2015 നവംബർ 7, ശനിയാഴ്‌ച

"നേയാർത്ഥം"

"നേയാർത്ഥം"

പ്രകാശമേ ......നീ തെളിച്ച
വഴിയിൽ ഞാൻ ഏറ്റവും
പിന്നിലാണ് ...
നിന്റെ കടക്കണ്ണിലെ-നീല
വൈദ്ധൂര്യക്കല്ലിലാണ് -എന്റെ
പ്രണയം ഉറങ്ങുന്നത്
പ്രപഞ്ച രഹസ്യങ്ങളുടെ-
തടവറയിൽ ഞാൻ -എന്നെ
തിരയുകയാണ്


ഈ ഹൃദയത്തിൽ ലഹരിയ്ക്ക്
സ്ഥാനമില്ല
ചോരയുറഞ്ഞ്‌ നീല... കടും-
നീല നിറത്തിൽ കടലുപോലെ
അഗാഥമായ.....പ്രണയം.

പതിന്നാലാണ്ടുകൾ കായ്ക്കാതെ
പൂക്കാതെ ഒടുവിൽ എന്നോട്
സ്നേഹമറിയിച്ച് ഒരു മാമ്പഴം
തന്ന് അടുത്ത വേനലിന് -കാത്ത്
നില്ക്കാതെ തൊടിയിൽ
ദു:ഖം പടർത്തി അരങ്ങൊഴിഞ്ഞ
മഹാ വൃക്ഷമേ ....പ്രണയത്തിൽ
പങ്ക് നിനക്കും

മഞ്ഞുറയുന്ന യാമത്തിൽ
എന്നോട് കിന്നാരം പറയുന്ന
എല്ലാ രഹസ്യങ്ങളുടെയും
ഉടയവനെ
എന്നെ ഞാൻ തിരയുന്നത്
നിന്നിലാണ് ......

മുകളിൽ മറതീർത്ത് ഇരുട്ട് ....
.....വലത് കവിൾ
മണ്ണോട് ചേർത്ത് കമിന്ന് -
കിടന്ന് ഞാൻ തേങ്ങുകയാണ്
ഉള്ളിൽ എടുത്ത ശ്വാസം-പുറത്തേയ്ക്ക്
പോകാതെ നെഞ്ചിൽ...... കൈ അത്
ചലിയ്ക്കാതെ എന്നെവിട്ട് ആരോ
വരിഞ്ഞുകെട്ടി .......


കൂട്ടുകാരാ നിനക്ക്‌ വിട
തുടരരുത് എന്നെ ......

ഞാൻ ഒറ്റയ്ക്കാണ് ...
മണ്ണിന്റെ മണം ....എന്നെ
ലഹരി പിടിപ്പിക്കുന്നു
ഞാനും ...നീയും ...മണ്ണാണ്
വെറും മണ്ണ് ......
നിത്യാനിത്യം ....ഇനിയാണ്

ന്യായദർശനം ....കാത്ത്
പൂഴിയിൽ ഉറങ്ങുകയാണ് -ഞാൻ
ഉന്മാദം .......ധ്യാനം .......
ഈ തടാകത്തിൽ കൊടിയ തണുപ്പാണ്
പരിസ്യന്ദം തടയപ്പെട്ട് ......
കിനാവുകൾ പൂക്കുന്ന
അസ്തമന സൂര്യന്റെ കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശത്തിലും
അകലെ ഒലിവ്'മരച്ചില്ലയിലെ
നീല പ്രകാശമേ ......
ഈ പ്രണയം ....നിനക്ക്
അവകാശപ്പെട്ടതാണ്

എടുക്കുക ........മതിയാകുവോളം
ഇതിൽ മറ്റാർക്കും അവകാശമില്ല....


ഒസ്യത്ത് : ഒരു രാവിൻറെ, പിന്നെ....
പകലിന്റെ ....നീളമാണ്
എന്റെ യാത്ര ....കൊടുത്തതും,
വാങ്ങിയതും,കടം.

2015 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

"ചില്ല് "

"ചില്ല് "

നാം നടന്ന വഴികളിൽ - പിൻ
വിളി കേൾക്കില്ല, വീണ്ടും തളിർക്കില്ല
മലരുകൾ
നീ നടന്ന വഴികളിൽ തിരയുന്നു - ഞാനെൻ
ബാല്യവും, കൗമാരവും
പെയ്തൊഴിഞ്ഞ തൊടികളിൽ
മാനം കണ്ട മയിൽപീലികൾ - പെറ്റ
ചാപിള്ളകൾ - തുമ്പയായ്
അശോകമായ് പുനർജനിക്കുന്നില്ല - സഖേ
എങ്കിലും നീ കോറിയ നഖചിത്രങ്ങൾ
പേറുന്ന - കൊണ്ടാകാം നീറുന്നു
മണ്ണും,മനസ്സും

മുന്നിൽ ഇരുട്ടും, ആഴിയും
പിന്നിൽ ഞാനില്ല തുടരുന്ന യാത്രയിൽ
വെള്ളിമേഘങ്ങൾ വിളിക്കുന്ന പാതയി-
ലൊരു പഞ്ഞിപോല് ഞാനും
സന്ധ്യയിൽ ചോരതുപ്പി -
യിരുട്ടിനെ പ്രാപിച്ച പ്രണയവും.

2015 ഒക്‌ടോബർ 4, ഞായറാഴ്‌ച

ഒരു ജാതി ..........,

ഒരു ജാതി ..........,

കാമത്തിന് ജാതിയില്ല,
തീണ്ടലുമില്ല
പിന്നെ കണ്ണും ഇല്ല
അതോണ്ടല്ലേ
അവൾക്ക് വയറ്റിലുണ്ടായത്

കുട്ടിയ്ക്ക് ജാതിയുണ്ട്
അമ്മേന്റെ ജാതി
അച്ഛനോ ........അച്ഛന് ...അച്ഛന് ...
ജാതിയില്ല,
തീണ്ടലുമില്ല
പിന്നെ കണ്ണും ഇല്ല

2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഇന്ന് വയോജനദിനം

ഇന്ന് വയോജനദിനം
മദ്രസയിൽ ഓതി പഠിച്ചതൊക്കെ
ഉപ്പ മറന്നു എന്നെ പഠിക്കാത്തതിനു
ശകാരിച്ച ഉപ്പ
ഇന്ന് ഉപ്പയെ ഞാൻ നേർവഴിക്ക് നടക്കാൻ
ഉപദേശിക്കുന്നു
ജുമാനമസ്ക്കാരം കഴിഞ്ഞ്
വീട്ടിൽ വിളിച്ചപ്പോൾ
ഉമ്മ പറയ്യാണ്‌
"ഉപ്പ നമസ്ക്കരിക്കാനും മറന്നു മോനെ..,
ഇനി അതൊക്കെ ഇനി എങ്ങനാണ്
ഉപ്പയെ ഒന്ന് പഠിപ്പിക്കുക!
എന്റെ മോൻ മുഹമ്മദിന്റെ പരാതി
"വല്യുപ്പ നാരങ്ങാ മിട്ടായി വാങ്ങി കൊടുക്കാത്തതിന്
വഴക്ക് പറയാറുണ്ടത്രേ"
എന്റെ റബ്ബിൽ ആലമീനെ
നിന്റെ ദുനിയാവ്
നിന്റെ ഹിക്കുമത്ത്
ഈ ബുദ്ധിയുറയ്ക്കാത്ത മക്കളെ
കാത്തോളണെ.

"കടി"

"കടി"
കവിതകൾ ചെത്തിമിനുക്കാനുള്ള
പേന കൂർപ്പിക്കുമ്പോൾ
ഒത്തുവരുന്നില്ല
വാക്കും, വരകളും

മിത്തുകൾ തേടി പുതപ്പിനുള്ളിൽ
തപ്പിനോക്കുന്നു
ഇരുട്ടിനെ പുതച്ച്
കർമ്മങ്ങൾ ശൂന്യതയിൽ

കാമം കരഞ്ഞു തീർക്കുന്ന
വരികളിൽ
തൂങ്ങുന്ന കവികൾ
ശുക്ല'പ്പശ ചേർത്ത്
തുപ്പുന്നു മോന്തയിൽ

കിടപ്പറയിലെ മുറുമുറുപ്പുകൾ
കവിതയാക്കുന്നു
തരുണികൾ
കിടന്നുകിട്ടിയ കുഞ്ഞിനെ
തെരുവിലാക്കുന്നു ലീലകൾ

അറിവ് അമ്മയാണ്
അകിലവും
അലിവ് പറയുന്നു - പിന്നെ
എഴുതുന്നു, കണ്ണുനീരിൽ
കുതിരുന്നു
കവിതകൾ-അല്ല
വെറും കടി.

2015 സെപ്റ്റംബർ 27, ഞായറാഴ്‌ച

"ഇദ്ദ"

"ഇദ്ദ"

ഭർത്താവ് മരിച്ചിട്ട്
ഇന്നേയ്ക്ക് നാല്പതാംനാൾ
അതെന്താ നമ്മുടെ മത
നിയമം അനുസരിച്ച്
*ഇദ്ദ കാലാവധി നൂറ്റി മുപ്പതു
നാളുകളാണെല്ലോ
എന്നിട്ട് ഇവർക്ക് അതുവരെ
തികയ്ക്കാൻ പാടില്ലായിരുന്നോ

അതെ, അവർക്ക് സുഖമില്ല
അതുമല്ല അവരെ നോക്കാൻ
വീട്ടിൽ മറ്റാരുമില്ല അവരുടെ
ആവശ്യത്തിനു അവരുതന്നെ
പോകണ്ടേ

മയ്യത്ത് പള്ളിക്കാട്ടിലെയ്ക്ക്
എടുത്താൽ പിന്നെ മൂന്ന് ,ഏഴ് തീർന്നു
ബിരിയാണി തിന്ന് കുറ്റം പറഞ്ഞ്
ബന്ധുക്കളും, കൊടുത്ത കാശ് കുറഞ്ഞുപോയ
പരാതി പറഞ്ഞ് ഉസ്താദുമാരും പടിയിറങ്ങിയാൽ
ഇദ്ദയിരിക്കുന്നവരെ ആരാ നോക്കുക
പ്രത്യേകിച്ച് കുട്ടികളൊന്നും
ഇല്ലാത്തോരെ......


സന്ധ്യയ്ക്ക് ബഹളം കേട്ട്
മുറ്റത്തിറങ്ങുമ്പോൾ
കൂടിനില്ക്കുന്ന ആളുകൾ
പറയുന്നത് കേട്ടു
കെട്ടിയോൻ കട്ടിലൊഴിയുന്നതും കാത്തിരുന്നു
ഒരുമ്പെട്ടോൾ .....
നാട് മുടിയ്ക്കാൻ,
സമുദായത്തെ മാനംകെടുത്താൻ
അതുമല്ല അന്യ സമുദായക്കാരനൊപ്പം


പാവം.... കഴിഞ്ഞ കുറെനാൾ
പച്ചവെള്ളം മാത്രമാണ്
അവർ കഴിച്ചിരുന്നെന്നു
അവരുടെ വയറിന് മാത്രമേ
അറിയുമായിരുന്നുള്ളൂ
വിശപ്പിന് മതം അറിയുമായിരുന്നില്ല
മാനത്തിന് സ്വന്തം സമുദായത്തെയും

*ഇദ്ദ ഭര്‍ത്താവിന്റെ മരണം കാരണം നിര്‍ബന്ധമാകുന്ന കാത്തിരിപ്പ് (ദീക്ഷാ)

2015 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

മതവും, ദൈവവും,പിന്നെ നിയമവും

മതവും, ദൈവവും,പിന്നെ നിയമവും

മതങ്ങളിലാണ് ദൈവമുള്ളത്
മത ഗ്രന്ഥങ്ങളിലാണ് നിയമമുള്ളത്
നിയമവും, ദൈവവും എവിടെയുണ്ടോ
അവിടെയാണ് സ്പർദകൾ വളരുന്നത്‌
മത'സ്പർദ!
ദൈവം പ്രകാശമാണ് എന്ന തിരിച്ചറിവ്
ആര് നേടുന്നോ അവനും ദൈവവും
ഒന്നാകും
പിന്നെ അവന്റെ നോട്ടം കരുണയാകും
ഗ്രന്ഥം: പാരായണം ചെയ്യാനുള്ളതല്ല
പഠിക്കാനുള്ളതാണ്
ജീവിക്കാനുള്ള മാർഗ്ഗരേഖ...,
മരിച്ചവന്റെ ചുറ്റും, ശിലയുടെ മുന്നിലും
ഗ്രന്ഥ പാരായണം പൊറുക്കാവുന്നതല്ല
ലോകത്തിൽ മതങ്ങളില്ല
നിയമങ്ങളാണുള്ളത്
മതിലുകൾ വേട്ടമൃഗങ്ങളെ
മെരുക്കാനുള്ള ഇടങ്ങൾ മാത്രം
നിയമങ്ങൾ: ആരുണ്ടാക്കിയോ
അവനാണ് തെറ്റുകൾ സൃഷ്ടിച്ചത്
അതുവരെ എല്ലാം ശെരിയായിരുന്നു
ഗുരു: അറിവാണോ? എങ്കിൽ
അറിവില്ലായ്മ അതും ഗുരുവല്ലെ!
പുതിയത് ഉണ്ടാകാതെ പഴയത്
ഉണ്ടാകുമോ
മതങ്ങൾ മിതത്വം പാലിക്കുക
മനുഷ്യർ ജീവിയ്ക്കട്ടെ
അറിവുകൾ.....അറിവുകൾ മാത്രം
അറിയാത്തതാണ്‌ അറിവ്.

2015 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

വീണപൂവ്

വീണപൂവ്
മിഴിപൂട്ടി ഞാനിന്നുറക്കമല്ലേ -സഖീ
മൊഴിയൊന്നുമില്ലാതെ പോകയല്ലേ
ഇനിയുമീ വഴിയിൽ എൻ നിഴലില്ല
കനവിലും,നിനവിലും, കവിതയില്ല

കമലേ നീ ചൊരിയുന്ന അശ്രുപുശ്പങ്ങളെ
കവിളത്ത് ചേർത്ത് ഞാൻ പോകയല്ലേ
കരയെല്ലേ കരളേ നീ എന്നൊന്ന്- ചൊല്ലുവാൻ
കഴിയാതെ ഞാനിന്നുറക്കമല്ലേ

ഇനിയില്ല ദൂരമീ വഴിയോര പാതയിൽ
തനിയേ നടക്കുവാൻ നേരമായി -നിൻ
 മുഖമൊന്നു ചേർത്തെന്റെ മുഖമാകെ മൂടുക
പാഥേയം അതുമതി പാരിടത്തിൽ

കടൽപോലെ പ്രാണന്റെ തിര കുത്തിയൊഴുകുന്ന-നിൻ
ചുടുശ്വാസ മലരൊന്ന് ചേർത്തിടട്ടെ
ഒടുവിലെൻ കാഴ്ചയും,കനവും ഉപേക്ഷിച്ച്
ചുടലയിൽ ചേർന്ന് ലയിച്ചിടട്ടെ.

2015 സെപ്റ്റംബർ 13, ഞായറാഴ്‌ച

"പുലയാട്ടം"

"പുലയാട്ടം"

കറ്റവിളഞ്ഞ് നടുവൊടിഞ്ഞ് -മുഖം
പറെറ ചേറിനാൽ പുള്ളിതൊട്ട്
പൊൻകതിർ കാറ്റിൻെറ-തോളിലേറി
പറമേളം മുടിയഴിച്ചാട്ടമാടി

കണ്മഷി നീട്ടി വരച്ചു പെണ്ണ് -ചെറു
അമ്പിളി വട്ടത്തിൽ പൊട്ട്തൊട്ട്
നീളൻ കരമുണ്ട് മേനിതൊട്ട്
നാണം കവിളത്ത് പീലിനട്ട്

പാടത്ത് കൊയ്ത്തിന്റെ കേളികൊട്ട്
മേടത്തിൽ പെണ്ണിന്റെ താലികെട്ട്
കാൽനഖം വൃത്തത്തിൽ കോലമിട്ടു
കണ്മുന തെക്കോട്ട്‌ റോന്തുമിട്ടു

കൈതപ്പൂ കാതോല താളമിട്ടു
കൈക്കൂട പൂകെട്ടി മാലയിട്ടു
കൈവെള്ള മരുതാണി ചായമിട്ടു
കൈവള മേളക്കൊഴുപ്പുമിട്ടു

ആശകൾ മൂശയിൽ വെന്തുവന്നു
ആഹാരമില്ലാത്ത രാവ് തന്നു
ആനന്ദ നാളുകൾ ആര് തന്നു
ആരോ കവർന്നിട്ട് നോവ്‌ തന്നു

കണ്മഷി മാറത്ത് കോലമിട്ടു
കാലം പെരുമഴ ചാലുമിട്ടു
പാടം പതിരുകൾ ചേർത്ത് വെച്ച്
പാടാം പഴങ്കഥ കോർത്ത്‌ വെച്ച് .

2015 സെപ്റ്റംബർ 9, ബുധനാഴ്‌ച

"ഹൂറാനികളുടെ മുത്തുകൾ"

"ഹൂറാനികളുടെ മുത്തുകൾ"


പിറവിക്കുമുന്നെ കത്തിമുനയിൽ-വേരറ്റു
പോകുന്ന പനിനീർ പുഷ്പങ്ങൾ
അഴുക്കുചാലിൽ കമിഴ്ന്ന് കിടന്ന്
തേങ്ങുന്നത് വിധിയെ ഓർത്തായിരിക്കും


ശപിക്കുന്നത്‌ തനിക്കുവേണ്ടി-
ചുരത്താതെപോയ മാറിടത്തെയായിരിക്കും

പിടയ്ക്കുന്നത്‌ ഒരിറ്റ്‌ സ്നേഹത്തിന് -
വേണ്ടിയായിരിക്കും

കൊതിക്കുന്നത് ഉമ്മയുടെ
താരാട്ടിനായിരിക്കും

തുടിക്കുന്നത് ഉപ്പയുടെ-
വാത്സല്യത്തിനായിരിക്കും

ചിനുങ്ങുന്നത് കിട്ടാതെപോയ
മഞ്ഞക്കുപ്പായത്തെ ഓർത്തായിരിക്കും

പിറവിക്കുമുന്നെ കത്തിമുനയിൽ-വേരറ്റു
പോകുന്ന പനിനീർ പുഷ്പങ്ങൾ-ചിരിക്കുന്നത്
ജന്നത്തിലെ ഹൂർലീങ്ങളുടെ വയറ്റിൽ-
പുനർജ്ജനിക്കുന്നതോർത്തായിരിക്കും.

2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഇത്ഖ്:


ഇത്ഖ്:

പക്ഷി കരയുന്നു
ഒരു പക്ഷി കരയുന്നു
കരയിൽ കാലം പിടയുന്നു
കവിളിൽ നീരുകൾ, നീരിൻ ചാലുകൾ
കഥ, കദനം:

വിട ലോകമേ......വിട-പറയുവാൻ
കടമാണ് ജീവിതം, പിന്നെ-
ആരോട് വിട പറയണം
കടം വാങ്ങിയ ജന്മത്തിനും,
ചേക്കേറിയ കൂടിനും

തിര കവരുന്നു കര
കാല് വഴി ...ഒടുക്കം , ഇതാണ് -
തുടക്കവും
മാറിയൊഴുകുന്ന നദിയിൽ- ജീവിത
ചരടുകൾ കോർക്കുന്നു കാലം

ചീവിടിൻ തേങ്ങലിൽ -കർണ്ണം
തകരുന്നു, കവികൾ മൗനം:
തിരിഞ്ഞു നോക്കുന്നു കാലം
വിലാപം, വിധി

വികൃതിയാണ് -ഞാനും എന്റെ
വികൃതമായ തികട്ടലും
കരയുകയാണ് ദൈവവും-പിന്നെ
ഞാനും, അനാഥനാണ് -ഞാനും
പിന്നെ ദൈവവും

വളരുന്നു നിഴലുകൾ-മുന്നിൽ
ഞാനും, നമ്മളും:
ഇത് കഥയാണ് ,വെറും കഥ:
പിന്നെ-പതം പറച്ചിലും.

2015 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

"നെഞ്ചുരുക്കം"


"നെഞ്ചുരുക്കം"

'ഐലൻ' ഉറങ്ങുക നീ ...
ഒരായിരം മാലാഖമാർ
കൈയ്യിൽ കരുതിയ
കളിപ്പാട്ടവുമായി
കാത്തിരിക്കുന്നു നിന്നെ...

അതിരുകളില്ലാത്ത,
കമ്പിവേലികളില്ലാത്ത
കമനീയ ഗൃഹത്തിൽ
മർഹബ പാടുന്നു
ഖമറും, നുജൂമും

മകനേ .....,മാപ്പ്
കണ്ണുനീര് കൊണ്ട് ഞാൻ
നിൻ പാദം കഴുകുന്നു
പാപിയാണ്
ഞാനും പിന്നെ
ഞാൻ പാർക്കുന്ന ലോകവും

ഒരു കനി തിന്ന പാപത്തിന്
ദൈവം മനുഷ്യനായ്
പിറന്ന് കുരിശു വരിച്ചെങ്കിൽ
നിനക്ക് അഭയം തരാത്ത
ഈ ലോകത്തിന്റെ
പാപഭാരം
ആര് ചുമക്കും!!!
ആര് കുരിശു വരിക്കും

മാപ്പ് .....മാപ്പ്.....
ഞങ്ങളും ഒരു യാത്രയുടെ
ഒരുക്കത്തിലാണ് .....
മരണമെന്ന യാത്രയുടെ.
ഇൻഷാ-അല്ലാഹ് :

(ഖമറും, നുജൂമും= ചന്ദ്രനും,നക്ഷത്രങ്ങളും)

2015 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

"ദൈവത്തെ അന്വേഷിക്കരുത്"

"ദൈവത്തെ അന്വേഷിക്കരുത്"
ശീതീകരിച്ച മുറികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

മാർബിൾ പാകിയ തറകളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

മദ്യം മണക്കുന്ന വഴികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

എഴുതപ്പെട്ട വേദങ്ങളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

കല്ലിലും, മണ്ണിലും മരത്തിലും നീ
ദൈവത്തെ അന്വേഷിക്കരുത്

ദൈവ ദൂതന്മാരുടെ വഴികളിൽ നീ
ദൈവത്തെ അന്വേഷിക്കരുത്

പള്ളികളിലും,അമ്പലങ്ങളിലും നീ
ദൈവത്തെ അന്വേഷിക്കരുത്

മതങ്ങളുടെ എഴയലത്തും നീ
ദൈവത്തെ അന്വേഷിക്കരുത്
അച്ഛന്റെ ഹൃദയത്തിലാണ്
ദൈവമുള്ളത്‌

അമ്മയുടെ വാത്സല്യത്തിലാണ്
ദൈവമുള്ളത്‌

അനാഥരുടെ പ്രാർത്ഥനകളിലാണ്
ദൈവമുള്ളത്‌

വൃദ്ധസദനത്തിന്റെ ചുവരുകളിലാണ്
ദൈവമുള്ളത്‌

കുട്ടികളുടെ ചിരികളിലാണ്
ദൈവമുള്ളത്‌

വിശക്കുന്നവന്റെ കണ്ണുനീരിലാണ്
ദൈവമുള്ളത്‌

ആശുപത്രികളുടെ വരാന്തകളിലാണ്
ദൈവമുള്ളത്‌.

നൗഷാദ് പൂച്ചക്കണ്ണൻ

2015 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

ഖബറുകളിലുള്ളത്

"ഖബറുകളിലുള്ളത് "
ഖബറുകളിലുള്ളത്
മാതാവിൻറെ പേറ്റ്നോവാണ്
പിതാവിന്റെ വാത്സല്യമാണ്

ഖബറുകളിലുള്ളത്
ഉറ്റവരുടെ പാഥേയമാണ്
മിത്രങ്ങളുടെ കണ്ണുനീരാണ്

ഖബറുകളിലുള്ളത്
മക്കളുടെ വിലാപമാണ്‌
പ്രിയയുടെ അന്ത്യ'ചുംബനമാണ്

ഖബറുകളിലുള്ളത്
കടമെടുത്ത അസ്തികളാണ്
കടലെടുത്ത കിനാവുകളാണ്

ഖബറുകളിലുള്ളത്
മടങ്ങിവരാത്ത സത്യമാണ്
മറന്ന്പോയ കുപ്പായമാണ്.

2015 ജൂലൈ 15, ബുധനാഴ്‌ച

എന്റെ പ്രണയം ഒരു യാത്രയാണ്
ഒഴുകി ...ഒഴുകി .......നിന്നിലേയ്ക്ക് എത്താനുള്ള
ഒരു യാത്ര .................ഈ യാത്ര പലപ്പോഴും
ലക്ഷ്യസ്ഥാനത്ത് എത്താറില്ല
വഴിയിൽ വേർപിരിയുന്ന നദികളുടെ കൈവഴികളിൽ
അലിഞ്ഞലിഞ്ഞ് .................ഉടലുകൾ
നഷ്ടമായ ആത്മാക്കളുടെ യാത്ര !!!

2014 ജൂൺ 11, ബുധനാഴ്‌ച

ദൈവവും മനുഷ്യനും



വന്നാന്‍ ഒരുത്തന്‍ വിമാനമേറി
പൊന്നാംഅവളോ കടന്നുരേഖ
ചൊന്നാന്‍അവന്‍ തോനമന്ത്രംഅപ്പോള്‍
ഏറ്റിക്കൊണ്ടാന്‍ അവളെ വിമാനമൊന്നില്‍

പെണ്ണാം അവളോ മറന്നുപോയി -തന്റെ
പ്രാണനാം പതിപോയി മാന്‍പിടിപ്പാന്‍
ആണാംമനുജനോ ഓര്‍ത്തതില്ല
തന്റെ ജേഷ്ട്ടന്‍മൊഴിഞ്ഞുള്ള കാര്യമപ്പോള്‍

രാക്ഷസന്‍ മോഹിച്ച കാട്ട്പെണ്ണേ
നിന്റെവീടങ്ങ്‌ ജനകന്റെ കൊട്ടാരമോ
എന്തിനുനീയീവിമാനമേറി
തെല്ല്മന്ത്രത്തില്‍നീയങ്ങുവീണുപോയോ

കടലുകള്‍താണ്ടിപറന്നുചെന്ന്-പെണ്ണെ
നേരേഇറക്കിനാന്‍കോട്ടതന്നില്‍
കാവലോവെച്ചവന്‍ കൂട്ടമായി
തോഴികളായിരം വേറയായി
ആളെയുംകൂട്ടിക്കടന്നുചെന്നു
തീര്‍ത്തവന്‍ നല്ലോരുപാലംഅപ്പോള്‍
കണ്ടാന്‍അവന്തലപത്തുംഅപ്പോള്‍
ഉടന്‍ക്കൊന്നാനവന്റെ ശിരസ്സ്‌അറുത്തു

പെണ്ണാം അവളെയും കണ്ടെടുത്തു
ചെന്നാനവനോ പിറന്നിടത്ത്
മാലോകരൊക്കയും ചൊല്ലിയപ്പോള്‍
കേട്തീര്‍ക്കണം നീയോ തീകടന്ന്

അഗ്നിപരീക്ഷ കടന്ന്‌പെണ്ണ്‌
ചങ്ക്പൊട്ടിപ്പറഞ്ഞവള്മാരനോട്
വേണ്ടയെനിക്കിനിനിന്നെവേണ്ട
ഇത്തരംആന്തുണപറ്റെവേണ്ട

പാവം ഞാനോ എന്തറിഞ്ഞു
ആരാണ്കേമന്‍ നേരറിഞ്ഞു
ചത്തവന്‍തന്നെ ദൈവംഎന്നോ
കൊന്നവന്‍ആണോ മനുഷ്യനെന്നോ

പാലംപടുത്തവന്‍ കുഞ്ഞനല്ലേ
വാനില്‍ പറന്നവന്‍ ദൈവമല്ലേ
തന്ത്രം മെനഞ്ഞവന്‍ കൊച്ചനല്ലേ
മന്ത്രം പറഞ്ഞവന്‍ മെച്ചനല്ലേ

ഭാരതം എന്നുമെന്‍ അമ്മയല്ലേ
ഓരോ മനുഷ്യരും സോദരല്ലേ
ദൈവത്തെ കൊന്നതും നമ്മളല്ലേ
ജാതിപറഞ്ഞതും തമ്മിലല്ലേ

അഗ്നികള്‍ വീണ്ടും ഒരിങ്ങിടുന്നു
ദിക്കുകള്‍ മൊത്തം വെടിച്ചിടുന്നു
അമ്മയോ ഇന്നും കരഞ്ഞിടുന്നു
കുഞ്ഞനോ ഇന്നും ചിരിച്ചിടുന്നു

മാടനും മറതയും നിന്റതല്ലേ
രാമനും സീതയും എന്റതല്ലേ
ചുടലയും യക്ഷിയും നിന്റതല്ലേ
വിഷ്ണുവും ദേവിയും എന്റതല്ലേ

പണിയനും തോട്ടിയും നിങ്ങളല്ലേ
മാനംവെടിഞ്ഞതും നിങ്ങളല്ലേ
മണ്ണും മനുഷ്യരും ഞങ്ങളല്ലേ
പണ്ഡിതന്‍മാരെല്ലാം ഞങ്ങളല്ലേ.

2014 മേയ് 3, ശനിയാഴ്‌ച

ചില ജീവിതങ്ങള്‍


സ്ഥലം അബൂദാബിയിലെ നാഷണല്‍ സിനിമാതീയറ്ററിന് സമീപം
ലാലേട്ടന്‍റെ കന്നി ഹിന്ദി സിനിമ "കമ്പനി" ഇന്നാണ് ഇവിടെ റീലീസ്
"മനോജേ അല്ലേലും നമ്മുടെ മലയാളത്തിന്റെ മഹാനടന്മാര്‍ സ്റ്റേറ്റ് വിട്ടാല്‍ കവാത്ത്മറക്കും"
"സത്യത്തില്‍ മറക്കുന്നതായിരിക്കില്ല
സംവിധായകര്‍ ആവശ്യപ്പെടുന്നതല്ലേ കൊടുക്കാന്‍ പറ്റൂ"
"സിനിമ തുടങ്ങാന്‍ സമയം ഒരുപാടുണ്ട് നമുക്കൊന്ന് കറങ്ങിയാലോ"
"എടാ ഒരു അവധി ആറുദിവസം കാത്തിരുന്നിട്ടു കിട്ടുന്നതാണ്
ഇന്ന്‍ ഈ സിനിമ കണ്ടില്ലെങ്കില്‍ അടുത്ത ആഴ്ച ഈ പടം ഇവിടെ ഉണ്ടാകില്ല"
"അല്ലേലും ഹിന്ദിയും,മലയാളവും രണ്ടു ദിവസം തികക്കുകയില്ല"
"നല്ല പടമെങ്കില്‍ ഓടില്ലേ അതുമല്ല നമ്മുടെ ലാലേട്ടന്‍റെ പടമല്ലേ മലയാളികള്‍ കൂടുതല്‍ കയറും"
"കണ്ടറിയാം പണ്ട് നമ്മുടെ മമ്മൂക്കാ അഭിനയിച്ച 'ദര്‍ത്തീപുത്ര്' വന്നതും പോയതും ആരും അറിഞ്ഞില്ല"

"ഭായ് മന്തെ?"
"ക്യാ!!!"
"അല്ലേ ...നൗഷാദ്‌ ഭായ് ഒന്നും അറിയാത്തപോലെ”
“ഓടെടാ...... നീ....എന്നെ ചീത്തയാക്കിയേയടങ്ങൂ”
“അയ്യോ എന്താ ...എന്താ...”
“എടാ ഇതൊക്കെ ആണുങ്ങള്‍ക്കേ പറഞ്ഞിട്ടുള്ളൂ”
“അയ്യോ എന്നാലും ഇത് ഒരു ഒന്നൊന്നര ആണാണേ..”
“ഒരു സമയത്ത് രണ്ടു മാല”
“അതിനേ നട്ടെല്ലിന് ഉറപ്പുവേണം”
“ഉവ്വു ഉവ്വേ ...”

“ഭായ് ചാഹിയെതോ പഥാവോ”
“കൊണ്സാ ..കൊണ്സാ...മാലെ”
“മലബാറിയെ,ബംഗാളിയെ,പിലിപ്പേനിയെ, കാശ്മീരിയെ, നേപ്പാളിയെ....’
“മനോജേ മാലപോലെയാണെല്ലോ പറയുന്നത്”
“എന്തിനാ കുറക്കുന്നത് കൂട്ടത്തോടെ എടുത്ത് കഴുത്തിലോട്ടിട്ടോ”

“കിത്ത്നാ... കിത്ത്നാഹേ റേറ്റ്”
“പിലിപ്പെനിക്കോ 75 ദിര്‍ഹം, ബാക്കി പൂരാക്കോ പച്ചാസ് ....പച്ചാസ് “
“വലിപ്പത്തില്‍ കാര്യമില്ല തടിമിടുക്കിനാണ് കാര്യം”
“ആരാ പറഞ്ഞത് ആനയെക്കൊണ്ടേ തടിപിടിക്കാന്‍ കഴിയൂ,
സിംഹത്തിനെക്കൊണ്ട് കഴിയില്ലല്ലോ?!” നമുക്ക് മലബാറി മതിയേ...”
പിലിപ്പീന്‍സിന് തന്നെപ്പോലുള്ള മീശമുളക്കാത്ത കുട്ടികള്‍ക്കുള്ളതാണ്,
അല്ലേലും അതൊക്കെ പൂച്ചയെയും, പട്ടിയെയും, പാമ്പിനെയും അല്ലെ
തിന്നുന്നത് അതിന്‍റെ ഒരു ...ഒരു ...ചൂര് കാണും”
“എസ്പീരിയന്‍സ് ..... എസ്പീരിയന്‍സ്...”
“ഒന്ന് പോടാ....*********”

“ആവോ കിദറെ ജഗ’
“ഇദര്‍ നസ്ദീക്കെ”
അവന്‍ അടുത്തു കണ്ട ഒരു ടാക്സിക്ക് കൈകാണിച്ചു
“ഭായ് ആപ് ഭോലാ നസ്ദീക്കെ ...പീര്‍ ക്യൂം ടാക്സി ബുലായ’
അവന്‍ മറുപടി പറഞ്ഞില്ല ഞാനും മനോജും ടാക്സിയില്‍ കടന്നിരുന്നു



ഒരു ബഹുനിലകെട്ടിടത്തിനു മുന്നില്‍ ടാക്സി നിന്നു!
അകത്ത് കടന്നതും മനോജ്‌ എന്റെ കൈക്ക് കടന്നു പിടിച്ചു
“ഭായ് ഇത് ഒരുമാതിരി ഫൈവ്സ്റ്റാര്‍ സെറ്റപ്പാണെല്ലോ”
“ഭായ് ഇദര്‍ആവോ!”
“ക്യൂമ്”
“ബീസ്സ് ദിര്‍ഹം ഇദര്‍ദിയോ”
“ക്യാക്കേലിയെ”
“ഇതര്‍ സെക്യൂരിറ്റിയെ പോലീസ് ആയെഗാതോ ഏലോഗ് പഥായേഗാ”
“ഹും...ഹും....കിത്ത്നാമിലേഗാതോ ലൂട്ടോ”
ഞാന്‍ 20 ദിര്‍ഹം അവന്റെ കൈയ്യിലേക്ക് കൊടുത്തു ..........



“ഭായ് ഇതെന്താ ഈ കെട്ടിടത്തിന്‍റെയുള്ളില്‍ ഇങ്ങനെയൊരു ലോകമോ?”
നമ്മുടെ മെഡിക്കല്‍കോളേജിന്‍റെ ജനറല്‍ വാര്‍ഡ്‌ പോലെ”
വഴികളില്‍ ആദവും, ഹവ്വയും ചുണ്ടുകള്‍ കോര്‍ത്ത്‌
ചിലത് നിലത്ത് കെട്ടിമറിയുന്നു
ശുക്ലത്തിന്‍റെയും, ലിപ്റ്റിക്കിന്റെയും, പലതരം വിലകുറഞ്ഞ പെര്‍ഫ്യൂമിന്‍റെയും,
വിയര്‍പ്പിന്റെയും, സിഗരറ്റിന്റെയും, മനംമടുപ്പിക്കുന്ന ഗന്ധം”


“മനോജേ ഇതാണോ ഫൈവ് സ്റ്റാര്‍ സുട്ടാപ്പി”
“ജീവിതത്തില്‍ ഇങ്ങനെയുള്ള സ്ഥലങ്ങളൊക്കെ കാണണം ഭായ്”
“നല്ലത്, വല്ല മലടിയും ഇതുവഴിപോയാല്‍, ഈ കര്‍ട്ടനോ, മറ്റോ
പുറത്ത് തട്ടിയാല്‍ ഇരട്ട പ്രസവിക്കും”

“ഭായ് കോന്‍സാ മാല് ചാഹീഹെ”
“ഓരോരോ ഭൂത് *****” (ഇത് ബംഗാളിയിലുള്ള സ്റ്റാര്‍ ആണ്)
മലബാരീക്കോ ദിക്കാവോ,
കൈസാവാലാ ജഗാമേം തും തും ഹംകോ ലേക്കേയായാ”
“അബൂദാബീമേം ഇത്നാ അച്ഛാ ജഗാ ദൂസരാ നഹീഹെ”
‘തും ഇസ്ക്കെ പെഹലെ അബൂദാബി ദേക്കാ!! ഗാണ്ടൂ. ചലോ ദിക്കാവോ”
അവന്‍ ഞങ്ങളെ കൂട്ടി .....മുന്നോട്ട്‌
തമിഴ് സിനിമയിലെ വില്ലത്തിയെപ്പോലെ ഒരു കൂതറ അമ്മായി
“എന്നാ വേണം”
മനസ്സില്‍ പറഞ്ഞു പിന്നേ ...ഇവിടെ ബിരിയാണി തിന്നാനല്ലേ വന്നത്
“മലബാറി ഇരുക്കാ”
“മോന്‍ ഇറുക്കണ്ട മലയാളത്തില്‍ പറഞ്ഞാല്‍ മതി”
“മലയാളിയുണ്ടെങ്കില്‍ വിളിക്ക് ചേച്ചി”
ഇരുന്നോട്ടെ ഒരു ചേച്ചി മലയാളിയുടെ സദാചാരം എന്റെ ദേഹത്ത് രോമകഞ്ചുകം

അമ്മായി അകത്തേക്ക്നോക്കി
“ജോലിയില്ലാത്ത കുട്ടികള്‍ ഇങ്ങോട്ട് വന്നേ ...”
തള്ളെ...., ഇതിനും ജോലിയെന്നാണോ പറയുന്നത്......
ദാ ഇറങ്ങിവരുന്നു തരുണീ മണികള്‍ അല്ല മാലകള്‍ (സദാചാരം)!!!
മനോജ്‌ ഓരോന്നിനെ വീതം നന്നായി ഉഴിഞ്ഞു നോട്ടം ഒന്നില്‍ ഉടക്കി
“പെട്ടന്നാകട്ടെ”
അമ്മായിക്ക് ധൃതിയായി
“ഭായ് എനിക്ക് ഈ നാറ്റം സഹിച്ച് നില്‍ക്കാന്‍ വയ്യ
അവന്‍ ഒന്നിനെ കടന്നുപിടിച്ച് ഒരു കര്‍ട്ടന്റെയുള്ളില്‍ .....

“ചേച്ചീ ഇതാ എന്റെ പൈസ ഞാന്‍ 100 ദിര്‍ഹം
അവരുടെ കയ്യില്‍ കൊടുത്തു അമ്മായി ബാക്കിതരാന്‍ പരതി
വേണ്ട എനിക്ക് രണ്ടു മാലകള്‍ വേണം (സദാചാരം)
“അത് പറ്റില്ല അതില്‍ ഒരു മാല മുത്ത്‌പൊഴിച്ച്”
“അതെന്താ നിങ്ങള്‍ക്ക് കാശ് കിട്ടിയാപോരെ”
“മോനെ ഇവരൊക്കെ മാലകളല്ലേ വല്ല മൃഗങ്ങളോ മറ്റോ ആണോ?!!!”
“പറ്റുമെങ്കില്‍ മതി” ലോകത്തുള്ള സകല മാലകളെയും
(അമ്മയും പെങ്ങളുമൊഴിച്ച്) സ്വന്തമാക്കണം എന്നാണ് എന്റെ ആഗ്രഹം
“പറ്റുമെങ്കില്‍ മതി”
ഞാന്‍ തിരിഞ്ഞ്‌ നടന്നു!!!
“നില്‍ക്കൂ....നില്‍ക്കൂ....നീ 100 ദിര്‍ഹം തന്നാല്‍ ഒരു പുതിയ മാല തരാം
“എവിടെ കാണട്ടെ”
അമ്മായി എന്നെയുംകൂട്ടി അകത്ത് ഒരു മുറിയില്‍
അവിടെ ഒരു മൂലയില്‍ ഒരു വജ്രമാല!
നമ്മുടെ സിനിമാനടി ശോഭന ഈ മാലയുടെ അടുത്തും വരില്ല
കയ്യിലിരുന്ന പൈസ ഞാന്‍ ചേച്ചിയെ ഏല്‍പ്പിച്ചു
കര്‍ട്ടന്‍ (സെന്‍സര്‍ ബോര്‍ഡ് A സര്‍ട്ടിഫിക്കറ്റ് തരും ശേഷം .....)
അവളുടെ കൈകളില്‍ ഒരുപാട് മുറിവുകള്‍ എന്താ കുട്ടീ ഇതൊക്കെ
“ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്!
ഇവിടെ പെട്ടുപോയി
എന്നെ എങ്ങേനെങ്കിലും ഒന്ന് രക്ഷിക്കാമോ,
വേണ്ട ഈ കത്ത് ഒന്ന് പോസ്റ്റ്‌ ചെയ്യാമോ”
ഒരു കത്ത് അവള്‍ എന്റെ നേര്‍ക്ക്‌ നീട്ടി
ഞാന്‍ അത് വാങ്ങി പോക്കറ്റില്‍ തിരുകി
‘എന്താണ് കുട്ടിയുടെ പേര് “
“അഥീന”
എന്റെ അച്ഛനും, അമ്മയും സ്കൂള്‍ ടീച്ചേര്‍സാണ്
ഞാന്‍ ഒറ്റമകള്‍ ഞാന്‍ BSC നഴ്സിംഗ് കഴിഞ്ഞതാണ്
വിസ തരപ്പെട്ടു ഇങ്ങോട്ട് പോന്നു ഇവിടെ ഇവരുടെ കയ്യില്‍ എത്തിപ്പെട്ടു ............
ഞാന്‍ അവള്‍ തന്ന കത്ത് നാട്ടില്‍ പോസ്റ്റ്‌ ചെയ്തിരുന്നു

കാലം കുറച്ച് മുന്നോട്ട് അതില്‍ മഴയും, മഞ്ഞും, വെയിലും, ജനനവും, മരണവും,
ഒരു വേനല്‍ അവധി ഞാന്‍ നാട്ടിലേക്ക് പോകുന്നു
മനോജ് കുറച്ച് സാധനങ്ങള്‍ വീട്ടില്‍ കൊടുക്കാന്‍ എന്നെ ഏല്‍പ്പിക്കുന്നു
ഇപ്പോള്‍ ഞങ്ങള്‍ രണ്ടു സ്ഥലത്താണ് ജോലി ചെയ്യുന്നത്
പരസ്പരം കാണാറില്ല ഫോണ്‍ വിളി മാത്രം
പന്തളം ഞാന്‍ ആദ്യമായിട്ട് കാണുകയാണ്
പലരോടും ചോദിച്ചും പറഞ്ഞും വീട് കണ്ടുപിടിച്ചു
ഒരു വൃദ്ധന്‍ വന്ന് വാതില്‍ തുറന്നു
ഒറ്റനോട്ടത്തില്‍ എനിക്ക് ആളെ മനസ്സിലായി
മനോജിന്റെ അച്ഛന്‍ അച്ഛന്റെ കയ്യും പിടിച്ച് ഒരു കുഞ്ഞിമോന്‍ എന്താ പേര്
“അപ്പു”
അപ്പു അച്ഛനെക്കാണാന്‍ വരുന്നോ
“ഉം”
എന്റെ നാട്ടില്‍ ഒരു പഴഞ്ചൊല്ലുണ്ട്
“പുള്ള കളി കണ്ടാല്‍ അന്ന് പണിയില്ല”
അത്രയ്ക്ക് മിടുക്കനാണ് മനോജിന്റെ മകന്‍
അവനെ കളിപ്പിചിരുന്നാല്‍ സമയം പോകുന്നതറിയില്ല
ഒരാള്‍ ചായയുമായി മുന്നില്‍
ഞാന്‍ ആകെ മരവിച്ചുപോയി
“അഥീന”
അവള്‍ എന്നെ തിരിച്ചറിഞ്ഞു
അവളുടെ കണ്ണുകളില്‍ നിന്നും രണ്ട് മുത്തുമണികള്‍ എന്റെ കാലില്‍ പതിച്ചു
ഞാന്‍ യാത്രപറഞ്ഞ്‌ പുറത്തേയ്ക്ക് ഇറങ്ങി
അപ്പു എന്റെ കൈപിടിച്ച് എന്റെ പുറകെ
തൊടി അവസാനിക്കുന്നത് വരെ വന്നു തിരിഞ്ഞുനോക്കുമ്പോള്‍ “അഥീന”
സാരിത്തലപ്പുകൊണ്ട് തന്റെ കണ്ണുനീര് തുടക്കുന്നു!
കിഴക്കുനിന്നും ഒരു തണുത്ത കാറ്റ് എന്നെ തഴുകി കടന്നുപോയി
ആ കാറ്റിന് എന്നോട് ഒരുപാട് പറയാനുണ്ടായിരുന്നു
വേണ്ട എനിക്ക് ആ കഥ കേള്‍ക്കണ്ട.

2014 ഫെബ്രുവരി 25, ചൊവ്വാഴ്ച

"ഉമ്മത്ത്‌"


എന്‍റെ ഉമ്മ ഒരു ഇസ്ലാം മത വിശ്വാസിയായിരുന്നു!
പച്ച നിറമുള്ള ചെന്നിനായകം മുലഞ്ഞെട്ടില്‍ പുരട്ടി
എന്‍റെ പാലുകുടി മുട്ടിച്ചു.
എന്‍റെ ഉപ്പ ഒരു മുസ്ലിമായിരുന്നു!
എനിക്ക് മുഹമ്മദ്‌ എന്ന് പേരുവെച്ചു
എന്റെ ഉമ്മ ഒരു ജിഹാദി'യായിരുന്നു
അലിഫ്' എന്നാ അറബി അക്ഷരം ആദ്യമെന്നെ പഠിപ്പിച്ചു.
എന്റെ ഉപ്പ ഒരു തീവ്രവാദിയായിരുന്നു!
എന്നെ മദ്രസയില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു
എന്റെ ഉസ്താദ് ഒരു തീവ്രവാദിയായിരുന്നു!
എന്നെ ശരീഅത്ത്‌ പഠിപ്പിച്ചു
ഞാന്‍ ഒരു തീവ്രവാദിയായിരുന്നു!
കാരണം എന്റെ കൂട്ടുകാരന്‍ അബൂബക്കര്‍'ആയിരുന്നു
എന്റെ മാമ ഒരു തീവ്രവാദി'യായിരുന്നു!
എന്റെ ജനനേദ്രിയത്തിലെ ചുരുണ്ട് നീണ്ടുകിടന്ന തൊലി ഒസ്സാനെക്കൊണ്ട് മുറിച്ചുമാറ്റി
ഞാന്‍ ഒരു മ്ലേച്ചനായിരുന്നു!
കാരണം അഞ്ചുനേരം അംഗശുദ്ധിവരുത്തി പള്ളിയില്‍ പോയി നമസ്ക്കരിക്കുമായിരുന്നു
ഞാന്‍ ഒരു തുര്‍ക്കിയായിരുന്നു!
ഞാന്‍ തലയില്‍ തൊപ്പി വെയ്ക്കുമായിരുന്നു
ഞാനൊരു മേത്തനായിരുന്നു!
കാരണം ഭംഗിയുള്ള താടിയുണ്ടായിരുന്നു
ഞാനൊരു അഹങ്കാരിയായിരുന്നു!
പാവങ്ങളെ സക്കാത്ത്കൊടുത്ത് സഹായിച്ചിരുന്നു
ഞാന്‍ ഒരു തന്നിഷ്ടക്കാരനായിരുന്നു!
വര്‍ഷത്തില്‍ ഒരുമാസം നോമ്പ് അനുഷ്ടിച്ചിരുന്നു
ഞാനൊരു ധൂര്‍ത്തനായിരുന്നു!
കാരണം മക്കയില്‍പോയി ഹജ്ജ് ചെയ്തിരുന്നു
എന്റെ സഹോദരിമാര്‍ സഞ്ചരിക്കുന്ന തടവറയായിരുന്നു
കാരണം അവര്‍ തലയും ശരീരവും മറ്റുള്ളവരില്‍ നിന്നും മറച്ച് വെയ്ക്കുമായിരുന്നു
നിയമത്തിനു ഞാന്‍ തീവ്രവാദി
ഭരണത്തിന് ഞാന്‍ തീവ്രവാദി
കൂട്ടുകാര്‍ക്ക് ഞാന്‍ തീവ്രവാദി
നാട്ടുകാര്‍ക്ക് ഞാന്‍ തീവ്രവാദി
എന്റെ രാജ്യത്തിന് ഞാന്‍ തീവ്രവാദി
അല്ല ആരാണ് തീവ്രവാദി.

2014 ജനുവരി 16, വ്യാഴാഴ്‌ച

"ഇടത്തളം"

"ഇടത്തളം"

വരും ഇനിയും ഞാന്‍
ഈ വഴി വീണ്ടും
ഇവിടം ശൂന്യത തേടുമിടം

ഇതളുകള്‍ അടരും
ഇരുളിന്‍ വീഥിയില്‍
ഇന്നിന്‍ വേഷ'വിധാന മയം

വരരുചി ചുരുളില്‍
ഉരുളും കല്ലില്‍
പരിഹാസത്തിന്‍ ചോര മയം

കുടിലത മാത്രം തിരയും വഴിയില്‍
പടവുകള്‍ തേടും
മനുഷ്യകുലം

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...