2012, മേയ് 6, ഞായറാഴ്‌ച

ഉണ്മ

"ഉണ്മ"
നൗഷാദ് പൂച്ചക്കണ്ണന്‍


നാള്‍ വഴികളുടെ ഇരുണ്ട ഗുഹകളില്‍
ചിതലരിക്കാതെ ചില ഓര്‍മ്മകള്‍ ബാക്കിയാവുകയാണ്
ഓര്‍ക്കുന്നത് നൊമ്പരമാണെങ്കിലും പലപ്പോഴും
മുന്‍വിധിയില്ലാതെ കടന്നുവരുന്നു
മര്‍മ്മരത്തിന്‍റെ ഓരോ ഇലയനക്കവും സ്നേഹത്തിന്‍റെ
സാഹോദര്യത്തിന്‍റെ ഒടുങ്ങാത്ത നിധിപേടകമായി
ഹൃദയത്തിന്‍റെ ഇരുളില്‍ പൊടിപിടിച്ചിരിക്കുന്നു
ഞാന്‍ ഈ വീട്ടുമുറ്റത്ത്‌...എന്‍റെ പാദങ്ങള്‍ ഓടിതിമിര്‍ത്തു
വരച്ചുകൂട്ടിയ ചിത്രങ്ങള്‍
"നളിനിയമ്മേ... ഇവിടെ ആരുമില്ലേ?"
"പ്രേമേ.. ആരോ ഉമ്മറത്ത്‌ വന്നു നീ ഒന്ന് നോക്കിയേ"
"ആരുമില്ല അമ്മക്ക് തോന്നിയതാകും"
"ഞാനാ..!"
പ്രേമ ഉമ്മറത്തേക്ക് വന്നുനോക്കി അവള്‍ ഉള്ളിലേക്ക് തിരിഞ്ഞുനോക്കി വിളിച്ചുപറഞ്ഞു
"അമ്മേ... ആരാ വന്നിരിക്കുന്നത് ഇങ്ങോട്ട് നോക്കിയേ!"
അവിടെ കിടന്ന കസേര അവള്‍ വലിച്ച് എന്‍റെ മുന്നിലേക്ക്‌ ഇട്ടു
"അണ്ണന്‍ ഇങ്ങോട്ട് ഇരിക്കുക"
അകത്തുനിന്നും അമ്മ ഉമ്മറത്തേക്ക് വന്നു
"ഇതാരാ എത്ര നാളായി കണ്ടിട്ട്; മോന്‍ പേര്‍ഷ്യയില്‍ നിന്നും എപ്പോഴെത്തി?"
"ഇന്ന് എത്തിയതേയുള്ളൂ"
"ആമിന പറഞ്ഞിരുന്നു മോന്‍ ലീവിന് വരുന്ന കാര്യം; ഞാന്‍ ഇപ്പോള്‍ പുറത്തൊന്നും ഇറങ്ങാറില്ല"
"അച്ഛന്‍ എവിട്യാ അമ്മേ?"
"പീടികയില്‍ ഉണ്ടാകും രാത്രി വളരെ വൈകും വീട്ടിലെത്താന്‍"
ഇതിനിടയില്‍ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളവുമായി പ്രേമ കടന്നുവന്നു
അത് അവള്‍ എന്റെ കയ്യിലേക്ക് തന്നു
"അണ്ണന്‍റെ മകളെ ഞാന്‍ അടുത്ത സമയത്ത് കണ്ടിരുന്നു, അവള്‍ അങ്ങ് വലുതായി ഇപ്പോള്‍ പത്താം തരത്തിലാണ് പഠിക്കുന്നത് അല്ലേ"
"അതെ; ഇപ്പോഴത്തെ കുട്ടികള്‍ നോക്കിനില്‍ക്കുമ്പോള്‍ അല്ലേ വളരുന്നത് കഴിഞ്ഞ കൊല്ലം ഞാന്‍ വരുമ്പോള്‍ അവള്‍ക്കു പൊക്കമില്ല വണ്ണം ഇല്ല എന്നാ പരാതിയായിരുന്നു എനിക്ക്"
"അതിനെന്താ അവള്‍ നല്ല മിടുക്കിയായില്ലേ"
"നിനക്ക് കുട്ടികള്‍ ഇല്ലേ മണിയേട്ടന്‍ സൌദിയില്‍ തന്നയാണോ?കണ്ടിട്ട് ഒരുപാട് നാളായി"
"കുട്ടികള്‍ ഇല്ല; ഇപ്പോഴും അവിടെത്തന്നെയുണ്ട് കഴിഞ്ഞകൊല്ലം ലീവിന് വന്നിരുന്നു ഉടനെ വരും ഇവിടെ അടുത്ത് കുറച്ചു സ്ഥലം വാങ്ങിയിട്ടുണ്ട് ഇനി വന്നിട്ട് വീട്പണി തുടങ്ങണം എന്നാണു പറയുന്നത്"
ഞങ്ങള്‍ കുറെ നേരം അവിടെത്തന്നെയിരുന്നു പരസ്പരം കുടുംബകാര്യങ്ങളും കുശലങ്ങളും പറഞ്ഞ് അവിടെനിന്നും ഇറങ്ങി
ഇപ്പോഴും ഈ വീട്ടുമുറ്റത്ത്‌ ചെടികള്‍ സമൃദ്ധമായി വളരുന്നു ജമന്തിയും,മുക്കുറ്റിയും,തെച്ചിയും,പാരിജാതവും ചുറ്റുപാടും വീക്ഷിച്ച് ഒരു ചെറിയ അതിരിന് മുകളില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അടുത്ത് നിന്ന തെങ്ങില്‍ നിന്നും ഉണങ്ങിയ ഒരു ഓല "ശുര്ര്ര്‍ ..." എന്നാ ശബ്ദത്തോടെ എന്‍റെ മുന്നിലേക്ക്‌ വീണത്‌ തെല്ല് ഭയത്തോടെ പിന്നോട്ട് രണ്ടടി മാറി അപ്പോഴാണ്‌ പിന്നില്‍ നിന്നും ഒരു ചോദ്യം
"ഡാ.....ഇത്രടം വന്നിട്ട് നീ എന്നെ കാണാതെ പോകുകയാണോ?"
ഞാന്‍ തിരിഞ്ഞുനോക്കി
"ആരാ പ്രസേനനോ എന്ത്കോലമാണ് മേലാകെ നനഞ്ഞിരിക്കുന്നു"
"അത് പോട്ടെടാ നീ ഇത്രവേഗം എന്നെ മറന്നുപോയി നിനക്കുവേണ്ടി ആയിരുന്നില്ലേ ഞാന്‍ എന്‍റെ അമ്മയെയും സഹോദരിയും അച്ഛനെയും പിരിയേണ്ടി വന്നത്; നീ എന്നെ കാണാതെ പോകാന്‍ നോക്കുകയായിരുന്നു അല്ലേ"
"ഞാന്‍ ഇവിടെ വരുമ്പോഴെല്ലാം നിന്നെക്കുറിച്ച് മനപ്പൂര്‍വ്വം മറക്കുന്നതാണ് അവരോട് നിന്നെക്കുറിച്ച് പറയാന്‍ എനിക്ക് ധൈര്യം ഇല്ലെടാ"
"നീ ഇന്ന് വന്നതല്ലേയുള്ളൂ ഇടയ്ക്കു ഇങ്ങോട്ട് ഇറങ്ങുക; പണ്ട് നമ്മള്‍ ഊഞ്ഞാല് കെട്ടിയാടിയ മാവ് നീ കണ്ടോ അവന്‍ ഒരുപാട് വളര്‍ന്നു ഇന്നതില്‍ ആരും ഊഞ്ഞാല് കെട്ടാറില്ല അതിനു നമ്മളൊക്കെ വളര്‍ന്നില്ലേ ഇവിടെയിപ്പോള്‍ കുട്ടികളുമില്ല"
അവന്‍ ഒന്ന് നെടുവീര്‍പ്പിട്ടു
"നിന്‍റെ ഉമ്മ കാത്തിരിക്കുന്നു നീ അങ്ങോട്ട്‌ ചെല്ലുക ....
"മോനേ....നീ എന്താ അവിടെ ചെയ്യുന്നത് എങ്ങോട്ട് വരിക"
ഉമ്മ വീട്ടില്‍നിന്നും വിളിക്കുകയാണ്
"വരുന്നുമ്മാ.."
ഞാന്‍ അവിടെനിന്നുതന്നെ മറുപടികൊടുത്തു
പ്രസേനന്‍റെ തോളില്‍ തട്ടി പറഞ്ഞു
"നീ വേഗം റെഡിയാകൂ ഇന്ന് ആദ്യത്തെ പീരീഡ് കണക്കാണ്
ഗൃഹപാഠം ചെയ്തോ"
'ഇല്ലെടാ ... മറന്നു ഞാന്‍ അത് ചെയ്യട്ടെ"
അവന്‍ വീട്ടിലേക്കു ഓടി ...ഞാനും എന്‍റെ വീട്ടിലേയ്ക്ക്
ഞാന്‍ സ്കൂളില്‍ പോകാന്‍ റെഡിയായി പുറത്തിറങ്ങി
"പ്രസേനോ.....പ്രസേനോ..."
"മോനെ അവന്‍ ഇപ്പോഴാണ് ഗൃഹപാഠം ചെയ്യുന്നത് നീ ഇങ്ങോട്ട് പോര്"
നളിനിയമ്മയാണ് മറുപടി പറഞ്ഞത് ഞാന്‍ അങ്ങോട്ട്‌ കയറിച്ചെന്നു അവന്‍ അപ്പോഴും എഴുത്ത് തുടരുകയാണ്
"ഡാ...നീ ഇറങ്ങിയേ ബാക്കി സ്കൂളില്‍ ചെന്നിട്ട് എഴുതാം"
അവന്‍ പുസ്തകം മടക്കി അകത്തേക്ക്പോയി വേഷംമാറി പുറത്തിറങ്ങി അമ്മ കയ്യില്‍ അമ്പലത്തില്‍നിന്നും കൊണ്ടുവന്ന ചന്ദനവുമായി പുറത്തുവന്നു
"നിക്കിനെടാ കുട്ടികളെ"
കയ്യിലിരുന്ന ചന്ദനം അമ്മ ആദ്യം എന്‍റെ നെറ്റിയിലാണ് തൊട്ടത്
പിന്നെ പ്രസേനന്റെയും ഓരോ തുളസിയില വീതം ഞങ്ങളുടെ ചെവിമടക്കില്‍ തിരുകിത്തന്നു
"വഴിയില്‍ നിന്ന് കളിക്കാതെ സ്കൂള്‍ വിട്ടാല്‍ ഓടി വീട്ടിലേക്കു പോരണം"
"ശെരി"
ഞങ്ങള്‍ രണ്ടുപേരും ഒരേസ്വരത്തില്‍ പറഞ്ഞു
സ്കൂളില്‍ പോകുന്ന വഴിയില്‍ എല്ലാ മാവും,പുളിമരവും,ഇലഞ്ഞിയും,മഞ്ചാടിയും,പക്ഷികളും,തുമ്പികളും,കാട്ടുപൂക്കളും,ഞങ്ങളുടെ സ്വന്തം ഞങ്ങള്‍ വലിഞ്ഞുകയറാത്ത മരങ്ങളില്ല അങ്ങനെ .....അങ്ങനെ....എത്രയെത്ര നാളുകള്‍
അന്ന് ഒരു മഴക്കാലം ഞങ്ങള്‍ സ്കൂള്‍ വിട്ട് വരുന്നു
മഴയത്ത് പുഴയില്‍ ഒരുപാട് മല്‍സ്യങ്ങള്‍ ഉണ്ടാകും എന്ന കാര്യം ഞാനാണ് അവനെ ഓര്‍മ്മിപ്പിച്ചത് പിന്നെ നിന്നില്ല വെടിപൊട്ടുന്നപോലെ അങ്ങോട്ട്‌ ഒരു ഓട്ടം പുഴയില്‍ നിറയെ മല്‍സ്യങ്ങള്‍ ഓടിക്കളിക്കുന്നു ഞാന്‍ എന്‍റെ ഷര്‍ട്ട് അഴിച്ചു രണ്ടുപേരും അത് കയ്യിലേക്ക് പിടിച്ച് മത്സ്യങ്ങളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാലുതെറ്റി ഞാന്‍ പുഴയിലേക്ക് വഴുതിവീണു
വല്യ ആളുകള്‍ പോലും മഴയത്ത് ഇറങ്ങാന്‍ ഭയപ്പെടുന്ന പുഴയാണ് ഞാന്‍ താണു..താണു പോകുന്നത് കണ്ട് അവന്‍ ഒന്നും ആലോചിച്ചില്ല എടുത്തു ഒരു ചാട്ടം നേരെ എന്‍റെ തലമുടിയിലേക്ക് പിടിച്ച് വലിച്ച് മുകളിലേക്ക് ഉയര്‍ത്തി ഞാന്‍ പെട്ടന്ന് ശ്വാസം വലിച്ചു കുറച്ചു വെള്ളം അകത്തേക്ക് കയറി എനിക്കും അവനും നീന്താന്‍ അറിയില്ലായിരുന്നു എന്നാലും എന്‍റെ മുടിയില്‍ പിടിച്ചു അവന്‍ കയ്യും കാലും ഇളക്കി എന്നെ കരയിലേക്ക് എത്തിച്ച് കയറാന്‍ തുടങ്ങുമ്പോള്‍ ഒരു ചുഴിയില്‍ അവന്‍ പെട്ടിരുന്നു
ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു ആളുകള്‍ ഓടിക്കൂടി
പുഴയിലേക്ക് ചാടി തിരച്ചില്‍ ആരംഭിച്ചു പിന്നെ മണിക്കൂറുകള്‍ക്ക് ശേഷം അവന്‍റെ ചലനമറ്റ ശരീരമാണ് പുറത്തെടുത്തത്
"മോനെ നീ അവിടെ എന്തെടുക്കുകയാണ് ഇതുവരെ പോയില്ലേ"
ഞാന്‍ തിരിഞ്ഞുനോക്കി നളിനിയമ്മ
"അമ്മേ ....പ്രസേനന്‍"
"അവന്‍ നമ്മളെയൊക്കെ വിട്ട് പോയില്ലേ മോനെ...ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നിന്നെപ്പോലെ.."
അവര്‍ ഒരു നെടുവീര്‍പ്പിട്ടു
എന്‍റെ തലയ്ക്കു പെട്ടന്ന് ഒരു തരിപ്പ് അനുഭവപ്പെട്ടു
"അവന്‍ എവിടെ"
"ആര്"
"പ്രസേനന്‍ അവന്‍ ഇവിടെ ഉണ്ടായിരുന്നല്ലോ"
"അവന്‍ ഇവിടെത്തന്നെയുണ്ട് മോനെ ആ ഓല വീണുകിടക്കുന്ന തെങ്ങില്ലേ അതാണ്‌ അവന്റെ കുഴിമാടം"
"ഞാന്‍ മറന്നു"
അവന്‍ ഇവിടെത്തന്നെയുണ്ട് അവന്റെ സാന്നിധ്യം ഒരു തെങ്ങായി ആ തൊടിയില്‍ എല്ലാം കണ്ടും കേട്ടും പെട്ടന്ന് അവിടെ ഒരു കാറ്റടിച്ചു ആ കാറ്റില്‍ ഓലകള്‍ നൃത്തമാടി തെങ്ങിന്‍പൂക്കുലകള്‍പുഞ്ചിരിതൂകി അവന്‍റെ കണ്ണ്നീരുകള്‍ ദാഹശമനിയായി ഏതോ വഴിപോക്കന് വേണ്ടി കാറ്റില്‍ തൂങ്ങിയാടി.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...