Saturday, September 17, 2011

ഒരു.... മകരമാസത്തില്‍


ഒരു.... മകരമാസത്തില്‍  
സമയം സന്ധ്യ അകലെ ചക്രവാള സീമയില്‍ ചെങ്കല്‍നിറം പരന്നിരുന്നു 
കിളികള്‍ കൂട്ടം കൂട്ടമായി താവളം തേടി പറന്നകലുന്നു 
കടല്‍തീരം ശാന്തമാണ് ഇന്നെന്തേ അസ്തമയത്തിനു മുന്‍പ് ആളുകള്‍ ഒഴിഞ്ഞ് പോകാന്‍!  
ആകാശത്ത് കാര്‍മേഘം  കണ്ടിട്ടായിരിക്കുമോ? 

ഞാന്‍ എന്തിനാണ് ഇന്ന് ഇവിടെ! പതിവില്ലാത്തതാണ്
മനസ്സിന് ഒരു സമാധാനവും ഇല്ല സമാധാനത്തിന് കടല്‍തീരം നല്ലതാണെന്ന് 
ആരാ പറഞ്ഞത്! ആരും പറഞ്ഞിട്ടല്ല എങ്കിലും വന്നു
ചോദ്യവും ഉത്തരവും മനസ്സ് പറഞ്ഞു.
ഇന്നാണ് അവളും കുട്ടികളും പടിയിറങ്ങിയത് 
അവളും കുട്ടികളുമില്ലാതെ അവരുടെ ശബ്ദം കേള്‍ക്കാതെ എനിക്ക് 
ഉറങ്ങാനും ഉറക്കം എഴുന്നേല്‍ക്കാനും വയ്യെന്നായി 
എന്നിട്ടും ഞാന്‍ ഒരു ദയയുംഇല്ലാതെ.........

ഒരു നാല് വര്‍ഷം മുന്‍പ് മനസ്സിനെ ഒന്ന് പുറകോട്ടു നടത്തട്ടെ 
ഒപ്പം നിങ്ങളെയും... 
               ഒരു ധനുമാസം രാവിലെ ഭാര്യ വഴക്ക് തുടങ്ങി 
മകനോടാണ് പല്ലുതേയ്ക്കാതെ 
മുറ്റത്ത്‌ പൊടിമണലില്‍ കളിക്കുന്നു
"എടാ മുഹമ്മദേ.....പല്ലുതേക്കാനാപറയുന്നത്‌  
അവിടെ ഒരാള്‍ പത്രവും പിടിച്ച്' ഇരിപ്പുണ്ടല്ലോ? ഒന്നവനെ നോക്കരുതോ?"
ഞാന്‍ അതിനൊന്നും ചെവികൊടുത്തില്ല 
കൊടുക്കാറുമില്ല ഞാനും ഇങ്ങനെ പൊടിമണലില്‍ കളിക്കുമായിരുന്നു 
മണല്‍വാരി തിന്നാറും ഉണ്ടായിരുന്നു! എന്റെ ഉമ്മ പറഞ്ഞ അറിവാണ്.
മകന് രണ്ടു തല്ല് കിട്ടി അവന്‍ കരഞ്ഞുകൊണ്ട്‌ എന്റെ അടുത്തേക്ക്
"പപ്പാ......"
"പോട്ട്  മോനെ..... എവിടാ തല്ല് കിട്ടിയത്?"
അവന്‍ കാലില്‍ തൊട്ടു കാണിച്ച് തന്നു
ഞാന്‍ തടവിക്കൊടുത്തു   അവന്റെ കരച്ചില്‍ ഒന്നടങ്ങി 
ഞാന്‍ ചോദിച്ചു "മോന്‍ പല്ലുതേച്ചോ" ഇല്ലെന്ന് അവന്‍ തലയാട്ടി 
ഞാന്‍ എഴുന്നേറ്റ്പോയി അവന്റെ ബ്രഷും പേസ്റ്റും എടുത്തു അവന്റെ കയ്യില്‍ കൊടുത്തു 
അവന്‍ മടിച്ച്.. മടിച്ച്... പൈപിന്അടുത്തേക്ക് പോയി 
"ദേ...ഇന്ന് കറിക്ക് മീനില്ല പച്ചക്കറിയും"
ഭാര്യ അകത്തു നിന്നും വിളിച്ച്‌പറഞ്ഞു  
ഞാന്‍ ഷര്‍ട്ട്എടുത്തിട്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവള്‍ വീണ്ടും പുറകില്‍നിന്ന്
വിളിച്ചുപറഞ്ഞു "രണ്ടു കവര്‍ പാലും വാങ്ങണം മറക്കരുത്"
തിരിഞ്ഞുനോക്കാതെ ഞാന്‍ തലയാട്ടി.

സാധനങ്ങള്‍ എല്ലാംവാങ്ങി ഞാന്‍ തിരിച്ചു വരുന്നവഴിക്കാണ്  അപ്പു'ചെട്ടിയാരെ 
കാണുന്നത് കൂടെ ഒരു സുന്ദരിയും 
"എവിടന്നാ അപ്പുചെട്ടിയാരെ? ഇവളെ കാണാന്‍ നല്ല ചന്തമുണ്ടല്ലോ" 
"തനിക്ക് ഇവളെവേണോ"
"മകന് വീട്ടില്‍ ഒരു കൂട്ടില്ല ഇവളെകിട്ടിയാല്‍ കൊള്ളാമായിരുന്നു"
"ഗര്‍ഭിണിയാണ്"
"കണ്ടിട്ട് തോന്നുന്നില്ലല്ലോ?" 
എന്നാലും വിലപറഞ്ഞു അവസാനം എന്റെമണ്ടയ്ക്കായി.
ഒരുകയ്യില്‍ അവളെയും പിടിച്ച്  വീട്ടിലേക്കു കയറുന്നതിനു മുന്‍പ് 
ഭാര്യ അവളെകണ്ടു!
"ഇവളെ എവിടെനിന്നും കിട്ടി, ഇതിവിടെ നടപ്പില്ല" 
"കഷ്ടമായല്ലോ.......നീ ഒന്ന് പിടിച്ചേ....................."
ഞാന്‍ അവളെ ഭാര്യയുടെ കയ്യിലേക്ക് കൊടുത്തു 
മകന് ആദ്യമൊക്കെ പേടിയായിരുന്നു! പിന്നെ...പിന്നെ....അവര്‍ ഇണപിരിയാത്ത 
ചങ്ങാതിമാരായി ....ഞങ്ങളുടെ ഇടവേളയിലെ സംസാരംപോലും അവളെക്കുറിച്ചായിരുന്നു 
നാല് മാസം കഴിഞ്ഞ് അവള്‍ പ്രസവിച്ചു അങ്ങനെ .......അങ്ങനെ......ഞങ്ങളുടെ വീട്ടില്‍ ....
അംഗസംഖ്യ കൂടി... ക്കൂടി....വന്നു 
പെട്ടന്നാണ് എനിക്ക് ഖത്തറില്‍പോകാന്‍ വിസ ശെരിയായത്
ഒരു പതിനായിരം രൂപയുടെ കുറവ്  അവസാനം ഞാനും ഭാര്യയും 
ഒരു തീരുമാനത്തിലെത്തി വീട്ടില്‍ വന്നുകയറിയ മഹാലക്ഷ്മിയെയും കുട്ടികളെയും  
വില്‍ക്കാം ഇന്നാണ് ആ ചടങ്ങ് നടന്നത്
പോകുമ്പോള്‍ അവളുടെ മുഖത്തെ ദയനീയ ഭാവം.......   
അത് മനസ്സില്‍ നിന്നും പോകുന്നില്ല......"ഉംബേ .....ഉംബേ...."
എന്നുള്ള വിളിയും.
ഇനി രണ്ടു നാള്കൂടി കഴിഞ്ഞാല്‍ ഞാന്‍ ഖത്തറില്‍.
ഒരാടും ആട്ടിന്കുട്ടികളും ......ഞങ്ങളുടെ ജീവിതത്തില്‍ നിന്നും 
പടിയിറങ്ങി............
അവളുടെ അനക്കമില്ലാതെ ഒരു രണ്ട് ദിനം .......................?
മഴത്തുള്ളികള്‍ ശരീരത്തില്‍വീണതും ഞാന്‍ വീണ്ടും ഭൂതകാലത്തില്‍ 
മകരത്തിലും മഴയോ? എന്ന് മനസ്സില്‍ പറഞ്ഞ്  
മകനെ ഇന്ന് എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ .......
മഴ നനയാതെ  ഞാന്‍ വേഗം അടുത്ത കടത്തിണ്ണയില്‍ സ്ഥലം പിടിച്ചു
ഒരു കാറ്റ് കടലില്‍നിന്നും കരയിലേക്ക് വീശിയടിച്ചു ഒപ്പം 
കടത്തിണ്ണയില്‍ നിന്ന എന്റെ ദേഹത്തും കുളിരുള്ള കുറേ...
മഴത്തുള്ളികള്‍ മനസ്സ് ഒന്ന് ശാന്തമായി.

1 comment:

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...