Saturday, September 17, 2011

"അപ്പുവും അമ്മയും"


"അപ്പുവും അമ്മയും" 
പാഞ്ചിയും,ചെത്തിയും, കൈതോന്നിയും, കീഴാര്‍നെല്ലിയും, 
പിന്നെ ഇരുവശവും പടര്‍ന്ന്പന്തലിച്ച പേരറിയാത്ത അനേകം കാട്ടുചെടികളും 
നാട്ടുമരങ്ങളും നിറഞ്ഞ....... കരിയിലകള്‍ ദ്രവിച്ചും, അഴുകിയും, അല്ലാതെയും 
വീണ്.....വീണ്.....ഒരു മെത്തയുടെ പുറത്ത് കൂടി നടക്കുന്ന 'പ്രതീതി'യാണ്- 
ചെറിയ ഇടുങ്ങിയ ഈ ഇടവഴിക്ക്. 

കുട്ടിക്കാലത്ത് ഇതുവഴിയാണ് സ്കൂളില്‍'പോകാറ് അന്ന് ആരും കൂട്ടില്ലാതെ 
ഇതുവഴി ഞങ്ങള്‍ കുട്ടികള്‍ കടന്നു പോകാറില്ല കാരണം ഈ വഴികളുടെ ഇരുവശവും 
എപ്പോഴും എന്തെങ്കിലും അനക്കം കേള്‍ക്കാം ഓന്തോ,അരണയോ,കാട്ടുകൊഴിയോ അപൂര്‍വ്വമായി 
പാമ്പുകളെയും കണ്ടിട്ടുണ്ട് ആ നാളുകളിലെ പേടിസ്വപ്നങ്ങളില്‍ നിറഞ്ഞ്നിന്നിരുന്നതും 
ഈ ഇടുങ്ങിയ വഴിയാണ് ഭ്രാന്തന്മാരും,കുട്ടികളെ പിടിച്ച്കൊണ്ടുപോയി കണ്ണ് കുത്തിപ്പൊട്ടിച്ചു
ഭിക്ഷയെടുപ്പിക്കുന്ന തമിഴ് ഒട്ടന്മാരും, കള്ളന്മാരും ഭൂതവും,യക്ഷിയും,പേപിടിച്ചപട്ടിയും.....
ഈ വഴി പകര്‍ന്ന പേടിപ്പിക്കുന്ന ഓര്‍മകളാണ് 

ഈ വഴി അവസാനിക്കുന്നത് 'സുധേച്ചിയുടെ' വീട്ടുമുറ്റത്തും വഴിയില്‍ എന്തെങ്കിലും അനക്കം കേട്ടാല്‍ 
തിരിഞ്ഞുനോക്കാതെ ഞങ്ങള്‍ കുട്ടികള്‍ 
"ചേച്ചീ............."
എന്ന് വിളിച്ച് ഓടികയറുന്നത് ഈ വീട്ടിലാണ് അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു 
ആഴ്ചയില്‍ നാല്ദിവസമെങ്കിലും ഞങ്ങളെ ഈ വഴികടക്കാന്‍ സഹായിക്കുന്നതും സുധേച്ചിയാണ് 
അവരുടെ വീടിന്ചുറ്റുമുള്ള വിശാലമായ പറമ്പില്‍നിറച്ചും 
പലതരത്തിലുള്ള മാമ്പഴങ്ങളും,ചാമ്പക്കയും,ജാതിയും,നെല്ലിയും,പുളിച്ചിയും,ശീമച്ചക്കയും.......അങ്ങനെ 
അനേകം........അനേകം.....ഫലവൃഷങ്ങള്‍കൊണ്ട് സമ്പന്നമാണ് 
അതില്‍ എല്ലാത്തിന്റെയും ഓഹരി ഞങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകും 
ബാക്കി അയല്‍ വീടുകളില്‍ ഭാഗംവെച്ച് ചേച്ചിതന്നെ കൊണ്ട്പോയികൊടുക്കും 
കുട്ടികളെ ആ ചേച്ചിക്ക് ഒരുപാടിഷ്ട്ടമാണ് അവരുടെ ഭര്‍ത്താവിനും ഞങ്ങളെ ഇഷ്ട്ടാണ് 
അദ്ദേഹത്തെ ഞങ്ങള്‍ കുട്ടികള്‍ അച്ഛാ....എന്നാണ് വിളിക്കുക 

    കാലങ്ങള്‍ കടന്നുപോയി വളരെ വൈകി അവര്‍ക്ക് ഒരു ഉണ്ണിയുണ്ടായി 
"അപ്പു" ഒരു സായിപ്പിനെപ്പോലെ വെളുത്ത നല്ല ചന്തമുള്ള ഉണ്ണി 
കുളിച്ച് പൊട്ടുതൊട്ട് സ്വര്‍ണ്ണ മാലയും വളയും എല്ലാം അണിഞ്ഞ് മുടി വളരെ ഭംഗിയായി 
ഇടതു സൈഡില്‍ കൊതിവെച്ചു ഒരു രാജകുമാരനെപ്പോലെയാണ് നടപ്പ് 
അവനെ എടുക്കാനും അവനോടൊപ്പം കളിക്കാനും ഞങ്ങള്‍ കുട്ടികള്‍ 
എപ്പോഴും മത്സരിക്കാറുണ്ട് 

     അപ്പുവിന് ഒരു പ്രത്യേക സ്വഭാവം ഉണ്ട് സീലിംഗ് ഫാന്‍ കണ്ടാല്‍ ഭയങ്കര പേടിയാണ്!!!
ആ റൂമില്‍ കയറുക കൂടിയില്ല ആരെങ്കിലും അബദ്ധത്തില്‍ അങ്ങനെയൊരു മുറിയില്‍ കയറ്റിയാല്‍ 
പേടിച്ച് നിലവിളിച്ച് ചുവരില്‍ പിടിച്ച്.....പിടിച്ച്.....ഫാന്‍ കറങ്ങുന്നതിന്റെ സര്‍ക്കിളില്‍ വരാതെ 
ഓടി പുറത്ത് കടക്കും എന്നിട്ട് ഉച്ചത്തില്‍ നിലവിളിക്കും 
"ഫാന്‍ എന്റെ തലയില്‍ വീഴാന്‍ വരുന്നേ.......ഞാന്‍ മരിച്ചുപോകുമേ......"

 ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു തമാശയായിട്ടുണ്ട് എപ്പോഴും ഫാനിന്റെ പേര് പറഞ്ഞാണ് 
 അവനെ ഭയപ്പെടുത്തുക ..........
 കാലങ്ങള്‍ വളരെ വേഗത്തില്‍ കടന്നുപോഴി ഇപ്പോള്‍ ആ വഴിയേ പുതിയ കുട്ടികള്‍ 
പഴയ കഥകള്‍ കേട്ടാലും ഭയക്കാതെ കടന്നുപോകുന്നു അവിടെ പാമ്പും, ഓന്തും,യക്ഷിയും, ഭൂതവും,
ഒട്ടന്മാരും...... പഴങ്കഥകള്‍ അതെല്ലാം ടിവി ചാനലുകളില്‍ മാത്രം
അപ്പു വളര്‍ന്ന് പത്താംതരത്തില്‍ പഠിക്കുന്നു ഇപ്പോള്‍ അവന് ഫാന്‍ ഇല്ലാതെ ഉറക്കം വരില്ല 
എന്നാണ് സുധേച്ചി പറയാറുള്ളത്..................................

      അന്നൊരു ചിങ്ങമാസം അത്തം ഇടുന്നതിരക്കില്‍ കുട്ടികളെല്ലാം പൂവ് പൊട്ടിക്കാന്‍ 
അതിരാവിലെ പുറപ്പെടും ഒപ്പം അപ്പുവും ഉണ്ടാകും ഞങ്ങളെല്ലാം വല്യ അണ്ണമാരായി 
കോളേജില്‍ പഠിക്കുന്നു അന്ന് പൂവ് പൊട്ടിക്കാന്‍ കുട്ടികള്‍ അപ്പുവിനെ കാണാതെ 
അപ്പുവിന്റെ വീട്ടില്‍ തിരക്കിചെന്നു 
"അപ്പൂ...അപ്പൂ......"
കുട്ടികള്‍ വഴിയില്‍ നിന്നും വിളിച്ചു
അവന്റെ അമ്മയാണ് വിളികേട്ടത്‌ 
"എന്താ മക്കളേ.."
"അപ്പു ഉണര്ന്നില്ലേ... അവനെ ഇന്ന് കാണുന്നില്ലല്ലോ?"
അമ്മ അകത്തേക്കുപോയി ഒപ്പം ഒരു നിലവിളിയും 
"എന്റെ പോന്നു മോനേ......."
ഈ ബഹളം കേട്ട് ഞങ്ങള്‍ അയല്‍ വീടുകളില്‍ ഉള്ളവരും കുട്ടികളും 
ചെന്ന് നോക്കുമ്പോള്‍ നിലത്ത് പായവിരിച്ച് കിടക്കുന്ന ഉണ്ണിയുടെ 
തലയില്‍ സീലിംഗ് ഫാന്‍ വീണ് ചോരയില്‍ കുളിച്ച് ചലനമറ്റ് 
കിടക്കുന്നു അടുത്ത് ബോധമില്ലാതെ അവന്റെ അമ്മയും മകനെ പെട്ടന്ന് 
അപ്പുവിന്റെ അച്ഛന്‍ കോരിയെടുത്ത് ആ ഇടുങ്ങിയ വഴിയേ .....
എന്റെ ഉണ്ണീ .......കണ്ണ് തുറക്കെടാ........എന്ന് ഹൃദയ ഭേധകമായി നിലവിളിച്ച് 
ഓടുന്നു ഞങ്ങള്‍ ഒരു ഗ്രാമം അദ്ദേഹത്തിന് പിന്നാലെ.... വല്യ ആളുകള്‍ അപ്പു'വിനെ പിടിക്കാന്‍ 
തുടങ്ങുമ്പോള്‍ അദ്ദേഹം അവരെ അനുവദിക്കുന്നില്ല
"ഇല്ല.... ഒന്നുമില്ല... അവന്‍ ഉറങ്ങുകയാണ് അവനെ ആരും ശല്യം ചെയ്യണ്ട"
എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു..................

  അന്ന് ഉച്ചയോടെ പോസ്റ്മോര്ട്ടം കഴിഞ്ഞ് അപ്പുവിന്റെ ബോഡി അവന്റെ വീട്ടില്‍ കൊണ്ടുവന്നു. 
ഒരു നാട് മുഴുവന്‍ അവരുടെ വീട്ടില്‍.. ആര്‍ക്കും അത് സഹിക്കാന്‍ പറ്റുന്നതല്ലായിരുന്നു........
സുധേച്ചി ഉണര്‍ന്നു ...........പക്ഷേ......ഒന്നുമറിയാത്ത കുട്ടിയെപ്പോലെ വളരെ പ്രസരിപ്പോടെ.....
പറമ്പിലും തൊടിയിലും ഇടവഴിയിലും 
"മോനെ...അപ്പൂ....ഉണ്ണീ....കയറിവരിക....തൊടിയില്‍ നിറച്ചും ഇഴജെന്തുക്കള്‍കാണും"
പുതിയ തലമുറക്ക്‌ അവര്‍ ഇന്ന്  ഭ്രാന്തിയാണ്!!! 
വളരെ നീളത്തില്‍ താടി വളര്‍ത്തിയ അച്ഛന്‍ ചിലപ്പോള്‍ അവിടെ ഉലാത്തുന്നത്‌ കാണാം .....!!!

           പാമ്പും,പേപ്പട്ടിയും,അരണയും,ഓന്തും,ഭൂതവും,യക്ഷിയും,ഒട്ടന്മാരും......
ആ ഇടവഴിയില്‍ പതിയിരുന്നു കരിയിലകള്‍ പുതിയ കുട്ടികളുടെ പേടിക്കും,ആരവത്തിനും
കാതോര്‍ത്തു 
       പക്ഷേ ...കാലം പുതിയ വഴികള്‍ തീര്‍ത്തപ്പോള്‍ എല്ലാപേരും ആ വഴിമറന്നു!!!
സുധേച്ചി മാമ്പഴവും,പുളിച്ചിയും,ചാമ്പയും,സര്‍പ്പോട്ടയും.........പെറുക്കി മടിയില്‍ തിരുകുന്നു 
ഇന്ന് അത് ഒരു കുട്ടിക്കും വേണ്ട ....ചോദിച്ചാല്‍ അവര്‍ ആര്‍ക്കും കൊടുക്കാറുമില്ല 
"ഇതെന്റെ അപ്പുവിനാണ്"
എന്ന് പറഞ്ഞ് തന്റെ വയറ്റിലേക്ക് ആ മടിക്കുത്ത് ചേര്‍ത്ത് പിടിക്കും.

2 comments:

  1. വളരെ ഹൃദയസ്പര്‍ശിയായ കഥ
    വേറിട്ട രചന ആശംസകള്‍.

    ReplyDelete
  2. വളരെ ഹൃദയസ്പര്‍ശിയായ കഥ
    വേറിട്ട രചന ആശംസകള്‍.

    ReplyDelete

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...