2020 ജൂൺ 18, വ്യാഴാഴ്‌ച

"മാറ്റൊലി"


പാതയ്ക്കരിലൊരു പാറാവുകാരന്
പാതിമിഴി പൊത്തിക്കരയണുണ്ട്
പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട്
പട്ടണം മറപറ്റി തേങ്ങണുണ്ട്
 
അടിയന്റെ കുടിലിലൊരു അടിയാത്തി പെറ്റിട്ട്
ചാണകത്തറയില് കിടക്കണുണ്ട്
കുരുതിയ്ക്ക് നേര്ന്നൊരു കോഴിയെ തിന്നിട്ട്
കോരനോ മോന്തി മയങ്ങണുണ്ട്
 
ചുടലപ്പറമ്പിലെ കരിമ്പനക്കൂട്ടത്തില്
ചുടലയോ സാരിയഴിക്കണുണ്ട്
ചപലമാം മോഹങ്ങള് ഉള്ളില് നിറച്ചിട്ട്
കൂമനോ ചുള്ളിയൊടിക്കണുണ്ട്
 
തെക്കേലെ തമ്പ്രാന്റെ തൊടിയിലെ പട്ടിക്ക്
അന്തിമയങ്ങിയാല് തൂക്കമാണ്
നേരം വെളുക്കുമ്പോള് തമ്പ്രാനുറങ്ങുമ്പോള്
പട്ടിയോ കാവല് തുടരണുണ്ട്
 
കാലത്തിന് സൂചിക മെല്ലെ മറിഞ്ഞുപോയ്‌
തമ്പ്രാന്റെ പട്ടീടെ പല്ല്പോയി
അന്നൊരു രാവില് ചുടലയോ ചത്തുപോയ്
തമ്പ്രാന് നേരത്തെ വീട്ടിലെത്തി
 
വാതിലില് തുരുതുരെ തട്ടുന്ന നേരത്ത്
ഉള്ളില്നിന്നും 'കിടാത്തി' ചൊല്ലി
ഇപ്പോള് ഒരാളുണ്ട് ഇന്നേയ്ക്ക് പോവുക
നാളെ നേരത്തെ ഇല്ലത്ത് വന്ന്കൊള്ളൂ .
 
(വയല് ബുക്സ്‌ പ്രസിദ്ധീകരിച്ച "ചതുപ്പ് നിലങ്ങളില് വിത്തെറിയുന്നവര്" എന്ന
കവിതാസമാഹാരത്തില് പ്രസിദ്ധീകരിച്ച എന്റെ കവിത )

2019 നവംബർ 6, ബുധനാഴ്‌ച

വഴിയിലെ മുറിബീഡി


വഴിയിലെ മുറിബീഡി
വഴിയിലെ മുറിബീഡി നീ
അവിടുപേക്ഷിക്കുക...മുറിബീഡി
അതെൻ കീശയിൽ,
കീശയിൽ നിന്ന് വീണതാണ്
ഇനിയാരോ വരും പുറകിൽ
ഇനിയാരോ ...
കയ്യിലെ തീപ്പന്തം കൊളുത്തുക-
ബീഡിയിൽ,
കെട്ടുപോകുന്നതിനു മുമ്പ്,
മുമ്പ്-
കുത്തിക്കെടുത്തുക
ഇനിയാരോ
ഒരു വഴിയാത്രികൻ
തോളിൽ ഭാണ്ഡം,
ജഡ, മുഷിഞ്ഞു കീറിയ,
മുഷിഞ്ഞു കീറിയ, നാറിയ
തെരുവിൽ വലിച്ചുകീറി
എരിഞ്ഞൊരു നോവും
തിരഞ്ഞു ആരോ ഒരു സഹയാത്രികൻ
അവനുള്ളതാണ്,
ഈ, വഴിയിലെ
മുറിബീഡി,
വലിച്ചുതീർക്കണം ചുമച്ചു...ചുമച്ചു
മരിക്കുന്നതിന് മുന്നേ-
യെടുത്തുമാറ്റരുത്‌
സഹയാത്രികൻ
അവനുള്ളതാണ്
കൊഴിഞ്ഞുവീണ മുറിബീഡി
***********************
അവൾ നടക്കുന്ന പാതയിൽ
തന്നെ ഒടുങ്ങട്ടെ,
ഒടുങ്ങട്ടെ പ്രണയവും,
നോവുള്ള പ്രണയവും
അവസാന പുകയ്ക്കുള്ള ദാഹവും-
പേറി നടന്നൊരാത്മാവിനെ
നിമഞ്ജനം ചെയ്തൊരു വഴിയിലെ-
മുറിബീഡി.

2019 ജൂലൈ 15, തിങ്കളാഴ്‌ച

ഉറക്കമില്ലാത്തവരുടെ രാത്രികൾ


ഉറക്കമില്ലാത്തവരുടെ രാത്രികൾ 
ഇറക്കമില്ലാത്ത കടലിന്റെ -
തിരകൾ പോലെയാണ്,
നുരഞ്ഞു പതഞ്ഞു പൊന്തിയ
ഒരു മദ്യക്കുപ്പിപോലെ

കാൽവരിയിൽ മരണം കാത്തു കഴിയുന്ന
കുരിശിലേറ്റിയ സ്വപ്നങ്ങളുടെ
ഉയിർത്തെഴുന്നേൽപ്പിന്റെ-
ഞായറാഴ്ചയാണ്

മഞ്ഞുതുള്ളിയെ ശിരസ്സിലേറ്റിയ
കുഞ്ഞു പുൽനാമ്പിന്റെ
സമാധിപോലെ-
പ്രഭാതത്തിൽ നിലം പൊത്തുന്ന
കിനാവുകളാണ്, പ്രതീക്ഷകളാണ്

നിലാവത്തു വെള്ളക്കുതിരയിൽ
മന്ദമാരുതനിലാടിയാടി കുന്നിറങ്ങിവരുന്ന
അറബിക്കഥകൾ പറയുന്ന
കാമുകിയുടെ ചുടു നിശ്വാസമാണ്

ഉറക്കമില്ലാത്തവരുടെ രാത്രികൾ
രോഗികളുടെ നിലവിളികളാണ്,
മരിച്ചവരുടെ കാലൊച്ചകളാണ്,
ചൂട്ടുമായി വരുന്ന മാടനും,
ചുണ്ണാമ്പ് ചോദിച്ചെത്തുന്ന യക്ഷിയും,
ജീവനെടുക്കാൻ വരുന്ന കാലനും...
പതിയിരിക്കുന്ന കൂറ്റാംകൂറ്റിരുട്ടാണ്

2019 ജനുവരി 20, ഞായറാഴ്‌ച

പിൻവിളി .....പിന്നെ ഒരു ഉൾവിളി



വ്യപിചാരം കഴിഞ്ഞു 
ഇറങ്ങി നടക്കുമ്പോൾ 
അവൾ പിന്നിൽ നിന്നും-
വിളിച്ചു പറഞ്ഞു
കുളിച്ചു ശുദ്ധമായിപ്പോകൂ
നിങ്ങൾ പോകുന്ന വഴിക്കു
വല്ല പള്ളിയിലും -
കയറേണ്ടി വന്നാലോ!
(ഭർത്താവ് മരണപ്പെട്ടു
വീട്ടു ജോലിയ്ക്കു വന്നു
ചതിയിൽപ്പെട്ട സ്ത്രീ) 

"നീ പോകുന്ന ഇടങ്ങളിലൊക്കെ 
ഞാനുണ്ട് എന്നെ അന്വേഷിച്ചു 
നീ കുന്നുകളും, സമതലങ്ങളും, 
കാനനങ്ങളും താണ്ടുന്നതെന്തിന്"

2018 ഏപ്രിൽ 14, ശനിയാഴ്‌ച

വഴികൾ

വാതിലുകൾ തുറന്നു കിടക്കുമ്പോഴും
നാം ഒളിഞ്ഞു നോക്കുന്നു!


നന്മയുടെ പർവതങ്ങൾ, സഹാനുഭൂതിയുടെ
സമതലങ്ങൾ, ഉത്ഭവത്തിന്റെ കാനനങ്ങളും
ഒരു വിളിപ്പാടകലെ

കാഴ്ചകൾക്ക് മുഞ്ഞ ബാധിച്ചാൽ
ദൂരമേറുന്നു നാം അകലുന്നു

വാക്കുകൾ അവസാനിക്കുന്നിടത്തു നിന്നും നീ
തുടങ്ങണം അവിടെയാണ് നാമുള്ളതു
വഴി ഒന്നുതന്നെയാണ് ലക്ഷ്യമാണ്
ദൂരമളക്കുന്നതു

കാഠിന്യം നിന്റെ മനസ്സിലാണ്
വഴികൾ തെളിഞ്ഞുതന്നെയിരിക്കുന്നു

വാതിലുകൾ തുറന്നുതന്നെ കിടക്കുന്നു
എന്നിട്ടും നാം.

2018 മാർച്ച് 26, തിങ്കളാഴ്‌ച

"കാഴ്ച്ചകള്‍ക്കുമപ്പുറം"

"കാഴ്ച്ചകള്‍ക്കുമപ്പുറം"
സൂര്യന്‍ അസ്തമിക്കുന്ന
മഞ്ഞ വെളിച്ചത്തിനടുത്താണ്
സ്വര്‍ഗ്ഗം, ഒരായിരം മാലാഖമാര്‍ 
ദൈവസന്നിധിയില്‍
ഖവാലി പാടി പ്രപഞ്ച രഹസ്യത്തിലെ
ഉരുക്കഴിക്കുന്ന സംഗമസ്ഥാനം...!

രാപ്പറവ കൂടുക്കൂട്ടാന്‍ ഇണയെത്തിരയുന്നതും
കവിഭാവനയ്ക്ക് നിറം പകരാന്‍ മനസ്സ്
ഊര്‍ന്നിറങ്ങുന്നതും ദൂരെ ആകാശ ശൈലത്തിലെ
മഞ്ഞവെളിച്ചത്തിനുള്ളിലാണ്...!
റൂഹുകള്‍ പെരുന്നാളുകൂടാന്‍
ബറാഅത്ത്'രാവില്‍ ഒത്തുകൂടുന്നതും
പിറവിക്കുമുന്നെ പൊക്കിള്‍ക്കൊടി
അറുത്ത്‌മാറ്റിയ കുഞ്ഞുങ്ങള്‍
പാവക്കുട്ടിയെ തേടുന്നതും
ആ മഞ്ഞവെളിച്ചത്തിനുള്ളിലാണ്...!
വിരിയാതെപോയ പ്രണയപുഷ്പങ്ങളെ
തഴുകിത്തലോടി തൈലം പൂശുന്ന
മാലാഖമാരും
കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളെ
തഴുകിത്തലോടുന്ന ഗസ്സല്‍ ഗായകരും
അമൃത്കടയുന്നത്
ആ മഞ്ഞ വെളിച്ചതിനുള്ളിലാണ് ...!
നീ എന്നെ തിരയുന്നതും
കാറ്റെടുത്ത നിന്റെ തട്ടം ഞാന്‍
തിരയുന്നതും .........
കണ്ണുനീരില്‍ കുതിര്‍ന്നുപോയ
സുറുമ കറുത്ത ഗുല്‍മോഹര്‍ വിരിയുന്ന
പൂന്തോട്ടമാകുന്നതും .......ആ മഞ്ഞവെളിച്ചത്തിനുള്ളിലാണ് ....!

2018 ഫെബ്രുവരി 3, ശനിയാഴ്‌ച

വെളിപാടുകൾ




ചങ്ങാതീ ....ഇവിടം ശൂന്യമാണ് 
നീ തിരയുന്നതെല്ലാം ഇവിടെയ്ക്ക്
നീ തന്നെ കൊണ്ട് വരേണ്ടതാണ്....!
കാര്‍മേഘങ്ങള്‍ക്കും അപ്പുറം 
നീ തിരയുന്നതല്ലാതെ 
കാല്‍ച്ചുവട്ടില്‍ ആരും നോക്കുന്നില്ലല്ലോ,
ജന്നത്തില്‍ ഒരു ഹൂറാനിയുമില്ല....!
നിന്റെ വാരിയെല്ലില്‍ അവളുണ്ട് 
അവളെ നീതന്നെ സൃക്ഷ്ടിക്കണം, 
നരകത്തില്‍ വിറകും തീയും 
നീ തന്നെ നല്‍കണം....!
ഞാനില്ലാതെ അനേകം രാവുകള്‍ ദിനങ്ങള്‍ 
കഴിഞ്ഞുപോയതും, വരാനുള്ളതും 
ഇതിനിടയിലുള്ള "വര്‍ത്തമാനത്തില്‍"
നീ കാണാതെപോയ മനസ്സാണ് "കവി"
ഓരോ കവിയും കാലമാണ് 
നിന്റെ മുന്നിലുള്ളത് 
കവി പകര്‍ന്ന കവിതയല്ല 
നിന്റെ വര്‍ത്തമാനമാണ്!
കാലം: നീയും ഞാനും മാത്രമല്ല 
നമ്മള്‍ എന്ന് തിരുത്തിവായിക്കാന്‍ 
കഴിഞ്ഞാല്‍ അവിടെ അവസാനിക്കും 
നിന്റെ അന്വേഷണം ....!

2018 ജനുവരി 16, ചൊവ്വാഴ്ച

നിന്നോട് മാത്രം



ഈ മെഴുകുതിരി
ഉരുകിത്തീരുന്നപോലെ
ഞാനും ഉരുകിത്തീരുകയാണ്
നീ അറിയാതെപോയ 
പ്രണയമാകാം കടലിലെ നുരപോലെ
തീരത്തേയ്ക്ക് പതിയ്ക്കുന്നത്
രാവുകള്‍ നീളുന്ന വഴിയില്‍
നിലാ മഴയെല്ലാം പെയ്തു തീര്‍ന്നാലും
ഇരുട്ടിന്റെ മറപറ്റി തേങ്ങുന്ന
ചില ആത്മാക്കള്‍
നെഞ്ചുരുക്കുന്നു
ഹുബ്ബീ ......ഹുബ്ബീ .......
പറഞ്ഞുതീരാത്ത പ്രണയമേ .....
സുജൂദില്‍ ......നിന്നോട്
സ്വകാര്യം പറയാത്ത
എന്ത് പ്രണയമാണ്
ഭൂമിയില്‍ ഇനിയും അവശേഷിക്കുക...!

2018 ജനുവരി 6, ശനിയാഴ്‌ച

ഞാൻ അറിയാത്തതും നീ പറയാത്തതും (നൊസ്സു)


ഞാൻ ഉരുകിയുരുകി ഒരു ലവണമായ്
നിന്നിൽ ലയിച്ചു ഇല്ലാതായിരിക്കുന്നു, 
നീ നീയുമല്ല
ഞാൻ ഞാനുമല്ല
നമ്മൾ എന്നൊരു കണികയിലാണ്
ജലമുള്ളതു!
നശ്വരമായ പ്രണയജലം
ജീവാത്മാവുപോലെ
ജീവനും ആത്മാവും
വേർതിരിക്കുക .....
അത് നിനക്ക് സാധ്യമാകും
എനിയ്ക്കോ .....!
പ്രകാശവർഷങ്ങൾക്കും അപ്പുറം
ഊർന്നിറങ്ങുന്ന ഒരു മധുരശബ്ദം
"യാ അയ്യുഹൽ ഇൻസാൻ"
മനുഷ്യൻ എന്നൊരു സുന്ദര പദം
എന്റെ അന്വേഷണം
അവസാനിക്കുന്നത്
നീയെന്ന പരമ്പൊരുളിലാണ്
മുത്തും പവിഴവും നിറഞ്ഞ
ആഴക്കടലിലാണ്
മനുഷ്യനെന്ന മഹാസമുദ്രത്തിലാണ്
അവിടെയാണ് ഏഴു സ്വർഗ്ഗവും
നിന്റെ സിംഹാസനവും.....ഞാൻ കാണാത്ത
അനേകം പ്രണയപുഷ്പങ്ങളും

2017 ഡിസംബർ 6, ബുധനാഴ്‌ച

മുമ്പേ-പോയവർ


നീ കടന്നു പോകുന്ന
പാതയ്ക്കരികിലാണ് എന്റെ വീട്
മഴ ആടിത്തിമിർക്കുന്നതും 
വെയിൽ ശക്തി പ്രാപിക്കുന്നതും
നിഴൽ പുള്ളികുത്തുന്നതും
എന്റെ സ്വീകരണമുറിയിലാണ് !
രാവുറങ്ങുമ്പോൾ
നിഴലുറങ്ങുമ്പോൾ
രാപ്പാടിയും ഞാനും
ഇരുട്ടിന്റെ കമ്പളത്തിലൊളിപ്പിച്ച
കുളിരും
മുന്നിൽ ആരോ തെളിച്ച വഴിയേ ...
പ്രപഞ്ച സൃഷ്ടികളെല്ലാം
ഒരേ ബിന്ദുവിൽ
ആരോ ചിന്തിയ ചോരയിൽ
ദൈവത്തിനു പങ്കില്ല
വാചാലമാണ് മതങ്ങൾ
മൗനിയാണ് ദൈവം
നീ കടന്നു പോകുന്ന
പാതയ്ക്കരികിലാണ് എന്റെ വീട്
മഴ ആടിത്തിമിർക്കുന്നതും
വെയിൽ ശക്തി പ്രാപിക്കുന്നതും
നിഴൽ പുള്ളികുത്തുന്നതും
എന്റെ സ്വീകരണമുറിയിലാണ്...!
നീ തിരയുന്ന വഴികളിലൊന്നും
ഞാനില്ല, നിഴലില്ലാത്ത നീ മാത്രം...!
വെയിൽ ശക്തി പ്രാപിക്കുന്നതും
നിഴൽ പുള്ളികുത്തുന്നതും
എന്റെ സ്വീകരണമുറിയിലാണ്
വരികൾ ആവർത്തനമാണ്
മനസ്സും, നേര് നേരായപാതയിൽ
തെളിഞ്ഞുതന്നെയിരിക്കുന്നു
കാഴ്ചയാണ് പ്രശ്നം.
****************

2017 നവംബർ 19, ഞായറാഴ്‌ച

"നാം അറിയുമ്പോള്‍"


സുബഹിയ്ക്ക് മുമ്പേ ഉണര്‍ന്ന പക്ഷി
മരക്കൊമ്പില്‍ ഒറ്റയ്ക്കാണ്..!
മഞ്ഞിന് മുമ്പേ വിരിഞ്ഞ കാട്ടുപൂവും 
താഴ്വരയില്‍ ഒറ്റയ്ക്കാണ്...!
ഞാനും നിലാവും
കുറെ റൂഹുകളും
ശരീരമില്ലാത്തവരുടെ ലോകത്ത് !
കണ്ണെത്താത്ത ഇടങ്ങളില്‍
ഖല്‍ബ്
കയ്യെത്തുന്ന ദൂരത്തു ചഷകം
മുന്തിരിച്ചാറു
പിന്നെ പനിനീരിന്റെ നൈര്‍മല്യമുള്ള പ്രണയം
ഇണകള്‍ കൊക്കുരുമ്മി
ചിറകുകള്‍ കുടഞ്ഞു....!
ഇവിടെ നൊസ്സുള്ളവര്‍ക്ക് പര്‍ദീസ്സ..!
ശരീരമില്ലാത്തവര്‍ക്ക് ചിറകുകള്‍
ഹേ.....പ്രണയമേ
നീല പ്രകാശത്തില്‍ പുതഞ്ഞു കിടക്കും
നീയും,
അസ്തമയച്ചുമപ്പുള്ള ഞാനും
ഇതൊരു സംഗമസ്ഥാനമാണ് !
ഇനി രാവുകള്‍ പുലരുന്നില്ല
ഒരു മയക്കം......അനന്തമായ മയക്കം...!

"പയണം"

"പയണം"
നീ തിരയുന്ന വഴികളില്‍
ഞാനെന്ന പരമാര്‍ത്ഥം
ഓരോ അണുവിലും 
പുറത്തുനിന്നും
അകത്തേയ്ക്ക് നീ വലിച്ചെടുക്കുന്ന
പ്രാണവായുപോലെ-
നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!
നീ തിരയുന്നത് അറിവോ, അനാഥത്വമോ
സൂര്യനും, ചന്ദ്രനും മണ്ണും മരങ്ങളും -
അനാഥരല്ലോ
പിന്നെ ഞാനും
അനാഥന്‍...!
കല്ലുകൊണ്ട് ഇടിച്ചു കൊന്ന
പാതകിയും
പൊലിഞ്ഞ ജീവനും
എന്റെ സൃക്ഷ്ടികള്‍
എന്റെ ശ്വാസം
ഞാനാണ് ദൈവം
ഉയരങ്ങളിലല്ല എന്റെ സിംഹാസനം
നിന്റെ ഉള്ളിലാണ്
ചെറുകിളിയുടെ
കൂജനത്തിലും
അരുവിയുടെ കളകളാരവത്തിലും
ഞാനുണ്ട്
സൃക്ഷ്ടിയുടെ രഹസ്യം
അത് അറിയുന്നവന്‍
ആരോ അവന്‍ ദൈവം
നീ തിരയുന്ന വഴികളിലെല്ലാം
ഞാനുണ്ട്
അത് നീയാണ്
നീ നിന്നെ അറിയുന്നില്ല
പിന്നെ എന്നെ അറിയുന്നതെങ്ങനെ
പുറത്തുനിന്നും
അകത്തേയ്ക്ക് നീ വലിച്ചെടുക്കുന്ന
പ്രാണവായുപോലെ-
നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു
ഞാനെന്ന പരമാര്‍ത്ഥം.

2017 ഓഗസ്റ്റ് 30, ബുധനാഴ്‌ച

തലതിരിഞ്ഞവന്‍

രാജാവ് നഗ്നനാണ് എന്ന് തിരിച്ചരിഞ്ഞവനല്ലേ 
കല്ലുകള്‍ മുകളിലേയ്ക്കുരുട്ടി 
താഴേയ്ക് തള്ളിയിട്ടു കൈകൊട്ടിചിരിച്ചവനെ 
ഭ്രാന്തന്‍ എന്ന് വിളിച്ചത്

ഭ്രാന്തന് പട്ടം കൊടുക്കുന്നവനും 
മനുഷ്യനെ ദൈവമാക്കുന്നവനും
എന്തോ കുഴപ്പമുണ്ട്
തലതിരിഞ്ഞ മന്തും
ശൂന്യതയിലെ ഭസ്മവും.

2017 ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

"മരണം"


ചെറിയ ഇരുട്ടിനെപ്പോലും പേടിച്ചിരുന്ന
എന്റെ പ്രിയ ഇക്ക ഒരു ഭയവുമില്ലാതെ
മരണത്തെ വരിച്ചു 
വളരെ ധൈര്യ ശാലിയായിരുന്ന
പ്രിയ മാമ ഒരു ബന്ധുക്കളും കൂടെയില്ലാതെ
മരണത്തെ നേരിട്ടു
കൂടെ നടന്നവരും പുറകിൽ വന്നവരും
മരണമെന്ന മഹാസത്യത്തെ പുണർന്നവരാണ്
അക്കൂട്ടത്തിൽ ധൈര്യശാലികളും, പേടിത്തൊണ്ടന്മാരും ഉണ്ടായിരുന്നു
ഈയൊരു സത്യമാകാം
എനിയ്ക്ക് മരണത്തോട് ഭയമില്ലാതായത്
നനുത്ത മഞ്ഞുപാളികളിൽ
സൂര്യപ്രകാശമേൽക്കുമ്പോൾ
ചിന്നിച്ചിതറി ശക്തിയില്ലാതെ
അടുത്തെങ്ങോ തണുപ്പിൽ പതിക്കുന്ന
ഒരു മഞ്ഞുതുള്ളിയാണ്
മരണം.

2017 ഓഗസ്റ്റ് 5, ശനിയാഴ്‌ച

ആര് നീ ...... (ഗസ്സല്‍)


ആര് നീയെൻ പുസ്തകത്താളിൽ
നോവായുറങ്ങുന്ന താരമേ....
നീർ തുളുമ്പുമീ താഴ്‌വരയിൽ 
മേനി പൂക്കുന്നു ഓമലേ....
ആര് നീയെൻ.......
നീല മേഘങ്ങൾ ദൂത് പോകുന്ന
ഗ്രാമ വീഥിയിൽ കണ്ടു ഞാൻ 
നിൻ മിഴിക്കോണിൽ പൂത്ത ചെമ്പകം 
ചേർത്ത് വെച്ച് ഞാൻ സ്നേഹമേ ...
ആര് നീയെൻ.......
സാമഗീതങ്ങള്‍ പെയ്തിറങ്ങുമീ
പാതിരാവിലെന്‍ നീലിമേ ...
പടികടന്നു നിൻ മൊഴിമണികൾ
കുളിരല മഴ തൂകിയോ....
ആര് നീയെൻ.......
നിന്‍ ചിരിമണി വീണമീട്ടുമീ
വേനലമ്പിളിപ്പൂക്കളേ...
കാറ്റ് വന്നൊരു കാവ്യമഞ്ജരി
കാതിലോതുന്നു ജീവനേ.....
ആര് നീയെൻ.......
ഇനിയൊരു വരി കവിതയായി നീ
ഒഴുകണം എന്റെ പ്രിയംവദേ...
തലയിണയിലെ ഇരുളില്‍ ഞാനെന്റെ
മുഖമൊളിക്കുന്നു മധുരിമേ....
ആര് നീയെൻ.......

2017 മാർച്ച് 16, വ്യാഴാഴ്‌ച

"ശബ്ദമില്ലാത്തവർ"


ഇതൊരു വഴിയാണ്
ഉറുമ്പുകളുടെ വഴി
ഉറക്കമില്ലാത്തവരുടെ ദേശമാണ് മുന്നിൽ
കണ്ണുകൾ കൂമ്പി
ഖൽബുകൾ പ്രേമഭാരത്താൽ വിതുമ്പി
മഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന-
താഴ്വരയിൽ, കുന്നുകളിൽ
പുൽമേടുകളിൽ
അലിഞ്ഞലിഞ്ഞു അനന്തതയിൽ
ലയിച്ചു ചേരുന്നവരുടെ വഴി
പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളും
ഒന്നാകുന്ന പാത
അങ്ങ് ദൂരെ നാല് ദിക്കുകൾക്കും അപ്പുറം
വെയിലേൽക്കാതെ തണുപ്പേൽക്കാതെ
തണലിൽ വളർന്ന ഒലിവു മരത്തിന്റെ
ചുവട്ടിൽ ...
ബക്കയുടെ
 വെളിച്ചം പരത്തുന്ന
തൂവെള്ള ഇഹ്‌റാമുകളിൽ
ത്വവാഫ്'കളിൽ
ലബ്ബയ്ക്ക പാടുന്ന വഴികളിൽ
ദാസനും, മാലിക്കും
ഒന്നാകുന്നു
ഫജറിൽ വെളിവാകുന്ന തൂവെള്ള
തേന്തുള്ളിയിൽ കുളിച്ചു
പുലരിയുടെ സിന്ദൂര പുടവയും
ചൂടി പകുതി മയക്കത്തിന്റെ
ആലസ്യത്തിൽ വേർപിരിയുന്ന
മിഥുനങ്ങൾ
വീണ്ടും വേറൊരു ലോകത്തു
സമുദ്രത്തിന്റെ അടിത്തട്ടിൽ
താഴ്വരകളിൽ കുന്നുകളിൽ
ഇഹ്‌റാമുകളിൽ
നാഥാ ...അനാഥമായ ഭൂമിയും,
ജീവജാലങ്ങളും, നീയും .....
ഞാൻ എന്നേ നാട് നീങ്ങിയവൻ.

2017 മാർച്ച് 13, തിങ്കളാഴ്‌ച

സ്മൃതി

സ്മൃതി
******
ഒരു മരക്കൊമ്പിൽ
ഒരു നീട്ടിയ കുറുകലില്
തസ്ബീഹ്,
തസ്ബീഹ് ചൊല്ലുന്ന പക്ഷി.


ഒറ്റമരവും ഒരായിരം പക്ഷികളും
കുറെ ഇലകളും നിഴലും, നിഴലില്ലാ-
യിരുട്ടും തസ്ബീഹ്, തസ്ബീഹ്...

മരം, പക്ഷി ഇലകൾ
കൂടെ മലക്കുകളും.
ഇനി രാത്രി:
മുകളിലെ കൊമ്പും,
ഒറ്റമരവും, പക്ഷികളും, മരക്കുട്ടികളും
മലക്കില്ല!

ഇരുട്ടും, നീറുന്ന ആകാശവും,
മഞ്ഞുതുള്ളിയും, വെളിച്ചവും,
ഒരു മുസല്ല-അലിയുന്ന മനസ്സും
ഉരുകുന്ന കരളും!

ഇരുട്ടിൽ:
പ്രകാശത്തെ തേടുന്ന ഞാനും
കുറെ അരൂപികളായ പാട്ടുകാരും
കമിതാക്കളും!

ഞാന്‍ കാണുന്നുമില്ല,
നീ ദർശിക്കുന്നുണ്ട്!

മനുഷ്യരും, മരങ്ങളും,
മറ്റനേകം ജീവജാലങ്ങളും,
എല്ലാ മനസ്കളും, കണ്ണും ഒരേ ദിശയിലേക്കു
പ്രാർത്ഥനയുടെ... പ്രതീക്ഷയുടെ....
ജന്മോദ്ദേശത്തിന്റെ നേർരേഖയിൽ
വിലയം പ്രാപിച്ചവർ.

നോട്ട്: വെളിച്ചത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്ന
നിന്നെ ഞാൻ അന്വേഷിക്കുന്നില്ല,
ദൂരെനിന്നു ദര്‍ശിച്ചു നീ തിരികെ പോകണം
ഇത് നിനക്കുള്ളതല്ല, നാം‍ നീ പറയുന്ന
സൂഫി കവിയുമല്ല ഭ്രാന്തനുമല്ല, മതം എന്റെ
ജീവാത്മാവാണ് അത് മനുഷ്യനെന്ന-
മതമാണ്‌ അതില്‍ നീ പുതയ്ക്കുന്ന കൌപീനം
ഞാന്‍ ഉപയോഗിക്കാറില്ല.
****************************
-നൗഷാദ് പൂച്ചക്കണ്ണന്‍-

2017 മാർച്ച് 7, ചൊവ്വാഴ്ച

കല്ല്"


ഈ നെഞ്ചിൻകൂട്ടിൽ
ഒരു കല്ലുണ്ടു
പാപഭാരം ചുവന്നു ...ചുവന്നു
കറുത്തുപോയൊരു -
കല്ലല്ല

ഇബ്‌റാഹീം നബി
മകനെ ബലികൊടുക്കാൻ-
പോകുമ്പോൾ
ചെകുത്താനെയെറിഞ്ഞ -
കല്ലല്ല,

ജാഹിലിയാക്കാലത്തു
പെൺ കുഞ്ഞിനെ കൊല്ലാൻ
സ്വന്തം ഉപ്പയെടുത്ത -
കല്ലല്ല

നമ്മുടെ മുത്തുനബി
മൂന്നു ഗോത്ര തർക്കം
പരിഹരിച്ച
സുബർക്കത്തിലെ -
കല്ലല്ല

ഖലീഫാ ഉമർ ഫാറൂഖ്
പറഞ്ഞൊരു കല്ലുണ്ടു
വെറും കല്ല്, ഒന്നിനും
കഴിവില്ലാത്ത
ഒരു കല്ല്
ആ കല്ലാണ് ഈ
നെഞ്ചിൻകൂട്ടിൽ.

2017 ഫെബ്രുവരി 18, ശനിയാഴ്‌ച

"ആത്മാക്കള്‍"


ഒരു വടി വേണം
ഗ്രഹണസമയത്ത്
ചന്ദ്രനെ വിഴുങ്ങുന്ന പാമ്പിന്റെ
മണ്ടയ്ക്ക് കൊട്ടാന്‍
ഫക്കീറിന്റെ കുപ്പായംകൊണ്ട്
ചന്ദ്രനെ തേച്ചുമിനുക്കി
ബോധിവൃക്ഷത്തില്‍ തൂക്കണം

പീടികത്തിണ്ണയില്‍ മരിച്ചുവീണ
എനിക്കും നിനക്കുമിടയില്‍
ഒരു നൂറ്റാണ്ടിന്റെ ദൂരമുണ്ട്
ശബ്ദമില്ലാത്തവരുടെ ലോകത്ത്
മൂന്നാം കണ്ണ്
മഞ്ഞവെളിച്ചത്തില്‍
തസ്ബീഹു ചൊല്ലുന്ന ചകോരി,
നിമഞ്ജനം ചെയ്തു അസ്ഥികള്‍
നദികളില്‍ തീര്‍ഥാടനം നടത്തി
മോക്ഷപ്രാപ്തിയ്ക്കായ് ക്യൂവിലാണ്
രണ്ടും ആത്മാക്കള്‍

2017 ഫെബ്രുവരി 1, ബുധനാഴ്‌ച

രാത്രികൾ പ്രകാശമാകുമ്പോൾ"


നീ ഉറങ്ങുന്നില്ല
നാലാറിൽ കുളിച്ചു
നാമൂസു പറയുന്നു ഞാൻ 
നായകാ ഞാനും ഉറങ്ങുന്നില്ല
പരമമാണ് പലരാവുകളും
പതം പറഞ്ഞു പദം പറഞ്ഞു
പുലരാതെ വെള്ളി പുതച്ചു
പൂക്കളും പുലരിയും നമ്മളും ....നമ്മളും
മൗലാ......മൗലാ......മാലിഖ്,
മൗനത്തിലാണ് മജ്‌നൂൻ ......ഹേ..., മൗലാ ...
മണ്ണിന്റെ കൂടിനെ അലിഫ് കൊണ്ട് പൂട്ടി ...
മണ്ണിൽ ഒടുങ്ങുന്നു ഉടൽ, ഉയിർ .....മൗലാ.......
മൗനത്തിലാണ് മജ്‌നൂൻ ബർസഖിൽ
ആ-യിൽ ഒരു പായ് അതിൽ ഇൻസ്സ്
അകിലം അറിന്തോനേ, അഖിലം
അലയുന്നു അനാഥൻ ഞാൻ, പിന്നെ
അനാഥൻ നീയും......, ഉരുകുന്നു
അലിയുന്നു നിന്നിൽ 'മാത്രം'
നീ ഉറങ്ങുന്നില്ല
നാലാറിൽ കുളിച്ചു
നാമൂസു പറയുന്നു ഞാൻ
നായകാ ഞാനും ഉറങ്ങുന്നില്ല















"കറങ്ങുന്ന ഭൂമിയിൽ ഞാനും
അനന്തമായ കറക്കം പിന്നെ ശൂന്യത
ഒന്നുമില്ലായ്മയിൽ ഒക്കെയും നിറച്ച നിന്റെ ഹിക്മത്തു
എന്റെ നൊസ്സും"

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...