Wednesday, January 16, 2013

മാഞ്ചുവട്ടില്‍ .....രാവിലെ പതിവുപോലെ ഓരോ കൂട്ടുകാരുടെ അടുത്തേക്ക് ചെന്ന് കുശലം ചോദിച്ചു
ഇന്നലെ രാത്രി പെയ്ത മഴയില്‍ അവരെല്ലാം നനഞ്ഞ് കുതിര്‍ന്നു കുറച്ച് ഉത്സാഹത്തോടെ എന്റെ നേരെ നോക്കി തലയാട്ടി ..... നാലുമൂട് തെങ്ങ്, ഒരു മാവ്, ഒരു പ്ലാവ്, നാലുമൂട് മാഞ്ചിയം, രണ്ടു പൂവരശ്, മൂന്നു കശുമാവ് ഇവരെല്ലാമാണ് എന്റെ ആത്മമിത്രങ്ങള്‍!

നേരംവെളുത്താല്‍ ഓരോരുത്തരുടെ അടുത്തുചെന്ന് അവരുടെ നെഞ്ചിടിപ്പ്, പള്‍സ് മുതലായവ പരിശോധിക്കും അതുകഴിഞ്ഞാല്‍ ഞങ്ങള്‍ പരസ്പരം കഥകള്‍ പറയും വിഷമങ്ങള്‍ പറയും. ഭാര്യ പറയുന്നത് എനിക്ക് വട്ടാണ്!
അതെ ഈ ദുനിയാവിലുള്ള എല്ലാ മാനവനും വട്ടാണ് അതില്‍ ഭ്രാന്ത് ഇല്ലാത്ത പാവം ഞാനും
"തെങ്ങില്‍ ഇപ്പോള്‍ കായ്ഫലം തീരെയില്ല"
മുറ്റത്തെ തൈതെങ്ങിന്റെ മുഖത്ത് മിഴികള്‍പാകി ഞാന്‍ പറഞ്ഞു തെങ്ങും ഒരു മയമില്ലാതെ എന്നെ നോക്കി
"ഞാനെന്തുചെയ്യാനാണ് നാടുമുഴുവന്‍ മണ്ടരി പടര്‍ന്നപ്പോള്‍ ഞാനും അതില്പ്പെട്ടുപോയി, മുനിസിപ്പാലിറ്റിയില്‍ നിന്നും മരുന്ന് തളിക്കാന്‍ ആളുകള്‍ വീട്ടില്‍ വന്നപ്പോള്‍ നിങ്ങളുടെ ഭാര്യ പറഞ്ഞു ഇപ്പോള്‍ വേണ്ട!, വെറും 15രൂപയ്ക്ക് മരുന്ന് തളിക്കാമായിരുന്നു"
"അതിനു മാസം 15000/രൂപ ഞാന്‍ അയച്ചുകൊടുത്താല്‍ കറണ്ട് വാടക, കുട്ടികളുടെ പഠിപ്പ്, മല്‍സ്യം, മറ്റു വീട്ടുചിലവുകള്‍, അതിന്റെ കൂടെ അയല്‍ക്കൂട്ടം, ചിട്ടി പാട്ടം ഇതെല്ലാം കഴിയുമ്പോള്‍ കയ്യില്‍ ബാക്കിയൊന്നുമുണ്ടാകില്ല അതായിരിക്കും"
"എന്നാലും എല്ലാത്തിനും പൈസയുണ്ട് ഞങ്ങള്‍ നാലുപേര്‍ക്കു വേണ്ടി 60/രൂപ മുടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലല്ലോ നിങ്ങള്‍ വന്നു ഞങ്ങളോടെ കുശലം പറയും ഞങ്ങളുടെ ആവശ്യങ്ങള്‍ ചോദിക്കും അവര്‍ അങ്ങനെയല്ല ഞങ്ങളെ തിരിഞ്ഞു നോക്കില്ല വീട്ടില്‍ ഉണ്ടാകുന്ന ഉപയോഗശൂന്യമായ സാധനങ്ങളും, വെള്ളവും ഇവിടത്തെ ചെടികള്‍ക്ക് മാത്രമേ കൊടുക്കുകയുള്ളൂ ഞങ്ങള്‍ ഓരോ മഴയും കാത്തുനില്‍ക്കണം"
"നീ പണ്ടേ ഒരു വഴക്കാളിയാണ് എപ്പോഴും പരിഭവം മാത്രമേ പറയൂ എന്റെ ഭാര്യയെപ്പോലെ, മറ്റ്മൂന്നുപേരും ഞാന്‍ ലീവിന് വന്നാല്‍ എന്നെ ഓരോന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല എന്റെ പെണ്‍മക്കളെപ്പോലെ നീ എന്റെ മകനെപ്പോലെ വികൃതി"
"അത് സമ്മതിച്ചല്ലോ മകനെപ്പോലെയാണെന്ന്, ഇനി എന്നെ വെട്ടി വിറക്‌ ആക്കില്ലല്ലോ"
"ഇപ്പോള്‍ ഭാര്യ തേങ്ങ പുറത്തുനിന്നാണ് വാങ്ങുന്നത് അതുമല്ല ഒരെണ്ണത്തിനു 12/രൂപ കൊടുക്കണം പത്രങ്ങളില്‍ തേങ്ങക്ക് വിലയിടിഞ്ഞു, താങ്ങുവില നിച്ചയിച്ചു.... പണ്ടൊക്കെ നിങ്ങള്‍ നാലുപേര്‍ നല്‍കുന്ന ഫലംകൊണ്ട് വീട്ടിലെ കറിയും, പലഹാരങ്ങളും സുഭിക്ഷമായി കഴിഞ്ഞുപോകുമായിരുന്നു"

ഞങ്ങളുടെ സംസാരം മാവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു
"നോക്കണ്ട.....നോക്കണ്ട.... നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്"
രാത്രിമഴയില്‍ നിലത്ത് മണല്‍ പുരണ്ടുകിടന്ന ഒരു മടല്‍ കഷ്ണം തെങ്ങിന്റെ പുറത്ത് രണ്ടു തട്ട് തട്ടി മണല്കളഞ്ഞു നേരെ മാവിന്റെ അടുത്തേക്ക് ...രണ്ടു അടികൊടുത്തു
"എന്നെ എന്തിനാ തല്ലുന്നത്"
അവള്‍ പരിഭവത്തോടെ ചോദിച്ചു
"ഇപ്പോള്‍ എത്ര കൊല്ലമായി ഒരു കണ്ണിമാങ്ങയെങ്കിലും തന്നിട്ട്"
"അതിന് ഞാന്‍ എന്ത് ചെയ്യാനാണ് പൂക്കള്‍ പിടിക്കാന്‍ തുടങ്ങുമ്പോഴേക്കും മഴപെയ്യാന്‍ തുടങ്ങും പൂക്കളെല്ലാം കൊഴിഞ്ഞുപോകും"
"നിനക്ക് ഒന്ന് നേരത്തെയോ താമസിച്ചോ പൂവിട്ടാല്‍ എന്താ?"
"അതിന് ഇപ്പോള്‍ പണ്ടത്തെപ്പോലെയാണോ കാലാവസ്തയെല്ലാം മാറി; അടുത്തുനില്‍ക്കുന്ന പ്ലാവ് കൈകള്‍കൊണ്ട് എന്റെ തല മറച്ചിരിക്കുന്നത് കാണുന്നില്ലേ? അവളുടെ കൈകള്‍ ഒന്ന് രണ്ടെണ്ണം മുറിച്ചു മാറ്റിതന്നാല്‍ സൂര്യപ്രകാശമെങ്കിലും എനിക്ക് കിട്ടും"
ഇത് കേട്ടതും പ്ലാവിന് ദേഷ്യംവന്നു
"എന്റെ കൈകള്‍ മുറിച്ച് നീ അങ്ങനെ സുഖിക്കണ്ട ഞാന്‍ ആവശ്യംപോലെ തേന്‍വരിക്ക ചക്കകള്‍ കൊടുക്കുന്നല്ലോ...അവരവരുടെ കുറവ് മറച്ചുവെയ്ക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരരുത്"
"നാട്ടില്‍ വന്നാല്‍ നിങ്ങള്‍ ഓരോരുത്തരുടെ പരാതി തീര്‍ക്കാനെ എനിക്ക് സമയമുള്ളൂ എനിക്ക് ഒരുകൂട്ടം ജോലി ബാക്കികിടപ്പുണ്ട്"
"അതെന്താ അത്രയ്ക്ക് ജോലി"
പ്ലാവാണ് എന്നോട് ചോദിച്ചത്
"ഞാന്‍ മരിച്ചാലും നിങ്ങളുടെ അടുത്ത് നിങ്ങളുടെ ചുവട്ടില്‍ ഉറങ്ങണം"
"അതെങ്ങനെ"
അവര്‍ രണ്ടുപേരും എന്നെ മിഴിച്ചുനോക്കി
"സുനിതെ ....സുനിതെ......"
"എന്താ...ഈ വെളുപ്പാന്‍കാലത്ത് കിടന്നു നിലവിളിക്കുന്നത്"
എന്റെ വിളി അവള്‍ക്കു ഇഷ്ടപ്പെട്ടില്ല
"അകത്തുനിന്നും ആ കുന്താലിയും, മണ്‍വെട്ടിയും ഒന്നിങ്ങെടുത്തെ"
"ഞാന്‍ ഇവിടെ അടുക്കളയില്‍ നൂറുകൂട്ടം ജോലികളുമായി മല്ലിടുകയാണ് കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ നേരമായി, വേണമെങ്കില്‍ നിങ്ങള്‍ വന്ന് നോക്കിയെടുത്തോളൂ.......അല്ല പിന്നെ"
"ഒരുമാസം ലീവിന് വരുന്ന ഭര്‍ത്താവിനെ നിനക്കൊന്നും സഹിക്കാന്‍ പറ്റുന്നില്ല അപ്പോള്‍ പിന്നെ നാട്ടില്‍ നിക്കുന്ന ഭര്‍ത്താക്കന്മാരുടെ കാര്യം കട്ടപ്പൊകയാണെല്ലോ!"
"ഈ മനുഷ്യനെക്കൊണ്ട് തോറ്റു"
മണ്‍വെട്ടിയും, കുന്താലിയും എന്റെ മുന്നില്‍ ഒരു നീരസത്തോടെ വന്നുനിന്ന് ഒന്നുകുലുങ്ങി "കുന്താലി ഡിം..!" നിലത്ത് വീണു തേങ്ങി
"രാവിലെ എന്തിനുള്ള പുറപ്പാടാണ്"
"അത്....നീ നോക്കിക്കോ, പിന്നെക്കാണാം"
അതുമെടുത്തു മാവിന്റെയും പ്ലാവിന്റെയും ഇടയില്‍ ഒരു കുഴിയെടുക്കാന്‍ തുടങ്ങി
"നിങ്ങള്‍ എന്താ മനുഷ്യാ അവിടെ ചെയ്യുന്നേ ..ആകെ 10 സെന്റു തറയില്‍ ഉള്ള മരങ്ങളും കിണറും വീടും ഇനിയും എന്തിനുള്ള പുറപ്പാടാണ്"
"എടീ ഇവിടെ എനിക്ക് ഉറങ്ങാനുള്ള സ്ഥലം ശെരിയാക്കുകയാണ്"
"പുതിയ വീട് വെക്കാന്‍ പോകുന്നോ ഇത് നല്ല കൂത്ത്‌"
"അല്ല ഒരു കുഴിമാടം"
"പടച്ചോനേ.....ഈ മനുഷ്യന് വട്ട് മൂത്തോ?......ഓരോ അവളുമാരെ പ്രേമം, പ്രേതം എന്നൊക്കെ എഴുതി ....എഴുതി....എന്റെ ഉറക്കവും നഷ്ടമാക്കി എന്നെ ഭ്രാന്ത് പിടിപ്പിച്ചു അവസാനം സ്വന്തമായും ഭ്രാന്തായോ? ....നിങ്ങളുടെ അനുജന്മാരും, സഹോദരിമാരും നിങ്ങള്ക്ക് ഭ്രാന്താണെന്ന് പണ്ടേ വിധിയെഴുതി ഇനി നാട്ടുകാരെകൊണ്ടും പറയിപ്പിക്കണം"
"പുന്നാര ഭാര്യേ......നാട്ടുകാര്‍ക്ക് പലതും പറയാം ആ പള്ളിക്കാട്ടില്‍ മുഴുവന്‍ പലിശക്കാരനും, കള്ളനും, കൊലപാതകികളും, പിടിച്ചുപറിക്കാരനും ഉറങ്ങുന്ന മണ്ണില്‍ എനിക്ക് വയ്യ എന്റെ വിയര്‍പ്പില്‍ ഞാന്‍ സമ്പാദിച്ച ഇവിടെ , ഈ മരങ്ങളുടെ തണലില്‍ എന്റെ കുട്ടികളുടെ ബഹളം കേട്ട് അന്ത്യവിശ്രമം കൊള്ളാന്‍ ഒരിടം ഞാന്‍ ഒരുക്കുകയാണ്"
"ഞാന്‍ എന്ത് പറയും എന്റെ ബദ്രീങ്ങളെ......"
"എടീ ...നമ്മള്‍ മുജാഹിദീങ്ങള്‍ അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കൂ മരിച്ചു മണ്ണടിഞ്ഞവരെ നീ ഇപ്പോഴും വിട്ടില്ലേ..."
"എന്ത് പറഞ്ഞാലും ഒരു സുന്നിയും മുജാഹിദും പിന്നെ ഇങ്ങനെ കുറെ വട്ടുകളും"
ഇതൊക്കെ പറയുമ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നത് ഞാന്‍ കണ്ടിരുന്നു തലയില്‍ കിടന്ന മസ്ലിയുടെ തലകൊണ്ട് അവള്‍ മൂക്കും കണ്ണുനീരും തുടക്കുന്നുണ്ട്
"അല്ലേലും നമ്മളെയൊന്നും ആ പള്ളിക്കാട്ടില്‍ കയറ്റുകയില്ല"
"വേണ്ടെടീ...., വേണ്ട..., നമ്മുടെ മുത്ത്‌ റസൂല്‍ ഉറങ്ങുന്നത് ആഇഷയുടെ (റ) വീട്ടിലാണ്"
"എങ്കില്‍ നിങ്ങള്‍ കുഴിയെടുക്കുന്ന സ്ഥലത്ത് ഒരു നാല് കുഴികൂടി എടുക്ക് ഞാനും മക്കളും നിങ്ങളുടെ അടുത്ത് കിടന്നോളാം"
"ജീവിതത്തിലോ എനിക്ക് സ്വസ്ഥതയില്ല മരിച്ചാലും നീ എന്നെ വിടില്ല"


ഞങ്ങളുടെ ബഹളംകേട്ട് അയല്‍വാസികളായ സറള ചേച്ചിയും, ജാസ്മിനും, സെലിയും മുന്നോട്ടു വന്നു
"എന്താ പെണ്ണെ അവിടെ കേട്ടിയോനും കെട്ടിയോളും ഒരു മുറുമുറുപ്പ്"
"ഇത് കണ്ടോ ചേച്ചിയേ...ഈ മനുഷ്യന്‍ കാണിക്കുന്നത് ഇതൊക്കെ ആരെങ്കിലും കാണിക്കുന്ന സംഗതിയാണോ? വല്ല സ്ഥലത്തും കേട്ടുകേള്‍വിപോലുംമുണ്ടോ?"
അവള്‍ മൂക്ക് ചീറ്റി കാര്യങ്ങള്‍ അവരോടു അവതരിപ്പിച്ചു അവരും മൂക്കത്ത് വിരല്‍ വെച്ചു
"എന്നാലും ഇക്കാ....മനുഷ്യനെ വിഷമിപ്പിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? മരിച്ചാല്‍ ജീവിച്ചിരിക്കുന്നവര്‍ ആ കാര്യമൊക്കെ നോക്കിക്കൊള്ളും"
'സെലി' അവളുടെ ഭാഗം പറഞ്ഞ് തീര്‍ത്തു
" ഇത് ഇവിടെ കിടക്കട്ടെ 'സെലി' ഇത് കാണുമ്പോള്‍ എല്ലാപേര്‍ക്കും മരണത്തെ ഓര്‍മ്മവരണം ഇതുപോലെ ഒരുനാള്‍ നമ്മളും ...."
ജാസ്മിനും അവളുടെ ഭാഗം അവതരിപ്പിച്ചു
ഞാന്‍ ആരാ മോന്‍, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
അവിടെ ഒരു ബോര്‍ഡും വെച്ചു booked!!!
ഒരുമാസത്തെ ലീവ് കളിച്ചും, ചിരിച്ചും, കരഞ്ഞും........തീര്ന്നുകിട്ടി എന്റെ കൂടും കുടുക്കയും പിറക്കിക്കെട്ടി ഞാനും വിമാനത്തില്‍.... .......... മനസ്സ് ഇപ്പോള്‍ നാട്ടിലും, ഗള്‍ഫിലും അല്ലാത്ത അവസ്ഥയിലാണ് അവിടെ എത്തിയാല്‍ ജോലി എവിടെനിന്ന് തുടങ്ങണം , കുട്ടികളെയും ഭാര്യയേയും പിരിഞ്ഞുവന്ന വിഷമം ഓരോ ലീവും അവസാനിക്കാറാകുമ്പോള്‍ എന്റെ കണ്ണില്‍ നോക്കി മിണ്ടാതെ നെടുവീര്‍പ്പിടുന്ന അവളുടെ മുഖം ഇതൊക്കെ എന്നാണു ഒന്ന് അവസാനിക്കുക ഒരു രണ്ടു കൊല്ലം കടിച്ചുപിടിച്ച് നില്‍ക്കണം എന്നിട്ട് മൈരിലെ ജോലി വേണ്ട ബാക്കിയുള്ള കാലം കുടുംബസമേതം നാട്ടില്‍ കഴിയണം
ചിന്തകള്‍ അങ്ങനെ എന്നെയുംകൊണ്ട് ആകാശത്ത് വട്ടമിട്ടു.

ഒരുനിമിക്ഷം!!!
"പ്ലയിന്‍ അപകടത്തിലാണ്,! നമ്മുടെ പൈലറ്റ് നിങ്ങളെ അറിയിക്കാതെ വളരെ ശ്രദ്ധിച്ചു തകരാര്‍ പരിഹരിക്കാന്‍ പക്ഷെ കഴിഞ്ഞില്ല നമ്മള്‍ അപകടത്തിന്റെ മുനമ്പിലാണ് എതുനിമിക്ഷവും ഈ പ്ലൈന്‍ തകരാം എല്ലാപേരും പ്രാര്‍ഥിക്കുക നിങ്ങളുടെ സീറ്റിന്റെ അടിയിലുള്ള ലൈഫ്‌ജാക്കറ്റ് എടുത്തണിഞ്ഞു തയ്യാറായിരിക്കുക ആളുകള്‍ നിലവിളിക്കാന്‍ തുടങ്ങി ഒരു കുലുക്കം, ഒറ്റ സെക്കന്റ്, ഒരു തീ ഗോളമായി 316 ജീവനും, പ്രതീക്ഷയും, പ്രത്യാശയും ഒരുപിടി ചാരമായി ആകാശത്തില്‍ എവിടെയോ അലിഞ്ഞുചേര്‍ന്നു!!!
അങ്ങ് കേരങ്ങളുടെ നാട്ടില്‍ മാവിന്റെയും പ്ലാവിന്റെയും ചുവട്ടില്‍ അനാഥമായി ഒരു കുഴിമാടം....................... കുറേ കാലങ്ങളോളം എനിക്ക് വേണ്ടി കാത്തിരുന്നു .....
മാവ് പിന്നെ പൂവിട്ടില്ല ......പ്ലാവും കായ്ക്കാന്‍ മറന്നു
ഇടയ്ക്കിടെ മാവിനെയും പ്ലാവിനെയും മരങ്ങളെയും ശകാരിച്ച് ഭ്രാന്തിയായ ഒരു ഉമ്മയും അവളുടെ കുട്ടികളും.

No comments:

Post a Comment

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...