2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

"ഇദ്ദ"

"ഇദ്ദ"

ഭർത്താവ് മരിച്ചിട്ട്
ഇന്നേയ്ക്ക് നാല്പതാംനാൾ
അതെന്താ നമ്മുടെ മത
നിയമം അനുസരിച്ച്
*ഇദ്ദ കാലാവധി നൂറ്റി മുപ്പതു
നാളുകളാണെല്ലോ
എന്നിട്ട് ഇവർക്ക് അതുവരെ
തികയ്ക്കാൻ പാടില്ലായിരുന്നോ

അതെ, അവർക്ക് സുഖമില്ല
അതുമല്ല അവരെ നോക്കാൻ
വീട്ടിൽ മറ്റാരുമില്ല അവരുടെ
ആവശ്യത്തിനു അവരുതന്നെ
പോകണ്ടേ

മയ്യത്ത് പള്ളിക്കാട്ടിലെയ്ക്ക്
എടുത്താൽ പിന്നെ മൂന്ന് ,ഏഴ് തീർന്നു
ബിരിയാണി തിന്ന് കുറ്റം പറഞ്ഞ്
ബന്ധുക്കളും, കൊടുത്ത കാശ് കുറഞ്ഞുപോയ
പരാതി പറഞ്ഞ് ഉസ്താദുമാരും പടിയിറങ്ങിയാൽ
ഇദ്ദയിരിക്കുന്നവരെ ആരാ നോക്കുക
പ്രത്യേകിച്ച് കുട്ടികളൊന്നും
ഇല്ലാത്തോരെ......


സന്ധ്യയ്ക്ക് ബഹളം കേട്ട്
മുറ്റത്തിറങ്ങുമ്പോൾ
കൂടിനില്ക്കുന്ന ആളുകൾ
പറയുന്നത് കേട്ടു
കെട്ടിയോൻ കട്ടിലൊഴിയുന്നതും കാത്തിരുന്നു
ഒരുമ്പെട്ടോൾ .....
നാട് മുടിയ്ക്കാൻ,
സമുദായത്തെ മാനംകെടുത്താൻ
അതുമല്ല അന്യ സമുദായക്കാരനൊപ്പം


പാവം.... കഴിഞ്ഞ കുറെനാൾ
പച്ചവെള്ളം മാത്രമാണ്
അവർ കഴിച്ചിരുന്നെന്നു
അവരുടെ വയറിന് മാത്രമേ
അറിയുമായിരുന്നുള്ളൂ
വിശപ്പിന് മതം അറിയുമായിരുന്നില്ല
മാനത്തിന് സ്വന്തം സമുദായത്തെയും

*ഇദ്ദ ഭര്‍ത്താവിന്റെ മരണം കാരണം നിര്‍ബന്ധമാകുന്ന കാത്തിരിപ്പ് (ദീക്ഷാ)

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

മതവും, ദൈവവും,പിന്നെ നിയമവും

മതവും, ദൈവവും,പിന്നെ നിയമവും

മതങ്ങളിലാണ് ദൈവമുള്ളത്
മത ഗ്രന്ഥങ്ങളിലാണ് നിയമമുള്ളത്
നിയമവും, ദൈവവും എവിടെയുണ്ടോ
അവിടെയാണ് സ്പർദകൾ വളരുന്നത്‌
മത'സ്പർദ!
ദൈവം പ്രകാശമാണ് എന്ന തിരിച്ചറിവ്
ആര് നേടുന്നോ അവനും ദൈവവും
ഒന്നാകും
പിന്നെ അവന്റെ നോട്ടം കരുണയാകും
ഗ്രന്ഥം: പാരായണം ചെയ്യാനുള്ളതല്ല
പഠിക്കാനുള്ളതാണ്
ജീവിക്കാനുള്ള മാർഗ്ഗരേഖ...,
മരിച്ചവന്റെ ചുറ്റും, ശിലയുടെ മുന്നിലും
ഗ്രന്ഥ പാരായണം പൊറുക്കാവുന്നതല്ല
ലോകത്തിൽ മതങ്ങളില്ല
നിയമങ്ങളാണുള്ളത്
മതിലുകൾ വേട്ടമൃഗങ്ങളെ
മെരുക്കാനുള്ള ഇടങ്ങൾ മാത്രം
നിയമങ്ങൾ: ആരുണ്ടാക്കിയോ
അവനാണ് തെറ്റുകൾ സൃഷ്ടിച്ചത്
അതുവരെ എല്ലാം ശെരിയായിരുന്നു
ഗുരു: അറിവാണോ? എങ്കിൽ
അറിവില്ലായ്മ അതും ഗുരുവല്ലെ!
പുതിയത് ഉണ്ടാകാതെ പഴയത്
ഉണ്ടാകുമോ
മതങ്ങൾ മിതത്വം പാലിക്കുക
മനുഷ്യർ ജീവിയ്ക്കട്ടെ
അറിവുകൾ.....അറിവുകൾ മാത്രം
അറിയാത്തതാണ്‌ അറിവ്.

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

വീണപൂവ്

വീണപൂവ്
മിഴിപൂട്ടി ഞാനിന്നുറക്കമല്ലേ -സഖീ
മൊഴിയൊന്നുമില്ലാതെ പോകയല്ലേ
ഇനിയുമീ വഴിയിൽ എൻ നിഴലില്ല
കനവിലും,നിനവിലും, കവിതയില്ല

കമലേ നീ ചൊരിയുന്ന അശ്രുപുശ്പങ്ങളെ
കവിളത്ത് ചേർത്ത് ഞാൻ പോകയല്ലേ
കരയെല്ലേ കരളേ നീ എന്നൊന്ന്- ചൊല്ലുവാൻ
കഴിയാതെ ഞാനിന്നുറക്കമല്ലേ

ഇനിയില്ല ദൂരമീ വഴിയോര പാതയിൽ
തനിയേ നടക്കുവാൻ നേരമായി -നിൻ
 മുഖമൊന്നു ചേർത്തെന്റെ മുഖമാകെ മൂടുക
പാഥേയം അതുമതി പാരിടത്തിൽ

കടൽപോലെ പ്രാണന്റെ തിര കുത്തിയൊഴുകുന്ന-നിൻ
ചുടുശ്വാസ മലരൊന്ന് ചേർത്തിടട്ടെ
ഒടുവിലെൻ കാഴ്ചയും,കനവും ഉപേക്ഷിച്ച്
ചുടലയിൽ ചേർന്ന് ലയിച്ചിടട്ടെ.

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

"പുലയാട്ടം"

"പുലയാട്ടം"

കറ്റവിളഞ്ഞ് നടുവൊടിഞ്ഞ് -മുഖം
പറെറ ചേറിനാൽ പുള്ളിതൊട്ട്
പൊൻകതിർ കാറ്റിൻെറ-തോളിലേറി
പറമേളം മുടിയഴിച്ചാട്ടമാടി

കണ്മഷി നീട്ടി വരച്ചു പെണ്ണ് -ചെറു
അമ്പിളി വട്ടത്തിൽ പൊട്ട്തൊട്ട്
നീളൻ കരമുണ്ട് മേനിതൊട്ട്
നാണം കവിളത്ത് പീലിനട്ട്

പാടത്ത് കൊയ്ത്തിന്റെ കേളികൊട്ട്
മേടത്തിൽ പെണ്ണിന്റെ താലികെട്ട്
കാൽനഖം വൃത്തത്തിൽ കോലമിട്ടു
കണ്മുന തെക്കോട്ട്‌ റോന്തുമിട്ടു

കൈതപ്പൂ കാതോല താളമിട്ടു
കൈക്കൂട പൂകെട്ടി മാലയിട്ടു
കൈവെള്ള മരുതാണി ചായമിട്ടു
കൈവള മേളക്കൊഴുപ്പുമിട്ടു

ആശകൾ മൂശയിൽ വെന്തുവന്നു
ആഹാരമില്ലാത്ത രാവ് തന്നു
ആനന്ദ നാളുകൾ ആര് തന്നു
ആരോ കവർന്നിട്ട് നോവ്‌ തന്നു

കണ്മഷി മാറത്ത് കോലമിട്ടു
കാലം പെരുമഴ ചാലുമിട്ടു
പാടം പതിരുകൾ ചേർത്ത് വെച്ച്
പാടാം പഴങ്കഥ കോർത്ത്‌ വെച്ച് .

2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

"ഹൂറാനികളുടെ മുത്തുകൾ"

"ഹൂറാനികളുടെ മുത്തുകൾ"


പിറവിക്കുമുന്നെ കത്തിമുനയിൽ-വേരറ്റു
പോകുന്ന പനിനീർ പുഷ്പങ്ങൾ
അഴുക്കുചാലിൽ കമിഴ്ന്ന് കിടന്ന്
തേങ്ങുന്നത് വിധിയെ ഓർത്തായിരിക്കും


ശപിക്കുന്നത്‌ തനിക്കുവേണ്ടി-
ചുരത്താതെപോയ മാറിടത്തെയായിരിക്കും

പിടയ്ക്കുന്നത്‌ ഒരിറ്റ്‌ സ്നേഹത്തിന് -
വേണ്ടിയായിരിക്കും

കൊതിക്കുന്നത് ഉമ്മയുടെ
താരാട്ടിനായിരിക്കും

തുടിക്കുന്നത് ഉപ്പയുടെ-
വാത്സല്യത്തിനായിരിക്കും

ചിനുങ്ങുന്നത് കിട്ടാതെപോയ
മഞ്ഞക്കുപ്പായത്തെ ഓർത്തായിരിക്കും

പിറവിക്കുമുന്നെ കത്തിമുനയിൽ-വേരറ്റു
പോകുന്ന പനിനീർ പുഷ്പങ്ങൾ-ചിരിക്കുന്നത്
ജന്നത്തിലെ ഹൂർലീങ്ങളുടെ വയറ്റിൽ-
പുനർജ്ജനിക്കുന്നതോർത്തായിരിക്കും.

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഇത്ഖ്:


ഇത്ഖ്:

പക്ഷി കരയുന്നു
ഒരു പക്ഷി കരയുന്നു
കരയിൽ കാലം പിടയുന്നു
കവിളിൽ നീരുകൾ, നീരിൻ ചാലുകൾ
കഥ, കദനം:

വിട ലോകമേ......വിട-പറയുവാൻ
കടമാണ് ജീവിതം, പിന്നെ-
ആരോട് വിട പറയണം
കടം വാങ്ങിയ ജന്മത്തിനും,
ചേക്കേറിയ കൂടിനും

തിര കവരുന്നു കര
കാല് വഴി ...ഒടുക്കം , ഇതാണ് -
തുടക്കവും
മാറിയൊഴുകുന്ന നദിയിൽ- ജീവിത
ചരടുകൾ കോർക്കുന്നു കാലം

ചീവിടിൻ തേങ്ങലിൽ -കർണ്ണം
തകരുന്നു, കവികൾ മൗനം:
തിരിഞ്ഞു നോക്കുന്നു കാലം
വിലാപം, വിധി

വികൃതിയാണ് -ഞാനും എന്റെ
വികൃതമായ തികട്ടലും
കരയുകയാണ് ദൈവവും-പിന്നെ
ഞാനും, അനാഥനാണ് -ഞാനും
പിന്നെ ദൈവവും

വളരുന്നു നിഴലുകൾ-മുന്നിൽ
ഞാനും, നമ്മളും:
ഇത് കഥയാണ് ,വെറും കഥ:
പിന്നെ-പതം പറച്ചിലും.

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

"നെഞ്ചുരുക്കം"


"നെഞ്ചുരുക്കം"

'ഐലൻ' ഉറങ്ങുക നീ ...
ഒരായിരം മാലാഖമാർ
കൈയ്യിൽ കരുതിയ
കളിപ്പാട്ടവുമായി
കാത്തിരിക്കുന്നു നിന്നെ...

അതിരുകളില്ലാത്ത,
കമ്പിവേലികളില്ലാത്ത
കമനീയ ഗൃഹത്തിൽ
മർഹബ പാടുന്നു
ഖമറും, നുജൂമും

മകനേ .....,മാപ്പ്
കണ്ണുനീര് കൊണ്ട് ഞാൻ
നിൻ പാദം കഴുകുന്നു
പാപിയാണ്
ഞാനും പിന്നെ
ഞാൻ പാർക്കുന്ന ലോകവും

ഒരു കനി തിന്ന പാപത്തിന്
ദൈവം മനുഷ്യനായ്
പിറന്ന് കുരിശു വരിച്ചെങ്കിൽ
നിനക്ക് അഭയം തരാത്ത
ഈ ലോകത്തിന്റെ
പാപഭാരം
ആര് ചുമക്കും!!!
ആര് കുരിശു വരിക്കും

മാപ്പ് .....മാപ്പ്.....
ഞങ്ങളും ഒരു യാത്രയുടെ
ഒരുക്കത്തിലാണ് .....
മരണമെന്ന യാത്രയുടെ.
ഇൻഷാ-അല്ലാഹ് :

(ഖമറും, നുജൂമും= ചന്ദ്രനും,നക്ഷത്രങ്ങളും)

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...