നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്
അന്തി മയങ്ങിയപ്പോള്‍ തുടങ്ങിയ മഴ തന്നെ...മഴയുടെ സംഗീതത്തിനൊത്ത്
നല്ല മിന്നലിന്റെ പ്രകാശം ഏറി വരും പോലെ..മിന്നല്‍ വന്നു തൊട്ടുരുമ്മുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ
തല കമ്പിളി പുതപ്പിനകത്തേക്ക് ഒച്ചിഴയും പോലെ നുഴഞ്ഞു കയറി...
"ടക്ക് ......ടക്ക്....ടക്ക്..."
എന്റെ മേലേക്ക് രണ്ടു മൂന്നു തുള്ളി വെള്ളം ഇറ്റു വീണു
പതിയെ തലയുടെ മുകള്‍ഭാഗത്ത് വെച്ചിരുന്ന മണ്ണെണ്ണവിളക്ക്
പരതിനോക്കി.. കൈതട്ടി മറിഞ്ഞ വിളക്കില്‍ നിന്നും മണ്ണെണ്ണയുടെ രൂക്ഷഗന്ധം
അവിടമാകെ പരന്നു.
അടുത്ത പുരയില്‍നിന്നും തീപ്പെട്ടി ഉരക്കുന്ന ശബ്ദം
ഒപ്പം ഉപ്പയുടെ ചുമയും ബീഡിപ്പുകയുടെ മണവും
അവിടെ പാത്രങ്ങള്‍ ചോര്‍ന്നൊലിക്കുന്ന സ്ഥലത്ത് ഉമ്മ എടുത്ത് വെക്കുകയാണ്
വിളക്കുമായി അടുക്കളയില്‍ വീണ്ടും ഉമ്മ പാത്രങ്ങല്‍ക്കായി തിരയുന്നു
കൈതട്ടി പാത്രങ്ങള്‍ നിലത്ത് വീണു
"ടിം ....ചില്‍...... ....ചില്‍...........ധം......"
"നശിച്ച പാത്രങ്ങള്‍ സമയത്ത് നോക്കിയാല്‍
ഒന്നും കയ്യെത്തും ദൂരത്ത് കിട്ടുകയില്ല"
ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു
"മമ്മീ ......ങ്ങാ........ങാ......."
കണ്ണും തിരുമ്മി പെങ്ങളുടെ കുട്ടി കരയാന്‍ തുടങ്ങി
ഞാന്‍ പതിയെ കതക് തുറന്ന് ഉമ്മറത്തേക്ക് ഇറങ്ങി
ഉപ്പയും,ഉമ്മയും,ഇത്തായും,അനുജന്മാരും,മരുമകനും ഉമ്മറത്ത്
"കാലം തെറ്റിപ്പെയ്യുന്ന മഴ പുരമേയാന്‍ നാള്‍ ആകുന്നതേയുള്ളൂ"
ഉമ്മ ഉപ്പയോട് പറഞ്ഞു ഒപ്പം ഒരു നെടുവീര്‍പ്പും ആ നെടുവീര്‍പ്പിന്റെ
ചൂടിന് ഒരു അഗ്നിഗോളത്തിന്റെ ചൂടുണ്ടായിരുന്നു
"അതെ; വല്ലാത്ത ഒരു മഴ"
ഇത് പറയുമ്പോള്‍ ഉപ്പയുടെ കയ്യിലിരുന്ന ബീഡി കെട്ടിരുന്നു
ആ ബീഡിത്തുണ്ട് മണ്ണെണ്ണ വിളക്കില്‍നിന്നും രണ്ടു വിരലിന്‍റെ
ഇടയില്‍ പിടിച്ച് തിരിച്ച്..തിരിച്ച് അതിന് തീ പിടിപ്പിച്ച്
ആഞ്ഞാഞ്ഞ് വലിച്ച് പുക പുറത്തേക്ക് ഊതിക്കൊണ്ടിരുന്നു
അകത്ത് കയറി പുതച്ചിരുന്ന കമ്പിളിയുമായി ഞാനും ഉമ്മറത്ത് വന്നു
കമ്പിളിയുടെ ചില ഭാഗങ്ങള്‍ മഴവെള്ളം വീണ് നനഞ്ഞു ആ ഭാഗം
എന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി
ഇത്തയുടെ മടിയില്‍ തുണിയില്‍ പൊതിഞ്ഞ് മരുമകന്‍
കരച്ചില്‍നിര്‍ത്തി ഉറക്കത്തിനുള്ള പുറപ്പാടാണ് അവന്‍റെ കണ്ണുകളില്‍
നിദ്ര ഊഞ്ഞാലാട്ടം തുടങ്ങി
അനുജന്മാരും നനയാത്ത ഭാഗം തേടിപ്പിടിച്ച് ചുരുളാനുള്ള ഭാവമാണ്...
ഉമ്മ എന്റെ മുഖത്തേക്ക്നോക്കി ആ നോട്ടത്തിന് ഒരു ആര്‍ദ്ര ഭാവമായിരുന്നു
"മോനെ"
"എന്താ ഉമ്മാ"
"നേരം വെളുക്കുമ്പോള്‍ നീ പോകുകയാണ്
നാട്ടില്‍ നീ കളിച്ചുനടന്നു നാട്ടുകാരുടെ സ്വര്‍ണ്ണം വാങ്ങി പണയംവെച്ചും
പൈസ കടംവാങ്ങിയുമാണ് നിനക്ക് പോകാനുള്ള ടികറ്റും,വിസയും
ശെരിയാക്കിയത്; നിന്‍റെ ഉപ്പയാണെങ്കില്‍ വയസ്സായി ഇനി എത്ര
നാളെന്ന് പറഞ്ഞാണ് നമ്മളെയെല്ലാം ജോലിചെയ്ത് നോക്കുക;
ഇനി നീ പോയി പൈസ അയച്ചിട്ട് വേണം ഈ പുരയൊന്നുമേയാന്‍;
കുട്ടികളൊക്കെ വലുതായി വരുന്നു നമ്മുടെ
വീടൊഴിച്ച് മറ്റു വീടുകളിലെല്ലാം കറണ്ട്കിട്ടി......"
ഞാന്‍ മറുപടി പറയാതെ ദൂരേക്ക് കണ്ണും നട്ട് അങ്ങനെയിരുന്നു
അടുത്ത പ്രഭാതത്തില്‍ എന്‍റെ പ്രവാസത്തിന് തുടക്കം കുറിക്കുന്നു
എല്ലാ കേട്ട് കേള്‍വിയുടെയും സീമകള്‍ ലംഘിക്കുന്ന ജീവിതത്തിന്‍റെ
ഒടുങ്ങാത്ത..... ഒടുങ്ങാത്ത..... മറുകര തേടിയുള്ള യാത്ര ഈ യാത്രയില്‍
കൂടും കുടുക്കയും വിട്ടെറിഞ്ഞ് പുറപ്പെടുന്ന അനേകം ആത്മാക്കളുടെ
ശവക്കല്ലറകള്‍ കാണാം നേട്ടത്തിന്‍റെ പെരുമ്പറകൊട്ടും കേള്‍ക്കാം
പ്രവാസ കോളനികളില്‍ സ്വാതന്ത്രിയത്തിന്റെ ചങ്ങലകള്‍ സ്വയം കഴുത്തുകളില്‍
ചുറ്റിയ അടിമകളുടെ രോദനം കേള്‍ക്കാം അതൊന്നും ആരുടേയും കരളുകള്‍
അലിയിച്ചിരുന്നില്ല കാരണം ഈ മണ്ണിന് ഈര്‍പ്പമില്ല ഇവിടെ ജീവിക്കുന്ന
മനസ്സുകള്‍ക്കും!!!
പ്രവാസത്തിന്‍റെ ആദ്യ നാളുകളില്‍ മാസങ്ങളോളം ശമ്പളം കിട്ടാത്ത കമ്പനിയില്‍
ജോലി തുടരുമ്പോഴും നാട്ടിലെ സാമ്പത്തികബാദ്ധ്യതയും വീട്ടിലെ ദയനീയ അവസ്ഥയും
എന്നെ ജോലികഴിഞ്ഞുള്ള സമയങ്ങളില്‍ ദുബായ് പ്ലാസ'സിനിമയുടെ
എതിര്‍വശത്തുള്ള പാര്‍കിംഗ് ഏരിയായില്‍ വണ്ടികള്‍ കഴുകുന്ന ജോലിയില്‍
കൊണ്ടെത്തിച്ചു.....രാവും പകലും ജോലിചെയ്ത് കടങ്ങളെല്ലാം തീര്‍ത്തു
ഒപ്പം വീടും വൈദ്യുതീകരിച്ചു
ചിമ്മിനിവെട്ടം കണ്ടുകൊണ്ടിരുന്ന എന്‍റെ വീട്ടിലെ കത്തുന്ന ബള്‍ബിന്‍റെ വെട്ടം
ദേരാ'ദുബൈയുടെ തെരുവ് വിളക്കിന്‍റെ വെട്ടത്തേക്കാള്‍ ശോഭയോടെ
മനസ്സില്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു
രണ്ട് കൊല്ലക്കാലം ഉറക്കവും ക്ഷീണവും മറന്ന് വിയര്‍പ്പൊഴുക്കി
ഒടുവില്‍ നാട്ടിലെ ദാരിദ്രിയവും വിട്ടകന്നു. അടുത്ത കാല്‍വെയ്പ്പ്
ഒരു പുര നിര്‍മ്മാണം വീണ്ടും ഉറക്കം എന്‍റെ കണ്‍പോളകളെ വിട്ടകന്ന
രാവും പകലും തെരുവിലെ ചായയും, അറബി റൊട്ടിയും (കുബ്ബൂസ്)
എന്‍റെ വയറിനെ താങ്ങിനിര്‍ത്തി ഇട്ടിരുന്ന പാന്‍റ്സും,ഷര്‍ട്ടും തുളവീണ്
കീറിയിരുന്നിട്ടും പുതിയൊരെണ്ണത്തിന് മനസ്സ് കൂട്ട്നിന്നില്ല
നാട്ടില്‍ പണിതുയര്‍ത്തുന്ന വീടിന് ആ പൈസക്ക് ഒരു കല്ലോ കട്ടയോ ലഭിക്കും
എന്ന ചിന്തയായിരുന്നു എന്നെ ഭരിച്ചിരുന്നത്
ദുബായ് എന്ന നഗരത്തിന്‍റെ പത്രാസില്‍കഴിയുന്ന മകന്
കുറവ് വരരുതല്ലോ വീട്ടിലുള്ള ഓരോ അംഗങ്ങളുടേയും
എണ്ണത്തിനനുസരിച്ച് ഉപ്പയും ഉമ്മയും വീടിന്
വലിപ്പം കൂട്ടിക്കൊണ്ടേയിരുന്നു.......
നീണ്ട ആറ് വര്‍ഷം കടന്ന് പോയതറിഞ്ഞില്ല
തുളവീണ കുപ്പയങ്ങള്‍ക്ക് വിടചൊല്ലി രണ്ട് പുതിയ പാന്‍റ്സും,
ഷര്‍ട്ടും, ഒരു കുപ്പി അത്തറും,വീട്ടുകാര്‍ക്കും,അയല്‍ക്കാര്‍ക്കും സാധനങ്ങള്‍
വാങ്ങുന്ന കൂട്ടത്തില്‍ എനിക്കായി വാങ്ങാന്‍ ഞാന്‍ മറന്നിരുന്നില്ല
നാട്ടില്‍ വന്നിറങ്ങിയ ഞാന്‍ തന്നെ എന്‍റെ വീടിന്‍റെയും
മാതാപിതാക്കളുടെയും മാറ്റം കണ്ട് അധിശയിച്ചുപോയി
ഇപ്പോള്‍ അനുജന്മാരെല്ലാം പഠിക്കാന്‍ മിടുക്കന്മാരാണ്
ആറ് കൊല്ലക്കാലം അവരുടെ മുഖത്തും ചെറിയ മീശകള്‍ മുളപൊട്ടി
വീട്ടില്‍ നിന്നും യാത്രയാകുമ്പോള്‍ മൂന്നുവയസുണ്ടായിരുന്ന മരുമകനും
ഇപ്പോള്‍ നാലാംതരത്തില്‍ പഠിക്കുന്നു
അന്ന് രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ മുറി അന്വേഷിക്കുമ്പോള്‍
ഇളയ അനുജന് എനിക്കായ് മുറി ഒഴിഞ്ഞുതരാന്‍ ഒരു മടി
ഇത് കണ്ട ഉപ്പയുടെ പരിഭവം വീട് ചെറുതായിപ്പോയി!
ആ അവധിയില്‍ ഞാന്‍ വിവാഹം കഴിച്ചു!
ജീവിതത്തില്‍ കൂട്ടിന് ഒരാളായി സന്തോഷത്തിന്‍റെ ദിനങ്ങള്‍
അവസാനിച്ചു നിറകണ്ണുകളോടെ ഭാര്യയെ പിരിയുമ്പോള്‍
അവളുടെ ഉദരത്തില്‍ എന്‍റെ ജീവന്‍റെ തുടിപ്പും ഉണ്ടായിരുന്നു
കത്തിന് വേണ്ടിയുള്ള കാത്തിരിപ്പും നാട്ടില്‍ എന്നിനി തിരിച്ചെത്തും
എന്ന ചിന്തയും ഗള്‍ഫു ജീവിതത്തിന്‍റെ അടക്കിപ്പിടിച്ച വേദനകള്‍ മാത്രം!!
ഇതിനിടയിലാണ് എപ്പോഴോ ഭാര്യക്ക് ചിലവിന് കൊടുക്കുന്നത്
കൂടുതലാണെന്ന പരാതി എന്‍റെ മാതാപിതാക്കള്‍ പറയാന്‍ തുടങ്ങി
അവിടെനിന്നും അമ്മായിയും,മരുമകളും അവരുടെ ദ്വന്തയുദ്ധം ആരംഭിച്ചു
ആ വഴക്ക് ഓരോ കത്തിലും ഇരു കൂട്ടരും പൊടിപ്പും തൊങ്ങലും വെച്ച്
എന്നെ അറിയിക്കാന്‍ മത്സരിക്കുകയായിരുന്നു ആ മത്സരപ്പരീക്ഷ എല്ലാ പ്രവാസികളുടെയും
നെഞ്ചിലെ കനലുകള്‍ ആണെന്ന് ആരും അറിയുന്നില്ല
അല്ലെങ്കില്‍ ഞങ്ങള്‍ ആരെയും അറിയിച്ചിരുന്നില്ല അറിവിന്റെ കുടചൂടിയ
ബന്ധുക്കള്‍ പകര്‍ന്നേകുന്ന ചൂടില്‍ മരുഭൂമിയുടെ ചൂടിനു എന്ത് കാഠിന്യം
തന്‍റെ മകളെ കാണണം എന്ന ആഗ്രഹത്തെക്കാള്‍ വീട്ടിലെ പ്രശ്നങ്ങള്‍ എന്നെ
നീണ്ട ആറാണ്ടുകള്‍ നാട് കാണാത്ത പ്രവാസികളുടെ
പട്ടികയില്‍ ചേര്‍ത്തു
അടുത്തയാത്രയില്‍ ഞാനും ഒരു പുരയും വസ്തുവും സ്വന്തമാക്കി
അവിടന്ന് അങ്ങോട്ട് പടുത്തുയര്‍ത്തി ഞാനും ഒരു കുടുംബം
ഓരോ ശമ്പളവും പങ്കുവെക്കുമ്പോള്‍ കൂടപ്പിറപ്പുകളുടെ
പങ്ക് കുറഞ്ഞുപോയതിലായിരുന്നു മാതാപിതാക്കളുടെ പിണക്കം
അങ്ങനെ...അങ്ങനെ...മഞ്ഞും തണുപ്പും ചൂടും പൊടിക്കാറ്റിന്റെ
ആരവവും എന്‍റെ പ്രായത്തേയും ഓരോ ചുമട് മുന്നിലേക്ക് നടത്തി
ഒപ്പം കുട്ടികളും വലുതായി രണ്ട് പെണ്മക്കളുടെയും വിവാഹം
എന്‍റെ എല്ലാ സമ്പാദ്യങ്ങളും നഷ്ടമാക്കി അതിലും എനിക്ക്
സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ
പക്ഷേ എന്‍റെ ഓരോ തുള്ളി വിയര്‍പ്പില്‍നിന്നും പടുത്തുയര്‍ത്തിയ
എന്‍റെ സഹോദരങ്ങളോ,മാതാപിതാക്കളോ എന്‍റെ രണ്ട് കുട്ടികളുടെയും
വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല!!!
മകന്‍റെ പഠിപ്പിനായി ഇവിടെ ഞാന്‍ ഒരു ലോണ്‍ എടുത്തിരുന്നു
അവന്‍റെ വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോഴേക്കും എന്‍റെ ഹൃദയത്തിന്‍റെ
മിടിപ്പ് ഒരു മാത്ര എന്നോട് പിണങ്ങിനിന്നു അവിടെ തുടങ്ങി
Aspirin ,plavix ,Rosuvastatin ,metoprolol എന്ന മരുന്നുകളെല്ലാം എന്‍റെ ജീവിതത്തെ
കയ്യടക്കി ഒപ്പം കടുത്ത കോപവും ഇതിന്‍റെ എല്ലാം ആകെത്തുക
ഭാര്യയും മക്കളും ഒരു തട്ടിലും ഞാന്‍ വേറൊരു തട്ടിലും
പ്രവാസം മതിയാക്കി ലോണിന്‍റെ ബാക്കി അടച്ച് തിരികെ നാട്ടിലെത്തുമ്പോള്‍
കയ്യില്‍ എടുത്താല്‍ പൊങ്ങാത്ത ചികിത്സയുടെ വിവരങ്ങള്‍ അടങ്ങിയ കുറിപ്പും
മരുന്നിന്‍റെ പകുതി ശൂന്യമായ പാക്കറ്റുകളും മാത്രം
മോശം പറയരുതെല്ലോ വീട്ടില്‍ ആദ്യ നാളുകളില്‍ നല്ല പരിചരണം ലഭിച്ചു
ചില സന്ദര്‍ഭങ്ങളില്‍ ഭാര്യയും മകനും ഒറ്റപ്പെടുത്തുന്നു എന്ന തോന്നല്‍
എന്‍റെ അനാവശ്യ ചിന്തക്കും ദേഷ്യത്തിനും വഴിമാറി
ഒടുക്കം ഭാര്യയും മക്കളും എന്നെ കയ്യൊഴിഞ്ഞു ഒപ്പം എന്‍റെ ഹൃദയവും
എന്നോടുള്ള സ്നേഹക്കുറവു അറിയിച്ചു നമ്മള്‍ സ്നേഹിക്കാത്ത നമ്മുടെ ഹൃദയം
ആര്‍ക്കുവേണ്ടിയാണ് പിന്നെ കാത്തിരിക്കുക
മകനോട് ഞാന്‍ കാണിച്ച ഏതോ സ്നേഹത്തിന്‍റെ അംശം അവനില്‍ ബാക്കി
നിന്നിട്ടോ,നാട്ടുകാരെ ഭയന്നിട്ടോ അറിയില്ല എന്‍റെ പൊന്ന് മകന്‍ എന്നെ
സര്‍ക്കാര്‍ ആശുപത്രിയില്‍ ഏല്‍പ്പിച്ച് കടന്ന് കളഞ്ഞു!!!!
നല്ലവരായ ഡോക്ടര്‍മാര്‍ എന്‍റെ ഹൃദയത്തിന്‍റെ താളം നിയന്ത്രിക്കാന്‍
പരിശ്രമിക്കുന്നു ഈ ബഹളത്തിനിടയിലും എങ്ങുനിന്നോ ഒരു കറുത്ത
പക്ഷി പറന്നുവന്ന് എന്‍റെ കാല്പ്പാദങ്ങളുടെ അരികില്‍ ഇരുന്നു
എന്‍റെ കാലിന്റെ പെരുവിരലില്‍ അതിന്‍റെ കൊക്കുകൊണ്ട് ഉരുമ്മി
അവിടെനിന്നും മേല്‍പ്പോട്ട് ഒരു തരിപ്പ് പടര്‍ന്നു ആ തരിപ്പ്
ഒരു തണുപ്പായി എന്‍റെ ശരീരത്തെ വരിഞ്ഞ്മുറുക്കി അത് എന്‍റെ
തലച്ചോറിനെ കീറിമുറിച്ചു ശരീരത്തില്‍ ഒരു ചെറിയ ഇലയനക്കം
ഒടുവില്‍ തന്‍റെ കൊക്കില്‍ ഒതുക്കിയ എന്‍റെ ജീവനുമായി ആ പക്ഷി
ഒന്ന് പറന്ന് അവിടെത്തന്നെ അലിഞ്ഞ് ചേര്‍ന്നു
ആശുപത്രിയില്‍ ഉണ്ടായിരുന്ന ആരെല്ലാമോ എന്നെ തിരിച്ചറിഞ്ഞു
അവര്‍ എന്നെയും വണ്ടിയിലേറ്റി എന്‍റെ വീട് ലക്ഷ്യമാക്കി മുന്നോട്ട്....
എന്നെ വണ്ടിയില്‍നിന്നും പുറത്തേക്ക് ഇറക്കുമ്പോള്‍ എന്‍റെ മകന്‍ ഓടിവന്നു
"വേണ്ട; ഇവിടെയെടുക്കണ്ട; വല്ല പള്ളിക്കാട്ടിലേക്കും എടുത്തോളു!!!"
ഇത്രയും പറഞ്ഞ് അവന്‍ വീട്ടിലേക്കു കടന്ന് വാതിലടച്ചു
വന്നവരും നിന്നവരും ആവുന്നത്ര പറഞ്ഞ്നോക്കി ഞാന്‍ ജീവനേക്കാളും സ്നേഹിച്ച
ഭാര്യ അകത്ത് നിന്നും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു
"ഞങ്ങള്‍ക്ക് അങ്ങനെയൊരു ആളില്ല"
വന്നവരില്‍ മുതിര്‍ന്ന ഒരാള്‍ വീണ്ടും പറഞ്ഞു
"മയ്യത്തിനോട് പിണക്കം കാണിക്കരുത്"
ആര് കേള്‍ക്കാന്‍ അവിടെ കൂടിനിന്നവര്‍ ഓരോ ഓഹരിയിട്ട്
എന്‍റെ യാത്രക്കുള്ള മൂന്നു കഷ്ണം തുണിയും കുറച്ചു പലകയും
സങ്കടിപ്പിച്ചു ആളുകള്‍ എന്നെഎടുത്തു പള്ളിപറമ്പിലേക്ക് യാത്ര തിരിക്കുമ്പോള്‍
എനിക്ക് പറയാന്‍ ഒന്നേയുള്ളൂ ഈ നിറമില്ലാത്ത വെളിച്ചം അരങ്ങ് ഒഴിയുകയാണ്
"എന്‍റെ മനസ്സില്‍ ഇനിയും ബാക്കിനില്‍ക്കുന്നത് നിങ്ങളോടുള്ള
സ്നേഹമാണ്;പക്ഷേ ...നിങ്ങള്‍ എനിക്കായി കരുതിവെച്ചത് എന്‍റെ
പ്രേതത്തോട്‌പോലും കാട്ടിയാലും തീരാത്തത്ര വിദ്വേഷവും
പെട്ടന്ന് ആകാശത്ത് കാര്‍മേഘം ആളുകള്‍ ധൃതിവെച്ചു മഴക്കുമുമ്പേ മയ്യത്ത്
മണ്ണില്‍ പൊതിയാന്‍........... ... എനിക്കും ധൃതിയായി ദൂരെ ഒരു ഉമ്മ പാത്രം
തിരയുന്നു എന്‍റെ ഖബറില്‍ വീഴുന്ന മഴത്തുള്ളികള്‍ ഇനിയുള്ള എന്‍റെ
ഉറക്കത്തിന് തടസമായാലോ.
ഉം ഇതാണ് ജീവിതം ................. ആശംസകള്‍
മറുപടിഇല്ലാതാക്കൂഇടക്ക് അങ്ങോട്ടും ഇറങ്ങണെ സുഹൃത്തെ !!
ഓരോ പ്രവാസിയുടെയും ജീവിതത്തിൽ ഇത്തരത്തിലുള്ള എന്തെങ്കിലുമൊക്കെ വേദനകൾ നിറഞ്ഞിരിക്കുന്നു.. അനുഭവിച്ചു കഴിഞ്ഞവയും, ഇനി അനുഭവിക്കുവാനുള്ളതും മാത്രമാണ് ജീവിതത്തിൽ കൈമുതലായി ഉണ്ടാവുക എന്നു മാത്രം..കഥ നന്നായി പറഞ്ഞു സുഹൃത്തേ.. ആശംസകൾ.
മറുപടിഇല്ലാതാക്കൂകൂട്ടത്തില് വായിച്ചിരുന്നു..... വേദനിപ്പിക്കുന്ന വരികള്‍ നന്നായിട്ടുണ്ട് ...
മറുപടിഇല്ലാതാക്കൂ"അറിയുന്നതെന്തുകൊണ്ടെന്നോ സഖി
മറുപടിഇല്ലാതാക്കൂഞാനുമിതുപോലെ രാത്രിമഴ പോലെ ..."
സുഗത കുമാരിയുടെ ഈ വരികള്‍ ഓര്‍മ്മ വരുന്നു...ആശംസകള്‍.....