"അവള്‍ക്ക് പേടിയാണ്"


"അവള്‍ക്ക് പേടിയാണ്""അമ്മേ....അമ്മേ......ഓടിവായോ......ഓടിവായോ ..."
മകളുടെ വിളികേട്ട ഭാഗത്തേക്ക് അമ്മ ഓടിയെത്തി നോക്കുമ്പോള്‍ മകള്‍ കട്ടിലിന്
മുകളില്‍ നിന്ന് നിലവിളിക്കുന്നു
"എന്താ എന്തുപറ്റി ...ഇന്നും വല്ല പാറ്റയെയോ, പല്ലിയെയോ കണ്ടോ?"
"താഴെ നിലത്ത്കിടക്കുന്ന തുണിയുടെ അടിയില്‍ അമ്മയൊന്ന് നോക്കിയെ"
അമ്മ കുനിഞ്ഞ് തുണിയെടുക്കാന്‍ ഭാവിക്കുമ്പോള്‍ അവള്‍ കണ്ണ്കള്‍പൊത്തി ഉറക്കെ നിലവിളിച്ചു
"എടി പെണ്ണേ ഞാനൊന്ന് നോക്കട്ടെ "
അടുത്ത് കിടന്ന ഒരു കമ്പെടുത്ത് ആ തുണി അല്‍പ്പം നീക്കി
അതാ ഓടിപ്പോകുന്നു ഒരു ചെറിയ ചിലന്തി
"ഇതിനെക്കണ്ടാണോ നീ കിടന്ന് നിലവിളിച്ചത്"
അവര്‍ അവളെ ഒരുപാട് ശകാരിച്ചു
"ഇവളെക്കൊണ്ട് തോറ്റു ഇവള്‍ക്ക് പേടിയില്ലാത്തത് എന്തിനെയാണാവോ"
അവര്‍ അവളുടെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു
"നിനക്ക് ഇന്ന് സ്കൂളില്‍ പോകണ്ടേ പെട്ടന്ന് റെഡിയാകാന്‍ നോക്ക്"
അവള്‍ അലമാരയില്‍ നിന്നും പേസ്റ്റും,ബ്രുഷും എടുത്ത് കിണറ്റിന്റെ കരയില്‍ ചെന്നു
തൊട്ടി കിണറിലേക്ക് ഇറക്കുമ്പോള്‍ കണ്ണുകള്‍ ഇരുകെയടച്ചു
കിണറിന്റെ ആഴം അവള്‍ക്ക് പേടിയായിരുന്നു!
സ്കൂളിലേക്ക് കടന്ന്പോകുന്ന ഇടവഴിയില്‍ കേള്‍ക്കുന്ന ഓരോ കരിയിലകളുടെ അനക്കവും
അവള്‍ക്കു ഭയമായിരുന്നു!
ക്ലാസ്സില്‍ പഠിക്കാത്തതിന് അദ്യാപകര്‍ ശകാരിക്കുന്നത് അവള്‍ക്ക് പേടിയായിരുന്നു!
ടീച്ചര്‍ ചൂരല്‍ ഓങ്ങാന്‍തുടങ്ങുമ്പോഴേ കൈ വേഗം ..വേഗം ..ഉള്ളിലേക്ക് വലിച്ച്
അവള്‍ മോങ്ങാന്‍ തുടങ്ങും!
അവളുടെ പേടിയെച്ചൊല്ലി കൂട്ടുകാരികള്‍ കളിയാക്കുമ്പോള്‍ അവള്‍ എന്നും സങ്കടപ്പെട്ട് കരയാറുണ്ട്!
വീട്ടില്‍ വൈകുന്നേരമായാല്‍ ജനലും വാതിലും കൊട്ടിയടച്ച് ഇരുട്ടിനെ പേടിച്ച് അവള്‍ ഒരുമുറിയില്‍ നിന്നും
മറ്റൊരു മുറിയില്‍ പോകുമായിരുന്നില്ല!
രാത്രിയില്‍ കള്ളുകുടിച്ച് വീട്ടില്‍വന്ന് ബഹളമുണ്ടാക്കുന്ന അച്ഛനെ അവള്‍ക്കു ഭയമായിരുന്നു!
രാത്രിയില്‍ ഓരിയിടുന്ന പട്ടിയെയും അവള്‍ക്കു പേടിയായിരുന്നു!
ആളുകള്‍ കൂടുന്ന വിവാഹം,ഉത്സവം,മരണം ഇതെല്ലാം അവള്‍ക്കു പേടിയായിരുന്നു!
ഈ ചടങ്ങുകള്‍ക്കൊന്നും അവള്‍ പോകാറുമില്ല!
വീട്ടുകാര്‍ക്കും, അയല്‍ക്കാര്‍ക്കും, കൂട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും അവളുടെ പേടി ഒരു സംസാരവിഷയമാണ്!
അങ്ങനെ....യങ്ങനെ.............കാലങ്ങള്‍ പേടിയുടെ ചിറകിലേറി നിന്നും, നിലവിളിച്ചും
മുന്നോട്ട് പോയി
നാളെ അവളുടെ വിവാഹമാണ്
വീട്ടില്‍ ബന്ധുമിത്രാതികളും, കൂട്ടുകാരും, അയല്‍ക്കാരും അവളെ ഉപദേശിക്കാന്‍ തുടങ്ങി.
ഉപദേശം കേട്ട് ..കേട്ട്...അവള്‍ ചെവിപൊത്തി, ഉച്ചത്തില്‍ വിളിച്ച് കൂവി
"നിര്‍ത്തുക ! ; എനിക്ക് നിങ്ങളുടെ ഉപദേശം പേടിയാണ്!"
അടുത്തദിവസം സദ്യവട്ടമെല്ലാം റെഡി വീടും പരിസരവും പന്തലും ജനങ്ങളാല്‍ നിറഞ്ഞു
വരന്റെ വീട്ടുകാര്‍ പന്തലിലെത്തി വന്നപാടെ ആളുകള്‍ വരനെ പന്തലിനു നടുവിലുള്ള
മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചു
പെണ്ണിനെ കൂട്ടാന്‍പോയ തോഴിമാര്‍ തിരിച്ചുവന്നു
പെണ്ണിനെ കാണാനില്ല!!!
ആളുകള്‍ നാലുപാടും തിരഞ്ഞു അവളെ കണ്ടെത്തിയില്ല കുറച്ചുപേര്‍ പുറത്തേക്ക് ഓടി
നിലവിളിക്കും നെഞ്ചിലടിക്കും മൂക്ക് പിഴിച്ചിലിനുമൊപ്പം അമ്മ പറഞ്ഞു
"എല്ലാ കാര്യത്തിനും പേടിയുള്ള കുട്ടിയാണ് പേടിച്ച് വല്ല കടുംകയ്യും ചെയ്തു കാണുമോ?"
ആളുകള്‍ എല്ലാ കിണറും, തൊടിയും, തോടും അരിച്ച്പിറക്കി
പെണ്ണിന്‍റെ പൊടിപോലും കാണാനില്ല!!!
നിലവിളിക്കുന്ന അമ്മ, അടക്കം പറയുന്ന വരന്റെ വീട്ടുകാര്‍, മാതാവിനെ ശകാരിക്കുന്ന പിതാവ്‌
"ഒന്നേ ഉണ്ടെങ്കില്‍ ഉലക്കകൊണ്ട് അടിക്കണം നിന്റെ വളര്‍ത്തു ദോഷമാണ്;
അവള്‍ പേടിച്ച് എവിടെയോ ഇരിപ്പുണ്ട് "
അയാള്‍ ശകാരത്തിനിടയിലും അങ്ങനെ ആശ്വാസം കൊണ്ടു
നിശബ്ദമായി നോക്കിനില്‍ക്കുന്ന അയല്‍ക്കാര്‍, ബന്ധുക്കള്‍
പെട്ടന്ന് ഒരു കാര്‍ ആ വീട്ടുമുറ്റത്ത്‌ ബ്രേക്കിട്ട്നിന്നു!!!
കഴുത്തില്‍ വിവാഹഹാരമണിഞ്ഞ് പുതുപെണ്ണും ചെക്കനും
ആളുകള്‍ അത്ഭുതത്തോടെ ആ കാഴ്ച നോക്കിനിന്നു
രണ്ട് മാസത്തിന് മുമ്പ് ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയ നാട്ടിലെ റൌഡി"സുനി"
ഒപ്പം എല്ലാത്തിനെയും പേടിയുള്ള കല്യാണപെണ്ണും !
വന്നപാടെ അവര്‍ ആരെയും ശ്രദ്ധിക്കാതെ വീടിനുള്ളില്‍ കടന്നുപോയി
അവിടെ കൂടിനിന്ന ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞുപോയി
അവളുടെ അച്ഛനും, അമ്മയും അന്ന് വൈകുന്നേരത്തോടെ മുറിയില്‍ കടന്ന് വാതിലടച്ചു
ഇപ്പോള്‍ അവര്‍ക്ക് പേടിയാണ് ഇരുട്ടിനെയും........വെളിച്ചത്തെയും.......സകലതിനെയും.

Comments

  1. അവളുടെ ഭയം അകാരണമായതും അവളുടെ മാതാപിതാക്കളുടെ ഭയം ന്യായീകരണമുള്ളതും...

    ReplyDelete

Post a Comment

Popular posts from this blog

പളുങ്ക്

ഒരു ഹജ്ജിന്റെ ഓര്‍മ്മയ്ക്ക്‌ ഉംറയുടെയും

"മരണം"