2016, ഡിസംബർ 6, ചൊവ്വാഴ്ച

"മിലേ_സുർ_മേരാ_തുമ.."

രാമനുറങ്ങാൻ മസ്ജിദ്,
സീതയ്ക്ക് ഒരു ചർച്ചും
ഹനുമാന് ഒരു ബുദ്ധവിഹാരവും
ലക്ഷ്മണന് സുവണ്ണക്ഷേത്രവും
ലവകുശന്മാർക്കു ജൈനക്ഷേത്രവും 
കൂടിക്കിട്ടിയാൽ
വാത്മീകിയ്ക്കു ഒരു രാമായണം
രചിക്കാമായിരുന്നു
വിശ്വഭാരത രാമായണം
നാനാത്വത്തിൽ ഏകത്വം
(മിലേ_സുർ_മേരാ_തുമ..)

2016, നവംബർ 26, ശനിയാഴ്‌ച

ഭീകരന്മാർ

എല്ലാ ജീവജാലങ്ങൾക്കും
ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്
മൃഗങ്ങൾ പരസ്പരം കൊല്ലുന്നതു
തിന്നാൻ വേണ്ടിയാണ്
മനുഷ്യൻ സഹജീവികളെ കൊല്ലുന്നതു
തിന്നാനല്ല പിന്നെന്തിനാകും.....

നിനക്ക് സുഖിച്ചു വാഴാൻ
എന്റെ ജീവൻ മതിയാകുമെങ്കിൽ
എടുത്തു കൊള്ളുക
അതിനു മാവോയുടെ പേരും
മതത്തിന്റെ കുപ്പായവും
തീവ്രവാദത്തിന്റെ വേരും
തേടിപ്പോകുന്നതെന്തിന്
മരണത്തിനു ശേഷവും എന്നെ വേട്ടയാടാനോ!

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

കുരിശ്

"ദൈവം ചെകുത്താനെ 
മരത്തിൽ ആണിയടിച്ചു തളച്ചു 
ചെകുത്താൻ അന്നും ഇന്നും പുലമ്പുന്നു 
ഞാൻ മരക്കുരിശേറിയതു മനുഷ്യന് വേണ്ടിയെന്ന്" 

Note: ഇത് നിങ്ങളുടെ ശിവനല്ല, 
ഞങ്ങളുടെ ശിവനാണ്, ശിവനേ..........
മഹാത്മാജി മാത്രമല്ല, ഭഗത്സിങും
ഇന്ത്യനാണ്!

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

തുളവീണ ഹൃദയം"


"എന്റെ ഹൃദയം
ഇപ്പോഴും അവിടത്തന്നെയുണ്ടോ"
"അടുത്തിടെ വൃത്തിയാക്കാൻ എടുത്തു നോക്കുമ്പോൾ 
കുറച്ചു സുഷിരങ്ങൾ വീണു
ഞാനെടുത്തു പഴയ സാധനങ്ങൾ വാങ്ങുന്ന
അണ്ണാച്ചിയ്ക്ക് കൊടുത്തു,
പുതിയൊരണ്ണം വാങ്ങിച്ചു"
"വേണ്ടായിരുന്നു... പുതിയതൊക്കെ
ചൈനയുടേതാണു, ബാറ്ററി തീർന്നാൽ
എടുത്തു ദൂരെ കളയണം,
പഴയതു ചുണ്ണാമ്പുകൊണ്ടു
തുളയടച്ചു വീണ്ടും ഉപയോഗിക്കാമായിരുന്നു"

2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

കമ്മ്യുണിസ്റ്റ്


പള്ളിയില്‍ നിന്നും ഉച്ചഭാഷിണിയില്‍
തക്ബീര്‍ മുഴങ്ങി
അതേ-തക്ബീര്‍ ചൊല്ലിയാണ്
അവരെന്നെ അറുത്തത്
ഞാനും ഒരു തക്ബീര്‍ ചൊല്ലി
അതുമാത്രം പുറത്തുവന്നില്ല
അതിനുമുമ്പ് എന്റെ കഴുത്ത-
റ്റുപോയിരുന്നു 


പെരുന്നാള്‍ കാഴ്ചയ്ക്ക് ഉമ്മാക്ക്
വാങ്ങിയ പുകയിലയില്‍
അടയ്ക്കയും, ചുണ്ണാമ്പും, വെറ്റിലയുമില്ലാതെ
ചോപ്പണിഞ്ഞു

പെരുന്നാളിന് പള്ളിയില്‍ പോകുമ്പോള്‍
മകന് തലയില്‍ വെയ്ക്കാനുള്ള തൂവെള്ള
തൊപ്പിയും ചുവന്നുപോയി

കുഞ്ഞോളെ പെരുന്നാള്‍ കുപ്പായത്തില്‍
ഉപ്പാടെ ചങ്കറുത്ത് ചെഞ്ചായമിട്ടു

മയ്യെത്തെടുക്കാന്‍ ഒരു മഹല്ല് മുഴുവന്‍
ബല്യപെരുന്നാളിലാണ് മരണം
സദ്ദാംഹുസൈനെപ്പോലെ കരുത്തന്‍
വെട്ടുകളെല്ലാം നെഞ്ച്കൊണ്ടല്ലേ തടുത്തത്‌

അഹമ്മതി അല്ലാണ്ടെന്തു
കുട്ടീളെ ഓര്‍ക്കണായിരുന്നു
കാഫിര്‍ ....അള്ളായും ബില്ലായും ഇല്ലാത്തോന്‍
കമ്മ്യുണിസ്റ്റ് ആണത്രേ ......കമ്മ്യുണിസ്റ്റ്.

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വേട്ടമൃഗം

വേട്ടമൃഗം
**********
ഒരു തുടം വെള്ളം
കൈയ്യിലൊരു കത്തി
ചുണ്ടില്‍ മന്ത്രോച്ചാരണം
മുന്നില്‍ ദയമുറ്റിയ നോട്ടം 


പഴുതുകള്‍ അടച്ചു കുരുക്കുകള്‍ -
മുറുകുമ്പോള്‍ കഴുത്തു നീട്ടുന്നു
ഇനി ചാട്ടവാറുകള്‍ മുഴങ്ങില്ല
മരണം .....ചുടുചോര .....കൂരിരുട്ടു

എണ്ണയില്‍ വറുത്തും പൊരിച്ചും
ചുട്ടും രാജ്യം, രാമരാജ്യം ......
അമ്പതും എമ്പതും കൊല്ലം
ജീവിച്ചു ചേര്‍ക്കുന്ന വൈര്യം

തിന്നു തീര്‍ക്കണം അല്ലെങ്കില്‍
ചാണക്യ തന്ത്രം പയറ്റണം
അസ്ഥിയില്‍ പഴയൊരു ശാസ്ത്രം -
ഉറങ്ങുന്നു, ഒരു കൂട്ടം ജീവനും

കാമ്പുള്ള സസ്യത്തെ
കാട്ടുതീ കവര്‍ന്നാലും കായ്ക്കും
പിന്നെ പൂക്കും
ജലം ഭൂമിയില്‍ തന്നെയുണ്ട്‌

ഞാന്‍ ചോര ചിന്തിയ മണ്ണില്‍
നീ വളര്‍ത്തുന്ന ബോണ്‍സായ്
ചുവട്ടില്‍ മാനിഷാദ.....വാല്മീകി
പിന്നെ സ്വയം ഭൂവായ ലിംഗവും.

(നൗഷാദ് പൂച്ചക്കണ്ണന്‍)

2016, ജൂലൈ 2, ശനിയാഴ്‌ച

ന്യൂ ജെൻ പൂച്ച


കാണാതെപോയ പൂച്ചയെ
ഉമ്മ അടുപ്പിൽ തിരയുന്നു 
ഇന്ന് ഇരുപത്തേഴിനു
കിട്ടിയ വെള്ളിത്തുട്ടില്
പഴയ ചെമ്പിൻ തുട്ടിലെ ക്ലാവ്

അടുപ്പിൽ പൂച്ച ഉറങ്ങുന്നു
ഇനി വിത്തിറിനു കിട്ടുന്ന
റേഷൻ അരിയും, പിന്നെ
മൊല്ലാക്ക ബിസ്മിയോതി-
അറുത്ത മൂരിയും
പെരുന്നാള് കേമമാക്കണം

പൂച്ച പുച്ഛമായി നോക്കി
തിരിഞ്ഞുകിടന്നു
വിറകുകൊള്ളിയിൽ തീയില്ല:
ലൈലത്തുൽഖദർ വന്നതും
പോയതും പൂച്ച അറിഞ്ഞില്ല

സ്വലാത്ത് നഗരിയിലെ ശുനകൻ
തിന്നും കുടിച്ചും കുടവയർ കുലുക്കിയും
പള്ളിപ്പിരിവ് കോടി കടന്നു
ആനന്ദം ......ആനന്ദം ......
ഇതുവഴിയാണ് സ്വർഗ്ഗകവാടം

ഉമ്മ തസ്ബീഹ് ഉച്ചത്തിൽ ചൊല്ലി.....
തുലാഭാരത്തിലെ പാട്ടു പൂച്ചയ്ക്ക്
അറിയില്ലല്ലോ......
ന്യൂ ജെൻ പൂച്ച കേട്ട ഭാവവും നടിച്ചില്ല
ഈ കൊല്ലം റമളാൻ മുപ്പതും-
തികഞ്ഞെങ്കിൽ ഒരു പട്ടിണികൂടി
അള്ളാന്റെ പേരിൽ എഴുതാം.

2016, മേയ് 23, തിങ്കളാഴ്‌ച

ഫർദകൾ ഉപേക്ഷിക്കണം

ഫർദകൾ ഉപേക്ഷിക്കണം
**********************
രാമേട്ടന്റെ ഭാര്യയും, മകളും,
അമ്മയും, പെങ്ങളും
ബിക്കിനിയണിഞ്ഞു
ചന്തയിൽ പോകുന്നു

ശിരോവസ്ത്രം ഉപേക്ഷിച്ചു
കന്യാസ്ത്രീകൾ
ഇരട്ട പ്രസവിക്കുന്നു
കാമാട്ടിപ്പുരയിൽ സന്യാസിനിമാർ
മാംസചൂടിൽ ഉരുകുന്നു

വിധവകൾ പട്ടും, വളയും,
പൊട്ടും പൊന്നും അണിയുന്നു
എന്നിട്ടും ഈ ######

ഫർദകൾ ഭൂ ......
എങ്ങനെ നമ്മുടെ നാട് മുന്നോട്ടുപോകും
ഹോ .......സാറേ ..
ചുറ്റും നോക്കിയാൽ .........###

കാടന്മാർ .....#####
കൊടിയ ചൂടിലും ...........
കറുത്ത കൂടാരത്തിൽ
എങ്ങനെ സഹിക്കുന്നു കൂത്തിച്ചികൾ.





2016, മേയ് 8, ഞായറാഴ്‌ച

മാതൃദിനം



"അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
"ഉമ്മൊ........ഞാനാണ്...."
"നൗഷാദ്'
മോനെ..., മോന് സുഖം തന്നെ"
"സുഖം ഉമ്മ"
"ഉമ്മ എങ്ങനെയിരിക്കുന്നു .....,
മുട്ട് വേദന കുറവുണ്ടോ"
"ഉണ്ട് മോനെ, ഇപ്പൊ വേദനയൊന്നുമില്ല"
"പുറത്തു ഇറങ്ങുമ്പോൾ
സൂക്ഷിക്കണം അവിടെ പായൽ പിടിച്ചു
തെന്നിക്കിടക്കയാവും"
"ഇപ്പൊ ഇവിടെ മഴയൊന്നും ഇല്ല മോനെ
കൊടിയ ചൂടാണ് കുടിക്കാൻ തന്നെ ജനങ്ങൾ
വെള്ളത്തിന്‌ ബുദ്ധിമുട്ടുന്നു"
"ഞാൻ ഓർമ്മിപ്പിച്ചു എന്നേ യുള്ളൂ
ഞാൻ നാട്ടിൽ വരുമ്പോൾ കാണുന്നതല്ലേ
മുറ്റത്ത്‌ എപ്പോഴും വെള്ളം കെട്ടി നില്ക്കും
പായലും പിടിച്ചിരിക്കും"
" ഈ വയസ്സായ ഞാൻ ഇതൊക്കെ
എങ്ങനെ വൃത്തിയാക്കാനാണ്"
"അതിനു ഒരു മരുമക്കളെയും നിങ്ങൾ
അടുപ്പിക്കില്ലല്ലോ മുഖത്തോട് മുഖം നോക്കിയാൽ വഴക്കും"
"ഉമ്മാക്ക് പത്തു എമ്പത്‌ വയസ്സായില്ലേ മോനെ ..
ചെറുപ്പക്കാരുടെ രീതി എനിക്കും വയസ്സരുടെ രീതി
ചെറുപ്പക്കാർക്കും പിടിക്കില്ല,........പോയിനെടാ...നിന്റെയൊക്കെ
പെണ്ടാട്ടി മാരെയും കൊണ്ട് ........."

" ഉമ്മൊ ഇന്നത്തെ ദിവസം എന്തെന്നറിയാമോ"
"ഇല്ല മോനെ ...പറയ്"
"മാതൃദിനം"
"അതുകൊണ്ടാണോ മോൻ വിളിച്ചത്"
" അല്ലുമ്മ വിളിച്ച കൂട്ടത്തിൽ ഓർമ്മപ്പെടുത്തിയതാണ്"
"മക്കൾക്ക്‌ മാതാപിതാക്കളെ ഓർക്കാൻ ഇങ്ങനെയെങ്കിലും
ഒരു ദിവസമുള്ളത് കാരുണ്യമായി"

അകത്തു നിന്ന് വാപ്പയുടെ ശബ്ദം
"ആരെടി .....ഫോണിൽ"
"നൗഷാദ്"
"കുറച്ചു നാളായെല്ലോ മോൻ വിളിച്ചിട്ട്"
"മോനെ വാപ്പയാണ് ...ഞാൻ ഫോൺ കൊടുക്കാം"
"അസ്സലാമു അലൈക്കും"
"വാ അലൈക്കും അസ്സലാം"
" കുറച്ചു നാളായെല്ലോ മോനെ ഒന്ന് വിളിച്ചിട്ട്
നിന്റെ ശബ്ദം വല്ലപ്പോഴും ഒന്ന് കേൾക്കണം
അതൊരു സന്തോഷമാണ്"
"ജോലിതിരക്കാണ് വാപ്പാ വിളിക്കാമെന്നു കരുതിയിരിക്കും
മറന്നുപോകും"
"അതെ, മോനെ ചിറകൊക്കെ മുളച്ചു പറക്കാനാകുമ്പോൾ
മാതാപിതാക്കളെ മറന്നുപോകും"
"അതല്ല വാപ്പാ എനിക്കും പത്തമ്പത് വയസ്സായില്ലേ
അതുമല്ല എന്റെ ഹൃദയം ഒരിയ്ക്കൽ ഒരു മുടക്കും
അറിയിച്ചതാണ് ഈ ആസ്പിരിൻ കഴിച്ചു തുടങ്ങിയതിൽ പിന്നെ
അത്ര ഒർമ്മയൊന്നുമില്ല"
"എന്റെ കുട്ടികൾ എല്ലാപേരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ
ഒരുത്തനെ റബ്ബ് നേരത്തെയെടുത്തു ഇനി ഒരു മക്കളെക്കൂടെ......
ഞങ്ങളുടെ കണ്ണടയുന്നത് വരെ ..........ഇതാണ് ഇപ്പോഴത്തെ പ്രാർത്ഥന
കുട്ടികളെ പിരിഞ്ഞുള്ള ജീവിതം പറ്റില്ല മക്കളെ......."

"നിങ്ങൾ എന്തൊക്കെയാണ് മോനോട് പറയുന്നത്"
അടുത്തുനിന്നു ഉമ്മ"
"ഒന്നുമില്ല"
"മോനെ ഒരു പാട് പൈസയാകും മോൻ ഫോൺ കട്ട്‌ ചെയ്യ്"
"ഇല്ല ഉമ്മാ ഇപ്പോൾ ഫോൺ വിളിക്കാൻ പൈസയുടെ ആവശ്യമില്ല
നെറ്റ് വഴിയാണ് വിളിക്കുന്നത്‌"
"മോനെ നിന്റെ മോനെ വല്ലപ്പോഴും ഇങ്ങോട്ട് അയയ്ക്കാൻ
സുനിതയോട്‌ നീ ഒന്ന് പറയണം"
"ശെരി"
" പിന്നെ ശെരി മക്കൾ കുട്ട് ചെയ്"
"അസ്സലാമു അലൈക്കും"
"വ അലൈക്കും അസ്സലാം"
പ്രായമായ മാതാപിതാക്കൾ നമ്മുടെ സ്വത്താണ്
ഓരോ ദിവസവും നാം അവരിൽനിന്നും ദൂരെ ...ദൂരെ ..
അകന്നുകൊണ്ടിരിക്കുന്നു .......
അവർ നമ്മുടെ മക്കളായി വീണ്ടും പുനർജ്ജനിക്കുന്നു.....
അകന്നും ...... അടുത്തും ....... ജനനത്തിനും മരണത്തിനും
ഇടയിലുള്ള ഇത്തിരിനേരം .....ഒത്തിരി സ്നേഹത്തോടെ
എല്ലാ കൂട്ടുകാർക്കും മാതൃദിനാശംസകൾ നേർന്നുകൊണ്ട്
നൗഷാദ് പൂച്ചക്കണ്ണൻ.

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

തുറക്കാത്തവാതിൽ

ഒരു കടലോളം തിരകളുണ്ടായിട്ടും
ഒരു ഇലയനക്കം പോലും - നീ
കേട്ടില്ല
നീ തൊടാതെ പോയതും
ഞാൻ തുറക്കാതെ പോയതും
എന്റെ മനസ്സാണ്

2016, ഏപ്രിൽ 19, ചൊവ്വാഴ്ച

"വെളുത്തവാവും ചെകുത്താനെ പേടിയും"



രാത്രി,
കറുപ്പും, വെളുപ്പും
നിലാവുമുണ്ട്
വെളുത്ത സാരിയുണ്ട്
കൂമനും, നരിയും പിന്നെ
വാവലും കൂട്ടിനുണ്ട്
നീലിമലയിലാണ്
താമസം
വിധവയാണ്
വിരഹിണിയാണ്
പ്രണയിനിയാണ്
എന്നിട്ടും ചോരയാണിഷ്ടം
ചുണ്ണാമ്പു
ചോരകുടിക്കാനുള്ള വഴി
നമ്പൂതിരി രസികനാണ്
ഉത്സവം, മന
ഭയം!!!

കുതിക്കുകയാണ്
മെട്രോ
പറക്കുകയാണ്
തെക്കും, വടക്കും
വിമാനം
കരിവണ്ടിയും, കാലവും
പോയില്ലേ ..

ചോരകൾ മടുത്തു
നാടുകൾ നിരങ്ങുന്നു
നാട്ടറിവ്
അധികാരം
ഹുങ്ക്
ഒന്നാമനാണ്‌
ഒന്നിനും കൊള്ളാത്ത ഒന്നാമൻ
തിരഞ്ഞെടുത്ത
പഴംശീല,

വീണ്ടും
ചുണ്ണാമ്പു
കത്തിയിൽ കൊടുക്കണം
കേട്ടോ
ഇല്ലെങ്കിൽ
രാത്രിയാണ്
പോരെങ്കിൽ
ബ്ലാക്ക്‌ & വൈറ്റ്
ചോരയാണ്
കൊതുകിനു
കൌതുകം

ഇങ്ങനൊക്കെ
പറയാമോ
ഇങ്ങക്ക് നൊസ്സാണ്
നാട്ടപ്പിരാന്തു
അല്ലെങ്കിൽ ...
പോടാ ....കള്ളുകുടിയാ
കത്തിയെടുക്കാൻ
മറന്നു ബലാലെ
ഇന്നാ .....
ചുണ്ണാമ്പു !!!

2016, ഏപ്രിൽ 18, തിങ്കളാഴ്‌ച

"മുക്തി"


ഗിരിയുടെ കൊടുമുടിയിൽ
പിറന്നു നീ നദിയുടെ
കൈ വഴികളിൽ
ഒഴുകി ...ഒഴുകി
ഒടുവിൽ
കടലിൽ
ഒടുങ്ങിയോ
മകളേ കാട്ടുമുല്ലേ .......

വക്ഷസ്സിൽ ചുരത്തിയ
അമൃതും ഞൊട്ടി
നുണഞ്ഞു
കയ്പ്പിൻ നീര്
കുടിക്കുന്നു
ആഴിയിൽ
മുത്ത്‌ തേടിപ്പോയ
നീ...,
ഒടുങ്ങിയോ
മകളേ ....

കൊടും താപം വമിക്കുന്ന
കരകളിൽ
കരഞ്ഞു
കവിളൊട്ടി തൂകുന്നു
കണ്ണുനീർ കല്ലായ്,
ഉപ്പു കല്ലായ്
സവിധേ
ഉപേക്ഷിച്ചു
തിരികെ
പോകുന്നോ
മകളേ.......

നിൻ നെറുകയിൽ
തൊട്ടൊരു
വരയിൽ
എഴുത്തില്ല, കരിയാണ്
ചുടലക്കരി
ഗിരിയിൽ
സൂര്യൻ ഉദിക്കുന്നു
നിഴലുകൾ നീളുന്നു
പിറവി മുരടിച്ച
മലടിയായ്
അമ്മ,
മകളുടെ കവിളുകൾ
ചേർത്ത് കരഞ്ഞോളൂ
വെറും മണ്ണാണ്
അച്ഛൻ

2016, ഏപ്രിൽ 17, ഞായറാഴ്‌ച

'സക്കീൻ'


'സക്കീൻ' ഒരു പെട്ടിയാണ്
അതിനുള്ളിലാണ്
ദൈവത്തിന്റെ ജീവനും ഒസ്യത്തും
ദൈവത്തിന്റെ ജീവൻ ചുമക്കുന്ന
പ്രവാചകന്മാർ
അവരുടെ കൈയ്യിലാണ് പോലും
അതിന്റെ താക്കോൽ
ജൂതന്മാരുടെ പ്രവാചക-
ചരിത്രങ്ങളിൽ സക്കീൻ
തലമുറകൾ കൈമാറി ..
കൈമാറി ..........മരുഭൂമിയിൽ,
ഒലിവു തോട്ടങ്ങളിൽ കോലാൻ കുന്നുകളിൽ ....

ഇപ്പോൾ പന്ധിതന്മാരുടെ
ഗ്രന്ഥപ്പുരയിൽ ഈ ചരിത്രവും
ഇടയ്ക്കിടെ കണ്ണ്തുറക്കും
സൂഫിമാരുടെ ഹൂക്കാ'ദർബാറ്കളിൽ
താളത്തിന്റെ മേമ്പൊടിയിൽ
ചുവടുവെയ്ക്കുകയാണ് സക്കീൻ

മുടിയായും, വടിയായും,
പാനപാത്രമായും
ഇബ്ലീസിന്റെ സക്കീൻ
തുറന്നു പുകയായും, പൊടിയായും
പിഞ്ഞാണ'മെഴുത്തായും
ജപമാലയ്ക്കൊപ്പം രുദ്രാഷമായും
ഇളകിയ റൌക്കയിൽ
തുർക്കി'തൊപ്പിയിൽ
'സക്കീൻ'

ഒമർഖയാമിന്റെ അന്തപ്പുരത്തിൽ
തരുണികൾക്കൊപ്പവും
പിന്നെ ഹിമാലയത്തിൽ
നരഭോജികളായ
കാട്ടാള സന്യാസിമാർക്കൊപ്പവും
സക്കീൻ തിരയുന്ന
ബുദ്ധിജീവികൾ!!!

എഴുത്തായും, താളമായും
തൊപ്പിയിട്ട സൂഫിയും,
കാവിയിട്ട സാമിയും
ചുമക്കുകയാണ്
ചെകുത്താന്റെ സക്കീൻ.

നോട്ട്: ആരാധന അത് ഹൃദയത്തില്നിന്ന് വരണം
സമൂഹ ജീവിയാണ് മനുഷ്യൻ
അവൻ സമൂഹമായി ജീവിക്കും
കാടും മലയും, സമതലങ്ങളും
കടന്നുകയറി ഒളിച്ചോടുന്ന
ലഹരിനുണഞ്ഞു മയങ്ങുന്ന
നീയും, ദൈവനാമത്തിൽ
ധനം സമ്പാദിക്കുന്ന ആള്ദൈവങ്ങളും
പൊറുക്കുക
ഇതും ഒരു തരം ഭ്രാന്താണ്.
'

കുങ്കുമപ്പൂക്കൾ



കുങ്കുമപ്പൂക്കൾ ചുവന്നത്
കാവല്ക്കാരന്റെ കണ്ണിലെ
കാമം കൊണ്ടാണോ
കന്യകയുടെ ചുണ്ടിലെ
ചോരകൊണ്ടാണോ -അതോ
അമ്മയുടെ നെഞ്ചിലെ
നോവ്‌ കണ്ടാണോ
രക്ഷകാ..........
നിന്റെ കാമവും
അമ്മയുടെ മുഖത്ത് പതിക്കുന്ന
ബീജവും
തോക്കിൻ കുഴലിൽ
ഭയക്കുന്ന മാനവും...

നേത്രജം തൂകുന്ന
ഹിമപ്പൂക്കൽ
കൊടും അഗ്നിയിൽ
ഉരുകുന്ന കാലം
കവിയും ഉരുകുന്നു

കന്യകേ നിന്റെ മാനവും
പിറന്ന മണ്ണിന്റെ മാനവും
ഒന്നാണ്

കുങ്കുമപ്പൂക്കൽ
ചുവക്കുന്നു
താഴ്‌വരയിൽ കാവൽക്കാർ...
കാമം തീർത്ത കഴുകന്മാർ -ദൂരെ
വലിച്ചെറിഞ്ഞ ലിബാസ്സ്
അമ്മ, നഗ്നയാണ്
സബൂർ ......സബൂർ.


2016, ഏപ്രിൽ 16, ശനിയാഴ്‌ച

മലബാറിലെ മാർപ്പാപ്പാമാർ


ഭാരത്‌ മാതാ കീ ജയ്
എന്ന് വിളിക്കുന്നത്‌
എങ്ങനെ അനിസ്ലാമികമാകും
സ്വന്തം രാജ്യത്തെ മാതാവിന്റെ
സങ്കൽപ്പത്തിൽ കാണുന്നതിനു
മതത്തിൽ ഒരു എതിർപ്പുമില്ല
പിറന്ന മണ്ണിനെ തള്ളിപ്പറയുന്നത്
ഇസ്ലാമിനു വിരുദ്ധവും
സ്വന്തം രാജ്യത്തെ സ്നേഹിക്കേണ്ടതും
നിയമത്തെ അനുസരിക്കെണ്ടതും
ഓരോ പൗരന്റെയും കടമയാണ്
അതാണ്‌ പ്രവാചകനും പഠിപ്പിക്കുന്നത്‌

ബഹുഭാര്യത്വം, വിദ്യാഭ്യാസം, വിവാഹമോചനം
ഇത്തരം കാര്യങ്ങളിൽ
ഇസ്ലാമിനെപ്പറ്റി തെല്ലും വിവരമില്ലാത്ത
ചില പന്ധിതന്മാർ പലപ്പോഴും നടത്തിയ
വിലകുറഞ്ഞ പരാമർശം
പലപ്പോഴും ഭൂരിപക്ഷം മുസ്ലിങ്ങല്ക്കും
കളങ്കമായ രീതിയിലാണ്
വിദ്യാഭ്യാസത്തെ ഖുർആനും, പ്രവാചകനും
എത്രത്തോളം ഊന്നൽ നല്കുന്നോ
അതിനു വിപരീതമാണ്
മത പന്ധിതന്മാർ

ആരൊക്കെയോ എഴുതിയ മാലപ്പാട്ടും, കഥകളും
ഇസ്ലാമിന്റെ പേരില് അടിച്ചേൽപ്പിച്ചു
ഇതാണ് ഇസ്ലാം എന്ന് പഠിപ്പിക്കുന്ന
മത വാദികളാണ് മതത്തെ പൊതു സമൂഹത്തിൽ-
നിന്നും അകറ്റി നിർത്തുന്നത്

മുസ്ലിമിന് ഒരു നേതാവേയുള്ളൂ അത് പ്രവാചകനും
ഒരു ആരാധ്യൻ അത് അല്ലാഹുവുമാണ്
പൌരോഹിത്യം, ആൾ ദൈവം ഇതൊന്നും
ഇസ്ലാം അഗീകരിക്കുന്നില്ല
പറക്കും സാമികൾ, ദിവ്യത്വം ഇതൊന്നും
ഇസ്ലാമിൽ ഇല്ല
ഭക്ഷണം ഇല്ലാത്തപ്പോൾ പട്ടിണി കിടന്നും
പച്ചില ഭക്ഷിച്ചും, തന്നെയാണ് പ്രവാചകന്റെ
മാതൃക .....ഈ സമയങ്ങളിൽ ആകാശത്ത് നിന്നും
മാജിക്ക് കാട്ടി ഭക്ഷണം ഇറക്കുന്ന ഏർപ്പാട്-
ഇസ്ലാമിലില്ല

തീവ്രവാദികളും, മതമൗലികവാദികളും,
ആയുധ'ക്കച്ചവടക്കാരുമായ കുറെ
മത നേതാക്കൾ (എല്ലാ മതത്തിലും ഉള്ളവർ)
ഇവിടെ ചേരി തിരിവ് നടത്തി മുതലെടുക്കുന്നു
നിരപരാതികൾ കൊല്ലപ്പെടുന്നു, ആക്രമിക്കപ്പെടുന്നു
സ്വാമിമാരും, മുസല്യാക്കന്മാരും ബിസ്സിനസ്സ്
നടത്താൻ, ഗോമൂത്രവും, മുടി വെള്ളവും
കാശാക്കുന്നു ...........

ഇസ്ലാം മതത്തിന്റെ സത്യവും, ധർമ്മവും,
മാന്യതവും ഉൾക്കൊണ്ടു തന്നെയാണ്
കോടിക്കണക്കിനു ഞാനും, നിങ്ങളും
ഉൾപ്പെട്ട ഒരു പരമ്പര മുസ്ലിമായതു
ഇങ്ങനെ ഒരു വിശ്വാസം ഇല്ലായിരുന്നെങ്കിൽ,
മതം തീവ്രവാദം പഠിപ്പിച്ചിരുന്നെങ്കിൽ
ആരും മുസ്ലിമാകുമായിരുന്നില്ല
വാളുകൊണ്ടാണ് മതം പ്രചരിപ്പിച്ചിരുന്നെങ്കിൽ
പ്രവാചകന് ശേഷം ആരും മതത്തിൽ
ഉണ്ടാകുമായിരുന്നില്ല
അക്ബർ നിർമ്മിച്ച ദിൻ ഇലാഹി എന്ന മതം
പോലെ ഇസ്ലാം മതവും ഭൂമുഖത് നിന്നും
അപ്രതീക്ഷിതമാകുമായിരുന്നു

കാലങ്ങളായി അങ്ങ് മലബാറിൽ നിന്നും
ഓരോ മാർപ്പാപ്പമാരെ (ഇ കെ .........എ പീ)
എന്നൊക്കെ പറഞ്ഞു
ഏതൊക്കെയോ കൃമികൾ
ഇസ്ലാമിനെ കരിവാരി തേയ്ക്കുന്ന
ഈ അവസ്ഥയെ നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ
വലിയ വില കൊടുക്കേണ്ടി വരും

എന്റെ ആരാധ്യൻ അല്ലാഹുവാണ്
എന്റെ മതം ഇസ്ലാമാണ്
എന്റെ നേതാവ് മുഹമ്മദ്‌ നബിയാണ് (സ: അ:)
എന്റെ രാജ്യം ഇന്ത്യ' യാണ്
ഇതാണ് മുസ്ലിം, ഇങ്ങനെയാകണം മുസ്ലിം
രാജ്യമില്ലാത്തവരുടെ അവസ്ഥ ഒന്ന് ചുറ്റും
കണ്ണോടിച്ചാൽ കാണാനാകും
ജയ് ഭാരത്‌ മാതാ ..............

2016, ഏപ്രിൽ 10, ഞായറാഴ്‌ച

'തൊട്ടാവാടി'


അവൾ ഉറങ്ങുകയാണ്
മുള്ളുകൾ അവൾക്ക്
അലങ്കാരമാണ്
ഒന്നുതൊട്ടാൽ
കൊട്ടിയടക്കുന്ന വാതിലുകൾ
കെട്ടിപ്പുണരുന്നത്
സ്വന്തം മനസ്സിനെയാണ്‌
പാവം അവളൊരു
തൊട്ടാവാടിയായിരുന്നു

നൗഷാദ് പൂച്ചക്കണ്ണൻ

2016, ഏപ്രിൽ 9, ശനിയാഴ്‌ച

ഒരു വിളിപ്പാടകലെ



ഒരു വിളിപ്പാടകലെയാണ്
എങ്കിലും
പരസ്പരം
അറിയാതെ പോയതാകാം
നമ്മൾ തമ്മിൽ
ഇത്രയും ദൂരം .....!
നാം നടന്ന വഴികളിൽ
വാകകൾ ഇപ്പോഴും
പൂക്കാറുണ്ട്

കറുകകൾ തലനീട്ടിയ
ഗ്രാമവഴികളിൽ
മേഘങ്ങൾ ദൂത് പോകാറില്ല
ദൂരമാണ് ..........!

ഇനി കാണുമ്പോൾ
അടുപ്പം തൊന്നുമെങ്കിൽ
തിരികെത്തരാൻ
ഒരു മയിൽ‌പ്പീലിത്തുണ്ട് ...
കുറെ മഷിത്തണ്ട് - പിന്നെ
കോന്തലയിൽ സൂക്ഷിക്കാൻ
പുളിമാങ്ങയും, ഉപ്പും

ഒരു വിളിപ്പാട് അകലെയാണ് ...
ഞാനും, നീയും
മനസ്സുകളുടെ ദൂരമാണ്
മുന്നിൽ മഹാസാഗരം തീർക്കുന്നത്

നൗഷാദ് പൂച്ചക്കണ്ണൻ

2016, മാർച്ച് 8, ചൊവ്വാഴ്ച

ഒന്നേ ഗുണം ഒന്നേ സമം ഒന്ന്



പ്രളയം
ഒരു കപ്പൽ
ലോകത്തിലെ
എല്ലാ ജീവജാലങ്ങളിൽ നിന്നും
ഓരോ ജോഡികൾ
പിന്നെ 'നൂഹും'

കുത്തിയൊലിക്കുന്ന
ജലപ്രവാഹം നഷ്ടപ്പെട്ട മകൻ
പ്രയാണം
കരകൾ, സമതലങ്ങൾ,
കുന്നുകൾ .......

പ്രാവിന്റെ
ചുണ്ടിൽ ഒലിവിന്റെ തണ്ടും
നനവുള്ള ചെളിയും

തകർന്ന നവയുഗത്തിൽ
ഒരു കപ്പൽ, പ്രവാചകൻ!

ബോംബുകൾ മിസൈലുകൾ
നഷ്ടപ്പെട്ട മകൻ
അച്ഛനെയും കപ്പലിനെയും
ജീവജാലകങ്ങളെയും
കൊന്നൊടുക്കുന്നു

തരിശാണ് ഭൂമി
ശൂന്യമാണ് ആകാശം
ഒറ്റയാണ് മകൻ
ഏകനായ ദൈവം

ആകാശവും
ഭൂമിയും
കുറെ ശവങ്ങളും

ശവങ്ങളെ ഭരിക്കാൻ
ഒരു മനുഷ്യനും

സമ്പത്ത്, ആയുധം, പുത്രവാത്സല്യം
അപ്പോഴും ദൈവം അനാഥൻ

2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

'സക്കൂം'


പള്ളിക്കാട്ടിലെ
സ്മാരകശിലകളിൽ
കാലം മൈലാഞ്ചി നാട്ടു
ഉള്ളിൽ ഉരുകുന്ന തീക്കനൽ
പേറുന്ന കാറ്റിൽ
കുന്തിരിക്കപ്പുക
പുഴുക്കൾ മേവുന്ന
മാംസങ്ങളിൽ
വർഗ്ഗീയ വിഷപ്പുക
ഖൽബിൽ നന്മ തിന്മയുടെ
തിരയിളക്കം

സ്വർഗ്ഗം തിരയുന്ന
ബ്രഹ്മചാരിയുടെ നാഭിയിൽ
സക്കൂം മുളയ്ക്കുന്നു
മയ്യത്ത്കട്ടിലിൽ മദ്രസ തേങ്ങുന്നു
ആദ്യാക്ഷരത്തോടൊപ്പം
കാമവും വിളമ്പുന്നു

അള്ളാന്റെ നാമത്തിൽ
വിഗ്രഹം നാട്ടുന്നു
അല്ലേലും നമ്മളിൽ
ആരാണ് കേമൻ
ആകരം തേടുന്ന ശാസ്ത്രം!

കവി മൈലാഞ്ചി പള്ളിക്കാട്ടിൽ
തിരയുന്ന കാലം
ഉമ്മാന്റെ കെട്ടിയോൻ
ബാപ്പ അളിയനാകുന്ന കാലം
കവിതയല്ല
കവിയുമല്ല
ഒരുതരം
മുഹബ്ബത്ത്....പിരാന്ത്
ലഹരി ......അള്ളായും
സൂഫിയും ........കച്ചോടവും
നെറികെട്ടോൻ.

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

"ബ്രൂശ"



വിറ്റുപോകാത്ത സ്വപ്‌നങ്ങൾ
പെറ്റു പെരുകിയാണ്
കവിതകളുണ്ടായത്‌

ചില്ലക്ഷരങ്ങളിൽ ഉടഞ്ഞുപോയ
ഉപമയും ഉല്പ്രേക്ഷയും
കലഹിച്ചു പിരിഞ്ഞുപോയ
വർണ്ണനയും ലക്ഷണവും

ഊശാന്താടിയിൽ, ഒരുകവിൾ പുകയിൽ
ആരോ എഴുതിയ ഗദ്യകവിത
കാവ്യാലങ്കാരവ്യവസ്ഥ അറിയാതെ
മയക്കത്തിലാണ്

കവി: കലഹത്തിലാണ്
കവിത: ഭ്രൂണത്തിലാണ്
ഘടികാരം: അതുമാത്രം
മദ്യഷാപ്പിൽ.


2016, ഫെബ്രുവരി 10, ബുധനാഴ്‌ച

ഒറ്റമരം

ഒറ്റമരം,

കൊമ്പിൽ
ഒരു കിളിമാത്രം
പണ്ട് കൂട്ടിയ കൂടും
ഇണയിട്ട മുട്ടയിൽ
പൊട്ടിയ, തട്ടിയ ചട്ടിയും

പെട്ട് ഞാൻ മരച്ചില്ലയിൽ
ഉണങ്ങിയ കൊമ്പും
വരണ്ട തൊണ്ടയും
ചോര വറ്റിയ കണ്ണും, കിനാവും

ഒറ്റമരം,
ഒരിലമാത്രം ബാക്കി
മണ്ണിലേയ്ക്കു ആണ്ടിറങ്ങിയ വേരും
പിന്നെ ദാഹമകറ്റിയ നീരും
വേനൽ, ദൂരെ വർഷം

കുന്നിറങ്ങി വരുന്നുണ്ട് മഴു
ഉരുളുന്നു കല്ലുകൾ
പാർപ്പിടം കുലുങ്ങുന്നു
മറിയുന്നു, ഒറ്റമരവും കൂടും
പിന്നെ പൊട്ടിയ മുട്ടയും
തട്ടിയ ചട്ടിയും
ഞാനും, കിളിയും മരവും.

നൗഷാദ് പൂച്ചക്കണ്ണൻ

2016, ജനുവരി 31, ഞായറാഴ്‌ച

സാധന



ചക്രം തിരിക്കുന്നു ദൈവം -പിന്നെ
വക്രം ചമയ്ക്കുന്നു ദൈവം
വിഘ്നം പറയുന്നു വേദം
പഞ്ചിക നോക്കുന്നു ദൈവം

ബോധകൻ ചൊല്ലുന്ന ന്യായം
ബോധിച്ചു കൊള്ളണം മാന്യൻ
ബോധം മറയുന്ന മുന്നേ
ബോദ്ധ്യം വരുത്തണം പോലും

തീർത്ഥം തളിക്കണം മേലിൽ
പാർഥൻ ഇരിയ്ക്കണമെങ്കിൽ
തീണ്ടാൻ പാടില്ല പോലും
തീയിൽ എടുക്കും വരേയ്ക്കും

2016, ജനുവരി 24, ഞായറാഴ്‌ച

ഞാൻ തിരയുന്നത്

ഞാൻ തിരയുന്നത് അതിരുകളാണ്
മനുഷ്യൻ മനുഷ്യനെ ചങ്ങലക്കിടാൻ
തീർത്ത മതിലുകളാണ്
സ്വാതന്ത്രിയത്തെ പൂട്ടിയിടുന്ന താഴുകളാണ്

മണല്ക്കാറ്റുകൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത
ഇരുട്ടറകളിൽ നിയമം തുറിങ്കിലടച്ച
അനാഥ നിലവിളികളെ വ്യാകുലതയോടെ
നോക്കുന്ന ശൂന്യതയെയാണ്

നൗഷാദ് പൂച്ചക്കണ്ണൻ

നിഴലുകൾ



നിഴലുകൾ
നിലയില്ലാകയത്തിലെ
വ്യാമോഹങ്ങൾ
ഉടലുകളില്ലാത്ത ജീവിതങ്ങൾ
ഉപമകൾ തിരയാത്ത ചലനങ്ങൾ

നിഴലുകൾക്ക് എന്നും
ഒരേ നിറം കറുപ്പ്
വെളുപ്പിൽ കറുപ്പ് തേടുന്ന പകൽ
പകൽ പഴുത്താലും കറുപ്പ്

കറുപ്പാണ് ജീവിതം
പാവകൾ ... പാവകൾ
ആടുകയാണ് നിഴലുകളുടെ
കൂത്താണ് ......മൌനമാണ്

മൌനമാണ് നിഴലുകൾ
എല്ലാം അറിയാം എന്ന നിന്റെ
അഹങ്കാരത്തിന്റെ മുനയൊടിക്കുന്ന
മൌനം

നിഴലുകൾ കലഹിക്കുന്നില്ല
കാറ്റിൽ താളം പിടിക്കുന്ന
കൈകൾ .....നിച്ചലമായ
സംഗീതം പൊഴിക്കുന്നു

നിഴലുകൾക്ക് ശബ്ദമില്ല
തിരിച്ചറിവ് .....അതും
നിന്റെ നിഴലും, നിറമില്ലാത്ത
നിന്റെ സ്വപ്നങ്ങളും

നീർക്കുമിളകൾ ....
വെളിച്ചം....
ഇരുട്ടും.......
ധർമ്മമാണ് നിഴലുകൾ

കർമ്മമാണ്‌ ....വഴിയും
തൊടിയും, നിഴലുകളും
ചങ്ങലകളിൽ നിറം മയങ്ങുന്നു
നമ്മൾ അടിമകളാണ്

നിഴലുകളുടെ അടിമകൾ
അവരുടെ കരുതലിൽ
ആടുന്ന പാവകൾ
അതോ മനുഷ്യൻ

നിഴലുകൾക്ക്
നീതിയില്ല
നിയമമില്ല
വെറും ചലനം

ചലനമാണ് നിഴലുകൾ
വെറും ചലനം
നീയും ഞാനും ...പിന്നെ
നിഴലുകളും തീരാത്ത .....കുറിമാനവും

നൗഷാദ് പൂച്ചക്കണ്ണൻ.

2016, ജനുവരി 23, ശനിയാഴ്‌ച

മത്തായിയുടെ സുവിശേഷം


മത്തായി അല്ല, 'സജി മത്തായി' ഞങ്ങളുടെ സേഫ്റ്റി ഓഫീസറാണ്
എന്റെ മൊബൈലിൽ ഒരുപാട് സജിമാരുടെ നമ്പരുണ്ട്
അതിൽ മുസ്ലിമും, ഹിന്ദുവും അങ്ങനെ ആളിനെ
തിരിച്ചറിയാൻ സജി വർഗ്ഗീസ് എന്ന് കോറിയിട്ടു
ഇന്നലെ എന്റെ ടെലിഫോണിൽ നമ്പർ തിരയുന്ന കൂട്ടത്തിൽ
തെറ്റായി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ പേര്
എന്റെ കൂട്ടുകാരൻ തിരുത്തിത്തന്നു
"എടാ നൗഷാദെ അയാളുടെ പേര് സജി മത്തായി, എന്നാണ്-
നീ അയാളുടെ അപ്പന്റെ പേരും മാറ്റിയോ"
ശെടാ......,മോശമായെല്ലോ ഞാൻ പേര് തിരുത്തി
"സജി പത്തായി"!!!
"ഭായ് ഞാൻ തിരുത്തി ഇനി അയാളുടെ അപ്പന്റെ പേര്
ഞാൻ മാറ്റിയെന്ന് ആരും പറയില്ലല്ലോ "സജി പത്തായി"!
" എന്ത് പത്തായിയോ?! പത്തായിയല്ല എട്ടായി"
" എന്തൊരു ഭായി എട്ടായിയോ?"
"എടാ മണ്ടാ ..., പത്തായിയല്ല മത്തായി......"
എന്നിലെ സാഹിത്യകാരാൻ സടകുടഞ്ഞ്‌ എഴുന്നേറ്റു
"അല്ല ഭായ് "മത്തായി !!! അതായത് ഫിറ്റായി ഇങ്ങനെയും മനുഷ്യന്
പേരിടുമോ"
"അല്ലെടോ നീ മത്തായിയുടെ സുവിശേഷം എന്ന് കേട്ടിട്ടില്ലേ"
"ഇല്ല ഭായ് മത്തായി പറഞ്ഞപോലെ എന്ന് കേട്ടിട്ടുണ്ട് "
"അതെന്താണ് മത്തായി പറഞ്ഞപോലെ"
"കുടിയനായ മത്തായി കുരിശടിയിലെ വഞ്ചിയിൽ
കാശുമിട്ട് കർത്താവിനോട് ഉള്ളുരുകി പ്രാർഥിച്ചു
പ്രാർത്ഥനകഴിഞ്ഞ് മുന്നോട്ട് നടന്ന മത്തായി തിരിച്ച് വന്ന്
കർത്താവിനോട് പറഞ്ഞു എന്റെ പ്രാർത്ഥന നീ കേട്ടില്ലെങ്കിൽ
ഈ മത്തായിക്ക് പുല്ലാണ് ഇതാണ് മത്തായി പറഞ്ഞപോലെ"

അല്ലേലും എന്റെ നാട്ടിൽ കൃസ്ത്യാനികൾ ഇല്ല (വർക്കല)
അഞ്ചുതെങ്ങിൽ കുറച്ച്പേരുണ്ട് ഒരിയ്ക്കൽ എന്റെ ഒരു കൂട്ടുകാരനോട്
പറഞ്ഞപ്പോൾ അവൻ പറയുകയാണ്‌
അവരൊക്കെ മുക്കുവന്മാരാണ് നല്ല ക്രിസ്തിയാനികൾ അല്ലെന്ന്
മനുഷ്യരുടെ പാവം കഴുകിക്കളയാൻ
കുരിശുവരിച്ച യേശു അതിൽ മുക്കുവന്റെ പാപം
എന്തേ കഴുകിയില്ല!
ഇനി പിതാവിന്റെ ഊഴമാണ്
പുത്രൻ കാണാതെപോയത് പിതാവ് കാണുന്നു
അതാണ്‌ എന്റെ വിശ്വാസവും പ്രതീക്ഷയും
അല്ല വായനക്കാരെ പണ്ട് ഒരു അദ്യാപകൻ
നബിയെപ്പറ്റി എഴുതിയപ്പോൾ കൈമുറിച്ച
തീവ്രവാദികൾ ഈസാ നബിയെപ്പറ്റി എഴുതിയതിന്
എന്റെ തല വെട്ടുമോ? അതോ തിരുമുറിവുകൾ എഴുതിയ
അച്ഛനെ ജയിലിൽ അടച്ചപോലെ നിയമം
നമ്മളെ ജയിലിലിടുമോ
എന്തായാലും പത്തായിയും, എട്ടായിയും, മത്തായിയും
മത്തായി പറഞ്ഞപോലെയും അല്ല സംഭവം
മാത്യുസ് പറഞ്ഞതാണ് സുവിശേഷം
(The Gospel of Matthew).

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...