"വീണ്ടും മുല്ല പൂത്തു പക്ഷേ........"
ഒരു  വെളുപ്പാന്‍ കാലം ഉമ്മ അടുക്കളയില്‍ നിന്നും വിളിക്കുകയാണ്
"മോനേ.......;മോനേ........;
ഡാ ...എഴുന്നേറ്റെ പെട്ടെന്ന്"
ഈ ഉമ്മ ഇങ്ങനാണ് ഒന്ന് ഉറങ്ങാനും അനുവദിക്കില്ല
ഞാന്‍ പുതപ്പ് ഒന്നുകൂടി വലിച്ച്മൂടി കാലെല്ലാം മടക്കി കുട്ടികള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍
കിടക്കുന്നത്പോലെ ചുരുണ്ട് കൂടി
"മോനേ...."
"എന്താ; എന്നെ ഉറങ്ങാന്‍ അനുവതിക്കില്ലേ?"
"നീ അപ്പുറത്ത് 'ഉഷയോട് ചെന്ന് പറയുക കുറച്ചു കറിവേപ്പില പൊട്ടിച്ച് തരാന്‍"
"കുറച്ചു കഴിയട്ടെ"
"നേരം ആറ് മണിയായി; നീ മദ്രസയില്‍ പോകുംമുമ്പ് അത് വാങ്ങിക്കൊണ്ടു തരാനാ പറയുന്നത്"
ഞാന്‍ മടിച്ച് .....മടിച്ച് .....എഴുന്നേറ്റു
കണ്ണും തിരുമ്മി അടുത്ത വീട്ടിലേക്ക് അവിടെ അച്ഛന്‍,അമ്മ,ഉഷേച്ചി അവര്‍ മൂന്നുപേരേ ആ വീട്ടിലുള്ളൂ
ചേച്ചി കോളേജില്‍ പഠിക്കുന്നു അച്ഛന് ഒരു പീടികയുണ്ട്
ഞങ്ങളുടെ രണ്ട് വീടുകളുടെ ഇടയില്‍ കെട്ടിമറച്ച മതിലുകളില്ല
ഇവിടത്തെ തവിയും, കലവും അവിടത്തെ പുളിയും, ഉപ്പും എല്ലാം ഞങ്ങള്‍ പരസ്പരം
ഉപയോഗിക്കാറുണ്ട് എന്നുമാത്രമല്ല രണ്ട് വീടുകളിലെയും വിശേഷങ്ങളും ഒരുമിച്ചായിരുന്നു
      ഞാന്‍ അടുക്കളക്ക് പുറത്തുനിന്ന് "
ഉഷേച്ചീ ...... ഉഷേച്ചീ ......"എന്ന് വിളിച്ചു
അകത്തു നിന്നും അമ്മയാണ് വിളികേട്ടത്
"എന്താ...മോനേ"
ഞാന്‍ ആവശ്യം അറിയിച്ചു
"ഉഷേ.....എടീ....ഉഷേ...."
"എന്താ....."
അകത്തുനിന്നും ചേച്ചി
"മോന് കുറച്ച് കറിവേപ്പില പൊട്ടിച്ച് കൊടുത്തേ"
"ആര് ഇത് ....സായിപ്പ് കുട്ടിയോ?"
എന്നെ ഉഷേച്ചി സായിപ്പ് കുട്ടിയെന്നാണ് വിളിക്കുക
ഞാന്‍ അക്കാലത്ത് അഞ്ചാംതരത്തിലാണ് പഠിക്കുന്നത് ഒരു നിക്കര്‍ മാത്രം ഇടും;
ഷര്‍ട്ട് ഇടില്ല  എന്നെ എപ്പോള്‍ കണ്ടാലും എന്റെ നെഞ്ചില്‍ രണ്ട് തട്ട് തരും വിരലുകൊണ്ട്
എനിക്കാണെങ്കില്‍ ഇക്കിളിയാകും ഞാന്‍ ഓടും എന്നാലും എന്നെ വിടില്ല ചേച്ചിയുടെ അമ്മ കണ്ടാല്‍
വഴക്ക് പറയും
"ഡീ...വിടാനാ പറയുന്നത്; മോനേ ഉപദ്രവിക്കാതെ വിടാന്‍"
ഇത് നിത്യ സംഭവമാണ് എന്നാലും എനിക്ക് ചേച്ചിയെ ഇഷ്ട്ടാണ്
കുളികഴിഞ്ഞ് ഈറന്‍ മുടിയോടെ എന്നും വീട്ടില്‍ വന്ന് അവിടെയുള്ള മൊത്തം മുല്ലപൂക്കളും
പൊട്ടിച്ച് കൊണ്ട്പോകും മാലയുണ്ടാക്കി എന്റെ ഇത്താക്കും കൊടുക്കും ഇത്ത ചേച്ചിയേക്കാളും
ഒരുപാട് ഇളയതാണ് അന്ന് എട്ടാം തരത്തില്‍ പഠിക്കുന്നു 
എന്നാലും അവര്‍ രണ്ടുപേരും വല്യ കൂട്ടുകാരാണ്
     എന്തോ ..എങ്ങനയോ........എന്നൊന്നും എനിക്കറിയില്ല 
ഞാന്‍ ഈ ചേച്ചിയെ പ്രണയിക്കാന്‍ തുടങ്ങി
പ്രണയമെന്നാല്‍ മുടിഞ്ഞ പ്രണയം അവരോടു പറയാന്‍ പറ്റുമോ?........പറഞ്ഞാല്‍ തല്ല് ഉറപ്പ്
സ്കൂള്‍ വിട്ട് വന്നാല്‍ മുഴുവന്‍ സമയവും ഉഷേച്ചിയുടെ വീട്ടില്‍
അവിടെ ഊഞ്ഞാല്‍ ഉണ്ട് അതില്‍ ചേച്ചി കയറില്ല
എന്നെ എടുത്തിരുത്തും ചിലപ്പോള്‍ എന്റെ ഇത്തയെയും എന്നിട്ട് ഞങ്ങളെ ഊഞ്ഞാല്‍ ആട്ടിതരും
അതിനു അമ്മ വഴക്ക് പറയും
"നീ കുട്ടികളെ തട്ടി താഴെയിടരുത്"
"ഇല്ലമ്മേ"
ഞാന്‍ ഇടക്കൊക്കെ ഒളികണ്ണിട്ടു ചേച്ചിയെ നോക്കാറുണ്ട്
പലപ്പോഴും ആലോചിക്കും ഒരു കത്തെഴുതി കൊടുത്താലോ എങ്ങനെ കൊടുക്കും
വീട്ടില്‍ ആരോടെങ്കിലും ചേച്ചി പറഞ്ഞാലോ ചിലപ്പോള്‍ എന്നെ തല്ലിയാലോ
ഉറക്കമില്ല ,ഊണില്ല എപ്പോഴും ചിന്തിച്ച് .....
എന്റെ ചിന്തയും  ഇരുത്തവും  കണ്ട് ഉമ്മ ഉപ്പയോട് പറഞ്ഞു
"മോന് എന്തെന്നറിയില്ല ഒരു വാട്ടം എപ്പോഴും ഒറ്റക്കിരിക്കുന്നു ഭക്ഷണവും കഴിക്കുന്നില്ല;
വല്ല ശൈത്താനും കൂടിയതാണോ? എന്തായാലും നിങ്ങള്‍ പള്ളിയില്‍ പോകുമ്പോള്‍
ഉസ്താദിനോട് പറഞ്ഞ് ഒരു ചരട് ജപിച്ച് വാങ്ങിക്കൊണ്ടു വരണം"
ഉപ്പ വാക്ക് പാലിച്ചു എന്റെ കൈത്തണ്ടയില്‍ അടുത്ത ദിവസംമുതല്‍ ഒരു ചരട് പ്രത്യക്ഷപ്പെട്ടു
വീട്ടുകാര്‍ അറിയുന്നുണ്ടോ എന്റെ പൊല്ലാപ്പ് പ്രണയം ഇങ്ങനെയാണെന്ന്
ഞാന്‍ ആദ്യമായറിയുന്നു നെഞ്ചില്‍ ഒരായിരം കടന്നലുകള്‍ ഒന്നിച്ച് ഇളകി കുത്തും
ചിലപ്പോള്‍ ഒരായിരം പനിനീര്‍പ്പൂക്കള്‍ മനസ്സില്‍ വിരിയും
മറ്റുചിലപ്പോള്‍ പറയാന്‍ കഴിയാത്ത ഒരു അനുഭൂതി
ആ വികാരത്തെ എങ്ങനെ ഒരു കടലാസ്സില്‍ എഴുതും കടലാസ്സിനും പേനക്കും ഇടയിലുള്ള
ഒരു കൊല്ലത്തെ ദൂരമാണ് പ്രണയം പ്രണയമേ.......നീ വാഴുക .....
    അടുത്ത ദിവസം ഞാന്‍ സ്കൂള്‍ വിട്ട് വരുമ്പോള്‍
ഉമ്മ അടുക്കളയില്‍ പലഹാരം ഉണ്ടാക്കുന്നു
കൂടെ ഉഷേച്ചിയുടെ അമ്മയും ഉണ്ട് പെരുന്നാളല്ല, ഓണമല്ല,വിഷു അല്ല പിന്നെ എന്താ......
ഞാന്‍ ഉമ്മയോട് ചോദിച്ചു 
"നമ്മുടെ ഉഷയെക്കാണാന്‍ ഒരു കൂട്ടര്‍ വരുന്നുണ്ട്"
"അതെന്തിനാ" 
അതിനു മറുപടി അമ്മയാണ് പറഞ്ഞത് 
"അതോ....പെണ്ണ് കാണാന്‍; 
നിന്റെ ഉഷേച്ചിയെ കല്യാണം കഴിപ്പിച്ച് പറഞ്ഞയക്കാന്‍ പോകുന്നു" 
എന്റെ നെഞ്ചില്‍ കൊള്ളിയാന്‍മിന്നി 
ആരോട് പറയും ഞാന്‍ എന്റെ വേദന 
പള്ളിയിലും അടുത്ത അമ്പലത്തിലും അന്പത് പൈസവീതം നേര്ച്ചനേര്‍ന്നു
താങ്ങാവുന്നതിലും അധികം വേദനയില്‍ അന്ന് ഇരുട്ടി വെളുപ്പിച്ചു 
ഞാന്‍ കണ്ട കിനാവുകള്‍ തല്ലിക്കെടുത്താന്‍ അടുത്ത ദിവസം വൈകിട്ട് 
ഒരു കാപാലികനും കുറേ കാരണവന്മാരും ആ വീട്ടില്‍ കയറിവന്നു 
എന്റെ വീട് മുഴുവനും അവിടെയുണ്ട് ഒപ്പം ഞാനും 
പലഹാരമെല്ലാം മേശമേല്‍ നിരന്നു 
ആളുകള്‍ അതിനുചുറ്റും കസേരയില്‍ ഇരിക്കുന്നു 
സ്ത്രീകളെല്ലാം ചേച്ചിയെ ഒരുക്കുന്ന തിരക്കിലാണ് 
ഞാന്‍ ചേച്ചിയെ ഒരുനോക്ക് കണ്ടു പടച്ചോനേ.....
ഒരു ഹൂറിയെപ്പോലെ... ആദ്യമായാണ് ചേച്ചിയെ സാരിയുടുത്ത് കാണുന്നത് 
പള്ളിയിലും അമ്പലത്തിലും കൊടുക്കാമെന്നു പറഞ്ഞ നേര്ച്ച ഞാന്‍ 
അല്ലാഹുവിനേയും ഭഗവതിയെയും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു 
ചായയും എടുത്ത് ചേച്ചി അവരുടെ മുന്നിലേക്ക് ഒപ്പം പൂമുഖത്തേക്ക് 
അമ്മയും,ഉമ്മയും,ഇത്തായും,പിന്നെ ഞാനും 
അച്ഛന്‍ ചേച്ചിയോട് 
"അത് അങ്ങോട്ട് കൊടുക്ക് മോളെ" എന്ന് പറഞ്ഞു
ചേച്ചി അവിടെയുള്ള കാരനവന്മാര്‍ക്കെല്ലാം ചായകൊടുത്ത് 
പയ്യന്റെ മുന്നിലേക്ക് ചായ കൊടുക്കാന്‍ കുനിഞ്ഞതും 
പിര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ ...............
പുറകില്‍ നിന്നും ഒരു ശബ്ദം!!!
എല്ലാപേരും മുഖത്തോട് മുഖം നോക്കി 
ചേച്ചിയാണേല്‍ ആകെ നാണക്കേടിലായി 
പെട്ടന്ന് ചേച്ചിയുടെ അമ്മയുടെ മനസ്സില്‍ ലെഡു പൊട്ടി 
അവര്‍ ചാരി നിന്ന കതക് അമര്‍ത്തിപ്പിടിച്ച് "ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍" 
എന്ന് ശബ്ദമുണ്ടാക്കി 
ഇത് കേട്ടതും പെണ്ണ് കാണാന്‍ വന്നആള്‍ 
ചേച്ചിയുടെ മുഖത്തുനോക്കി 
"അത് കതക്" 
അവിടെ നിന്ന ഞാന്‍ നിയന്ത്രണം വിട്ട് ഉച്ചത്തില്‍ ചിരിച്ചു 
ഒപ്പം ഉമ്മ എന്റെ കൈപിടിച്ച് അകത്തേക്ക് വലിച്ചു എന്നിട്ട് 
എന്റെ ഇരു കവിളിലും ഓരോ അടി ഞാന്‍ നിലവിളിച്ച് വീട്ടിലേക്കോടി 
       കല്യാണം മുടങ്ങി പക്ഷേ....അടുത്ത ദിവസം മുതല്‍ 
ആ ചേച്ചിയോട് എനിക്കുണ്ടായിരുന്ന പ്രണയം അവസാനിച്ചു 
അയ്യേ......പെണ്ണുങ്ങള്‍ ......പിര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ 
പ്രണയം നഷ്ട്ടപ്പെട്ടത് കാരണം ഞാന്‍ അല്ലാഹുവിനും ഭഗവതിക്കും 
കൊടുക്കാമെന്നു പറഞ്ഞ കാണിക്ക കൊടുത്തിരുന്നില്ല 
ഈ സംഭവത്തിന് ശേഷം ചേച്ചി എന്നെ നോക്കാറില്ല...ഞാനും 
പിന്നെ കുറേ മാസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം 
ഞാന്‍ മദ്രസവിട്ട് വീട്ടില്‍ വരുമ്പോള്‍ ഉമ്മയെ കെട്ടിപ്പിടിച്ച് അമ്മ കരയുന്നു 
കാരണമെന്തെന്നു എനിക്ക് മനസ്സിലായില്ല 
അന്ന് രാത്രി ഞാന്‍ ഇത്തയോട് ചോദിച്ചു ഇതായാണ് പറഞ്ഞത് 
ഉഷേച്ചി അടുത്തുള്ള ശങ്കുണ്ണി'യേട്ടനൊപ്പം നാടുവിട്ട്പോയെന്ന്!!!
   സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് തന്നെ അസ്തമിച്ചു 
മഴ പെയ്തു പൂക്കള്‍ വീണ്ടും വിരിഞ്ഞു വീട്ടിലെ മുല്ലമാത്രം 
പിന്നെ മോട്ടിട്ടില്ല ഉഷേച്ചി പോയതില്‍പിന്നെ...............
കയ്യില്‍ ഒരു കുട്ടിയുമായി ശങ്കുണ്ണി'യേട്ടനൊപ്പം ചേച്ചി ആ വീട്ടില്‍ വന്നു കയറുമ്പോള്‍ 
അവരെ സ്വീകരിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല........... 
എന്റെ വീട്ടിലെ മുല്ലയും......... പക്ഷേ .....എന്റെ ഉപ്പ ഒരു മുല്ലതൈ നട്ടിരുന്നു 
ഉഷേച്ചിയുടെ മകള്‍ക്കായി. 
 
ഉഷേച്ചിയെ സ്നേഹിച്ച നിക്കറുകാരന്‍ പയ്യന്‍
മറുപടിഇല്ലാതാക്കൂശങ്കുണ്ണിയെ സ്നേഹിച്ച ഉഷെച്ചി...
ആകെക്കൂടി നല്ല ഒരു ഗ്രാമീണ അന്തരീക്ഷം...
ആശംസകള്‍