2013, ജനുവരി 8, ചൊവ്വാഴ്ച

"ഓത്ത്പള്ളീല്‍ അന്ന് നമ്മള്‍ ......."

"ഓത്ത്പള്ളീല്‍ അന്ന് നമ്മള്‍ ......."



"അസ്സലാത്ത് ഹൈറും മിന -നൌമും
അസ്സലാത്ത് ഹൈറും മിന -നൌമും
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
ലാഇലാഹ ഇല്ലള്ളാഹ്"
പള്ളിയില്‍ സുബഹി ബാങ്ക് കൊടുത്തു
"മോനെ, ഡാ.....എഴുന്നേറ്റെ"
മൂടിപ്പുതച്ച് കിടന്ന എന്റെ ചന്തിയില്‍ രണ്ട് തട്ടും തോള്‍ ഭാഗത്ത്‌ പിടിച്ച് രണ്ട് കുലുക്കും
ഞാന്‍ എഴുന്നേല്‍ക്കുന്നത് വരെ അവിടെ നില്‍ക്കാന്‍ ഉമ്മുമ്മാക്ക് സമയമില്ല
അടുത്ത പുരയില്‍ കടന്ന് ഇതേ പ്രകടനം ആവര്‍ത്തിക്കുന്നു അവിടെ ആസ്യ, എന്റെ പ്രായം
ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ മദ്രസയില്‍ എന്റെ ക്ലാസ്സിലാണ് പഠിച്ചിരുന്നത്
ഒരു അകന്ന ബന്ധു

"ആസിയാ........ആസിയാ.....കെട്ടിക്കാനായി എന്നിട്ടും കിടന്നുറങ്ങുന്നത് കണ്ടില്ലേ;
നേരം മോന്തിയായി ബോധമില്ലാത്ത അവളുടെ ഒരു ഉറക്കം"
സുബഹി ബാങ്ക് വിളിച്ചാല്‍ അന്നേരം എഴുന്നെല്ക്കണം അല്‍പ്പം താമസിച്ചാല്‍ ഉമ്മുമ്മായുടെ ഭാഷയില്‍
മോന്തിയായി (സന്ധ്യ)
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല!
എന്ന് എന്റെ ഉപ്പയും ഉമ്മയും ഉമ്മുമ്മാക്ക് കൂട്ടിനായി എന്നെ ഏല്‍പ്പിച്ചോ അന്ന് തുടങ്ങിയതാണ്
എന്റെ കഷ്ടകാലം.
എന്റെ വീട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്
ഞങ്ങള്‍ ഏഴ് കുട്ടികളില്‍ മൂന്നാമന്‍ ഞാന്‍, എന്നെ നേര്‍ച്ചയായി പിടിച്ച് തലയ്‌ക്കുഴിഞ്ഞ് ഉമ്മ
അവരുടെ ഉമ്മയുടെ കയ്യില്‍ കൊടുത്തു.
"ഇവന്‍ ഉമ്മാക്ക് കൂട്ടായിരുന്നോട്ടെ"
ഈ ഉമ്മുമ്മ എന്നെ കഷ്ടപ്പെടുതുന്നത് കാണുമ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നുന്നത്


ഞാനും ആസിയായും ഉറക്കം എഴുന്നേറ്റാല്‍ അവളുടെ തലയില്‍ ഒരു സ്ക്കാര്‍പ്പും
എന്റെ തലയില്‍ ഒരു കാച്ചെണ്ണയുടെ മണമുള്ള തോര്‍ത്തും കെട്ടി എന്റെ കയ്യില്‍ ഒരു ടോര്‍ച്ചും
അവളുടെ കയ്യില്‍ ഒരുകൂട്ടം താക്കോലും
ഇതും വാങ്ങി രണ്ടുപേരും ഇരുട്ടത്ത്‌ നടന്നു നീങ്ങും......
മുന്നില്‍ നടന്നു ഞാന്‍ ടോര്‍ച്ച് തെളിക്കും
എന്റെ അടുത്ത കൈയ്യില്‍ പിടിച്ച് തട്ടിയുരുമ്മി ആസിയയും
ഇടയ്ക്കിടയ്ക്ക് അവളുടെ കൈയ്യില്‍ ഇരിക്കുന്ന താക്കോല്‍ക്കൂട്ടം അനങ്ങും
ഞാന്‍ അവളെ വഴക്ക് പറയും രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് സുബഹി ബാങ്ക് കേള്‍ക്കുമ്പോള്‍
ഒന്ന് മയങ്ങാം എന്ന് കരുതുന്ന പട്ടി എങ്ങാനും ഈ ശബ്ദം കേട്ടാല്‍
അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ദേഷ്യം ഞങ്ങള്‍ സഹിച്ചോളണം
പിന്നെ പേടിച്ച് ഉറക്കെ നിലവിളിക്കുന്ന ഞാങ്ങളെയാകും ഗ്രാമവാസികള്‍
കണികാണുക.


അല്ല, എങ്ങോട്ടാ ഞങ്ങളുടെ പോക്ക് !!!
ഒരു 200 മീറ്റര്‍ അപ്പുറത്ത് എന്റെ മാമമാര്‍ വാങ്ങിക്കൂട്ടിയ തെങ്ങിന്‍തോപ്പ്
അവിടെ കൊഴിഞ്ഞ് വീഴുന്ന തേങ്ങകള്‍ ഓലകള്‍ ഇതൊക്കെ ടോര്‍ച്ച് തെളിച്ച് നോക്കിയെടുത്ത്
ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന വീട്ടില്‍ ശേഖരിക്കണം അതിനാണ് അവളുടെ കൈയ്യില്‍ താക്കോല്‍ക്കൂട്ടം
നേരം വെളുത്താല്‍ അവിടെ ചുറ്റുഭാഗത്തുള്ള വീട്ടുകാര്‍ വീണുകിടക്കുന്ന തേങ്ങയും, ഓലയും
എല്ലാം എടുത്തുകൊണ്ട് പോകും ഇന്നത്തെ കാലമൊന്നുമല്ല അന്ന് അങ്ങനെയൊക്കെയാണ്
ഒരു തേങ്ങാ, ഒരു ഓല അതെല്ലാം വളരെ വിലപിടിപ്പുള്ള അമൂല്യ സമ്പത്താണ് .
ആറേഴ് ഏക്കര്‍ തെങ്ങിന്‍തോപ്പ് അത് അവസാനിക്കുന്നത് വിജനമായ കണ്ണെത്താദൂരത്തോളം
പരന്നുകിടക്കുന്ന പാടശേഖരത്തിലേക്ക്, സുബഹി ബാങ്ക് കേട്ടാലും ഇരുട്ട് മാറിക്കിട്ടാന്‍
പിന്നെയും ഒരു മണിക്കൂര്‍ എങ്കിലും കഴിയും
ഇരുട്ടിലേക്ക് നോക്കുമ്പോള്‍ തന്നെ നാനും അവളും പേടിച്ച് വിറയ്ക്കും
പട്ടികളുടെ കണ്ണില്‍ പെടാതെ അവിടെ ചെന്നെത്തിയാല്‍ ആദ്യം വീട് തുറന്ന് ഉള്ളില്‍ കടന്ന് വാതില്‍ അടക്കും പേടിച്ച് പരസ്പരം കെട്ടിപ്പിടിച്ച് അതിനുള്ളില്‍ ഇരിക്കും
പുറത്തെക്കാള്‍ ഭയാനകമാണ് വീടിന്റെ ഉള്ളിലെ അവസ്ഥ അകത്തു കറണ്ട് ഇല്ല
തട്ടിന്‍പുറത്ത് നരിചീറുകളുടെയും, മരപ്പട്ടികളുടെയും, എലികളുടെയും കലാപരിപാടികളാണ്!
എന്റെ കയ്യിലുള്ള ടോര്‍ച്ച് പേടിച്ച് ഞങ്ങള്‍ തെളിക്കാറില്ല ...........പിന്നെ കുറേനേരം
വീടിനുള്ളില്‍ പ്രകാശം കടന്നുവരുമ്പോള്‍ പുറത്തിറങ്ങി ജോലിയില്‍ മുഴുകും ഞങ്ങള്‍ ഒരു സൈഡില്‍ നിന്നും ഓരോന്ന് ശേഖരിച്ച് തുടങ്ങുമ്പോള്‍
അടുത്ത സൈഡില്‍ നിന്നും അയല്‍ക്കാരും ശേഖരിച്ച് കൊണ്ടുപോകാന്‍ തുടങ്ങും


പിന്നെ വീട്ടിലെത്തിയാല്‍ പല്ല് തേയ്ക്കുക കുളിക്കുക എല്ലാം കഴിഞ്ഞ്
മദ്രസയിലെയ്ക്ക്‌ ഒരു ഓട്ടമാണ്, ഞാന്‍ ബോയ്സ് സ്കൂളില്‍ ആണ് പഠിക്കുന്നത്
അതുകൊണ്ട് തന്നെ മദ്രസയാണ് എനിക്ക് സ്കൂളിനെക്കാളും ഇഷ്ടം
ഇവിടെ കണ്ണുകളില്‍ തളിരിടുന്ന നിഷ്കളങ്കമായ പ്രണയമുണ്ട്
നല്ല സുഹൃത്ത്ബന്ധമുണ്ട്
ഷെഡാ....., ഇവന്‍ ഈ കുഞ്ഞ്പ്രായത്തിലേ ഇതൊക്കെ തുടങ്ങിയോ!
നിങ്ങള്‍ മൂക്കത്ത് വിരല്‍വെയ്ക്കാം അതേ...., എന്താ പറയുക
കുഞ്ഞ് മനസ്സിലിരുന്ന് ചില മുഖങ്ങള്‍ വിങ്ങുന്നത് കാണാം അതിന് എന്ത് പേര് വിളിക്കണം
എന്ന് എനിക്കറിയില്ല
അന്ന്, കുട്ടിക്കാലത്ത് ഒരു മായികാ ലോകത്താണ് സഞ്ചാരം
ആ സഞ്ചാര പഥത്തില്‍ ചില കുമിളകള്‍ മായാതെ മറയാതെ ഇപ്പോഴും അവശേഷിക്കുന്നു
എങ്കില്‍ .....അതിന് എന്ത് പേരാണ് നല്‍കുക
മനസ്സില്‍ അത് ഓര്‍ക്കുമ്പോള്‍പോലും ഉണ്ടാകുന്ന തിരയിളക്കം അതിനെ വരികളില്‍ നിരത്തുക ....
കഴിയുന്നില്ല .....കളിയും, ചിരിയും, ഖായിദ കീറലും പിടിച്ച് മുന്നോട്ട്തള്ളി ഓടുന്നതും.......
റബ്ബേ .....എന്തിന് നീയെന്നെ പനപോലെ വളര്‍ത്തി !
ആ കുട്ടിക്കാലത്തിന്റെ മധുരം, അതിന്റെ സുഖം, കരളിന്റെ പിടച്ചില്‍ ഇതൊക്കെ വഴികളില്‍
എവിടെയൊക്കെയോ പൊഴിഞ്ഞുപോയി......
എന്റെ എതിര്‍വശത്ത് ഉള്ള ബഞ്ചിലാണ് "ഷാനിബ"
അവളുടെ തൊട്ടടുത്ത് ആസിയ
എന്റെയും ശാനിബയുടെയും കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് പരസ്പരം
ഉടക്കും ചിലപ്പോള്‍ അവളുടെ ഓറഞ്ചു പോലുള്ള മുഖത്ത് ഒരു ചിരിയുടെ മത്താപ്പ് പടരും
അങ്ങനെ ...ഓരോ പുലരിയും കടന്ന് ...കടന്ന് ....പോയി
ഒരുനാള്‍ മദ്രസ്സ വിട്ടുവരുമ്പോള്‍ ആസിയ എന്റെ കൈയ്യില്‍ ഒരു കത്ത് തന്നു
"ഇത് ഷാനിബ തന്നതാണ്; ഞാന്‍ ഇതൊക്കെ അറിയുന്നില്ല എന്നാണു നീ കരുതിയത്‌ അല്ലെ?"
എനിക്ക് കത്ത് വായിക്കാന്‍ ധൃതിയായി വീട്ടിലെത്തി മുറിക്കുള്ളില്‍ കടന്ന് കത്ത് തുറന്നുനോക്കിയതും
ഞാന്‍ ഞെട്ടി !
യാ ഇലാഹീ ഇത് എന്തൊരു ഹലാക്കിന്റെ ഭാഷയാണ്‌
മലയാളമാണ് പക്ഷെ ഒന്നും വായിക്കാന്‍ എന്നെക്കൊണ്ട് പറ്റുന്നില്ല
ഞാന്‍ ആസിയായുടെ കൈയ്യില്‍ കത്തുകൊടുത്തു അവള്‍ക്കും കഴിഞ്ഞിരുന്നില്ല
അവളാണ് എന്നോട് പറഞ്ഞത് ഷാനിബക്ക് എന്നോട് പ്രണയമാണ്
ആ പ്രണയം തിളച്ചുമറിഞ്ഞപ്പോള്‍ ഉടലെടുത്ത ലാവയാണ് ഈ കത്ത് രൂപത്തില്‍ എന്റെ മുന്നില്‍
ആദ്യത്തെ പ്രണയലേഖനം മനസ്സിലാകാത്ത ഭാഷയില്‍ എന്റെ മുന്നില്‍
പ്രണയത്തിന് മനസ്സിലാകാത്ത ഭാഷയാണ്‌ എന്ന് അന്ന് ഞാന്‍ കണ്ടുപിടിച്ചു യുറീക്കാ...............!


അന്ന് സ്കൂള്‍ കഴിഞ്ഞ് ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍
ആസിയായുടെ ഉമ്മയും, ഇത്തായും വീട്ടിലുണ്ട് അവര്‍ അവളെ അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോകുന്നു
ആസിയ എന്റെ മുഖത്ത്നോക്കാതെ അവളുടെ ഡ്രസ്സുകളും, പുസ്തകങ്ങളും എടുത്ത്
അവളുടെ ഇത്തായുടെ കൈപിടിച്ച് ഇറങ്ങിപ്പോയി!!!
പിന്നീട് ഉമ്മുമ്മ അയല്‍ക്കാരോടു പറയുന്നതാണ് ഞാന്‍ കേള്‍ക്കുന്നത്
"അവള്‍ വലുതായി ഇനി അവളുടെ വീട്ടില്‍ നില്‍ക്കട്ടെ;
ഇവിടെ ഒരു ആണ്‍ചെക്കന്‍ വലുതായി വരുന്നു"
അതോടെ മദ്രസയിലെ പഠിപ്പും ആസിയാ നിര്‍ത്തിയിരുന്നു.
കത്തുകള്‍ കൈമാറാന്‍ ആളുകള്‍ ഇല്ലാതിരുന്നത് കൊണ്ടാകാം ഷാനിബ
ആ ജോലി നിര്‍ത്തി വെറും ഒരു ചിരിയില്‍, അല്ലെങ്കില്‍ കണ്ണുകള്‍ കൊണ്ട് കഥപറഞ്ഞും
ഞങ്ങളുടെ പ്രണയം പൂക്കാതെ, കായ്ക്കാതെ മുന്നോട്ട് ....മുന്നോട്ട് ....യാത്രതുടര്‍ന്നു
നോമ്പിനും പെരുന്നാളിനും മദ്രസ പരീക്ഷ കഴിഞ്ഞ് അടച്ചുപൂട്ടി.
നോമ്പും, പെരുന്നാളും കഴിഞ്ഞ് മദ്രസ വീണ്ടും തുറന്നു
പുതിയ ക്ലാസ്സിലേക്ക് ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഷാനിബ ഉണ്ടായിരുന്നില്ല
ഓരോ ദിവസവും ഞാന്‍ അവളെ പ്രതീക്ഷിച്ചു ..കൂട്ടുകാരോട് അന്വേഷിച്ചു
അവസാനം ഞാന്‍ ആ സത്യം മനസ്സിലാക്കി പൂമ്പാറ്റയോട് മല്ലിടാന്‍ അവളുടെ ശരീരവും
തയ്യാറായിക്കഴിഞ്ഞു.
പാകമാകാത്ത മനസ്സുമായി അവളുടെ ശൂന്യത നിറച്ച ചിന്തകള്‍ നെഞ്ചിലേറ്റി
ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം ഞാനും മദ്രസയുടെ ബഹളങ്ങളില്‍നിന്നും വിട്ടൊഴിഞ്ഞ്
തിരിഞ്ഞുനോക്കാതെ പടികള്‍ ഇറങ്ങുമ്പോള്‍
ഖല്‍ബില്‍ കുളിരുകോരിയിട്ട അവളുടെ നോട്ടവും, മുഖത്തെ ചിരിയും
എന്റെ നെഞ്ചോരം ചേര്‍ത്ത് പിടിച്ചിരുന്നു ...........


"അലിഫ്‌ ,........ബാഹ്..., താഹ് ...., ജീമ്................
വഴിയോരത്തെ മദ്രസകളില്‍ കുട്ടികളുടെ ആരവം കേള്‍ക്കുന്നു
എഴുതിത്തീര്‍ത്ത ഈ കടലാസ്സു തുണ്ടില്‍ നിന്റെ മുഖം തെളിയുമ്പോള്‍
അടര്‍ന്നു വീഴുന്ന എന്റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്, എന്റെ മനസ്സിന് ഒരു മദ്രസ്സക്കാലത്തിന്റെ
മധുരമായ സ്മരണ മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...