്ടട്ടെ ....വെളുക്കട്ടെ ...ഈ കുന്നുകളും, മരങ്ങളും, എല്ലാം
നശിക്കട്ടെ ...പ്രണയത്തിനു ചിറകുകള്‍ മുളച്ച്, വരുന്ന പ്രഭാതം ജാതിയും, മതവുമില്ലാത്ത
മതില്‍ക്കെട്ടുകള്‍ ഇല്ലാത്ത കടമയും, കടപ്പാടുകളും ഇല്ലാത്ത ഒരു ലോകത്തിലേക്ക്‌ പുലര്‍ന്നെങ്കില്‍..."
"ഡാ....., നമ്മള്‍ താമസിച്ചുപോയോ?"
"എന്തിനു!"
"ഈ വഴി തിരഞ്ഞെടുക്കാന്‍"
"ഇരുട്ട് ഇനിയും ബാക്കിയുണ്ട്"
"നമ്മള്‍ യാത്ര തുടരുകയല്ലേ?"
"അതെ, നമുക്ക് പോകാം .....പുതിയൊരു പുലരിയിലേക്ക്"
ഒരുമാത്ര ഞങ്ങള്‍ ഇരുട്ടിലേക്ക് കൈപിടിച്ച് കടന്നിറങ്ങി
ദേഹങ്ങള്‍ തണുപ്പിനെ മറികന്നു ഇലകളില്‍ പറ്റിയിരുന്ന മഞ്ഞുത്തുള്ളികള്‍
തണുപ്പിന് പകരം ചൂടുപകര്‍ന്നു
കാറ്റാടിമരത്തിന്റെ ചില്ലയില്‍ ഇണക്കുരുവികള്‍ ഒളികണ്ണിട്ട് ഉറക്കച്ചടവോടെ ഞങ്ങളെ നോക്കി!
ആരാണ് ഇവര്‍ ആരും കടന്നുവരാത്ത ഈ താഴ്വരയില്‍ രാത്രിയെ പേടിയില്ലാതെ
ഞങ്ങളെപ്പോലെ......................................
കുന്നും മലകളും താഴ്വരകളും കടന്ന് പരസ്പരം കൈപിടിച്ച് പ്രണയത്തിന്റെ
മഹാസാഗരം തേടി ചന്ദ്രികയും................ഞാനും,
പിന്നെ ഇരുട്ടുമാത്രം....!!!
വെളിച്ചം സൂര്യനൊപ്പം അടുത്ത പ്രഭാതത്തില്‍ മലനിരകളില്‍ ഉറക്കമുണര്‍ന്നു
ഇതൊന്നുമറിയാതെ.

1 അഭിപ്രായം:

  1. നല്ല സുന്ദരമായ കഥ .................
    നല്ല ചിത്രങ്ങള്‍ മനസ്സില്‍ ഉണ്ടാക്കുന്നു
    സ്നേഹാശംസകളോടെ @ punyavaalan

    മറുപടിഇല്ലാതാക്കൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...