2012, ജനുവരി 1, ഞായറാഴ്‌ച

"മുക്കുവനും ഭൂതവും"


"മുക്കുവനും ഭൂതവും" 

ചെറുകലത്തില്‍ അടുപ്പിലിരിക്കുന്ന വെള്ളത്തിന്‌ ചുറ്റും 
വട്ടമിട്ടിരിക്കുന്ന പൈതങ്ങള്‍ നാലും 
കരഞ്ഞ്കലങ്ങി മൂക്കൊലിപ്പിച്ചിരിക്കുന്ന കുട്ടിയുടെ മൂക്ക് 
തന്റെ കൈകള്‍കൊണ്ട് പിടിച്ച് ഉടുത്തിരിക്കുന്ന ലുങ്കിയുടെ 
ഇരുവശവും തുടച്ച് ചുമലില്‍കിടന്നിരുന്ന തുണിയെടുത്ത്  
കുട്ടിയുടെ മുഖവും തുടച്ച് അമ്മ പറഞ്ഞു 
"മോന്‍ കരയണ്ടാട്ടോ മീനും,അരിയും,നിനക്കുള്ള മിഠായിയുമായി 
അപ്പന്‍ ഇപ്പോഴെത്തും" 
കുട്ടികള്‍ ആകാംശയോടെ പുറത്തുള്ള ഇരുട്ടിലേക്ക് നോക്കി 
       ഓരോ കരിയിലകള്‍ ഇളകുന്ന ശബ്ദത്തിലും അവരുടെ കണ്ണുകള്‍ 
ഇരുട്ടിലേക്ക് ഊളിയിട്ടു. പട്ടിയോ,എലിയോ,തവളയോ ആയിരിക്കാം 
ഇല്ലെങ്കില്‍ ഇരതേടി മാളത്തിനു പുറത്തുവരുന്ന ഇഴജെന്തുക്കളോ ..
അതെല്ലാം അവരുടെ അപ്പന്റെ പാദസ്പര്‍ശമായി അവര്‍ കരുതും 
ഇടയ്ക്ക് ശബ്ദംകേള്‍ക്കുമ്പോള്‍ അമ്മയും പറയും 
"അത് നിങ്ങളുടെ അച്ഛനായിരിക്കും" 
പുറത്ത് നീട്ടിപ്പിടിച്ച ചുമ കേട്ടാണ് ഇരുന്ന സ്ഥലത്തുനിന്നും 
കുട്ടികള്‍ ഓടി ഉമ്മറത്ത്‌ വന്നത് 
മൂത്തമകള്‍ അകത്തുനോക്കി വിളിച്ചുപറഞ്ഞു 
"അമ്മേ..അപ്പന്‍ വന്നു"
ഇളയമകന്‍ വന്നപാടെ അപ്പന്റെ കൈകളിലാണ് നോക്കിയത് 
കൈകള്‍ ശൂന്യമെന്നുകണ്ട്  അവന്‍ പുറകോട്ട്മാറി ചുമരില്‍ ചാരി ഞരങ്ങി 
തറയിലേക്ക്‌ ഇരുന്നു എന്നിട്ട് പൊട്ടിക്കരഞ്ഞു 
മകന്റെ നിലവിളികേട്ട് അമ്മയും ഉമ്മറത്തേക്ക് വന്നു 
നിരാശപടര്‍ന്ന കുട്ടികള്‍ തളര്‍ന്നവശനായി മുന്നില്‍ നില്‍ക്കുന്ന 
അച്ഛന്റെ മുഖത്തേക്ക് നോക്കി 
അയാല്‍ നീട്ടിയൊരു നെടുവീര്‍പ്പിട്ടു എന്നിട്ട് കുട്ടികളോടായി പറഞ്ഞു 
"നേരം വെളുത്തിട്ട് കടയില്‍നിന്നും എന്തെങ്കിലും 
വാങ്ങിക്കൊണ്ടു വരാം മക്കള്‍ കരയണ്ട "
അതിനു മറുപടി അമ്മയാണ് പറഞ്ഞത് 
"ഇന്നും ഒന്നും കിട്ടിയില്ലേ"
"ഇല്ല കടലില്‍ മുഴുവനും വലയിട്ടു നേരംവെളുത്തപ്പോള്‍ തുടങ്ങിയതാണ്‌ 
ഇതുവരെ ഒറ്റ മീനും കിട്ടിയില്ല"
"ഞാന്‍ അടുപ്പത്ത് വെള്ളവും വെച്ച് കാത്തിരിക്കയായിരുന്നു 
കുട്ടികളെ ഓരോന്ന്പറഞ്ഞ് സമാധാനിപ്പിച്ച്
മൂത്ത കുട്ടികള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകും ഇളയ ആളിനെ 
എങ്ങനെ സമാധാനിപ്പിക്കും"
"നീ കുറച്ചു വെള്ളമെടുത്തെ"
അവള്‍ അകത്തേക്കുപോയി ഒരു പാത്രം വെള്ളം കൊണ്ടുവന്നു കൊടുത്തു 
നിന്നനിലയില്‍ അയാള്‍ അത് മുഴുവന്‍ കുടിച്ചു 
തന്റെ തോളില്‍ കിടന്ന വലയുമായി ഒന്നും ഉരിയാടാതെ കടപ്പുറം ലക്ഷ്യമാക്കി നടന്നു 
       കടല്ക്കരയാകെ വിജനം കടല്‍ വളരെ ശാന്തമാണ് 
ആകാശത്ത് ചന്ദ്രന്‍ പട്ടിണിക്കോലമായ ആ മനുഷ്യനെ നോക്കി 
പല്ലിളിച്ച്‌ കളിയാക്കുന്നു 
തോളില്‍ക്കിടന്ന വല അയാള്‍ തോണിയിലേക്ക്‌വെച്ച് 
തോണി തള്ളി മുന്നോട്ടെടുക്കാന്‍ നോക്കുമ്പോള്‍ 
പിറകില്‍ നിന്നും ഒരു ശബ്ദം! 
അയാള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി 
അവിടം ശൂന്യം വീണ്ടും അയാള്‍ തന്റെ ജോലിയില്‍ വ്യാപൃതനായി
വീണ്ടും ഒരു നിലവിളി ശബ്ദം അല്‍പ്പം ദൂരത്തായി !!
അയാള്‍ വള്ളം അവിടെ ഉപേക്ഷിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് ധൃതിയില്‍ നീങ്ങി 
അവിടെ ചെല്ലുമ്പോള്‍ അവിടവും ശൂന്യം!
തനിക്കു തോന്നിയതാകാം എന്ന് കരുതി തിരിച്ച് പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ 
കുറച്ചു അകലയായി കുറേ വെളിച്ചവും ബഹളവും കേള്‍ക്കുന്നു!
ആ വെളിച്ചത്തെ ലക്ഷ്യമാക്കി അയാള്‍ വളരെ വേഗത്തില്‍ മുന്നോട്ടോടി 
അവിടെയെത്തുമ്പോള്‍ അവിടവും ശൂന്യം!! 
തന്റെ വിശപ്പും കുട്ടികളുടെ കരഞ്ഞുകലങ്ങിയ മുഖവും എല്ലാം കണ്ടു 
തന്റെ മനസ്സിന്റെ താളംതെറ്റുന്നതായി അയാള്‍ക്ക്‌ തോന്നി 
തിരിച്ച് നടക്കാന്‍ നോക്കുമ്പോള്‍ മുന്നില്‍ ഒരു കറുത്ത പട്ടി !!!
അയാള്‍ കാലുകൊണ്ട്‌ കടല്‍ തീരത്തെ മണല്‍ ശേഖരിച്ച്‌ ആ പട്ടിയുടെ നേര്‍ക്ക്‌ 
തെന്നിച്ചടിച്ചു  
പട്ടി ഗര് ...ഗര് ....എന്ന് ശബ്ദമുണ്ടാക്കി മുന്നോട്ട് കുതിച്ചു 
അയാള്‍ രണ്ടടി പിന്നോട്ടുമാറി വീണ്ടും കാലില്‍ മണ്ണ് ശേഖരിച്ചു
മുന്നോട്ട് തെന്നിച്ചു ഒപ്പം
 "പോ..പട്ടീ .....പോ....പട്ടീ ..."
എന്ന് പറഞ്ഞ് മുന്നോട്ട് നോക്കുമ്പോള്‍ അവിടെ പട്ടിയെ കാണാനില്ല!!

ഇതെന്ത് അധിശയമാണ് ദൈവമേ ...എന്ന് മനസ്സില്‍ പറഞ്ഞ് 
അയാള്‍ ധൃതിയില്‍ തോണിയുടെ അടുത്തേക്ക് വന്നു 
തോണി തള്ളി കടലിലേക്ക്‌ ഇറക്കി അയാള്‍ മുന്നോട്ട് തുഴഞ്ഞ്കൊണ്ടേയിരുന്നു 
മൂന്നു നാല് പ്രാവശ്യം വലയെറിഞ്ഞു ഒറ്റ മത്സ്യവും കിട്ടിയില്ല 
അയാളുടെ മനസ്സ് നിറച്ചും കരഞ്ഞ് കലങ്ങിയ മക്കളുടെ മുഖവും,
ഒട്ടിയ വയറുമായിരുന്നു
കഴിഞ്ഞ രണ്ട് നാളായി കുട്ടികള്‍ പട്ടിണിയാണ് 
കടലാണെങ്കില്‍ കരിഞ്ഞുപോയി ഒരു മത്സ്യ കുഞ്ഞുങ്ങള്‍ പോലുമില്ല 
അയാള്‍ ചുറ്റും കണ്ണോടിച്ചു ഇപ്പോഴും ആകാശത്ത് ചന്ദ്രന്‍ പല്ലിളിച്ച്‌ നില്‍ക്കുന്നു 
പെട്ടന്നാണ് അയാളുടെ നോട്ടം തോണിയുടെ മുന്‍വശത്ത് പതിഞ്ഞത് 
കരയില്‍ കണ്ട പട്ടി തന്റെ തോണിയുടെ മുന്‍വശത്ത് തന്നെയും നോക്കിയിരിക്കുന്നു!!!
അയാള്‍ ചുറ്റും നോക്കി ഭയന്ന് നിലവിളിച്ചു ശബ്ദം പുറത്തേക്ക് വന്നില്ല 
ചന്ദ്രപ്രഭയാല്‍ വെള്ളിവിരിച്ചു കിടന്ന കടലില്‍ ഒരു കാറ്റ് പോലും വീശുന്നില്ല 
പട്ടിയുടെ ഗര്‍ ......ഗര്‍ ....ശബ്ദം മാത്രം 
കണ്ണില്‍ ഇരുട്ട് പരക്കുന്നു.
       
       എപ്പോഴോ കണ്ണ് തുറക്കുമ്പോള്‍ മുന്നില്‍ ഒരു വൃദ്ധന്‍!!!! 
തീഷ്ണമായ കണ്ണുകള്‍ തലയില്‍ അങ്ങിങ്ങ് ഓരോ നരച്ചമുടി 
മൊട്ടക്കുന്നില്‍ പച്ചപ്പ്‌ കാണുന്നപോലെ പിരികം മുഴുവന്‍ നരച്ചിട്ടുണ്ട്
മീശയുടെ മദ്യഭാഗത്ത്‌ ഒരു അരുവിയോടിയ അടയാളം കാണാം 
രണ്ട് അരികിലും അഞ്ചാറ് നരച്ചമുടികള്‍ പൂച്ചയുടെ മീശപോലെ
അയാളുടെ പരിഭവവും പേടിയും കണ്ട് മുന്നിലുള്ള ആള്‍ 
ചിരട്ട പാറമേല്‍ ഉരക്കുന്ന ശബ്ദത്തില്‍ പറഞ്ഞു 
"നീ പേടിക്കണ്ട; ഞാന്‍ ഇന്ന് മുഴുവനും നിന്നെ ഈ കടലില്‍ കാണുന്നുണ്ടായിരുന്നു 
എന്ത് പറ്റി മത്സ്യം ഒന്നും  കിട്ടിയില്ലേ"
ഭയത്തിന് ഇടയിലും അയാള്‍ പറഞ്ഞു 
"ഇല്ല രണ്ട് മൂന്നു ദിവസമായി ഒറ്റ മീന് പോലും കിട്ടിയില്ല;കുട്ടികള്‍ വീട്ടില്‍ 
പട്ടിണിയാണ് ,താങ്കള്‍ ആരാണ് എന്തിനാണ് എന്നെ ഭയപ്പെടുത്തുന്നത്‌ "
"ഞാനൊരു കടല്‍ ഭൂതമാണ്‌ !
താങ്കളുടെ ശ്രമവും, നിരാശയും കണ്ട് ഞാന്‍ വന്നതാണ്"
ഇത് കേട്ടതും അയാളുടെ മനസ്സില്‍ പണ്ട് കണ്ട ഒരു സിനിമ മിന്നി മറഞ്ഞു 
മുക്കുവനെ സ്നേഹിച്ച ഭൂതം ഇതാ ഭൂതം ഇപ്പോള്‍ തനിക്കു എന്തെങ്കിലും കിട്ടും 
ഞാനും വല്യ പണക്കാരനാകും 
അയാള്‍ തെല്ലുനേരംകൊണ്ട് ഒരുപാട് മനക്കോട്ടകെട്ടി 
ഭൂതം തുടര്‍ന്നു 
"കടലില്‍ മത്സ്യം ഇല്ലെന്നു മനസ്സിലായില്ലേ ?പിന്നെ എന്തിനാണ് വീണ്ടും വന്നത്?"
"പരിശ്രമിക്കുക കടലമ്മയുടെ വയറ് ഒരിക്കലും ഒഴിയില്ലല്ലോ
എന്തെങ്കിലും കിട്ടിയാലോ"
ഭൂതം അയാളുടെ മുഖത്ത് നോക്കി കുറച്ചുനേരം നിശബ്ദനായിരുന്നു 
എന്നിട്ട് പറഞ്ഞു 
"എടൊ മാനവാ തനിക്ക് വേറെ എന്തെങ്കിലും ജോലിക്ക് പോകരുതോ;
കടലില്‍ മത്സ്യം ഉള്ളപ്പോള്‍ അതിനെ പ്പിടിക്കുക"
അയാള്‍ തെല്ലുനേരം ചിന്തിച്ചു എന്നിട്ട് തലയില്‍ കൈവെച്ചു 
"ഞാന്‍ എന്തൊരു മണ്ടനാണ് " ആത്മഗതം എന്ന പോലെ പറഞ്ഞു 
വെള്ളത്തില്‍ കിടന്ന വല അയാള്‍ ധൃതിയില്‍ വലിച്ച് വള്ളത്തില്‍ വെച്ച്
ആ ഭൂതത്തോട് പറഞ്ഞു 
"എന്താണ് ഈ ബുദ്ധി എനിക്ക് നേരത്തേ തോന്നാതിരുന്നത്"
"അതിനെല്ലാം അതിന്റെ സമയമുണ്ട് ദാസാ"
      "പുളു......പുളു........."
മകന്‍ ഉച്ചത്തില്‍ ബഹളം വെക്കാന്‍ തുടങ്ങി മകന്റെ ശബ്ദം കേട്ട് ഭാര്യ 
അടുക്കളയില്‍ നിന്നും മുറിയിലേക്ക് പ്രവേശിച്ചു
"എന്താ പപ്പയും മകനും ഒരു ബഹളം"
"മമ്മി പപ്പായുണ്ടെല്ലോ കള്ള കഥകളാണ് പറയുന്നത്;ഇന്നാള് ടീവിയില്‍ 
മോഹന്‍ലാലിന്റെയും,ശ്രീനിവാസന്റെയും സിനിമ വന്നില്ലേ"
"അതെ...നാടോടിക്കാറ്റ്"
"ഓരോന്നിനും അതിന്റെ സമയമുണ്ട് ദാസാ എന്ന് ഭൂതം പറയുമോ?"
"എന്ത് കഥയാണ് ഇന്ന് നിന്റെ പപ്പാ പറഞ്ഞത്"
"മുക്കുവനും ഭൂതവും"
"അതും സിനിമ ആണെല്ലോ"
 "അതേയോ?"
"ഈ പപ്പയുടെ ഒരു കാര്യം"

       ഇതാണ് എന്റെ മകന്‍ .....പത്തു വയസ്സ് അവന്റെ കുട്ടികാലത്ത് 
എത്ര...... എത്ര......കഥകളാണ് ഞാന്‍ പറഞ്ഞു കൊടുത്തത് ഇമവെട്ടാതെ കേട്ടിരിക്കും 
ഇപ്പോഴോ ഒന്നും അങ്ങോട്ട്‌ ഏല്‍ക്കുന്നില്ല എല്ലാ കഥകളും ടെലിവിഷനിലുണ്ട് 
"പപ്പാ"
"ഉം എന്താ ?"
"ഈ കഥയില്‍ മുക്കുവന് ഭൂതം ഒരു ചാക്ക് സ്വര്‍ണ്ണവും, രത്നങ്ങളും കൊടുക്കുന്നു 
അതുമായി അയാള്‍ തന്റെ വീട്ടില്‍ വന്ന് കുട്ടികളും ഭാര്യയുമായി സന്തോഷമായി ജീവിക്കുന്നു 
അങ്ങനെ അവസാനിപ്പിക്കുന്നതല്ലേ നല്ലത്"
"അത് നിന്റെ കഥയില്‍ മതി എന്റെ കഥയില്‍ മുക്കുവന്‍ ജോലിചെയ്തു  ജീവിച്ചാല്‍ മതി"
"അതെന്താ"
"ഇല്ലെങ്കില്‍ മുക്കുവന്‍ നിന്നെപ്പോലെ മടിയനായിപ്പോകും"
"അതുമല്ലെങ്കില്‍ അയാള്‍ക്ക്‌ കുറേ മത്സ്യങ്ങളെ കൊടുത്തു വീട്ടിലെത്തിക്കാമെല്ലോ?;
കഷ്ടം മുക്കുവന്‍""'
"എടാ നിന്നെക്കൊണ്ടു തോറ്റല്ലോ? പോയിക്കിടന്ന് ഉറങ്ങേടാ"
എന്റെ ഒരു വിധിയേ ഇപ്പോള്‍ മക്കളാണ് അച്ഛനെ കഥ പഠിപ്പിക്കുന്നത്‌ 
ഒരു ഭൂതത്തിന്റെ കഥ അവന്‍ ഇതുവരെ കേള്‍കാത്ത പോലെ 
പറയണം എന്ന് വിചാരിച്ചതാണ് പക്ഷേ.....ചീറ്റിപ്പോയി 
"പാണ്ടന്‍നായുടെ പല്ലിന് ശൌര്യം 
പണ്ടേപ്പോലെ ഫലിക്കുന്നില്ല" 
ശുഭം.

1 അഭിപ്രായം:

  1. കണ്ടു പുണ്യാളന്‍ പറന്നിറങ്ങി ആദ്യ കമന്റ്‌ എന്റേത് ആയികൊറെ അല്ലെ കൊള്ളാം മാഷേ ഇഷ്ടമായി എല്ലാം സമയം പോലെ ഞാന്‍ വന്നു വായിച്ചു കമന്റ്‌ ഇതും കേട്ടോ എന്റെതിലെക്കൊന്നു വരന്നെ സ്നേഹാശംസകളോടെ പുണ്യാളന്‍

    ഞാന്‍ പുണ്യവാളന്‍
    കേള്‍ക്കാത്ത ശബ്ദം

    മറുപടിഇല്ലാതാക്കൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...