2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

പളുങ്ക്


"പളുങ്ക്"




ഭാഗീകമായി ഇരുള്‍ മൂടിയ ആകാശത്ത് നിന്നും കുറേ പഞ്ഞിക്കെട്ടുകള്‍
തന്റെ കരവലയത്തില്‍ കവര്‍ന്നെടുത്ത് കാറ്റ് വണ്ടിയോടിക്കുകയാണ് !
ചിലപ്പോള്‍ പരന്നും മറ്റുചിലപ്പോള്‍ ഒന്നിച്ചുകൂടിയും കാറ്റിനെ ദേഷ്യം പിടിപ്പിച്ചു
മേഘക്കീറുകള്‍ക്കിടയില്‍ സൂര്യ രശ്മികള്‍ ഒളികണ്ണിട്ട് ഈ വികൃതികള്‍ കണ്ടു രസിച്ചു.
പരിസരത്തുള്ള സകല പഞ്ഞിക്കെട്ടുകളും തന്റെ കരവലയത്തില്‍ കവര്‍ന്നെടുത്ത്
കാറ്റ് മുന്നില്‍ക്കണ്ട പര്‍വ്വതത്തിന്റെ ശിരസ്സില്‍ ആഞ്ഞിടിച്ചു
പാര്‍വ്വതത്തിന് നന്നേ വേദനിച്ചപ്പോള്‍ കാറ്റിനെ നോക്കി അവന്‍ കണ്മിഴിച്ചു
പഞ്ഞിക്കെട്ടുകളില്‍ രക്തം കട്ടപിടിച്ച് കറുത്ത നിറമായി!
ഇതുകണ്ട് പേടിച്ച് വിറച്ച സൂര്യന്‍ തന്റെ തല ഉള്ളിലേയ്ക്ക് വലിച്ചു!
അകലെനിന്നും സര്‍വ്വശക്തിയും ആവാഹിച്ച് കാറ്റ് തന്റെ നെറുക'കൊണ്ട് വീണ്ടും
കട്ടപിടിച്ച് കറുത്ത പഞ്ഞിക്കെട്ടില്‍ ഒരു പ്രഹരം!
അവിടെനിന്നും വൈദ്വുതി'പ്രവാഹമുണ്ടായി ഘോരശബ്ദം
ആകാശത്ത് കരിമരുന്ന് പ്രയോഗം കണ്ട ഭൂമി ഉണര്‍ന്ന് കണ്ണ് മുകളിലേക്ക് പായിച്ചു
വേദന സഹിക്കാതെ കാര്‍മേഘങ്ങള്‍ കണ്ണുനീര്‍ വാര്‍ത്തു
മുട്ടയുടെ മുകളില്‍ അടയിരുന്ന പക്ഷി ആദ്യതുള്ളി കണ്ണുനീര്‍ ഭൂമിയില്‍ വീണപ്പോള്‍
ഒന്ന് പേടിച്ചു ചിറകുകള്‍ വിരിച്ച് മുട്ടകളെ തന്റെ തൂവലിന്റെ അടിയിലേക്ക്
കാലുകള്‍ കൊണ്ടും,കൊക്കുകള്‍ കൊണ്ടും അടുപ്പിച്ചു വെച്ച്
അമര്‍ന്ന് തന്റെ തലയും തൂവലിനുള്ളിലാക്കി അങ്ങനെ കിടന്നു ...
രാവും പകലും നിര്‍ത്താതെ മഴപെയ്തു തന്റെ തൂവലിന്റെ അടിയില്‍ ഇക്കിളിയായപ്പോള്‍
തൂവല്‍ കുറച്ചുകൂടി വിടര്‍ത്തി തലനീട്ടി ഉള്ളിലേക്ക് നോക്കി
എല്ലാമുട്ടയും വിരിഞ്ഞു ,ചെറിയ ചെറിയ കുഞ്ഞുങ്ങള്‍
മാതൃത്വത്തിന്റെ മധുരം ആ പക്ഷിയുടെ ഹൃദയത്തെ കൂടുതല്‍ തണുപ്പുള്ളതാക്കി
ഇരതേടിപ്പോയ ആണ്‍ പക്ഷി മഴയുടെ ശക്തിയില്‍ പറക്കാനാകാതെ ഏതോ കാടിനുള്ളില്‍
അഭയം പ്രാപിച്ചിരിക്കാം....
ഇങ്ങ് വരട്ടെ ഈ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എന്ത് സന്തോഷമായിരിക്കും
മനസ്സുകൊണ്ട് ഒരുപാട് കിനാവുകള്‍ അവള്‍ നെയ്തുകൂട്ടി .
മഴ ആഴ്ചകളോളം തോര്‍ന്നില്ല !!!
തന്റെ കുട്ടികളുടെ പുറത്ത് മഴവെള്ളം വീഴാതെ ചിറകുകള്‍ വിരിച്ചിരുന്ന അമ്മക്കിളി
വിശപ്പറിഞ്ഞില്ല, രാവും,പകലും അറിഞ്ഞില്ല!
മഴതോര്‍ന്നു ആണ്‍പക്ഷി ആഹാരവുമായി കൂട്ടില്‍ വരുമ്പോള്‍ അമ്മക്കിളിയുടെ
തൂവലിനടിയില്‍ ചെറു പക്ഷികളുടെ നിലവിളി
ആണ്‍പക്ഷി അമ്മപക്ഷിയെ നോക്കി നെടുവീര്‍പ്പിട്ടു
പാവം തളര്‍ന്ന് ഉറങ്ങുന്നു ഒരുപാട് നാളായില്ലേ ഭക്ഷണം കഴിച്ചിട്ട്
തന്റെ ചുണ്ട് കൊണ്ട് അമ്മപക്ഷിയുടെ ചിറകിനടിയില്‍ ഒളിപ്പിച്ച മുഖം ഉയര്‍ത്തി
ഒരു മുത്തം കൊടുത്തു ഒരു അനക്കവും ഇല്ല!!!
ആണ്‍പക്ഷി അവളെ വീണ്ടും.... വീണ്ടും.....ഉണര്‍ത്താന്‍ ശ്രമിച്ചു
കുട്ടികള്‍ക്ക് തൂവല്‍ വിരിച്ച് മഴയില്‍നിന്നും സംരക്ഷണം നല്‍കിയ അമ്മക്കിളി
കുട്ടികള്‍ക്കായി തണുപ്പിനും, വിശപ്പിനും തന്റെ ജീവന്‍ ഭാഗിച്ച് കൊടുത്തിരുന്നു
ഇങ്ങ് മണ്ണിലുള്ള മരക്കൊമ്പില്‍ ഒരു ആണ്‍കിളിയുടെ മനസ്സില്‍ കനലെരിയുന്നത്
അങ്ങ് വിണ്ണില്‍ കാര്‍മേഘത്തോട് മല്ലിടുന്ന കാറ്റ് അറിഞ്ഞിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...