2012, ജനുവരി 15, ഞായറാഴ്‌ച

"ചെരാത്‌"


"ചെരാത്‌" 

കരിയിലകള്‍ കാല്‍ച്ചിലമ്പ്അണിഞ്ഞ ഒരു മകരമാസം 
ഏതോ പഴങ്കഥയിലെ നൂലാമാലകള്‍ അടുക്കിപ്പിറക്കുകയാണ് അവളുടെ മനസ്സ് 
അങ്ങ് ചക്രവാളസീമയില്‍ മുടിയാട്ടം കഴിഞ്ഞ കളംപോലെ പല വര്‍ണ്ണങ്ങള്‍ 
പ്രകൃതി തട്ടിതൂകിയിട്ടിരിക്കുന്നു കടല്‍ക്കരയില്‍നിന്നും അല്‍പ്പം ദൂരെമാറി 
അസ്തമിക്കുന്ന സൂര്യനെനോക്കി അവള്‍ ഇരുന്നു തൊട്ടടുത്ത്‌ മണലില്‍ നിന്ന് മകന്‍ 
കാക്കയും,ശഖും പണിപ്പെട്ടു കൈക്കലാക്കുന്നു ഓരോ പുതിയ തരിയും 
ശേഖരിക്കുമ്പോഴും കൈകളില്‍ നിന്നും അടുത്തത് നിലത്തു വീണുകൊണ്ടേയിരുന്നു 

    പുഴുക്കുത്തേറ്റ മനസ്സില്‍ ഒരു മന്നാമിനുങ്ങ് ചെറുവെട്ടം കൊളുത്തിവെച്ചു 
ആ പ്രകാശം അസ്തമന സൂര്യന്റെ പ്രഭയെക്കാളും ഉയര്‍ന്ന് ചെറിയ ബള്‍ബുകള്‍ 
കൊണ്ടലങ്കരിച്ച വീട്ടു മുട്ടത്തു വന്നുനിന്ന് നൃത്തമാടി അവിടെയിന്ന് സന്തോക്ഷത്തിന്റെ 
പൂത്തിരികത്തിച്ച്‌ കുട്ടികള്‍ ചുറ്റിനും ഓടിക്കളിക്കുന്നു വിരുന്നുകാരുടെ കൈകളില്‍ 
ഓരോ സമ്മാനപ്പൊതികള്‍ കൂട്ടുകാരികള്‍ കാതില്‍ കിന്നാരം പറയുന്നു 
മറുപടി ഒരു ചിരിയില്‍ അല്ലെങ്കില്‍ നാണംകൊണ്ട് കൂമ്പിച്ച കണ്ണുകള്‍ ഒരു പ്രത്യേക 
ആംഗിളില്‍ നോക്കി അവരോടുള്ള പ്രതിക്ഷേധം അവള്‍ പ്രകടമാക്കി 
       
           "ചെക്കന്റെ വീട്ടില്‍ നിന്നും ആളുകള്‍ വന്നൂട്ടോ"
സന്ദേശവാഹകന്‍ ഒരു കുട്ടിയുടെ രൂപത്തില്‍ അവരുടെ മുന്നില്‍ അവതരിച്ചു 
മുതിര്‍ന്ന രണ്ടു മൂന്നു ആളുകള്‍ അവിടെ പന്തലിന്റെ നടുവില്‍ കസേരകള്‍ 
വട്ടത്തില്‍ ശെരിയാക്കിയിട്ടു. വരന്റെ വീട്ടില്‍ നിന്നുമെത്തിയ സ്ത്രീകളും,കുട്ടികളും 
ആ കസേരകളില്‍ സ്ഥാനംപിടിച്ചു മൈലാഞ്ചിരാവിന്റെ ആഗമനം അറിയിച്ചു കൊണ്ട് 
തട്ടവും,മാട്ടിയും,കുപ്പായവും അണിഞ്ഞ തരുണിമണികള്‍ തഞ്ചത്തില്‍ ഒപ്പനപ്പാട്ടിനൊപ്പം 
പന്തലിലേക്ക് പുതുപ്പെണ്ണിനെ ആനയിച്ച് അവരുടെ ഒത്തനടുവില്‍ ഒഴിഞ്ഞുകിടന്ന 
ഇരിപ്പിടത്തില്‍ ഇരുത്തി ഒപ്പനപ്പാട്ടിന്റെ താളത്തിനൊത്ത് അവളുടെ കവിളുകളില്‍ 
തരുണികള്‍ ചിത്രം വരച്ചു വരന്റെ വീട്ടുകാര്‍ കൈകളിലും.
                    
          ഇന്ന്  അവളുടെ വിവാഹമാണ് ബിരിയാണിയുടെ മണം 
അവിടമാകെ പരന്നൊഴുകി ഒപ്പം മുല്ലപ്പൂക്കളുടെയും,പുതുവസ്ത്രങ്ങളുടെയും 
വധുവിനെയും വരനെയും ആശംസകള്‍ കൊണ്ട് മൂടി വന്നവരെല്ലാം ഒന്നൊന്നായി 
പിരിഞ്ഞുപോയി ...............
അബുദാബിയില്‍ നിന്നും ലീവിന് വന്ന ഭര്‍ത്താവിന് സമ്മാനിക്കാന്‍ ആകെയുണ്ടായിരുന്നത് 
പതിനഞ്ച് നാളുകള്‍ ...ആ നാളുകള്‍   അത്രയും വിരുന്നു സല്ക്കാരത്തിലും ബന്ധുവീട് 
സന്ദര്‍ശനത്തിലും അവസാനിച്ചു .....
കണ്ണുനീരിന്റെ ഉപ്പുരസമുള്ള കുറെ ചും:ബനങ്ങളും ഉദരത്തില്‍ ഒരു ജീവന്റെ തുടിപ്പും തന്ന്
ഭര്‍ത്താവ് അകലത്തേക്ക് പറന്ന് പോയി പിന്നെ ടെലിഫോണ്‍ വിളികള്‍ക്കായുള്ള കാത്തിരിപ്പും,
ആശുപത്രിയും,മരുന്നും, പ്രസവവും.....

            "മമ്മീ.... പോകാം"
മകന്‍ അടുത്തുനിന്നും തോണ്ടിവിളിക്കുമ്പോള്‍ ആണ് അവള്‍ പരിസരം ശ്രദ്ധിക്കുന്നത് 
ഇപ്പോള്‍ മുന്പുള്ളതിനെക്കാളും ആളുകള്‍ അവിടെ കൂടിയിട്ടുണ്ട് 
"പോകാം മോനെ; കുറച്ചുനേരംകൂടി കഴിയട്ടെ"
കുട്ടിയുടെ കഴുത്തിലും മുഖത്തും പറ്റിപ്പിടിച്ചിരുന്ന മണല്‍ തന്റെ ഹാന്റ്ബാഗില്‍ നിന്നും 
കൈലേസെടുത്ത്‌ അവള്‍ തുടച്ചുകൊടുത്തു എന്നിട്ട് കുട്ടിയെപ്പിടിച്ച് തന്റെ മടിയില്‍ ഇരുത്തി 
അവന്റെ നെറുകയില്‍ ഒരു മുത്തം കൊടുത്തു.
     
          "ചേച്ചീ ..പമ്പരം വേണോ?"
ഒരു ചെറിയ പയ്യന്‍ അടുത്തുനിന്ന് ഒരു പമ്പരം എടുത്ത് അവളുടെ നേര്‍ക്ക്‌ നീട്ടി 
"എന്ത് വില"
"അഞ്ച് രൂപ"
അവള്‍ ബാഗ്‌ തുറന്ന് പൈസയെടുത്തു കൊടുത്തു ..പമ്പരം കയ്യില്‍ കിട്ടിയതും കുട്ടി 
അതിനെ മേലോട്ടും താഴോട്ടും ഉയര്‍ത്തി വീശി ...പമ്പരം കാറ്റത്ത്‌ തിരിഞ്ഞും മറിഞ്ഞും 
കറങ്ങാന്‍ തുടങ്ങി ഒപ്പം അതിലേക്കു നോക്കിയിരുന്ന അവളുടെ മനസ്സും 

      നീണ്ട മൂന്ന് കൊല്ലം ഓരോ ദിവസവും ഓരോ നൂറ്റാണ്ടായി അനുഭവപ്പെട്ടിരുന്നു 
ഇന്നുവരും നാളെവരും എന്നുള്ള കാത്തിരിപ്പ്‌ ......
ഇടയ്ക്കു പുതിയ വീടുപണി ഇന്നായിരുന്നു ഗൃഹപ്രവേശം 
ചടങ്ങുകള്‍ തുടങ്ങുന്നതിനു മുമ്പേ കാത്തിരുന്ന ആള്‍ വീട്ടിലെത്തി ഒപ്പം 
രണ്ടു കുട്ടികളും ഒരു സ്ത്രീയും ..ഒന്നും മനസ്സിലായില്ല ..
വീട് നിറച്ചും ബന്ധുമിത്രാതികള്‍ എല്ലാപേരും അധിശയത്തോടെ ആ കാഴ്ച നോക്കിനിന്നു 
അവളുടെ ഉപ്പയാണ് മുന്നോട്ടുചെന്ന് ചോദിച്ചത് 
"എന്താ മോനെ അറിയിക്കാതെ പോന്നത്"
"അത്... മാമാ പെട്ടന്നാണ് തീരുമാനിച്ചത്"
"ആരാ ..ഈ  കൂടെയുള്ളത്"
"അത്...അത്..."
അയാള്‍ നിന്ന് പരുങ്ങി അടുത്തുനിന്ന കുട്ടികള്‍ രണ്ടും അയാളുടെ കയ്യില്‍ കടന്നുപിടിച്ചു 
മൂത്തകുട്ടി അയാളുടെ കയ്യില്‍ ചെറുതായിട്ട് തോണ്ടി എന്നിട്ട് സ്വകാര്യം  പോലെ ചോദിച്ചു 
"ആരാ ഉപ്പാ ...ഇത് ; ഇതാണോ നമ്മുടെ പുതിയ വീട്"
ഇതുകേട്ടതും  ഉപ്പ അയാളുടെ ഉടുപ്പിന്റെ കോളറില്‍ പിടിച്ചുവലിച്ച് ചോദിച്ചു 
"എടാ...നീ..എന്റെ മകളെ  ചതിക്കുകയായിരുന്നു അല്ലെ ......"
"അത് ....മാമാ....ഞാന്‍...."
അവിടെ കൂടിനിന്നവര്‍ പതുക്കെ പതുക്കെ പിറുപിറുക്കാന്‍തുടങ്ങി 
എല്ലാപേരും ദയനീയമായി അവളുടെയും മകന്റെയും  മുഖത്തേക്ക് നോക്കുന്നു..... 
പപ്പയെ ചോദിക്കുന്ന മകനോട്‌ ഫോട്ടോ കാണിച്ചുകൊടുത്തു
ഈ കാലമത്രയും ഇന്നുവരും നാളെവരും എന്ന് പറഞ്ഞിരുന്നിട്ട് 
ഒടുവില്‍ ....യാ....ഇലാഹീ......

       അവളുടെ ഉപ്പവന്ന് അവളുടെയും മകന്റെയും കൈപിടിച്ച് വലിച്ചു 
"വാ മോളെ ....ഇനി ആര്‍ക്കുവേണ്ടിയാണ് നീ ഇവിടെ നില്‍ക്കുന്നത് 
പട്ടി ഇറച്ചിക്ക് കടിപിടി കൂടുന്നത്പോലെ;
എന്റെ ജീവനുള്ളത് വരെ ഞാന്‍ നിങ്ങളെ നോക്കും 
അതിനു ശേഷം........ പടച്ചവന്‍ നോക്കും"
അവിടെനിന്നും കുട്ടിയുടെയും അവളുടെയും തുണികളും എടുത്ത് 
പടിയിറങ്ങുമ്പോള്‍ ഒരു പിന്‍വിളിക്കായി അവള്‍ കാതോര്‍ത്തു
പക്ഷെ......നിലത്തു ദൃഷ്ടി ഊന്നി അയാള്‍ ഒരു പാവപോലെ നില്‍ക്കുന്നു 
ചതിയന്‍ എത്ര ആറ്റ് ...നോറ്റ്...കാത്തിരുന്നതാണ് 
"മമ്മീ .......മമ്മീ ....പോകാം"
മകന്‍ അവളുടെ മുഖത്ത് കൈകള്‍കൊണ്ട് തട്ടിവിളിച്ചു 
"പോകാം മോനെ...ഇനി നമുക്ക് പോകാനുള്ള സമയമായി"
അവള്‍ ചുറ്റും കണ്ണോടിച്ചു  കടല്ക്കര വിജനമാണ് തണുത്തകാറ്റും,
ഒപ്പം ഇരുട്ടും അവിടമാകെ പരന്നു
അവള്‍ കുട്ടിയെ തന്റെ കൈകളിലെടുത്തു കടല്ക്കര ലകഷ്യമാക്കി 
ഇരുട്ടിലേക്ക് നടന്നു കുട്ടിയുടെ കയ്യിലിരുന്ന പമ്പരം നിലത്ത് വീണു 
"മമ്മീ ...എന്റെ പമ്പരം"
"അത് പോകട്ടെ മോനെ ഇനി നിനക്കെന്തിനാണ് പമ്പരം"
അവള്‍ മുന്നോട്ടു മുന്നോട്ടു നടന്നുകൊണ്ടേയിരുന്നു ......
കുട്ടിയുടെ കയ്യില്‍ നിന്നും വീണ പമ്പരം കടല്‍ തിരകള്‍ സ്വന്തമാക്കി 
ഇനി ഉറക്കംഎഴുന്നേല്‍ക്കുമ്പോള്‍ കുട്ടി പമ്പരത്തിനായി കരഞ്ഞാലോ!!!.
(ശുഭം)

1 അഭിപ്രായം:

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...